ഒന്നിലും മനസുറയ്ക്കാത്ത ചിലരുണ്ട്. പാട്ട് പഠിച്ചോണ്ടിരിക്കുമ്പോള്‍ തോന്നും കരാട്ടേ പഠിക്കണമെന്ന്. കരാട്ടെ പഠിക്കാന്‍ ചേര്‍ന്നാല്‍ തോന്നും ഫ്രഞ്ച് പഠിക്കണമെന്ന്, അതിന് ചേര്‍ന്നാല്‍ തോന്നും ഡാന്‍സിലാണ് ഭാവിയെന്ന്. നൃത്തം പരിശീലിച്ച് തുടങ്ങുമ്പോള്‍ തോന്നും കംപ്യൂട്ടറാണ് ജീവിതമാര്‍ഗ്ഗമെന്ന്. ഒന്നും മുഴുവിപ്പിക്കാതെ സകലതിലും പരാജയപ്പെടുന്ന ചിലര്‍. മറ്റുള്ള പൂവുകളെ കുറിച്ചുള്ള വിചാരമോര്‍ത്ത് ഒറ്റ പൂവിലും ഇരുപ്പുറയ്ക്കാത്ത വണ്ടിനെ കുറിച്ച് കെ.എ ജയശീലന്റെ കവിതയിലുണ്ട്. പ്രണയങ്ങളില്‍ നിന്ന് പ്രണയങ്ങളിലേയ്ക്ക് വണ്ടുപോലെ മുരണ്ട് പോകുന്ന മനുഷ്യര്‍. ഒരു കാര്യത്തിലും മനസുറയ്ക്കാത്തവര്‍. അങ്ങനെ ഒരുത്തനാണ് ജോജോ ജോണ്‍സന്‍. പന്ത്രണ്ടാം ക്ലാസ് തോറ്റു. ഇനി എന്തുണ്ട്? പലതും ശ്രമിച്ചതിന് ശേഷം വിചാരിച്ചത് ബോക്സിങ് പഠിക്കാമെന്നാണ്. കാര്യമെന്താണ്? ഒരു ബോക്സര്‍ പയ്യന്‍ ഒറ്റ പഞ്ചില്‍ ഇവന്റെ ചങ്ങാതിയെ വീഴ്ത്തിക്കളഞ്ഞു. അപ്പോ പിന്നെ ബോക്സിങ് പഠിക്കുക തന്നെ.
ഒരു കള്ളുഷാപ്പിലിരുന്ന് ജോജോയും കൂട്ടുകാരും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റിസള്‍ട്ട് വരുന്ന ദിവസം ആഘോഷിക്കുമ്പോള്‍ സിനിമ തുടങ്ങും. തോറ്റാലും ജയിച്ചാലും ആഘോഷം. ജോജോ (നസ്ലിന്‍), ഡേവിഡ് ജോണ്‍ എന്ന ഡി.ജെ. (ബേബി ജീന്‍), ഷിഫാസ് അഹമ്മദ് എന്ന വലുത് (സന്ദീപ്), ഷിഫാസ് അലി എന്ന ചെറുത് (ഫ്രാങ്കോ ഫ്രാന്‍സിസ്), ഷാനവാസ് (ശിവ ഹരിഹരന്‍) എന്നിവരാണ് സംഘം. ഷാനവാസ് ഒഴികെ എല്ലാവരും തോറ്റു. ഇനിയെന്ത്? അപ്പോഴാണ് ജോജോ ബോക്സിങ് ഐഡിയയുമായി വരുന്നത്. സ്റ്റേറ്റ് ലെവലില്‍ ഒക്കെ പോയാല്‍ ഗ്രേസ് മാര്‍ക്ക് കിട്ടും. അഡ്മിഷന് സ്പോര്‍ട്സ് ക്വാട്ടായും ഉണ്ട്. അങ്ങനെ അവര്‍ ആലപ്പുഴ ജിംഖാനയില്‍ ബോക്സിങ് പഠിക്കാനെത്തുമ്പോള്‍ സിനിമ ശരിക്കും ആരംഭിക്കും.
