രണ്ട് പവന്റെ മാല പണയപ്പെടുത്തിയാണ് ഹേമ 62,000 രൂപ സംഘടിപ്പിച്ചത്. അതും വീട് പണി നടക്കുന്നതിനിടെ. ഉള്ള വണ്ടി ചീത്തയായതോടെ സെക്കന്റ് ഹാന്റ് വണ്ടി വാങ്ങാമെന്ന് കരുതി പലയിടത്തും പോയി നോക്കിയെങ്കിലും ഒന്നും അങ്ങട് ശരിയായില്ല. 35,000 മുതല്‍ 40,000 രൂപ വരെ കൊടുക്കാതെ പഴയ വണ്ടി കിട്ടുകയുമില്ല. അങ്ങനെ ഇരുന്നപ്പോഴാണ് പുതിയ വാഹനം, തയ്യല്‍ മെഷീന്‍, ലാപ് ടോപ്, കോഴിക്കൂട് തുടങ്ങിയവ പകുതി വിലയ്ക്ക് കിട്ടുമെന്ന വാട്‌സ് ആപ് മെസേജ് ഫോണിലേക്ക് വരുന്നതെന്ന് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനിയായ ഹേമ അഴിമുഖത്തോട് പറഞ്ഞു.anandhu krishnan half price fund scam;cheating on the bill by using the name of charity
വാട്‌സ് ആപ്പില്‍ വന്ന ഈ ഫോര്‍വേഡ് മെസേജ് കണ്ടായിരുന്നു ഹേമയും പകുതി വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാമെന്ന തട്ടിപ്പിന് ഇരയായത്. മെസേജ് കണ്ട് വിളിച്ചപ്പോള്‍ ‘ദീപ്തി’ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നാണ് പറഞ്ഞത്.
പോത്തന്‍കോട് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വച്ചായിരുന്നു രജിസ്റ്റര്‍ ചെയ്യുന്നതിനായി ആദ്യം 1,000 രൂപ അടച്ചത്. രണ്ടുമാസം കഴിഞ്ഞപ്പോള്‍ മുഴുവന്‍ തുകയില്‍ ബാക്കി 61,000 രൂപ കൂടി ഉടനെ അടയ്ക്കണമെന്ന് പറഞ്ഞ് ഏജന്റ് വിജയദാസ് വിളിച്ചു. പണമടയ്ക്കാനുള്ള അവസാന ദിവസമായതിനാല്‍ തന്നെ ആളുകളുടെ വന്‍ തിരക്കായിരുന്നു പോത്തന്‍കോടിലെ ഇന്ത്യന്‍ ബാങ്കില്‍ അനുഭവപ്പെട്ടത്.
ഞങ്ങള്‍ ചെല്ലുമ്പോള്‍ ആളുകള്‍ കുറേപേര്‍ ബാങ്കിന് പുറത്ത് നില്‍ക്കുന്നത് കണ്ടു. ഏജന്റുമാരും പുറത്ത് ഉണ്ടായിരുന്നു. തിരക്ക് കാരണം ക്യാഷ് കൈയ്യില്‍ തന്നേക്ക് ഞങ്ങള്‍ അടച്ചോളാമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ പണം അവരെ ഏല്‍പിച്ചപ്പോള്‍ ടോട്ടല്‍ 62,000 രൂപയില്‍ 56,000 രൂപയുടെ മാത്രം ബില്ലാണ് നല്‍കപ്പെട്ടത്. 5,000 രൂപയുടെ കുറവ് ചോദ്യം ചെയ്തപ്പോള്‍ ഇതൊരു ചാരിറ്റിയുടെ കീഴില്‍ ഉള്ളതല്ലേ എന്ന് ഏജന്റുമാര്‍ പറയുകയാണ് ഉണ്ടായത്. അപ്പോള്‍ ഞങ്ങളും കരുതി ശരിയാണ് ഇതൊരു ചാരിറ്റിക്ക് കീഴിലല്ലേ സാരമില്ലെന്ന്. പണം കൈമാറിയ റെസീപ്റ്റിലും ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരാണ് ഉണ്ടായിരുന്നത്. എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് പൂരിപ്പിച്ച് നല്‍കിയ ഫോമും ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലുള്ളതായിരുന്നു.
