July 17, 2025 |
Share on

ഏറെ വേദനിപ്പിച്ചപ്പോഴും ഇഷ്ടത്തോടെ കണ്ടിരുന്ന മറ്റൊരു ട്രൂ ക്രൈം സീരിസ്

American Murder Gabby Petito

American Murder: Gabby Petito നെറ്റ്ഫ്‌ളിക്‌സിലെ ട്രൂ ക്രൈം സീരിസില്‍ പുതിയതാണ്. പൊതുവെ, പോപ്പുലര്‍ ആയ ഈ ക്യാറ്റഗറിക്കെതിരെ നെറ്റിസണ്‍സ് അടക്കം ഒടിടി ഭീമനായ നെറ്റ്ഫ്‌ളിക്‌സിനെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്നുണ്ട്. പ്രശ്‌നം ഇതിന്റെ നാടകീയമായ അവതരണം ആണ്. ഒരു ട്രൂ ക്രൈം സീരീസിന്റെ ആരാധികയായ എനിക്ക് പോലും ഇതില്‍ ആരെ പിന്തുണക്കണം എന്ന് അറിയാത്ത അവസ്ഥയുണ്ട്. Gabby Petito സ്റ്റോറിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഗാബിയെ സംസാരിപ്പിക്കുന്നു. അത് റേറ്റിംഗ് കൂട്ടാന്‍ മാത്രമാണെന്നും, സ്വകാര്യതയുടെ ലംഘനം ആണെന്നും പ്രേക്ഷകര്‍ വിയോജിക്കുന്നു.

‘വാന്‍ ലൈഫ് വ്‌ളോഗേഴ്‌സ്’ ആയ കപ്പിള്‍ ആയിരുന്നു ഗാബിയും ബ്രയാന്‍ ലോന്‍ഡ്രിയും. രണ്ടു പേരും നന്നായി വരയ്ക്കും. ബ്രയാന്‍ തന്റെ വരകളില്‍ പലതും ഒളിപ്പിച്ചു. ഗാബിയാകട്ടെ ലോകത്തെ മുഴുവന്‍ പ്രണയിച്ചു. എല്ലാ നിറങ്ങളുമുള്ള തുറന്ന പ്രകൃതി അവളെ പ്രലോഭിപ്പിച്ചു. കൊറോണ കാലത്തു ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അവര്‍ റോഡിലേക്കിറങ്ങി. വാനില്‍ കറങ്ങി. വ്‌ളോഗുകള്‍ എടുത്തു വെച്ചത് ഗാബിയാണ്. ബ്രയാന്‍ അതത്ര ഇഷ്ടപെട്ടിരുന്നില്ല. പക്ഷെ അയാള്‍ അതില്‍ അതൃപ്തി ഒന്നും പ്രകടിപ്പിച്ചില്ല. 2021 ഓഗസ്റ്റില്‍ പെട്ടെന്ന് ഗാബിയെ കാണാതാവുന്നു. പരാതി കിട്ടി രാത്രിയില്‍ അനേഷിച്ചെത്തിയ പോലീസിനെ വീട്ടില്‍ കയറ്റുന്നില്ല ബ്രയാന്റെ മാതാപിതാക്കള്‍. ബ്രയാന്‍ വീട്ടില്‍ ഉണ്ട് എന്ന് അറിയിക്കുന്നു. ഇത്തരം സീനുകള്‍ കാണുമ്പോള്‍ അമേരിക്കയിലെ പോലീസുകാരോട് ഒരു ബഹുമാനമൊക്കെ തോന്നും. പൗരാവകാശങ്ങള്‍ മാനിച്ചുള്ള ഇടപെടലുകള്‍. മീഡിയയും ആളുകളും പ്രശനം ഏറ്റെടുത്തതോടെ ഉത്തരങ്ങള്‍ അനിവാര്യമാവുന്നു.