കൃത്യമായ ഒരു സ്പോര്‍ട്സ് സിനിമയാണോ ഇത്? അല്ല. എന്നാല്‍ ബോക്സിങ് ഇതില്‍ നിറയേ ഉണ്ട്. സെക്കന്‍ഡ് ഹാഫ് ഏതാണ്ട് മുഴുവന്‍ ബോക്സിങ് ആണ്. പക്ഷേ ചക്ദേ ഇന്ത്യയിലോ, ദങ്കലിലോ ഗോദയിലോ ഒന്നും കാണുന്ന തരത്തില്‍ വിജയമെന്ന ഏകലക്ഷ്യത്തില്‍ എത്തിച്ചേരുന്ന, അതിന്റെ സംഘര്‍ഷത്തില്‍ ഉത്തേജിതമാകുന്ന ക്ലെമാക്സുള്ള സിനിമയല്ല ആലപ്പുഴ ജിംഖാന. മാര്‍ഗ്ഗം സ്പോര്‍ട്സ് ആണെങ്കിലും ലക്ഷ്യം വിജയം മാത്രമല്ല, മനുഷ്യരുടെ ജീവിതവും അതിന്റെ ലളിതമായ ചില കാര്യങ്ങളുമാണ്. ആലപ്പുഴയിലെ ഒരു കയറ് ഫാക്ടറിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ജിംഖാനയില്‍ കോട്ടയം നസീറിന്റെ നിസാമിക്കയുടെ കീഴില്‍ ബോക്സിങ് പഠിച്ച് തുടങ്ങുന്ന അവര്‍ക്ക് ദേശീയ തലത്തില്‍ ബോക്സറായിട്ടുള്ള ആന്റണി ജോഷ്വാ എന്ന ആശാനെ കിട്ടുമ്പോഴാണ് കാര്യങ്ങള്‍ സീരിയസാകുന്നത്.
റഫ് ആന്റ് ടഫ് ആയ ആന്റണി ജോഷ്വാ ആയി രൂപത്തിലും ലുക്കിലും മാറിയ ലുക്മാന്‍ അവറാന്‍ സിനിമയിലുടനീളം ഉജ്ജ്വല പ്രകടനമാണ്. കൃത്യമായ മാനറിസങ്ങളും ക്ഷുഭിതനും നിരാശനുമായ ഒരു പ്ലേയറുടെ ഭാവങ്ങളുമായി ലുക്മാന്‍ നില്‍ക്കുമ്പോള്‍ ദാ, ഒരു ബോക്സര്‍ എന്ന് കാഴ്ചക്കാര്‍ക്ക് തോന്നും. ധാരാളം ബോക്സിങ് ഉള്ള സിനിമയില്‍ കുട്ടികള്‍ക്കൊപ്പം ഒരു മിനുട്ട് കളിക്കുന്നത് പോലെ പ്രാക്ടീസ് ചെയ്യുന്നത് ഒഴിച്ചാല്‍ ലുക്മാന്‍ ഇതില്‍ ബോക്‌സിങ് ചെയ്യുന്നില്ല. ചക്ദേ ഇന്ത്യയില്‍ ഷാരൂഖ് ഖാന്‍ കളിക്കാതെ തന്നെ ഹോക്കി സ്റ്റിക്കുമായി കളത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് എന്ന് തോന്നുന്നത് പോലെയുള്ള ഒരനുഭവം ഇവിടെ നല്‍കുന്നത് ലുക്മാനാണ്.
