വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് പച്ചയ്ക്ക് വര്‍ഗീയത പ്രസംഗിച്ച് ഹൈക്കോടതി ജഡ്ജി. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ചായിരുന്നു ജഡ്ജിയുടെ പ്രകോപനപരമായ സംസാരം. ഡിസംബര്‍ 8 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് തീവ്ര ഭൂരിപക്ഷ ഹിന്ദുത്വ വീക്ഷണങ്ങള്‍ പിന്തുണച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ആവേശംകൊണ്ടത്. justice shekhar kumar yadav speech
ജഡ്ജിയുടെ വിവാദ പ്രസംഗത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. യാദവിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരും പൗരാവകാശ സംഘടനകളും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചിരിക്കുകയാണെന്ന് ദ വയ്ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രിം കോടതി അറിയിച്ചിട്ടുണ്ട്.
ജഡ്ജിക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ശ്രീനഗറില്‍ നിന്നുള്ള പ്രതിപക്ഷ എംപി റുഹുല്ല മെഹ്ദി പറഞ്ഞു. അതേസമയം ബിജെപി ജഡ്ജിയെ പിന്തുണച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയും മുഖ്യമന്ത്രി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവുമായ ശലഭ് മണി ത്രിപാഠി യാദവിന്റെ തുറന്നു പറച്ചിലുകളെ വാഴ്ത്തിയിരിക്കുകയാണ്.
ഞായറാഴ്ച (ഡിസംബര്‍ 8) അലഹബാദ് ഹൈക്കോടതിയിലെ ലൈബ്രറി ഹാളില്‍ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ജസ്റ്റിസ് യാദവ് ഹിന്ദുക്കളെ പ്രശംസിച്ചും, മുസ്ലിങ്ങളെ നികൃഷ്ടരാക്കിയും കത്തിക്കയറിയത്. ഹിന്ദു സമൂഹത്തെ പരാമര്‍ശിച്ചുകൊണ്ട് ”ഭൂരിപക്ഷ”ത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാത്രമേ ഇന്ത്യ പ്രവര്‍ത്തിക്കൂ എന്നായിരുന്നു ഒരു ഹൈക്കോടതി ജഡ്ജിയായ യാദവ് അഭിപ്രായപ്പെട്ടത്. ഹിന്ദു ഐക്യം ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി സ്ഥിരമായി ഉയര്‍ത്തുന്ന പ്രകോപനപരമായ മുദ്രാവാക്യമായ ‘ഏക് രഹേംഗെ തോ സേഫ് റാഹേംഗെ’ ആണ് യാദവും മുഴക്കിയത്. നാല് ഭാര്യമാരുള്ളവരും മുത്തലാഖും പോലുള്ള ആചാരങ്ങള്‍ പിന്തുടരുന്നവരുമാണ് മുസ്ലീങ്ങളെന്ന് പറഞ്ഞ്, ‘കഠ്മുള്ള’ എന്ന വിവാദ പദം ഉപയോഗിച്ച് ആ സമുദായാംഗങ്ങളെ ആക്ഷേപിച്ച യാദവ്, മുസ്ലിങ്ങള്‍ രാജ്യത്തിന് ‘അപകടം’ ആണെന്നും കുറ്റപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 34 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ യാദവ് മുസ്ലീം സമൂഹത്തിലെ ‘ദുശ്ശീലങ്ങള്‍’ ആണ് പ്രധാനമായും എടുത്തു പറഞ്ഞത്. മുസ്ലിം കുട്ടികള്‍ അവരുടെ ചെറിയ പ്രായത്തില്‍ തന്നെ മൃഗങ്ങളെ കൊല്ലുന്നതു പോലുള്ള അക്രമങ്ങള്‍ കണ്ടു വളരുന്നതിനാല്‍ അവര്‍ ‘സഹിഷ്ണുത’ ഉള്ളവരോ ‘ഉദാരമതികളോ’ ആയിരിക്കുമെന്ന് കരുതരുതെന്നാണ് ജഡ്ജിയുടെ വാദം. മുസ്ലിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഹിന്ദുക്കളെ ചെറുപ്പം മുതലേ ദയയെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ അവരുടെ കുട്ടികളില്‍ അഹിംസയും സഹിഷ്ണുതയും വേരൂന്നിയിട്ടുണ്ടെന്നും യാദവ് പറഞ്ഞുവയ്ക്കുന്നു.
