വെസ്റ്റേൺ അലാസ്കക്ക് സമീപം ഫെബ്രുവരി ആറിന് പത്ത് യാത്രക്കാരുമായി പുറപ്പെട്ട ബെയ്റിങ് എയർ വിമാനം കാണാതായതും ശേഷം കടലിൽ തകർന്ന നിലയിൽ കണ്ടത്തിയതുമായ സംഭവം യുഎസ് വ്യോമയാന മേഖലയിൽ കൂടുതൽ ആശങ്കകൾക്ക് കാരണമായിരിക്കുകയാണ്. അപകടത്തിൽ മുഴുവൻ പേരും മരിച്ചിരുന്നു.
കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ യുഎസിൽ നടക്കുന്ന മൂന്നാമത്തെ വലിയ വ്യോമയാന അപകടമാണിത്. ജനുവരി 29 ന് വാഷിംഗ്ടൺ ഡിസിക്ക് സമീപം ഒരു വാണിജ്യ ജെറ്റ്‌ലൈനർ സൈനിക ഹെലികോപ്റ്ററിൽ ഇടിച്ച് 67 പേർ കൊല്ലപ്പെട്ടിരുന്നു. ജനുവരി 31 ന് ഫിലാഡൽഫിയയിൽ ഒരു മെഡിക്കൽ ട്രാൻസ്പോർട്ടേഷൻ വിമാനം തകർന്ന് ഏഴ് പേർ മരിച്ചു.
അതേസമയം, വിമാനത്തിൽ സംഭവിച്ച എന്തെങ്കിലും തരത്തിലുള്ള തകാറായിരിക്കണം അപകടത്തിന് കാരണമെന്ന് ബെയ്റിങ് എയറിന്റെ ഓപ്പറേഷൻ ഡയറക്ടർ ഡോവിഡ് ഓൾസൺ പ്രസ്താവനയിൽ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ ഓൾറ്റിറ്റ്യൂഡ് നഷ്ടപ്പെടുന്നതിനും വേഗത കുറയുന്നതിനും അതാണ് കാരണമായതെന്നും ഡോവിഡ് ഓൾസൺ പറഞ്ഞു.
സംഭവത്തിൽ യുണൈറ്റഡ് സ്റ്റേറ്റ് കോസ്റ്റ് ഗാർഡ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തിൽ ദുഖമുണ്ടെന്നും ദുരിതമനുഭവിക്കുന്നവരോടൊപ്പമാണെന്നും ഏജൻസി പറഞ്ഞു. ഇരകളുടെ പേരുകൾ പുറത്തുവിടില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കോസ്റ്റ് ഗാർഡ്, നാഷണൽ ഗാർഡ്, എഫ്ബിഐ, യുഎസ് വ്യോമസേന തുടങ്ങിയ ഏജൻസികൾ തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
നാഷണൽ വെതർ സർവീസ് പ്രകാരം വ്യാഴാഴ്ച അലാസ്കയിൽ വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശം നേരിയ മഞ്ഞും, ചാറ്റൽ മഴയും, മൂടൽമഞ്ഞും കൊണ്ട് മൂടിയിരുന്നു. എന്നാൽ വിമാനത്താവളം ദിവസം മുഴുവൻ പ്രവർത്തിച്ചിരുന്നതായി അലാസ്ക ഗതാഗത വകുപ്പ് പിന്നീട് അറിയിച്ചു.
Content Summary: Alaska plane crash; The third air disaster in the US in eight days
Alaska plane crash aviation disaster