June 18, 2025 |
Share on

വിവാഹദിനത്തിൽ ഭീകരതയ്ക്കെതിരെ പ്രതിജ്ഞ; വ്യത്യസ്തമായൊരു വിവാഹ ചടങ്ങിന് സാക്ഷ്യം വഹിച്ച് കാളിക്കാവ്

ഭീകരാക്രമത്തെ അപലപിച്ചും മയക്കുമരുന്ന് ഉപയോ​ഗത്തെ എതിർത്തുമായിരുന്നു പ്രതിജ്ഞ

വ്യത്യസ്തമായൊരു വിവാഹ ചടങ്ങിനാണ് മെയ് 7 ബുധനാഴ്ച മലപ്പുറം കാളിക്കാവ് സാക്ഷ്യം വഹിച്ചത്. പഹൽ​ഗാമിലെ ഭീകരതയ്ക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പകരം ചോദിച്ച ദിവസം നടന്ന വിവാഹത്തിൽ വേദിയിൽ വെച്ച് വധൂവരന്മാർ ഭീകരതക്കെതിരെ പ്രതിജ്ഞയെടുത്തു. വിവാഹചടങ്ങിൽ പങ്കെടുത്തവരെല്ലാം അത് ഏറ്റ് ചൊല്ലുകയും ചെയ്തു. കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് ഹിഷാമും വളാഞ്ചിറ സ്വദേശി നിദ ഷെറിനുമാണ് തങ്ങളുടെ വിവാഹത്തിൽ സ്നേഹപ്രതിജ്ഞ എടുത്തത്.

വധുവിന്റെ അമ്മാവനായ ബഷീർ ആണ് പ്രതിജ്ഞയുടെ ആശയം മുന്നോട്ട് വെച്ചത്. തുടർന്ന് വധൂവരന്മാരും ഒപ്പം ബന്ധുക്കളും വേദിയിൽക്കയറി പ്രതിജ്ഞ ചൊല്ലുകയായിരുന്നു. വണ്ടൂർ എംഎൽഎ എ പി അനിൽകുമാറും ഭീകരതക്കെതിരെയുള്ള പ്രതിജ്ഞയിൽ പങ്കെടുത്തിരുന്നു. ഭീകരാക്രമത്തെ അപലപിച്ചും മയക്കുമരുന്ന് ഉപയോ​ഗത്തെ എതിർത്തുമായിരുന്നു പ്രതിജ്ഞയെടുത്തത്.

‘ഇന്ത്യ എന്റെ രാജ്യമാണ്. ഇന്ത്യയുടെ അഖണ്ഡതയെ തകർക്കുന്ന യാതൊന്നും ഞാൻ സഹിക്കുകയും പിന്തുണക്കുകയും ചെയ്യില്ല. നമ്മുടെ രാജ്യത്തിന്റെ പുരോ​ഗതിക്ക് ഭീഷണിയായ ഫാസിസത്തിനെതിരെയും വർ​ഗീയതക്കെതിരെയും ഞാൻ പോരാടും. മയക്കുമരുന്നുകളുടെ ഉപയോ​ഗവും സമൂഹത്തിലെ വിപത്താണെന്നും’ പ്രതിജ്ഞയിൽ പറഞ്ഞു.

മെയ് 7 തങ്ങൾക്കും രാജ്യത്തിനും വളരെ വിലപ്പെട്ട ഒരു ദിവസമായിരുന്നുവെന്നും പ്രതിജ്ഞയിലൂടെ നല്ലൊരു സന്ദേശം രാജ്യത്തിന് നൽകാനാണ് ആ​ഗ്രഹിച്ചതെന്നും ദമ്പതികൾ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മയക്കുമരുന്ന് ഉപയോ​ഗത്തെ ചെറുക്കുന്നതിന് വേണ്ടിയാണ് പ്രതിജ്ഞ ചെല്ലാൻ ആദ്യം തീരുമാനിച്ചതെന്നും എന്നാൽ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതെക്കെതിരെ കൂടി പ്രതിജ്ഞ ചെല്ലുകയായിരുന്നുവെന്നും ചോക്കാടിലെ മുൻ പഞ്ചായത്ത് അംഗം ബഷീർ വളാഞ്ചിറ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മയക്കുമരുന്ന് ഉപയോ​ഗം അടക്കമുള്ള സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഞാൻ ജനങ്ങൾക്ക് ബോധവത്കരണ ക്ലാസുകൾ എടുക്കാറുണ്ട്. വിവാഹദിനത്തിൽ പ്രതിജ്ഞ ചൊല്ലാമെന്ന ആശയം ഞാൽ രണ്ട് കുടുംബങ്ങളോടും പറയുകയും ചെയ്തു. അവർ വളരെ സന്തോഷത്തോടെയാണ് എല്ലാവർക്കും പ്രതിജ്ഞയെടുക്കാമെന്ന് സമ്മതിച്ചത്. പഹൽ​ഗാം ഭീകരാക്രമണം നടന്ന അവസരമായതിനാൽ ഭീകരതയ്ക്കെതിരെ കൂടി സംസാരിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് അങ്ങനെയൊരു ആശയം കൂടി ഉൾപ്പെടുത്തിയത്. വിവാഹദിവസം വളരെ അപ്രതീക്ഷിതമായാണ് ഓപ്പറേഷൻ സിന്ദൂർ സംഭവിക്കുന്നത്, ബഷീർ വളാഞ്ചിറ പറഞ്ഞു.

ജില്ലാപഞ്ചായത്തംഗം കെ.ടി. അജ്മല്‍, ലഹരി വിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി പി.പി. അലവിക്കുട്ടി, ഇ.പി. യൂസുഫ് ഹാജി, ഇ.പി. ഗഫൂര്‍ തുടങ്ങിയവരും പ്രതി‍ജ്ഞ ചൊല്ലാൻ കുടുംബാം​ഗങ്ങൾക്കൊപ്പം പങ്കെടുത്തിരുന്നു.

Content Summary: anti terrorrism pledge on wedding day in kerala, kalikavu

Leave a Reply

Your email address will not be published. Required fields are marked *

×