April 20, 2025 |
Share on

ജെയിംസ് ബോണ്ടിനായി കൈകോർക്കാൻ ഹാരി പോട്ടർ, സ്പൈഡർമാൻ നിർമാതാക്കൾ

അവസാനഘട്ട ചർച്ചയിൽ ആമസോൺ

ഐക്കോണിക് സപൈ സീരീസായ ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ നിർമാതാക്കളായി ഹാരി പോട്ടർ നിർമാതാവ് ഡേവിഡ് ഹെയ്മാനും സ്പൈഡർമാൻ നിർമാതാവ് എമി പാസ്ക്കലും എത്തുമെന്ന് റിപ്പോർട്ട്. ആമസോണിന്റെ എംജിഎം സ്റ്റുഡിയോസിനായാണ് ഡേവിഡ് ഹെയ്മാനും എമി പാസ്ക്കലും ഒന്നിക്കുന്നതെന്നാണ് വിവരം. ഇരുനിർമാതാക്കളുമായി ആമസോൺ അവസാനഘട്ട ചർച്ചയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരിയിൽ, ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ 1 ബില്യൺ ഡോളറിന് സ്വന്തമാക്കി ആമസോൺ ഹോളിവുഡിനെ ഞെട്ടിച്ചിരുന്നു. ദീർഘകാല നിർമാതാക്കളായ ബാർബറ ബ്രോക്കോളി, മൈക്കൽ ജി. വിൽസൺ എന്നിവരിൽ നിന്ന് പൂർണ്ണമായും ആമസോൺ
നിയന്ത്രണം നേടുകയായിരുന്നു. ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ ആമസോൺ ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആമസോൺ ഉടമ ജെഫ് ബെസോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. അടുത്ത ജെയിംസ് ബോണ്ടായി ആരെയാണ് കാണാൻ ആ​ഗ്രഹിക്കുന്നതെന്ന് ആരാധകരോട് ചോദിക്കുന്നതായിരുന്നു ജെഫ് ബെസോസിന്റെ പോസ്റ്റ്.

ആമസോൺ-എംജിഎം എക്സിക്യൂട്ടീവുകളായ മൈക്ക് ഹോപ്കിൻസ്, ജെൻ സാൽക്കെ, കോർട്ടെനെ വാലന്റി എന്നിവരാണ് ജെയിംസ് ബോണ്ട് സീരിസിനായി രണ്ട് മികച്ച നിർമാതാക്കളെ തിരഞ്ഞെടുക്കാനുള്ള തീരുമാനം മുന്നോട്ട് വെച്ചതെന്ന് ദ ​ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടീഷ് നിർമാതാവായ ഹെയ്‌മാൻ, ജെ. കെ റൗളിംഗിന്റെ ഹാരി പോട്ടർ പുസ്തക പരമ്പരയായ ഹാരി പോട്ടറിന്റെ ചലച്ചിത്രാവകാശം നേടിയ ശേഷം എട്ട് ചിത്രങ്ങളും മൂന്ന് ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് സിനിമകളും നിർമ്മിച്ചു. മാര്യേജ് സ്റ്റോറി , വൈറ്റ് നോയ്‌സ് , വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് , ബാർബി എന്നിവയാണ് ഹെയ്‌മാന്റെ മറ്റ് പ്രധാന സിനിമകൾ.

2015 വരെ സോണിയുടെ ഫിലിം ഡിവിഷനെ നയിച്ചത് എമി പാസ്കലാണ്. കാസിനോ റോയൽ , ക്വാണ്ടം ഓഫ് സോളസ് , സ്കൈഫാൾ തുടങ്ങിയ ബോണ്ട് സിനിമകളുടെ മേൽനോട്ടവും പാസ്കൽ വഹിച്ചിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെക്കുറിച്ചുള്ള അധിക്ഷേപകരമായ തമാശകൾ ഉൾപ്പെടുന്ന ഇമെയിൽ ചോർന്ന സംഭവത്തെ തുടർന്ന് പാസ്ക്കൽ രാജിവക്കുകയായിരുന്നു. തുടർന്ന് ടോം ഹോളണ്ട് സ്പൈഡർമാൻ സിനിമകൾ, സ്പൈഡർ-വേഴ്‌സ് ആനിമേറ്റഡ് സ്പിൻ-ഓഫുകൾ എന്നിവ അവർ നിർമ്മിച്ചു, ഇപ്പോൾ ഗ്രേറ്റ ഗെർവിഗിന്റെ നാർണിയ സിനിമയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് എമി പാസ്ക്കൽ.

Content Summary: Amazon Taps Harry Potter and Spider-Man Producers to Lead James Bond Franchise
Harry Potter Spider-Man James Bond

Leave a Reply

Your email address will not be published. Required fields are marked *

×