ഞാനും നാത്തൂനും എന്റെ മാമിയുമാണ് പണം അടച്ചത്. ഞങ്ങള്‍ ഗൂഗിളില്‍ ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റി സെര്‍ച്ച് ചെയ്തപ്പോള്‍ കര്‍ണാടകയിലാണ് കണ്ടത്. ബ്രാഞ്ച് തിരുവനന്തപുരത്ത് കാണുമെന്നും ഞങ്ങള്‍ കരുതി. കൂടാതെ ഏജന്റുമാരായ രണ്ടുപേരുടെ നമ്പര്‍ കൂടി ഞങ്ങള്‍ക്ക് തന്നിരുന്നു. അതില്‍ ഞങ്ങള്‍ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അപ്പോഴൊക്കെ ഉടനെ വാഹനം കിട്ടുമെന്നായിരുന്നു മറുപടി. ഞങ്ങള്‍ മൂന്നുപേരും മാറി മാറിയായിരുന്നു വിളിച്ചിരുന്നത്.
നാലഞ്ച് മാസം കഴിഞ്ഞപ്പോള്‍ തട്ടിപ്പാണോയെന്ന് ഉള്ളിന്റെ ഉള്ളില്‍ ചെറിയൊരു പേടി തോന്നാന്‍ തുടങ്ങി. പക്ഷേ, പഞ്ചായത്തില്‍ വന്ന് എല്ലാം ചെയ്ത് കൊണ്ട് പോയതിനാല്‍ തട്ടിപ്പ് ആകില്ലെന്ന് കരുതി സ്വയം സമാധാനിച്ചു. 2024 മാര്‍ച്ച് 26 ന് വിളിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് വന്നതുകൊണ്ടാണെന്നും ഉടനെ വാഹനം ലഭിക്കുമെന്നുമാണ് പറഞ്ഞത്. പിന്നീട് ഞങ്ങള്‍ക്ക് പരിചയമുള്ള വീട്ടില്‍ ഏജന്റായ വിജയദാസ് ഒരു ദിവസം വന്നിരുന്നു. വാഹനവിതരണ പരിപാടി വലിയ ചടങ്ങായി നടത്താനാണ് പ്ലാനെന്നും അതുകൊണ്ടാണ് വൈകുന്നതെന്നും അയാള്‍ പറഞ്ഞു.
തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണനെ പിടികൂടിയതറിഞ്ഞ് അന്നേദിവസം ഞാന്‍ വിജയദാസിനെ വിളിച്ചു. അങ്ങനെയൊന്നുകൊണ്ടും പേടിക്കേണ്ടെന്നും പിടിക്കപ്പെട്ടയാള്‍ പ്രൈവറ്റ് ഏജന്‍സിയാണെന്നും അയാള്‍ക്ക് ഞങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലെന്നായിരുന്നു പറഞ്ഞത്. പിന്നീട് ഞങ്ങള്‍ ഇയാളെ പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. അയല്‍പക്കത്തുള്ളവരില്‍ ചിലര്‍ വിളിച്ചപ്പോള്‍ ഇങ്ങനെ പ്രശ്‌നങ്ങള്‍ നടക്കുന്നത് കൊണ്ട് കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.
അച്ഛന്റെ അനിയന്മാര്‍ക്ക് ഡ്രൈവിങ് സ്‌കൂളാണ്. അവര്‍ പണം നല്‍കി ഉടനെ തന്നെ വണ്ടിയും കിട്ടി. ഇത് കണ്ടുകൊണ്ടാണ് തട്ടിപ്പ് അല്ലെന്ന് കരുതി ഞാനും പണം നല്‍കിയത്. ആദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു തട്ടിപ്പിന് തലവെച്ച് കൊടുക്കുന്നത്. അടുത്ത വീടുകളില്‍ ഉള്ളവര്‍ക്ക് തയ്യല്‍ മെഷീന്‍, കോഴിക്കൂട് എന്നിവ ലഭിച്ചതും വിശ്വാസ്യത കൂട്ടിയിരുന്നതായും ഹേമ അഴിമുഖത്തോട് പറഞ്ഞു.
