April 26, 2025 |
Share on

രേവന്തിനെ അല്ലുവിന്റെ വില്ലനാക്കി പ്രതിപക്ഷം, നിയമത്തിന് മുന്നില്‍ സൂപ്പര്‍ താരമില്ലെന്ന് കോണ്‍ഗ്രസ്

അല്ലു അര്‍ജുന്റെ അറസ്റ്റ് തെലുങ്കാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിതച്ചിരിക്കുകയാണ്

ആഗോള സിനിമ വ്യവസായത്തില്‍ തന്നെ ഒരു ബ്രാന്‍ഡ് നെയിം ആയി മാറിയ സൂപ്പര്‍ താരം. ഒരു സിനിമയിലെ ട്വിസ്റ്റ് പോലെ, അദ്ദേഹത്തിന്റെ അറസ്റ്റ്. തെലങ്കാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന തരത്തിലേക്ക് കാറ്റ് മാറുമോ? ആരാധകരും സിനിമ ലോകവും മാത്രമല്ല, രാഷ്ട്രീയക്കാരും അല്ലുവിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. പ്രതിസ്ഥാനത്ത് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഹൈദരാബാദ് പൊലീസുമാണ്. സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധമാണ്, ഒപ്പം പൊലീസിനും.

സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ബിആര്‍എസും ഉള്‍പ്പെടെ ആക്ഷേപിക്കുന്നത്. അല്ലു അര്‍ജുനെ സര്‍ക്കാര്‍ അപമാനിച്ചതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.

അതേസമയം, കോണ്‍ഗ്രസുകാര്‍ ഈ സംഭവത്തെ അവരുടെ രാഷ്ട്രീയ നിഷ്പക്ഷതയുടെ ആഘോഷമാക്കുകയാണ്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലുകള്‍ ആ വിധത്തിലാണ് സംഭവത്തിന് പ്രചാരണം നല്‍കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘ സാധാരണക്കാരന്റെ പരിവേഷം’ അവര്‍ ഒന്നുകൂടി ഉയര്‍ത്തിക്കാട്ടുകയാണ്. സര്‍ക്കാരിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വിവേചനം ഇല്ലെന്നും, നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി കാണുന്നുവെന്നതിന്റെ തെളിവാണ് അല്ലു അര്‍ജുനെ പോലൊരു സൂപ്പര്‍ താരത്തിന്റെ അറസ്റ്റ് കാണിക്കുന്നതെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.

അല്ലു അര്‍ജ്ജുനോട് തനിക്കോ സര്‍ക്കാരിനോ വ്യക്തിപരമായ എതിര്‍പ്പ് ഇല്ലെന്നും നിയമം അതിന്റെ വഴിക്ക് നടക്കുകയാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി റെഡ്ഡി പറയുന്നത്. നിയമം അതിന്റെ വഴിക്ക് നടക്കുമെന്നും ആരും തന്നെ അന്വേഷണത്തിലോ കേസിലോ ഇടപെടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘കേസിന്റെ അന്വേഷണത്തില്‍ ഞാന്‍ ഇടപെടില്ല. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി’. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു.

ഷാരുഖ് ടീഷര്‍ട്ടും സ്‌മൈലി ബോളും എറിഞ്ഞു, അല്ലുവോ?

അതേസമയം, ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്) ഈ വിഷയം സര്‍ക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ്. ഒരു ക്രിമനിലിനെ പോലെയാണ് ദേശീയ അവാര്‍ഡ് ജേതാവായ നടനെ കൈകാര്യം ചെയ്തതെന്നാണ് ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ ടി രാമ റാവു കുറ്റപ്പെടുത്തിയത്. ദുരന്തത്തിലും ഒരു ജീവന്‍ നഷ്ടപ്പെട്ടതിലും അഗാധമായ ദുഖവും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിനുള്ള പിന്തുണയും വ്യക്തമാക്കുന്നതിനൊപ്പം തന്നെ, ഈ സംഭവം കൈകാര്യം ചെയ്തതിലെ സര്‍ക്കാര്‍ വീഴ്ച്ച തുറന്നു കാണിക്കേണ്ടതുണ്ടെന്നാണ് കെടിആര്‍ പറഞ്ഞത്. ഹൈഡ്ര പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ മരിച്ച സംഭവത്തിലും, അല്ലുവിനെ അറസ്റ്റ് ചെയ്ത യുക്തി വച്ചാണെങ്കില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും അറസ്റ്റ് ചെയ്യേണ്ടതാണെന്നും കെടിആര്‍ വിമര്‍ശിച്ചു.

സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്നാണ് ബിആര്‍എസ് സീനിയര്‍ നേതാവും മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ ടി ഹരീഷ് റാവുവും കുറ്റപ്പെടുത്തിയത്. ”തിക്കിലും തിരക്കിലും പെട്ട് രേവതിക്ക് ജീവന്‍ നഷ്ടമായത് അതീവ ദുഖകരമാണ്. എന്നാല്‍ ആരാണ് ഇത്തരം ബെനിഫിറ്റ് ഷോകള്‍ക്ക് അനുമതി നല്‍കിയത്? വേണ്ടത്ര മുന്‍കരുതലുകളില്ലാതെ ആരാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്? യഥാര്‍ത്ഥ കുറ്റവാളികള്‍ സംസ്ഥാനത്തിന്റെ ഭരണാധികാരികളാണ്,” റാവു ആരോപിക്കുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ ഒരു നടന്‍ എന്ന നിലയില്‍ അല്ലുവിനോട് കുറച്ചു കൂടി മര്യാദ കാണിക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ഡി സഞ്ജയ് കുമാര്‍ അപലപിച്ചത്. വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ കിടപ്പ് മുറിയില്‍ എത്തിയായിരുന്നു അല്ലുവിനെ അറസ്റ്റ് ചെയ്തതെന്നും ഏറ്റവും മോശമായ പെരുമാറ്റവും നടനെ അപമാനിക്കലുമാണ് ഇതെന്നും പ്രസാദ് എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ആഗോളതലത്തില്‍ അംഗീകാരം നേടിത്തന്ന അദ്ദേഹത്തെപ്പോലൊരാളോട് അതിന് അര്‍ഹമായ സമീപനം കാണിക്കണമായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ സഞ്ജയ് പ്രസാദ് പറഞ്ഞു. ദുരന്തം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതാണെന്നാണ് ബിജെപിയും കുറ്റപ്പെടുത്തുന്നത്.

അല്ലു അര്‍ജുന്റെ അറസ്റ്റ് തെലുങ്കാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിതച്ചിട്ടുണ്ട്. സിനിമ മേഖലയും അറസ്റ്റില്‍ ശക്തമായ പ്രതിഷേധത്തിലാണ്. അതേസമയം, നിയമം പ്രയോഗിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തിരിക്കുന്നതെന്നും, അവിടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിഗണന കാണിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സമൂഹത്തില്‍ നിന്ന് രണ്ട് തരം അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ ഉയരുന്നുണ്ട്.  Allu Arjun’s arrest has indeed sparked a heated controversy in Telangana politics 

Content Summary; Allu Arjun’s arrest has indeed sparked a heated controversy in Telangana politics

Leave a Reply

Your email address will not be published. Required fields are marked *

×