ബോക്സിങ് അടക്കമുള്ള ഏത് കാര്യങ്ങളും പെണ്‍കുട്ടികളോടടുക്കാനുള്ള ഒരു മാര്‍ഗ്ഗമായി കാണുന്ന ജോജോയെ കേന്ദ്രീകരിച്ചാണ് സിനിമ പോകുന്നത്. ജോജോക്കെന്തുകൊണ്ടാണ് യാതൊരു ലക്ഷ്യബോധവും ഇല്ലാത്തത് എന്ന് അയാളുടെ പപ്പയെ കാണുമ്പോള്‍ നമുക്ക് മനസിലാകും. അദ്ദേഹത്തെ പോലെയാകരുത് മകനെന്നുള്ളത് കൊണ്ടാണെന്ന് തോന്നുന്നു ജോജോയുടെ മമ്മിക്ക് ഇവന്റെ ബോക്സിങ്ങിനോടും മറ്റെല്ലാ ഏര്‍പ്പാടുകളോടും പുച്ഛവും സംശയവുമാണ്. ബോട്ടിലെ സഹയാത്രികയായ അനുപമയോട് (നന്ദ നിശാന്ത്) കടുത്ത പ്രേമമാണ് അവന്. കോളേജിലാകട്ടെ ഷെറിനാണ് (നോയ്ല ഫ്രാന്‍സി) അവന്റെ ഏറ്റവും അടുത്തയാള്‍. അതുകൂടാതെ ജില്ലാ ബോക്സിങ് ടൂര്‍ണമെന്റടുത്തപ്പോള്‍ പരിചയപ്പെട്ട ഉഗ്രന്‍ ബോക്സറായ നടാഷ (അനഘ രവി)യോട് പെട്ടെന്നൊരു പ്രേമവും അവന് പൊട്ടിമുളയ്ക്കുന്നുണ്ട്. അനുപമയെ ഒന്ന് ഉമ്മവയ്ക്കാന്‍ ആഞ്ഞപ്പോള്‍ ടെന്‍ഷനായി പേടിച്ച് പിന്മാറുന്ന സാധുവുമാണവന്‍. എല്ലാം സിമ്പിളായി എടുത്താല്‍ മതി എന്ന് പറഞ്ഞ് ഷെറിന്‍ കവിളൊത്തൊരുമ്മ നല്‍കുമ്പോള്‍ സിനിമയും കോരിത്തരിക്കും. സിമ്പിള്‍ ആന്‍ഡ് സ്വീറ്റ്.
ബോക്സിങ് പ്രാക്ടീസില്‍ നിന്ന് ഗൗരവമേറിയ മത്സരങ്ങളിലേയ്ക്ക് അവര്‍ കടക്കുമ്പോള്‍ കൂടുതല്‍ മത്സരാര്‍ത്ഥികളെത്തും. ഗണപതിയുടെ ദീപകും ഷോണ്‍ ജോയിയുടെ കിരണും കാര്‍ത്തികിന്റെ ക്രിസ്റ്റഫറും അങ്ങനെ എത്തും. പിന്നെ കൊച്ചിയിലേയ്ക്കുള്ള പോക്കായി, മത്സരങ്ങളായി. കായലിനരികെ കള്ളുഷാപ്പിലാരംഭിച്ച്, ചെറിയ ബോട്ടുയാത്രയും കടവത്തെ വര്‍ത്തമാനം പറഞ്ഞിരിക്കലും കയര്‍ ഫാക്ടറിയുടെ ചുറ്റുമോടി പ്രാക്ടീസ് ചെയ്യലുമെല്ലാമായി ആലപ്പുഴയുടെ ഔട്ട് ഡോറില്‍ നിന്ന് ജിംഷി ഖാലിദിന്റെ ക്യാമറ സുഗമമായി ഇന്‍ഡോറിലെ ബോക്സിങ് റിങ്ങിലേയ്ക്ക് കടക്കുകയാണ്. ചതുരത്തിലുള്ള ഇതിനെ എന്തിനാണ് റിങ്ങെന്ന് വിളിക്കുന്നതെന്ന സംശയത്തില്‍ തുടങ്ങി പിന്നെ ഇടിയാണ്. ഇടിയോടിടി.
