ഒരു പ്രദേശം ദേശരാഷ്ട്രമായി നിലനില്‍ക്കുന്നതിന് മനുഷ്യ ജീവിതങ്ങളുടെ സമാനത മുഖ്യഘടകമാണ്. ഏക മതമോ ഏക വംശമോ ഏക ഭാഷയോ ഭൂമിശാസ്ത്രപരതയോ ഒക്കെ ദേശരാഷ്ട്ര രൂപീകരണത്തിന് മുഖ്യമാണ്. എന്നാല്‍ വ്യത്യസ്ത ഭാഷകള്‍ വ്യത്യസ്ത മതങ്ങള്‍ വ്യത്യസ്ത വംശങ്ങളൊക്കെയായി ഇന്ത്യയ്ക്ക് ഒരു ദേശരാഷ്ട്രമായി നിലനില്‍ക്കാന്‍ പ്രതിസന്ധികള്‍ ഏറെയാണ്. ഇത്തരം വൈവിധ്യങ്ങളെ സഹവര്‍ത്തിപ്പിക്കാന്‍ സൈദ്ധാന്തിക ഇടപെടല്‍ നടത്തി എന്നതുകൊണ്ടാണ് അംബേദ്കര്‍ ചിന്തകള്‍ എക്കാലത്തും സമകാലിനമായിരിക്കുന്നത്.
‘വാസ്തവത്തില്‍ ഇന്ത്യയെന്ന ദേശം സ്വയം നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. അത് ഇനിയും ഒരു ദേശമായി തീര്‍ന്നിട്ടില്ല. സാമൂഹികവും മാനസികവുമായ തലങ്ങളില്‍ നാമിനിയും ദേശമായി തീര്‍ന്നിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തെ നാം എത്രയും വേഗം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. കാരണം അപ്പോള്‍ മാത്രമേ ഒരു ദേശരാഷ്ട്രമായിത്തീരുന്നതിന്റെ ആവശ്യകത നാം തിരിച്ചറിയൂ. അത് യാഥാര്‍ത്ഥ്യമായി തീരാനുള്ള മാര്‍ഗങ്ങളും ഉപാധികളും നാം അപ്പോള്‍ ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങും. ഇന്ത്യയിലെ സാമൂഹിക വിരുദ്ധമായ ജാതി വ്യവസ്ഥ, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം തുടങ്ങിയ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായിരിക്കുന്നു. അത് അമേരിക്കയുടെ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമാണ് താനും.
ദീര്‍ഘകാലമായി ഇന്ത്യയില്‍ രാഷ്ട്രീയാധികാരം വളരെ കുറച്ചു പേരുടെ മാത്രം കുത്തകയായിരുന്നു.ബാക്കി മനുഷ്യരെല്ലാം ഇരകള്‍ മാത്രമായിരുന്നു. എന്നാല്‍ സ്വയംഭരണത്തിന് വേണ്ടി കുതറുകയാണ് ഇപ്പോള്‍ അധസ്ഥിത ജനവിഭാഗങ്ങളെല്ലാം. ആത്മസാക്ഷാത്കാരത്തിന് വേണ്ടിയുള്ള അധ:സ്ഥിതരുടെ ഈ ത്വര ഒടുവില്‍ ഒരു വര്‍ഗ്ഗസമരമായോ വര്‍ഗ്ഗയുദ്ധമായോ തകര്‍ന്നുപോകാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണം.’
പുതിയ മന്ത്രിസഭയില്‍ നിയമമന്ത്രിയായി ഡോ. ബി ആര്‍ അംബേദ്കര്‍ നിയമിക്കപ്പെടാനിരിക്കെ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയെന്ന ദേശരാഷ്ടം സംബന്ധിച്ച ഇന്നും പ്രസക്തമായ ഉത്കണ്ഠകള്‍ വ്യക്തമാണ്. മഹാരാഷ്ട്രയിലെ നേതാവായ എച്ച് ജെ ഖാണ്ഡക്കര്‍ അംബേക്കര്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഭരണഘടനയെ ‘മഹര്‍ നിയമം’ എന്നാണ് പുകഴ്ത്തിയത്. കാരണം ഡോ. അംബേദ്കര്‍ മഹര്‍ ജാതിയാണ്.
