അന്വേഷണാത്മക മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ, രാഷ്ട്രീയ പ്രവർത്തകന് ജീവപര്യന്തം ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ലാസ് വെഗാസ് റിവ്യൂ-ജേണലിലെ അന്വേഷണാത്മക പത്രപ്രവർത്തകനായ ജെഫ് ജർമ്മന്റെ കൊലപാതകത്തിലാണ് സുപ്രധാന വഴി തിരിവ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ലാസ് വെഗാസിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ നേതാവായിരുന്ന റോബർട്ട് ടെല്ലെസ് (47) 20 വർഷത്തെ ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. കേസ് വാദിച്ച പ്രോസിക്യൂട്ടർമാർ പ്രതിക്ക് വധശിക്ഷ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല. മറിച്ച് 20 മുതൽ 50 വർഷം വരെ നീളുന്ന ജീവപര്യന്തമാണ് പ്രധാനമായും ആവശ്യപ്പെട്ടത്. journalist Jeff German murder Robert Telles convicted
ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയിൽ ബുധനാഴ്ച കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി പ്രഖ്യാപിച്ചപ്പോൾ ടെല്ലസ് തല കുലുക്കുകയാണ് ചെയ്തത്. ഓഗസ്റ്റ് 12 ന് ആരംഭിച്ച വിചാരണ കേട്ട ജൂറി 12 മണിക്കൂറോളം കേസ് ചർച്ച ചെയ്തു.2022 ലെ ലേബർ ഡേ വാരാന്ത്യത്തിലാണ് ജെഫ് ജർമ്മനെ തൻ്റെ വീടിൻ്റെ വരാന്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഉടനീളം കുത്തേറ്റതിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ റോബർട്ട് ടെല്ലെസാണ് കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടത് മുതൽ ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയായിരുന്നു ടെല്ലസ്.
പരമ്പരാഗത അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ ശൈലി പിന്തുടർന്നിരുന്ന ജെഫ് രാഷ്ട്രീയക്കാരുടെ അധികാര ദുർവിനിയോഗവും, ദുർനടപ്പും പുറത്തുകൊണ്ടുവരാനായി പ്രയത്നിച്ചിരുന്നു. ഇതിലൂടെ നിരവധി പ്രത്യഘാതങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, ജെഫ് റോബർട്ട് ടെല്ലെസിനെതിരെയും എഴുതിയിരുന്നു. ഇത് ടെല്ലസിനെ പ്രകോപിതനാക്കി.
തൻ്റെ ജീവനക്കാരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും കീഴുദ്യോഗസ്ഥനുമായി അനുചിതമായ ബന്ധം പുലർത്തുകയും ചെയ്ത ഒരു പേടിസ്വപ്നമായ മുതലാളിയെ തുറന്നു കാട്ടുകയായിരുന്നു ജെഫ്. ടെല്ലസ് കീഴുദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവിടാൻ ജെഫ് ഒരുങ്ങുകയാണെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാധ്യമ പ്രവർത്തകന്റെ വീട്ടിലെത്തുന്നത്. 2022 സെപ്റ്റംബർ 2- ന് അദ്ദേഹം ജെഫിനെ സന്ദർശിക്കാനായി വീട്ടിലെത്തി. വാഗ്‌വാദത്തിനൊടുവിൽ പകൽവെളിച്ചത്തിൽ തന്നെ ജെഫിനെ കുത്തി കൊലപ്പെടുത്തി.
2022 മെയ്, ജൂൺ മാസങ്ങളിൽ ലാസ് വെഗാസ് റിവ്യൂ-ജേണലിൽ അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങൾ ജെഫ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ടെല്ലസിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെ വന്നു. ലാസ് വെഗാസ് റിവ്യൂ-ജേണലിലെ ജെഫിന്റെ സഹപ്രവർത്തകർ ന്യൂസ് റൂമിൽ നിന്ന് തത്സമയ സ്ട്രീം വഴി ടെല്ലസിന്റെ വിചാരണ വിധി കണ്ടിരുന്നു. വിധി പ്രഖ്യാപിച്ചപ്പോൾ ചിലർ കണ്ണുനീർ തുടച്ചു. ടെല്ലെസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കായി ജെഫുമായി സംസാരിച്ച്, വിവരങ്ങൾ തുറന്ന് പറഞ്ഞ നാല് സ്ത്രീകൾ അദ്ദേഹത്തിന്റെ കൊലപാതകത്തിന് ശേഷം മുന്നോട്ട് വരികയും ടെല്ലസിനെതിരെ മൊഴി നൽകുകയും ചെയ്തു.
പരസ്പരം സംസാരിക്കാൻ അനുവദിക്കാത്ത ഒരു ജോലിസ്ഥലത്തെ കുറിച്ചാണ് അവർ വിവരിച്ചത്. ടെല്ലസ് നിരവധി സ്ത്രീകളോട് ലൈംഗിക അതിക്രമണം നടത്തിയിട്ടുണ്ട്. വിസമ്മതിക്കുന്നവർക്ക് കഠിനമായ ശിക്ഷകൾ നേരിടേണ്ടി വന്നു. ഉദ്യോഗസ്ഥരും ഒരു പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനിയും ഉൾപ്പെട്ട വിപുലമായ ഗൂഢാലോചനയാണ് കൊലപാതകത്തിന് തന്നെ സജ്ജമാക്കിയതെന്ന് ടെല്ലസ് അവകാശപ്പെട്ടു. ലാസ് വെഗാസ് റിവ്യൂ-ജേണൽ ഈ ആരോപണങ്ങളെ “മനസ്സാക്ഷിയില്ലാത്തതും നിരുത്തരവാദപരവുമാണ്” എന്ന് വിളിച്ചു.
ജെഫ് ജർമ്മനിയുടെ നഖത്തിനടിയിൽ നിന്ന് ടെല്ലസിൻ്റെ ഡിഎൻഎ കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ടെല്ലസിൻ്റെ സെൽഫോണിലും കംപ്യൂട്ടറിലും നിന്ന് ജെഫ് ജർമ്മനിയുടെ വീടിൻ്റെ നൂറുകണക്കിന് ഫോട്ടോകളും ചില സ്വകാര്യ രേഖകളും പോലീസ് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് ആഴ്‌ചകൾക്ക് മുമ്പാണ് അവ ശേഖരിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ഫോർ പ്രൊട്ടക്റ്റ് ജേണലിസ്റ്റ് പ്രകാരം 2022-ൽ യുഎസിൽ കൊല്ലപ്പെട്ട ഏക പത്രപ്രവർത്തകൻ ജെഫ് ജർമ്മൻ ആയിരുന്നു. ലാഭേച്ഛയില്ലാത്ത മാധ്യമ പ്രവർത്തനത്തിന്റെ പേരിൽ 1992 മുതൽ യുഎസിൽ 17 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായും പറയുന്നുണ്ട്.journalist Jeff German murder Robert Telles convicted
Content summary; Jury convicts former Las Vegas-area politician of murdering journalist