വ്‌ളോഗേഴ്‌സിന്റെ ചിരിച്ച മുഖങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ ജീവിതം ഈ ക്രൈം സീരിസില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പലരും കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ മറച്ചു വെച്ചാണ് മനോഹരമായ ഇമേജസ് ലോകത്തിനു മുന്നില്‍ റിലീസ് ചെയ്യുന്നത്. പോസിറ്റിവിറ്റി തുളുമ്പുന്ന പോസ്റ്റുകള്‍ ഇടുന്നത്. മിക്ക രാജ്യങ്ങളിലും, കാടും മേടും, ഉള്‍പ്രദേശങ്ങളും വിജനമാണ് പലപ്പോഴും. ഒരു ഹൈക്കിങ്ങിനിടയിലോ, ബീച്ചിലെ ഇടവേളയിലോ എപ്പോഴാണ് നിങ്ങളുടെ പാര്‍ട്ണര്‍ ഒരു സൈക്കോ ആവുന്നത് എന്ന് പ്രവചിക്കാന്‍ പറ്റില്ല. റിസ്‌കുകള്‍ ഉണ്ട്. ഒരുമിച്ചുള്ള യാത്രയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മതി, ഇതൊക്കെ വെളിയില്‍ വരാന്‍. ഒരു നിമിഷം മതി കഴുത്തില്‍ കൈ മുറുകാന്‍. പരസ്പരം നന്നായി മനസിലാക്കി ഓരോ യാത്രയും ആസ്വദിച്ച് നടക്കുന്ന വ്‌ളോഗേഴ്‌സ് ഉണ്ട്. എല്ലാം ഒരു ഭാഗ്യം മാത്രം. സ്‌കൂളില്‍ സീനിയര്‍ ആയിരുന്ന ബ്രയാനെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഡേറ്റിംഗ് തുടങ്ങിയ ഗാബിക്ക് പല തരം മാനിപുലേഷന്‍സ് ഉണ്ടായിട്ടും, സുഹൃത്തുക്കള്‍ പറഞ്ഞിട്ടും അത് മനസിലായില്ല. കാരണം ബ്രയാന്‍ ഒരു പ്രത്യേക ടൈപ്പ് ആയിരുന്നു. സൗമ്യനും അധോമുഖനും ജന്റിലും. താന്‍ ബ്രയാനെ അര്‍ഹിക്കുന്നില്ല എന്ന് ഇടക്കിടെ അവളെക്കൊണ്ട് പോസ്റ്റ് ചെയ്യിക്കുന്ന തരത്തിലുള്ള വലിയ സ്വാധീനം.

american murder

American Murder: Gabby Petito ട്രൂ ക്രൈം സീരിസില്‍ ഒരു സീന്‍ ഉണ്ട്. കണ്‍ട്രി സൈഡ് ആയ യൂട്ടയില്‍ വെച്ച് ട്രാഫിക് പോലീസ് ഇവരെ ചോദ്യം ചെയ്യുന്നു. ബ്രയാന്‍ ഗാബിയെ വാനില്‍ വെച്ച് അടിക്കുന്നത് കണ്ടു എതിരെ പോയ വാഹനത്തിലോ മറ്റോ ആരോ വിളിച്ചു പറഞ്ഞതാണ്. നമ്മുടെ റോഡുകളില്‍ ഈ സംവിധാനം ഉണ്ടോ. പലരും രക്ഷപെട്ടേനെ. യുവ കമിതാക്കളുടെ ഒരു ചെറിയ സൗന്ദര്യപിണക്കം ആയിട്ടാണ് പോലീസ് അത് ഡീല്‍ ചെയ്യുന്നത്. പക്ഷെ അതിനുമപ്പുറത്ത് അത് ഗാബിയുടെ ജീവന് മേലെയുള്ള ഭീഷണി തന്നെയായിരുന്നു.

അമേരിക്കയില്‍ ഇങ്ങനെ കാണാതാവുന്ന ആയിരക്കണക്കിന് കറുത്ത വര്‍ഗക്കാര്‍ ഉണ്ട്. അവരെക്കുറിച്ചു പൊലീസോ, മീഡിയയോ, ആളുകളോ ഒട്ടും ആകുലരല്ല എന്നാണ് പറയുന്നത്. വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും അവരുടെ തിരോധാനങ്ങള്‍ക്കും മാത്രമേ പ്രാധാന്യമുള്ളൂ എന്ന് അവിടുത്തെ ചാനല്‍ ചര്‍ച്ചകളില്‍ സീരിസ് സൂചിപ്പിക്കുന്നു.