മനുവിന്റെ നിയമങ്ങള്‍ക്ക് പകരം ഇപ്പോള്‍ നാം മഹറുകളുടെ നിയമം വയ്ക്കും. മനുവിന്റെ നിയമത്തിനു കീഴില്‍ രാജ്യത്ത് വികസനമോ പുരോഗതിയോ ഉണ്ടായില്ലെങ്കില്‍ കൂടിയും പുതിയ നിയമം (മഹര്‍ നിയമം) വരുന്നതോടെ കാര്യം മാറും ആ നിയമം ഇന്ത്യയെ യഥാര്‍ത്ഥ സ്വര്‍ഗമാക്കി മാറ്റും.
എച്ച് ജെ ഖാണ്ഡക്കര്‍ ഇന്ത്യയില്‍ സംഭവിച്ച ഭരണഘടന നിര്‍മ്മാണത്തിലൂടെയുള്ള സാമൂഹ്യവ്യവസ്ഥയുടെ തിരിച്ചിടലിനെ വളരെ ആഹ്ലാദത്തോടെ വിലയിരുത്തുന്നതിന്റെ വാക്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചിട്ടുള്ളത്.
പ്രശസ്ത രാഷ്ട്രീയ സാംസ്‌കാരിക ചിന്തകനായ മാര്‍ കുറിലോസ് തിരുമേനിയുടെ വൈറലായ ഒരു വീഡിയോയില്‍ ‘മാര്‍ക്‌സിന്റെ കണ്ണട വച്ചുകൊണ്ട് ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വ്യക്തമായി കാണാനാവില്ല. ഗാന്ധിജിയുടെ കണ്ണട വച്ചുകൊണ്ട് ഇന്ത്യയുടെ ജീര്‍ണ്ണതകളെ വ്യക്തമായി കാണാനാവില്ല. നെഹ്‌റുവിന്റെ കണ്ണട വെച്ചുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ പ്രതിസന്ധികളെ വ്യക്തമായി കാണാവില്ല. ഇന്ത്യയെന്ന ദേശരാഷ്ട്രത്തിലേക്കുള്ള കാഴ്ച വ്യക്തമാകണമെങ്കില്‍ ഡോ.അംബേദ്കറുടെ കണ്ണട വച്ചു നോക്കുക തന്നെ വേണം’ എന്ന് വ്യക്തമാക്കുന്നുണ്ട്.
ഉത്തരാധുനിക ഇന്ത്യന്‍ രാഷ്ടീയചിന്താധാര അംബേദ്കറുടെ കണ്ണട വെച്ചുകൊണ്ട് ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ കണ്ടുതുടങ്ങി എന്നതിന്റെ കൃത്യമായ പ്രഖ്യാപനമാണ് അതില്‍ അടങ്ങിയിട്ടുള്ളത്. ദളിത് രാഷ്ട്രീയം എന്നത് ഇന്ത്യയുടെ പുനര്‍നിര്‍മ്മിതിയുടെ രാഷ്ട്രീയമായി പരിണമിച്ചു എന്നത് വ്യക്തമാണ്.
നാനാത്വത്തില്‍ ഏകത്വമല്ല, ഏകശിലാത്മകത ഇല്ലെങ്കിലും ദേശരാഷ്ട്രത്തില്‍ സാഹോദര്യം പുലരുക തന്നെ വേണം. എല്ലാവര്‍ക്കും അവരവരുടെ വൈവിധ്യം പുലര്‍ത്തി ജീവിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാകണം. ബഹുസ്വരതകളെ അതായിത്തന്നെ അംഗീകരിക്കാന്‍ ഏവര്‍ക്കും കഴിയേണ്ടതുണ്ട്. ബഹുസ്വരതയുടെ സഹവര്‍ത്തിത്വമാണ് അംബേദ്കര്‍ രാഷ്ട്രീയം. ബഹുസ്വര സാഹോദര്യം ദളിത് രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നു.Ambedkar’s politics is the coexistence of pluralism
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: Ambedkar’s politics is the coexistence of pluralism