June 18, 2025 |

‘ഖത്തറിന്റെ പറക്കും സമ്മാനം ഭരണത്തിനേറ്റ കളങ്കം’ ; ട്രംപിനെതിരേ അഴിമതിയാരോപണവും

ഖത്തറിന്റെ വിമാന സമ്മാനത്തിൽ ചൂടു പിടിക്കുകയാണ് വൈറ്റ് ഹൗസ്

ഖത്തറിന്റെ വിമാന സമ്മാനത്തിൽ ചൂടു പിടിക്കുകയാണ് വൈറ്റ് ഹൗസ്. ഖത്തറിന്റെ 400 മില്യൺ ഡോളറിന്റെ വിമാന സമ്മാനം ഏറെ വിമർശനങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ട്രംപിനെതിരെ എതിർപ്പിന്റെ സ്വരമുയർത്തുന്നവരിൽ മുതിർന്ന റിപബ്ലിക്കൻ നേതാക്കളുമുണ്ട്.

പ്രമുഖ ഡെമോക്രാറ്റിക് നേതാവായ ക്രിസ് മർഫി ഇതിനെ അഴിമതിയുടെ നിർവചനം എന്നാണ് വിശേഷിപ്പിച്ചതെങ്കിൽ ട്രംപിന്റെ സഹനേതാക്കൾ ഭരണത്തിനേറ്റ കളങ്കമെന്ന് ഈ വിമാന സമ്മാനത്തെ വിശേഷിപ്പിച്ചു. ഈ സമ്മാനം യുഎസിനുള്ളതാണെന്നും ട്രംപിന് വ്യക്തിപരമായി ലഭിച്ചതല്ലെന്നും വിവാദങ്ങൾക്ക് ട്രംപ് മറുപടി നൽകിയിരുന്നു ട്രംപിന്റെ ഈ പ്രസ്താവന ശരിയല്ലെന്നും മർഫി മാധ്യമങ്ങളോട് പറഞ്ഞു. ​ എൻബിസി ന്യൂസിനോടുള്ള സംഭാഷണത്തിൽ ഗർഫ് രാജ്യങ്ങളിലേക്കുള്ള ട്രംപിന്റെ സന്ദർശനത്തെ വിമർശിച്ച് കൊണ്ട് സംസാരിക്കവെയാണ് മർഫി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസിന്റെ പ്രസിഡന്റായിട്ടും പലപ്പോഴും വ്യക്തിതാത്പര്യങ്ങൾക്കാണ് ട്രംപ് മുൻ​ഗണന നൽകുന്നതെന്ന തരത്തിൽ വിമർശനങ്ങളുയർന്നിരുന്നു.

നിലവില്‍ ഉപയോഗിക്കുന്ന എയര്‍ഫോഴ്‌സ് വണ്ണിന് പകരമായി തല്‍ക്കാലത്തേയ്ക്ക് ഈ വിമാനം ഉപയോഗിക്കാനാണ് ട്രംപിന്റെ തീരുമാനം. ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ വിമാനം സമ്മാനമായി നല്‍കും എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിത് വലിയ തോതില്‍ വിമര്‍ശനങ്ങൾക്ക് വഴിവച്ചിരുന്നു. അമേരിക്കൻ കോൺ​ഗ്കസിന്റെ അനുവാദമില്ലാതെ വിദേശ രാജ്യങ്ങളിൽ നിന്ന് സമ്മാനം സ്വീകരിക്കുന്നതിനെ ചൂണ്ടിക്കാട്ടി വിമർശകർ രം​ഗത്തെത്തി. ഇക്കാര്യത്തിൽ തനിക്കെതിരെ നീളുന്ന വിമർശനങ്ങളെയെല്ലാം ട്രംപ് തള്ളിക്കളഞ്ഞു. ഖത്തർ രാജകുടുംബം സമ്മാനിക്കാനിരിക്കുന്ന ആഡംബരവിമാനം സ്വീകരിക്കുന്നതില്‍ ധാര്‍മിക പ്രശ്‌നമൊന്നുമില്ലെന്നാണ് ട്രംപിന്റെ വാദം. ഉദാരമനസ്സോടെ നല്‍കുന്ന സമ്മാനം വേണ്ടെന്ന് വയ്ക്കുന്നത് മണ്ടത്തരമാണെന്നാണ് ട്രംപ് വാദിക്കുന്നത്. പ്രസിഡന്റുമാര്‍ക്ക് കിട്ടുന്ന സമ്മാനങ്ങളും രേഖകളും സൂക്ഷിക്കുന്ന പ്രസിഡന്‍ഷ്യന്‍ ലൈബ്രറിക്ക് വിമാനം സാവധാനം കൈമാറുമെന്നാണ് ട്രംപ് പറയുന്നത്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിമാനം ഉപയോ​ഗിക്കാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, അമേരിക്കയുടെ സുരക്ഷാ താല്പര്യങ്ങളടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിമര്‍ശകര്‍ തിരിച്ചടിച്ചത്.

