വാർത്തകളിൽ നിറയുകയാണ് പാക് വ്യാജ വാർത്തകളെ പൊളിച്ചടുക്കിയ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ വ്യാജ അവകാശ വാദങ്ങളെയാണ് ഒറ്റ രാത്രി കൊണ്ട് മുഹമ്മദ് സുബൈർ പൊളിച്ചടുക്കിയത്. വാർത്തകളിലെ വസ്തുത തിരയുന്ന ഓൾട്ട് ന്യൂസ് വെബ്സൈറ്റിന്റെ സഹസ്ഥാപകനാണ് സുബൈർ.
തീവ്രവലതുപക്ഷത്തിന്റെ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തിയ സുബൈർ പലപ്പോഴായി സംഘപരിവാർ അനുകൂലികളുടെ വർഗീയ വിദ്വേഷത്തിന് ഇരയായിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്കും വലതുപക്ഷ സർക്കാർ നയിക്കുന്ന ഭരണകൂടത്തിനും തിരിച്ചടിയാവുന്ന തരത്തിൽ പാകിസ്ഥാൻ വ്യാജ വാർത്തകൾ പ്രചരിച്ചപ്പോൾ ഇന്ത്യയ്ക്ക് രക്ഷകനായത് അതേ മുഹമ്മദ് സുബൈറാണ്.
ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് 2022 ജൂൺ 27ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ഒരു മാസത്തോളമാണ് സുബൈറിനെ ജയിലിലടച്ചത്. സുബൈർ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഡൽഹി പോലീസിനെ ടാഗ് ചെയ്ത ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷൻ 153- എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ) എന്നിവ പ്രകാരമായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് അധിനിവേശ കശ്മീരിനും ഒമ്പത് ക്യാമ്പുകൾക്ക് നേരെയുമായി ഓപ്പറേഷൻ സിന്ദൂരിന് വേണ്ടി ഇന്ത്യൻ സൈന്യം തയ്യാറെടുക്കുമ്പോൾ സമൂഹ മാധ്യമങ്ങൾ വസ്തുത വിരുദ്ധമായ വാർത്തകൾ കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ ആ സമയത്ത് മുഹമ്മദ് സുബൈറും തിരക്കിലായിരുന്നു. ജനങ്ങളെ ആശങ്കയിലാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഇത് പുറത്തു വിട്ടതാവട്ടെ പാക് അനുകൂല ഗ്രൂപ്പുകളും. ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള പാകിസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് ഇസ്രായേലിൽ നിന്നും ഗാസയിൽ നിന്നുമുള്ള നിരവധി വീഡിയോകളും ഫോട്ടോകളുമാണ് ഈ ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിച്ചത്. ഇവയെല്ലാം വ്യക്തമായി പരിശോധിച്ച് അവയുടെ വസ്തുതകൾ പങ്കു വയ്ക്കുകയും ചെയ്തു സുബൈറും ആൾട്ട് ന്യൂസും.
ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കുന്ന വാർത്ത ചിത്രം പങ്കു വച്ച് മുഹമ്മദ് സുബൈറിന്റെ എക്സ് പോസ്റ്റും ചർച്ചയായിരുന്നു. ‘ദി മോസ്റ്റ് പവർഫുൾ ഫോട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്ക് വച്ചത്. വർഗീയ കലാപത്തിനാണ് ഭീകരർ ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് എന്നാൽ ഇന്ത്യയിലെ പലര്‍ക്കും ഇതിനെക്കുറിച്ച് മനസിലാവുന്നില്ല എന്നതാണ് ദുഃഖകരം മുഹമ്മദ് സുബൈർ കുറിച്ചത്.
മെയ് 6, 7 തീയതികളിൽ രാത്രിയിൽ പഞ്ചാബിലെ ബതിൻഡയിലെ അക്ലിയൻ കലാൻ ഗ്രാമത്തിൽ ഒരു അജ്ഞാത വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ വന്നു. താമസിയാതെ, ബതിൻഡയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന പഴയ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങി. ഇവയ്ക്ക് പിന്നിലും പാകിസ്ഥാനാണെന്നും പഴയ ചില വീഡിയോകളാണ് ഇതെന്നും സുബൈർ വസ്തുതാപരമായി പരിശോധിച്ചു കണ്ടെത്തി. ഇന്ത്യക്കാരനാണെന്ന തരത്തിൽ പ്രചരണം നടത്തുന്ന പാക് അനുകൂല ഗ്രൂപ്പുകളുമുണ്ടായിരുന്നു. എന്നാൽ, അവർ പാകിസ്താനെയും കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രശംസിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരെന്ന് വ്യാജേനയുള്ള അക്കൌണ്ടുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അസാധാരണമായ വിധത്തിൽ ഭാഷയിൽ ഉറുദു കലർന്നതാണ് സംശയം തോന്നാനുണ്ടായ കാരണമെന്ന് മുഹമ്മദ് സുബൈർ പറയുന്നു. പാക്പ്രചാരണങ്ങളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവന്നശേഷം വലതുപക്ഷ ചായ്‌വുള്ള പല ഹാൻഡിലുകളിൽനിന്നു പിന്തുണച്ചും പ്രശംസിച്ചും നേരിട്ടുള്ള സന്ദേശങ്ങളും കമൻറുകളും കാണാം.
പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചിട്ടുവെന്ന് അവകാശ വാദം ഉന്നയിച്ചതും ഈ സോഷ്യൽ മീഡിയ വീഡിയോകളെ തെളിവായി കാണിച്ചു കൊണ്ടായിരുന്നു. ഖ്വാജ ആസിഫിന്റെ ഈ തെറ്റായ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായും പാകിസ്ഥാൻ സമൂഹ മാധ്യമത്തിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ വസ്തുതാ പരിശോധനയിലൂടെ ഈ ദൃശ്യങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പരിശോധനയിൽ ഇത് യഥാർത്ഥത്തിൽ 2021ൽ പഞ്ചാബിലെ മോഗയിൽ നടന്ന മിഗ് -21 അപകടത്തിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ സൈന്യം കീഴടങ്ങിയത് എന്ന് പ്രസ്താവിക്കുന്ന തരത്തിലുള്ള വീഡിയോകളും പാകിസ്ഥാൻ സമൂഹ മാധ്യമം വഴി പ്രചരിച്ചു.
content summary: Muhammad Zubair, who was once jailed under pressure from the Sangh Parivar, now plays a crucial role in fact-checking fake videos circulated by Pakistan