ബോക്സിങ് റിങ്ങിലെ മാച്ചുകളുടെ കൃത്യതയാണ് ഖാലിദ് റഹ്‌മാന്‍ എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നത്. ഒരു മാച്ചും അധികമില്ല, ഒരു മാച്ചും കൃത്രിമമല്ല. ശരിയായ ബോക്സിങ്. അതിന്റെ കൃത്യമായ ആംഗിളുകള്‍. ചെറിയ സംശയങ്ങള്‍ക്കുള്ള സ്വഭാവികമായ ക്ലാരിറ്റികള്‍. റിങ്ങിന് ചുറ്റുമുള്ള ബോക്സിങ് റോപ് ചവിട്ടി താഴത്തി തന്റെ പ്ലേയറെ അകത്തേയ്ക്ക് കയറ്റി വിട്ട് വായില്‍ ഗംഷീല്‍ഡ് തിരുകി വച്ചു നല്‍കുന്നതില്‍ മുതല്‍ ലുക്മാന്‍ പുലര്‍ത്തുന്ന സ്വാഭാവികതയും കൃത്യതയുമുണ്ട്. ജില്ലകള്‍ തമ്മിലുള്ള മത്സരം, ബോക്സിങ് ഫെഡറേഷനിലെ പോര്, സീരിയസായി ഈ പ്രൊഫഷന്‍ എടുക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം എന്ന് തുടങ്ങി സ്ത്രീ കായിക താരങ്ങളോട് മോശമായി പെരുമാറുന്ന ഫെഡറേഷന്‍ ഭാരവാഹികള്‍ വരെ സിനിമയില്‍ റഫറന്‍സായുണ്ട്. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനേയും ബ്രിജ്ഭൂഷണ്‍ ചരണ്‍സിങ്ങ് എന്ന ക്രിമിനല്‍ നേതാവിനേയും വിനേഷ് ഫൊഗോട്ടിന്റേയും സംഘത്തിന്റേയും പ്രതിഷേധങ്ങളും നമുക്കോര്‍മ്മ വരും. നിരാശയും രോഷവും ചേര്‍ന്ന ആന്റണി ജോഷ്വായോട് നമുക്കപ്പോള്‍ വല്ലാത്തൊരു രാഷ്ട്രീയാടുപ്പം ഉണ്ടാകും.
ഒരു സ്പോര്‍ട്സ് സിനിമയില്‍ നായകന്മാര്‍ വിജയിക്കേണ്ടതല്ലേ? ഇടിവാങ്ങി കൂട്ടേണ്ടവരാണോ? പക്ഷേ കോളേജില്‍ അഡ്മിഷന്‍ കിട്ടാനും പെമ്പിള്ളേരോട് വീമ്പ് പറയാനും ബോക്സിങ് പഠിക്കാന്‍ വന്നവന്മാര്‍ പ്രൊഫഷണല്‍ ബോക്സേഴ്സിനോട് ഏറ്റുമുട്ടിയാല്‍ എന്താകും? അതാണ് സിനിമയുടെ കാതല്‍. സിനിമ സംബന്ധിച്ചൊരു പ്രൊമോഷന്‍ പരിപാടിയില്‍ വന്ന സംവിധായകന്‍ ഇതാണ് സിനിമയുടെ കഥ എന്ന് വിശദീകരിക്കുന്നുണ്ടായിരുന്നു. ചില സിനിമകളുടെ കഥ തീയേറ്ററില്‍ വികസിച്ച് വരുമ്പോഴാണ് രസകരം. ചില സിനിമകളില്‍ നമുക്കറിയാവുന്ന കഥ സംവിധായകന്‍ എങ്ങനെ പറയുന്നുവെന്നതിന്റെ ഭംഗിയാണ് പ്രധാനം. ആലപ്പുഴ ജിംഖാന രണ്ടാമത് പറഞ്ഞ കാറ്റഗറിയില്‍ പെട്ട സിനിമയാണ്.