നേരത്തെയും വിവാദ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. മുസ്ലീങ്ങളെയും ഹിന്ദുക്കളെയും താരതമ്യം ചെയ്തുകൊണ്ട്, മുസ്ലിങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നയാളാണ്. ഹിന്ദുക്കള്‍ ചെറുപ്പം മുതലേ അനുകമ്പ ശീലിക്കുന്നവരാണെന്നാണ് ജഡ്ജി പറയുന്നത്. ”അതുകൊണ്ടായിരിക്കാം ഞങ്ങള്‍ സഹിഷ്ണുതയുള്ളവരും മറ്റുള്ളവരോട് അത് കാണിക്കുന്നതും. മറ്റൊരാളുടെ വേദന കാണുമ്പോള്‍ ഞങ്ങള്‍ക്ക് വേദന തോന്നുന്നു. എന്നാല്‍ നിങ്ങള്‍ (മുസ്ലിംകള്‍) അത് അനുഭവിക്കുന്നില്ല. എന്തുകൊണ്ട്? കാരണം, ഞങ്ങളുടെ കുട്ടികള്‍ ജനിച്ചപ്പോള്‍ മുതല്‍ ദൈവത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടവരാണ്, അവര്‍ മന്ത്രങ്ങളും വേദങ്ങളും ചൊല്ലുകയും അഹിംസയെക്കുറിച്ച് പറയുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ സംസ്‌കാരത്തില്‍, കുട്ടികള്‍, അവരുടെ കുട്ടിക്കാലം മുതല്‍, മൃഗങ്ങളെ കശാപ്പ് ചെയ്യന്നവരാകുന്നു. അങ്ങനെയുള്ള കുട്ടി സഹിഷ്ണുതയും ഉദാരതയും ഉള്ളവനായിരിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും?” യാദവ് ചോദിച്ചു.
ജസ്റ്റീസ് യാദവിനെ പുറത്താക്കാന്‍ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്നാണ് ജമ്മു കശ്മീര്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് എംപി റുഹുല്ല മെഹ്ദി പറയുന്നത്. ഈ പ്രമേയം അവതരിപ്പിക്കാന്‍ 100 അംഗങ്ങളുടെ ഒപ്പ് വേണമെന്ന് മെഹ്ദി പറഞ്ഞു, ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ബിഹാറില്‍ നിന്നുള്ള സിപിഐഎംഎല്‍ (ലിബറേഷന്‍) എംപി, സുധാമ പ്രസാദ്, സംഭാലില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപി സിയാ-ഉര്‍-റഹ്‌മാന്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ തന്റെ ആവശ്യത്തെ ഇതിനകം പിന്തുണച്ചിട്ടുണ്ടെന്നും മെഹ്ദി പറഞ്ഞു. യാദവിന്റെ പ്രസ്താവനകളും നടപടികളും ജുഡീഷ്യല്‍ പെരുമാറ്റത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും ഭരണഘടനാപരമായ ഉത്തരവിന്റെയും ലംഘനമാണെന്ന് മെഹ്ദി തന്റെ നോട്ടീസില്‍ പറയുന്നു. അദ്ദേഹം ന്യായാധിപന്റെ പദവയില്‍ തുടരുന്നത് ജുഡീഷ്യറിയുടെ അഖണ്ഡതയ്ക്കും നിഷ്പക്ഷതയ്ക്കും മതനിരപേക്ഷതയ്ക്കും ഹാനികരമാണെന്നും നോട്ടീസില്‍ പറയുന്നു.
ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതാവ് ബൃന്ദ കാരാട്ട്, ജസ്റ്റീസ് യാദവിന്റെ പരാമര്‍ശങ്ങളെ ‘വിദ്വേഷ പ്രസംഗം’, ‘ഭരണഘടനയ്‌ക്കെതിരായ ആക്രമണം’, ‘ഒരു മതേതര ജനാധിപത്യ രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിക്ക് അപമാനം’ എന്നിങ്ങനെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. നീതിന്യായ കോടതിയില്‍ ഇത്തരക്കാര്‍ക്ക് സ്ഥാനമുണ്ടാകാന്‍ പാടില്ലെന്നും കാരാട്ട് പറഞ്ഞു. ”ഇത്തരമൊരു അംഗം ബെഞ്ചിനും കോടതിക്കും ജുഡീഷ്യല്‍ സംവിധാനത്തിനും മൊത്തത്തില്‍ അപമാനം വരുത്തുന്നു,” ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ബൃന്ദ അപലപിക്കുന്നു.
ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് (സിജെഎആര്‍) കണ്‍വീനറും മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, ജസ്റ്റീസ് യാദവിന്റെ വീഴ്ച്ചകള്‍ അന്വേഷിക്കാന്‍ ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ഖന്നയ്ക്ക് കത്തെഴുതിയിട്ടുണ്ട്. യാദവിനെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ ജുഡീഷ്യല്‍ ജോലികളും ജഡ്ജിയെ മാറ്റി നിര്‍ത്തണമെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് യാദവിന്റെ നഗ്‌നമായ-വര്‍ഗീയ പ്രസ്താവനകള്‍ ”തന്റെ നീതിന്യായ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണത്തില്‍ നീതിയോടും നിഷ്പക്ഷതയോടും കൂടി പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മയെ വ്യക്തമാക്കുകയാണെന്നും ഭൂഷണ്‍ പറഞ്ഞു. വിഎച്ച്പി പരിപാടിയില്‍ ജസ്റ്റിസ് യാദവ് പങ്കെടുത്തതിലൂടെയും അദ്ദേഹം നടത്തിയ പ്രസ്താവനകളിലൂടെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 25, 26 എന്നിവ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ സിജെഐയ്ക്കുള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹിന്ദു ഐഡന്റിറ്റിയാണ് ഒരു ഹിന്ദുവിന്റെ പ്രാഥമിക സ്വത്വമെന്നായിരുന്നു വിഎച്ച്പി പരിപാടിയിലെ സദസ്സിനോട് ജസ്റ്റിസ് യാദവ് ഓര്‍മിപ്പിച്ചത്. വര്‍ഷങ്ങളോളം നമ്മുടെ പൂര്‍വ്വികര്‍ സഹിച്ച ത്യാഗങ്ങളുടെ ഫലമായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതുപോലെ, ഏകീകൃത സിവില്‍ കോഡും യാഥാര്‍ത്ഥ്യമാകുമെന്നുള്ള ഉറപ്പും ഒരു ഹൈക്കോടതി ജഡ്ജിയായ യാദവ് വിഎച്ച്പി സമ്മേളനത്തില്‍വച്ച് ഉറപ്പ് നല്‍കിയെന്നാണ് ദ വയ്ര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘സ്വന്തം കണ്ണുകൊണ്ട് രാമക്ഷേത്രം