യു എസ് വീസ; സോഷ്യല്‍ മീഡിയ പ്രൈവസി സെറ്റിംഗ് ‘പബ്ലിക്’ ആക്കണം

എഫ്, എം, ജെ നോണ്‍-ഇമിഗ്രന്റ് വീസ അപേക്ഷകരോട് ഉടനടി പ്രാബല്യത്തില്‍ വരുന്ന നിര്‍ദേശമായാണ് ഇക്കാര്യം ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചിരിക്കുന്നത്‌

യുഎസിലേക്ക് താത്കാലിക വീസകള്‍ക്ക്(നോണ്‍-ഇമിഗ്രന്റ് വീസ) അപേക്ഷിക്കുന്നവര്‍, തങ്ങളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കണമെന്നാണ് നിര്‍ദേശം(പ്രൈവസി സെറ്റിംഗുകള്‍ പബ്ലിക് ആക്കണം). ഇന്ത്യയിലെ യുഎസ് എംബസി അവരുടെ എക്‌സ് അകൗണ്ടില്‍ ഈ നിര്‍ദേശം ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധത്തിലായി പുറപ്പെടുവിച്ചിരിക്കുകയാണ്. എഫ്, എം, ജെ( (എഫ് -അക്കാദമിക്, എം -വൊക്കേഷണല്‍, ജെ -എക്‌സ്‌ചേഞ്ച് വിസിറ്റര്‍) വിഭാഗങ്ങളില്‍പ്പെട്ട നോണ്‍-ഇമിഗ്രന്റ് വീസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വ്യക്തികളും, യുഎസ് നിയമപ്രകാരം തങ്ങളുടെ ഐഡന്റിറ്റിയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള പ്രവേശനക്ഷമതയും സ്ഥാപിക്കുന്നതിന് ആവശ്യമായ പരിശോധന സുഗമമാക്കുന്നതിന്, അവരുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും സ്വകാര്യതാ ക്രമീകരണങ്ങള്‍ പരസ്യപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഓരോ വീസ വിധിനിര്‍ണയവും ദേശീയ സുരക്ഷാ തീരുമാനമാണ് എന്ന് വിളംബരം ചെയ്തുകൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അതായത്, വീസ തീരുമാനങ്ങള്‍ യോഗ്യതയെ മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിനെ അടിസ്ഥാനമാക്കി കൂടിയാണെന്നാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പറയുന്നത്.

2019 മുതല്‍, കുടിയേറ്റ, കുടിയേറ്റേതര(ഇമിഗ്രന്റ്, നോണ്‍-ഇമിഗ്രന്റ്) വീസ അപേക്ഷാ ഫോമുകളില്‍ അപേക്ഷകര്‍ സോഷ്യല്‍ മീഡിയ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവര്‍ ഉള്‍പ്പെടെ, രാജ്യത്തേക്ക് പ്രവേശനത്തിന് യോഗ്യരല്ലാത്ത വീസ അപേക്ഷകരെ തിരിച്ചറിയാന്‍ വീസ സ്‌ക്രീനിംഗിലും പരിശോധനയിലും ഒരു വ്യക്തിയുടെ ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും യുഎസ് എംബസിയുടെ അറിയിപ്പില്‍ പറയുന്നുണ്ട്.

യുഎസിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പൂര്‍ണ പഠന കോഴ്‌സിന് ചേരുന്ന അക്കാദമിക് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്നതാണ് എഫ് വീസ. കാമ്പസിലോ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (OPT) പ്രോഗ്രാമുകളിലൂടെയോ പാര്‍ട്ട് ടൈം ജോലിക്ക് ഇവര്‍ക്ക് അര്‍ഹത കിട്ടും.

അക്കാദമികേതര പഠനം നടത്തുന്ന വൊക്കേഷണല്‍ അല്ലെങ്കില്‍ ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്നതാണ് എം വീസ. ഇവര്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം.

വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന സാംസ്‌കാരിക, വിദ്യാഭ്യാസ, അല്ലെങ്കില്‍ പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് അനുവദിെുന്ന സംരംഭങ്ങളാണ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍.

എക്‌സ്‌ചേഞ്ച് വിസിറ്റര്‍ വീസയാണ് ജെ വിസ. യുഎസിലേക്ക്, പഠനം, ഗവേഷണം എന്നിവയ്‌ക്കോ, അല്ലെങ്കില്‍ മറ്റേതെങ്കിലും എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാനോ എത്തുന്നവര്‍ക്കാണ് ഈ വീസ അനുവദിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അകൗണ്ടുകളുടെ പേര് വിവരങ്ങള്‍, അല്ലെങ്കില്‍ അകൗണ്ട് ‘ഹാന്‍ഡിലുകളോ’ അപേക്ഷകര്‍ നല്‍കണം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, തുടങ്ങിയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങള്‍ നിര്‍ബന്ധമാണ്. എ, സി, ജി, നാറ്റോ വീസകള്‍ പോലുള്ള ചില വീസ വിഭാഗങ്ങളെ ഈ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2025 ജൂണ്‍ 23 മുതല്‍, വീസ സ്‌ക്രീനിംഗ് മെച്ചപ്പെടുത്തുന്നതിനായി യുഎസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

ട്രംപിന്റെ രണ്ടാം ടേമില്‍ കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കൂടാതെ അമേരിക്കന്‍ കാമ്പസുകളില്‍ ഭരണകൂടവിരുദ്ധ,സയണിസ്റ്റ് വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. പലസ്തീന്‍ അനുകൂല ഇസ്രയേല്‍ വിരുദ്ധ പ്രകടനങ്ങള്‍ക്കൊപ്പം ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് എതിരായും വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. വിദേശ വിദ്യാര്‍ത്ഥികളാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നതെന്നാണ് ഭരണകൂടം പറയുന്നത്. ഇത്തരക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പേരില്‍ സര്‍വകലാശാലകളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പ്രതിഷേധിക്കാനുള്ള മൗലികാവകാശം തടഞ്ഞാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍. രാജ്യത്തിനകത്ത് രാജ്യത്തിനെതിരായ സമരങ്ങള്‍ അനുവദിക്കാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് വിദേശ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയവും ആശയ ചിന്താഗതികളും അവരുടെ സ്വഭാവം എന്തെന്നു തിരിച്ചറിയാനുമൊക്കെ സോഷ്യല്‍ മീഡിയകള്‍ പരിശോധിക്കാനുള്ള തീരുമാനം ഭരണകൂടം എടുത്തിരിക്കുന്നത്. US Visa Policy Update;  Applicants for F, M, or J visas must set all social media accounts to public

Content Summary; US Visa Policy Update;  Applicants for F, M, or J visas must set all social media accounts to public

This post was last modified on June 24, 2025 9:12 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment