June 04, 2026 |
Share on

മൂന്നാം വിമാനവും എത്തി, ഇത്തവണ 112 പേര്‍; അമൃത്സര്‍ തന്നെ തിരഞ്ഞെടുക്കുന്നതില്‍ പ്രതിഷേധം

ശനിയാഴ്ച്ച എത്തിയ സംഘത്തെയും കൈവിലങ്ങ് അണിയിച്ചിരുന്നു

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കൊണ്ടുവരുന്ന മൂന്നാമത്തെ വിമാനവും ഇന്ത്യയിലെത്തി. ഞായറാഴ്ച്ച രാത്രിയാണ് 112 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആദ്യ സംഘത്തില്‍ 104 ഉം, രണ്ടാം സംഘത്തില്‍ 116 പേരുമായിരുന്നു ഉണ്ടായിരുന്നത്.

ഞായറാഴ്ച രാത്രി 10.03 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. നാടുകടത്തപ്പെട്ട് എത്തിയ 112 പേരില്‍ 44 പേര്‍ ഹരിയാനയില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും 31 പേര്‍ പഞ്ചാബില്‍ നിന്നും രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നും ഓരോരുത്തരുമാണ് ഉണ്ടായിരുന്നത്. മൂന്നാം വിമാനത്തില്‍ രണ്ട് ശിശുക്കള്‍ ഉള്‍പ്പെടെ 19 സ്ത്രീകളും 14 പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടായിരുന്നുവെന്നാണ് വിവരം. നാടുകടത്തപ്പെട്ട രണ്ടാം സംഘവുമായുള്ള വിമാനം ശനിയാഴ്ച്ച രാത്രി അമൃത്സറില്‍ എത്തിയിരുന്നു. 24 മണിക്കൂറിനുശേഷമാണ് മൂന്നാമത്തെ വിമാനവും എത്തിയത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിശേഷം തിരിച്ചെത്തിവരയെല്ലാം അവരവരുടെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

മൂന്നാം സംഘം എത്തുമ്പോള്‍, മുന്‍പെന്ന പോലെ വിമാനത്താവളത്തില്‍ രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, തിരിച്ചെത്തിയവരെ അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടിരുന്നുവെന്നും മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍, വിമാനങ്ങള്‍ ഇറങ്ങാന്‍ അമൃത്സര്‍ വിമാനത്താവളം തന്നെ തിരഞ്ഞെടുത്തത് ബിജെപിയുടെ രാഷ്ട്രീയമാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. നാടുകടത്തപ്പെട്ടവരെല്ലാം പഞ്ചാബില്‍ നിന്നുള്ളവരാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി, വിശുദ്ധ നഗരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വം ചെയ്യുന്നതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പരാതി. ഭഗവന്ത് മന്നിന്റെ ആരോപണം അടിസ്ഥാനമില്ലാത്തത് ആണെന്നായിരുന്നു ശനിയാഴ്ച്ച എത്തിയ സംഘത്തെ സ്വീകരിക്കാന്‍ ഉണ്ടായിരുന്ന കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു പ്രതികരിച്ചത്.

മൂന്നാം സംഘത്തെ നാട്ടിലെത്തിക്കാന്‍ വേണ്ടി ഹരിയാന സര്‍ക്കാര്‍ അമൃത്സറിലേക്ക് ബസ് അയിച്ചിരുന്നു. ആദ്യ രണ്ട് സംഘം എത്തിയപ്പോഴും ഒരുക്കാതിരുന്ന സൗകര്യമാണിത്. 52 സീറ്റുകളുള്ള ഒരു എ സി ബസ് ആയിരുന്നു അത്. ‘ മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജന, ഹരിയാന’ എന്നായിരുന്നു ബസിന്റെ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നയബ് സിംഗ് സെയ്‌നിയുടെയും ചിത്രങ്ങളും ബസില്‍ പതിച്ചിരുന്നു.

ഫെബ്രുവരി അഞ്ചിനായിരുന്നു അനധികൃതമായി യു എസില്‍ കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരുമായുള്ള യു എസ് വിമാനം ആദ്യം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയത്. സി-17 എന്ന സൈനിക വിമാനത്തിലായിരുന്നു ആദ്യം ഇന്ത്യക്കാരെ അയച്ചത്. കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് ബന്ധിച്ചായിരുന്നു കുടിയേറ്റക്കാരെ സൈനികരുടെ അകമ്പടിയോടെ ഇന്ത്യയിലേക്ക് അയച്ചത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇനിയുള്ള വിമാനത്തില്‍ ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. മോദി അമേരിക്കയില്‍ എത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച്ചകളും നടത്തിയ പശ്ചാത്തലത്തില്‍ മുന്‍ അനുഭവങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് കരുതിയെങ്കിലും, ശനിയാഴ്ച്ച എത്തിയ രണ്ടാം വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ പുരുഷന്മാരെ കൈവിലങ്ങ് അണിയിച്ചിരുന്നു. യു എസ് കുടിയേറ്റം എന്ന സ്വപ്‌നം തകര്‍ന്നതിന്റെ നിരാശയിലാണ്ടിരിക്കുന്നവര്‍ എന്തെങ്കിലും അബദ്ധമോ അപകടമോ കാണിക്കുമോ എന്ന ആശങ്കയിലാണ് കൈവിലങ്ങ് അണിയിച്ചതെന്നാണ് വിശദീകരണം. മൂന്നാം വിമാനത്തില്‍ എത്തിയവരെയും ഇത്തരത്തില്‍ ആണോ എത്തിച്ചതെന്ന വിവരം പുറത്തു വന്നിട്ടില്ല.  Another US plane with 112 indian deportees lands at amritsar airport sunday night

Content Summary; Another US plane with 112 indian deportees lands at amritsar airport sunday night

Leave a Reply

Your email address will not be published. Required fields are marked *

×