കാണാനാകുമെന്ന് നിങ്ങള്‍ ഭാവനയില്‍ കണ്ടേിരുന്നോ? അതിപ്പോള്‍ യാഥാര്‍ത്ഥ്യമായില്ലേ! രാം ലല്ലയെ മോചിപ്പിക്കാനും ഒരു മഹത്തായ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിക്കാനുമുള്ള പ്രതീക്ഷയില്‍ നമ്മുടെ പൂര്‍വ്വികര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചു. അവര്‍ക്ക് അത് കാണാന്‍ കഴിഞ്ഞില്ല, പക്ഷേ അവരുടെ ഭാഗം അവര്‍ ചെയ്തു, ഇപ്പോള്‍ നമ്മള്‍ അതിന് സാക്ഷ്യം വഹിക്കുന്നു,”- ജസ്റ്റീസ് യാദവിന്റെ വാക്കുകളാണ്. സമാനമായ രീതിയില്‍, രാജ്യത്ത്് ഉടന്‍ ഒരു എകീകൃത സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാകുമെന്നാണ് ജഡ്ജി പറയുന്നത്. ”ആ ദിവസം അധികം അകലെയല്ല,” എന്നായിരുന്നു യാദവ് സദസ്സിന് നല്‍കിയ ഉറപ്പ്. ‘ഭൂരിപക്ഷം’ എന്നര്‍ത്ഥം വരുന്ന ഹിന്ദുക്കളുടെ ഇഷ്ടത്തിനനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കണമെന്നായിരുന്നു യാദവിന്റെ ഓര്‍മപ്പെടുത്തല്‍. ‘ഇതാണ് നിയമം. ഒരു ഹൈക്കോടതി ജഡ്ജി എന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നതെന്ന് നിങ്ങള്‍ പറയരുത്. ഭൂരിപക്ഷത്തിനനുസരിച്ചാണ് നിയമം പ്രവര്‍ത്തിക്കുന്നത്. അത് കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പശ്ചാത്തലത്തിലായാലും. ഭൂരിപക്ഷത്തിന്റെ ക്ഷേമത്തിനും സന്തോഷത്തിനും പ്രയോജനപ്പെടുന്നവ മാത്രമേ സ്വീകരിക്കൂ,” യാദവ് പറഞ്ഞു.
ബിജെപി എംഎല്‍എ ശലഭ് മണി ത്രിപാഠി യാദവിന്റെ അഭിപ്രായത്തെ പൂര്‍ണമായി പിന്തുണച്ചാണ് രംഗത്തു വന്നത്. ‘കാഠ്മുള്ളകള്‍ രാജ്യത്തിന് അപകടമാണ്, നമ്മള്‍ അവരെ സൂക്ഷിക്കണം. ജസ്റ്റിസ് യാദവ് സത്യം പറയാന്‍ നിങ്ങള്‍ ധൈര്യം കാണിച്ചു. ശ്രീകൃഷ്ണവംശി യാദവ് ജിക്ക് (ശ്രീകൃഷ്ണന്റെ പിന്‍ഗാമി) സല്യൂട്ട്,’ ഇതായിരുന്നു ത്രിപാഠിയുടെ വാക്കുകള്‍. നമ്മുടെ സംസ്‌കാരത്തില്‍, ഒരു കുട്ടി ജനിക്കുമ്പോള്‍, നാം അവനെ ദൈവത്തിലേക്ക് കൊണ്ടുപോകുകയും വേദമന്ത്രങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. അവരുടെ സംസ്‌കാരത്തില്‍, മിണ്ടാപ്രാണികളെ കുട്ടികളുടെ മുന്നില്‍ വെച്ച് നിഷ്‌കരുണം കശാപ്പ് ചെയ്യുന്നു. സത്യം പറഞ്ഞതിന് ജസ്റ്റിസ് ശേഖര്‍ യാദവിന് സല്യൂട്ട്. ബിജെപി എംഎല്‍എ എക്‌സില്‍ കുറിച്ച വാക്കുകള്‍. Allahabad High Court Judge Shekhar Kumar Yadav’s anti-Muslim speech, widespread protest.
Content Summary; Allahabad High Court Judge Shekhar Kumar Yadav’s anti-Muslim speech, widespread protest.
justice shekhar kumar yadav speech