ഇത്രയും വലിയ സമ്മാനം പ്രസിഡന്റിൽ നിക്ഷിപ്ത താത്പര്യമുണ്ടാക്കിയേക്കാമെന്നാണ് ചിലർ ഉന്നയിക്കുന്നത്. ഖത്തറിന്റെ ആഡംബര ജെറ്റ് എയർഫോഴ്സ് വണ്ണായി ഉപയോഗിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി ഗണ്യമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന വാദവും ഉയര്‍ന്നുകഴിഞ്ഞു. വിമാനം എയര്‍ഫോഴ്സ് വണ്ണായി ഉപയോഗിക്കുന്നത് ഒരു വിദേശ രാജ്യത്തിന് സെന്‍സിറ്റീവ് സിസ്റ്റങ്ങളിലേക്കും ആശയവിനിമയങ്ങളിലേക്കും പ്രവേശനം നല്‍കുമെന്നതാണ് ഇത്തരമൊരു വാ​ദമുന്നയിക്കുന്നതിന് പിന്നിലെ കാരണം. അത് അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാം. ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ഒരു വിദേശരാജ്യം ഉപയോ​ഗിച്ച ആഡംബര വിമാനം ഉപയോ​ഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് സമ്മതം മൂളിയതിനെതിരെയും വിമർശനങ്ങളുയരുന്നു. പുതിയ എയർ ഫോഴ്സ് വൺ ലഭിക്കാത്ത സാഹചര്യത്തിൽ ഖത്തറിന്റെ വിമാനം അമേരിക്ക സ്വീകരിക്കുന്നതിന് പ്രായോ​ഗിക വശമുണ്ടെന്നാണ് ട്രംപിന്റെ വാ​ദം.

അമേരിക്കൻ പ്രസിഡന്റിനായുള്ള ബോയിംങ് എയർക്രാഫ്റ്റിന്റെ നിർമ്മാണം നടക്കുന്നത് കൊണ്ടും ഇത് വൈകുന്നത് കൊണ്ടുമാണ് ട്രംപ് പുതിയ വിമാനത്തിലേക്ക് ചുവടുമാറ്റുന്നത്. ട്രംപ് ഭരണകൂടം ഓര്‍ഡര്‍ നല്‍കിയ വിമാനം 2029-ഓടെ നിര്‍മാണം പൂര്‍ത്തിയാകൂ എന്നാണ് വിവരം. ഇതോടെയാണ് ഖത്തറിൽ നിന്ന് വിമാനം സ്വീകരിക്കാൻ ട്രംപ് തയ്യാറാവുന്നത്

content summary: American senators criticized the administration, calling the acceptance of a luxury plane from Qatar a mark against its integrity

Leave a Reply

Your email address will not be published. Required fields are marked *

×