പോത്തന്‍കോട് ഫ്രൂട്ട് ഷോപ്പ് നടത്തുന്ന ഭുവനചന്ദ്രന്റെ അനുഭവവും സമാനമാണ്. മകള്‍ക്ക് ജോലിക്ക് പോകുന്നതിനായാണ് പകുതി വിലയ്ക്ക് വാഹനം കിട്ടുമെന്നറിഞ്ഞ് പണമടച്ചത്. പഴയ വണ്ടി വാങ്ങാനിരുന്നപ്പോഴാണ്, ഒരു ദിവസം പഞ്ചായത്തില്‍ ചെന്നപ്പോള്‍ പകുതി വിലയ്ക്ക് വാഹനം തരാമെന്ന് പറഞ്ഞ് രണ്ടുപേര്‍ മേശയിട്ട് പഞ്ചായത്തിന് മുന്നില്‍ ഇരിക്കുന്നത് കണ്ടത്. തിരക്കിയപ്പോള്‍ പുതിയ വണ്ടി, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ ഇവയൊക്കെ പാതി വിലയ്ക്ക് നല്‍കുമെന്ന് പറഞ്ഞു.
ഒരു ദിവസം പെട്ടെന്ന് പറഞ്ഞു, ലാസ്റ്റ് ഡേറ്റാണ് ഇന്ന് പണം അടയ്ക്കുന്നവര്‍ക്ക് ഉടനെ സാധനങ്ങള്‍ എത്തിക്കുമെന്നും. കിട്ടാവുന്നിടത്ത് നിന്നൊക്കെ വായ്പ വാങ്ങിയാണ് ഞാന്‍ മോള്‍ക്കൊരു വണ്ടി വാങ്ങാമെന്ന് കരുതി പണം കൊടുത്തത്. എന്നാല്‍ പിന്നീടായപ്പോള്‍ വിളിച്ചാല്‍ നാളെ തരാം അടുത്ത ആഴ്ച തരാം എന്നൊക്കെ ഓരോ ഒഴിവുകിഴിവുകള്‍ പറഞ്ഞു. വിജയദാസ്, ഗിരിജ ഈ രണ്ട് ഏജന്റുമാരായിരുന്നു സമീപിച്ചത്.
എന്റെ മകള്‍ക്കൊപ്പം വേറെ രണ്ട് കുട്ടികള്‍ കൂടി വണ്ടിക്കായി പണം അടച്ചിരുന്നു. അതില്‍ ഒരാള്‍ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. ഞങ്ങള്‍ ഈ ഏജന്റുമാരെ നിരന്തരം വിളിച്ച് ബഹളം വച്ചതോടെ ആ കുട്ടിക്ക് വണ്ടി കിട്ടി. അത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
ഇതിനൊക്കെയിടയിലാണ് പലയിടത്തും വാഹനം നല്‍കിയതിന്റെ വാര്‍ത്തകളും ചിത്രങ്ങളും ഞങ്ങള്‍ക്ക് അയച്ചുതരുന്നത്. അതും പ്രമുഖരായ രാഷ്ട്രീയ നേതാക്കളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമൊക്കെയായിരുന്നു വിതരണം നിര്‍വഹിച്ചത്. ബിജെപി നേതാവ് വി. മുരളീധരന്‍ വാഹനം വിതരണം ചെയ്യുന്നതിന്റെ ഫോട്ടോയും ഞങ്ങള്‍ക്ക് അയച്ചുതന്നു. ഇതൊക്കെയാണ് ഞങ്ങള്‍ ഇവരെ വിശ്വാസത്തിലെടുക്കാന്‍ കാരണമായത്.
പാവപ്പെട്ടവരായ ഞങ്ങളെയൊക്കെ എന്തിനാണ് ഇവര്‍ ഇങ്ങനെ കബളിപ്പിക്കുന്നത്. കച്ചവടം കുറവായതിനാല്‍ എങ്ങനെ വായ്പ വാങ്ങിയ പണം തിരികെ കൊടുക്കുമെന്ന് അറിയില്ലെന്നും ഭുവനചന്ദ്രന്‍ ആശങ്കപ്പെടുന്നു.anandhu krishnan half price fund scam;cheating on the bill by using the name of charity
Content Summary: anandhu krishnan half price fund scam;cheating on the bill by using the name of charity