March 27, 2025 |

ജപ്പാനെ പ്രതിസന്ധിയിലാക്കി അരിവില, സംഭരണം നടപ്പിലാക്കുമെന്ന് സർക്കാർ

ചരിത്രത്തിലാദ്യമായാണ് ജപ്പാൻ ഇത്തരത്തിലൊരു നിയമം നിലവിൽ കൊണ്ടു വരുന്നത്

കുതിച്ചുയരുന്ന അരിവിലയെ നേരിടാൻ ധാന്യ സംഭരണമെന്ന ആശയവുമായി ജപ്പാൻ. ചരിത്രത്തിലാദ്യമായാണ് ജപ്പാൻ ഇത്തരത്തിലൊരു നിയമം നിലവിൽ കൊണ്ടു വരുന്നത്. അനിയന്ത്രിതമായ രീതിയിൽ വർദ്ധിച്ച് കൊണ്ടിരിക്കുന്ന വിലകയറ്റത്തെ തടുക്കാനും, നിലവിൽ ജനങ്ങൾ അനുഭവിക്കുന്ന ക്ഷാമത്തെ നേരിടാനുമാണ് ധാന്യസഭരണം ജപ്പാൻ നടപ്പാക്കുന്നത്. ഭക്ഷ്യക്ഷാമം നേരിടേണ്ടി വരുമോയെന്ന ജനങ്ങളുടെ ആശങ്കയും ഇത്തരമൊരു തീരുമാനത്തിലേക്ക് ജപ്പാനെ നയിച്ച മറ്റൊരു കാരണമാണ്.

വിളനാശം അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ എന്നിവയെ നേരിടാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് കൊണ്ടുവന്ന ഒരു ആശയമായിരുന്നു ധാന്യ സംഭരണം. 2011ലെ സുനാമിയ്ക്കും ഫുകുഷിമ ആണവ പ്രതിസന്ധിയ്ക്കും ശേഷമാണ് സംഭരണ ആശയം അവസാനമായി ഉപയോ​ഗിച്ചത്. എന്നാൽ വിലക്കയറ്റം ക്ഷാമത്തെക്കുറിച്ചുള്ള ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജാപ്പനീസ് ​ഗവൺമെന്റിന്റെ കണക്കുപ്രകാരം 60 കിലോ അരിയ്ക്ക് കഴിഞ്ഞ വർഷം 23,715 യെൻ വരെ വില എത്തിയിരുന്നു. ഇത് 2023നെ അപേക്ഷിച്ച് 55 ശതമാനം കൂടുതലാണ്. ഡിസംബറിൽ 24,665 യെൻ വരെ അരി വില ഉ‌യർന്നിരുന്നു. 1995ന് ശേഷം ആദ്യമായാണ് ഇത്തരമൊരു ലഭ്യതക്കുറവ് നേരിടേണ്ടി വരുന്നത്.

സൂപ്പർമാർക്കറ്റുകൾ കാലിയാവാൻ തുടങ്ങിയതോടെ ഒരു ഉപഭോക്താവിന് 5 കിലോ അരി മാത്രം നൽകിയാൽ മതിയെന്ന നിബന്ധനയും സർക്കാർ മുന്നോട്ട് കൊണ്ടുവന്നു. ഈ സാഹചര്യത്തിൽ കരുതൽ ശേഖരം തുടരേണ്ടത് ആവശ്യമാണെന്നും അതിനായുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ജപ്പാനിലെ കാർഷിക മന്ത്രാലയം അറിയിച്ചു. ആവശ്യത്തിന് അരി ഉണ്ടായിരുന്നിട്ടും ഇത് വിപണിയിൽ ലഭ്യമാകാതെ ഇരിക്കുന്നതിനാൽ സ്റ്റോക്ക് മറ്റെവിടെയോ കുടുങ്ങി കിടക്കുന്നതായി കരുതുന്നുവെന്ന് ജപ്പാനിലെ കാർഷിക മന്ത്രി ചാകു ഇറ്റോ വാ‌‌ർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബാങ്ക് ഓഫ് ജപ്പാൻ ദശാബ്ദങ്ങൾക്കിടയിൽ പലിശനിരക്ക് ഉയർത്തിയപ്പോൾ, സെൻട്രൽ ബാങ്കിന്റെ ഔട്ട്ലുക്ക് പ്രസ്താവനയിൽ ജപ്പാനിലെ വിലക്കയറ്റത്തെക്കുറിച്ച് പലയിടത്തായി പരാമർശിച്ചിരുന്നു. ജപ്പാനിലെ ഏറ്റവും വലിയ കൺവീനിയൻസ് സ്റ്റോർ ശ്യംഖലയായ 11 സെവൻ ജപ്പാനിൽ പ്രചാരത്തിലുള്ള ഒനി​ഗിരിയുടെ വില 27 ശതമാനം ഉയർന്നതായി വ്യക്തമാക്കുന്നു.

അരിയുടെ വില ഏറ്റവും ഉയർന്ന് നിൽക്കുന്ന ഈ സാഹചര്യത്തിൽ നിന്ന് അരിവില പിന്നീട് കുത്തനെ ഇടിയുന്നത് തടയാനുള്ള നടപടികളും സർക്കാർ കൈകൊണ്ടിട്ടുണ്ട് .

content summary; Japan Turns to Strategic Reserves as Rice Prices Surge

×