നസ്ലിന്റെ പതിവ് ഡയലോഗ് ഡെലിവറിയും തികച്ചും സ്വാഭാവികമായ ഭാവങ്ങളും ആലപ്പുഴ ജിംഖാനയിലും വിജയകരമാണ്. മാറിയ ശരീരമാണ് ഇതിലെ പ്ലസ് പോയിന്റ്. ഒരാള്‍ ബോക്സറായി എന്ന് വെറുതെ പറഞ്ഞ് വിശ്വസിപ്പിക്കുകയല്ല, അത് കാണിച്ച് തരികയാണ് സിനിമ. ലുക്മാന്റെ ആന്റണി ജോഷ്വാ, ഗണപതിയുടെ ദീപക്, അനഘാ രവിയുടെ നടാഷ എന്നിവരാണ് സിനിമയുടെ മറ്റ് പ്ലസ് പോയിന്റുകള്‍. ഒരു സീരിയസ് ബോക്സറായി നടാഷയെ കാണിക്കുക മാത്രമല്ല, അതിന്റെ താളം അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഗണപതിയുടെ ദീപകും രൂപവും ഭാവവും കൊണ്ട് ഉഗ്രന്‍ ക്യാരക്ടറും ഒന്നാന്തരം അവതരണവുമാണ്. പക്ഷേ ലുക്മാന്‍ തന്നെയാണ് പതിവ് പോലെ ഷോ സ്റ്റീലര്‍.
പ്രാക്ടീസിന് ശേഷം മാറ്റം വരുന്ന ആര്‍ട്ടിസ്റ്റുകളുടെ ശരീരഘടന മുതല്‍ നടാഷയുടെ അവസാന ഫൈറ്റിലെ പഞ്ചാര പഞ്ചിന്റെ താളം വരെ, കൃത്യമായ പദ്ധതിയും പരിപാടിയുമുള്ള ഒരു സംവിധായകനെ നമുക്ക് കാണിച്ച് തരുന്നു. ദങ്കലിലെ പ്രാക്ടീസ് പാട്ടിനെ ഓര്‍മ്മിച്ചുകൊണ്ട് ആലപ്പുഴയുടെ പട്ടണത്തിനെ ചുറ്റി വ്യായാമം ചെയ്യുന്ന ബോക്സേഴിന്റെ പശ്ചാത്തലത്തിലുള്ള ‘കല്ലെറിയട്ടേ നമ്മെ കുരിശേലേറ്റട്ടേ, ചെവി തല തിന്നട്ടേ’ പാട്ടും അസാധ്യമായ എനര്‍ജിയും ആവേശവും കാണികള്‍ക്ക് നല്‍കുന്നതാണ്. അനുരാഗകരിക്കിന്‍ വെള്ളവും ഉണ്ടയും തല്ലുമാലയും കടന്ന് ആലപ്പുഴ ജിംഖാനയിലെത്തുമ്പോള്‍ നമുക്ക് മലയാളജനപ്രിയ സിനിമകളില്‍ തലപ്പൊക്കമുള്ള ഒരു സംവിധായകനെ കാണാം. ടെക്നിക്കല്‍ ക്വാളിറ്റിയും കഥപറച്ചിലിനുള്ള വിദ്യയും ഒരേപോലെ കയ്യിലുള്ള ഒരു സംവിധായകനെ. താന്‍ പറയുന്ന കഥയുടെ രീതിയാണ് തനിക്ക് കാണികളെ കൊണ്ടുതരുന്നത് എന്ന് ഉറപ്പുള്ള ആ സംവിധായകന്റെ ആത്മവിശ്വാസമാണ് ആലപ്പുഴ ജിംഖാനയുടെ അടിത്തറ. ഈ ബോക്സിങ്ങിന്റെ കോച്ച് അയാളാണ്- ഖാലിദ് റഹ്‌മാന്‍.
ഈ പെരുന്നാള്‍കാലത്തെ ആവേശം ഇതാണെന്ന് തോന്നുന്നു-ആലപ്പുഴ ജിംഖാന. Alappuzha Gymkhana, Naslen-Khalid Rahman movie review
Content Summary; Alappuzha Gymkhana, Naslen-Khalid Rahman movie review
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.