ഈ സീരിസ് ചര്‍ച്ചാവിഷയമായതിന്റെ മറ്റൊരു കാരണം ഇതില്‍ വരുന്ന ഗാബിയുടെ കുടുംബാംഗങ്ങളും,  ബ്രയാന്റെ മാതാപിതാക്കളും അവരുടെ സമീപനവും ആണ്. വളരെ പോളിഷ്ഡ് ആയാണ് ഗാബി കുടുംബം സംസാരിക്കുന്നത്. ബ്രയാന്റെ നേരെ വിപരീതവും. ഇത്തരം സീരീസുകളില്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണിത്. മരിച്ചാല്‍ കറുത്ത കോട്ടിട്ടു, ഒരുങ്ങി വികാരങ്ങള്‍ നിയന്ത്രിച്ചു, ഫ്യൂണറല്‍ അറ്റന്‍ഡ് ചെയ്യുന്ന മനുഷ്യര്‍. സീരീസ് അഭിമുഖങ്ങളില്‍ ഇതിന്റെ വേറെ വേര്‍ഷന്‍. അവിടെയും ടിപ്പ് ടോപ് ഡ്രസിങ്. വെല്‍ ഗ്രൂമെഡ് ടോക്ക്. സംസ്‌കാരങ്ങളുടെ വിഭിന്നത ദുഃഖപ്രകടനങ്ങളിലും പ്രതിഫലിക്കുന്നു. എപ്പോഴും, എവിടെയും ഒരു പോലെ തോന്നിയിട്ടുള്ളത് പൊതുസമൂഹത്തിന്റെ സമീപനം ആണ്. വിമര്‍ശനങ്ങള്‍ക്കും, സംശയങ്ങള്‍ക്കും ഒരേ ടോണ്‍.

american murder

വയോമിങ്ങിലെ ഒരു നാഷണല്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ പകുതിയിലാണ് വെറും 22 വയസു മാത്രമുള്ള ഗാബിയുടെ മൃതദേഹം ലഭിക്കുന്നത്. സഞ്ചരിച്ചിരുന്ന വാനില്‍. ആരോ കൊണ്ടിട്ട പോലെ. തികച്ചും നാടകീയമായി, വീട്ടില്‍ ഉണ്ടായിരുന്ന ബ്രയാനെയും കാണാതാകുന്നു. തിരച്ചിലില്‍ എഫ് ബി ഐയെ സഹായിക്കാന്‍ മകന്റെ ട്രെക്കിങ് റൂട്ടുകള്‍ അറിയുന്ന ബ്രയാന്റെ മാതാപിതാക്കളും ചേരുന്നതോടെ മറ്റൊരു സത്യം കൂടി ചുരുളഴിയുന്നു.

പല ട്രൂ ക്രൈം സീരീസുകളും വേദനിപ്പിക്കാറുണ്ട്. മനുഷ്യ മനസ്സുകളുടെ അധോലോക സഞ്ചാരങ്ങള്‍ എത്ര മാരകവും വിചിത്രവുമാണ്. അപരിചിതരെ വിടാം. ഇന്നലെ വരെ കെട്ടിപിടിച്ചു കിടന്നുറങ്ങിയവരെ എങ്ങിനെയാണ് ഒരു നൊടിയിടക്കിടെ കൊല്ലാന്‍ പറ്റുന്നത്. തോക്കു കൈവശം വെക്കാന്‍ പറ്റുന്ന രാജ്യങ്ങളില്‍ മനുഷ്യര്‍ക്കു സമാധാനത്തോടെ വഴക്കിടാന്‍ പോലും പറ്റില്ലല്ലോ എന്നും ഓര്‍ക്കാറുണ്ട്. ചെറിയ പ്രായത്തില്‍, ബെവേര്‍ലി ഹില്‍സിലെ, സ്വന്തം ബംഗ്ലാവില്‍ തികഞ്ഞ പണക്കാരായ അച്ഛനെയും അമ്മയെയും വെടിവെച്ചു കൊന്ന ‘മെന്‍ഡന്‍സ് ബ്രതെര്‍സിന്റെ’ ദുരൂഹമായ സ്റ്റോറി കണ്ടു കുറെ ദിവസം ഉറക്കം പോയി.

ഏറ്റവും കൂടുതല്‍ അലട്ടുന്ന മറ്റൊരു കാര്യമുണ്ട്. എന്ത് കൊണ്ടാണ് ട്രൂ ക്രൈം സീരീസ്, അതും അതിന്റെ ചിത്രീകരണത്തിലെ ഫിക്ഷണല്‍ പാര്‍ട്ട് അറിഞ്ഞിട്ടു തന്നെ ഞാന്‍ ഇത്രയേറെ ഇഷ്ടപ്പെടുന്നത്? ഞാന്‍ അറിയാത്ത ഒരു സൈക്കോ എന്നില്‍ ഉണ്ടോ. അതോ മനശാസ്ത്രപരമായി ഇതിനു വേറെ വിശദീകരണങ്ങള്‍ ഉണ്ടോ?  American Murder Gabby Petito Netflix true crime documentaries

Content Summary; American Murder Gabby Petito Netflix true crime docuseries

Leave a Reply

Your email address will not be published. Required fields are marked *

×