ഫെഡറല്‍ കോടതികള്‍ ട്രംപ് ഭരണത്തില്‍ നോക്കുകുത്തികളാകുന്നുവോ? അമേരിക്കയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഈ ചോദ്യം ശരിവയ്ക്കുന്നുണ്ട്. വെനസ്വേലന്‍ മാഫിയ സംഘങ്ങളെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയത് കോടതി ഉത്തരവിനെ മറികടന്നായിരുന്നു. കോടതി ഉത്തരവ് വരുമ്പോഴേക്കും നാടുകടത്തേണ്ടവരെയും കൊണ്ട് വിമാനം പോയിരുന്നു. ‘അയ്യോ കുറച്ചു താമസിച്ച് പോയല്ലോ’ എന്നായിരുന്നു കോടതിയെ പരിഹസിച്ച് എല്‍ സാല്‍വദോര്‍ പ്രസിഡന്റ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥി രഞ്ജിനി ശ്രീനിവാസനെതിരേയുള്ള കേസുകള്‍ അടിസ്ഥാനരഹിതമെന്നു പറഞ്ഞു കോടതി തള്ളിയവയായിരുന്നു. പൊതുഗതാഗതം തടസപ്പെടുത്തി, പൊതുനിരത്തില്‍ നിയമവരുദ്ധമായി കൂടിനിന്നു എന്നീ കുറ്റങ്ങളായിരുന്നു രഞ്ജിനിക്കെതിരേ ചുമത്തിയിരുന്നത്. എന്നാല്‍ ഇതേ കേസുകളുടെ പേരില്‍ കൊളംബിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന രഞ്ജിനിയുടെ വിസ റദ്ദാക്കി. അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കവെ, രഞ്ജിനി കാനഡയിലേക്ക് രക്ഷപ്പെട്ടു. ഫെഡറല്‍ ഏജന്റുമാര്‍ തേടി വന്നത് മൂന്നു തവണ; അന്തരീക്ഷം അപകടമെന്ന് കണ്ട് കാനഡയിലേക്ക്
ഇപ്പോഴിതാ ഒരു ലെബനീസ് ഡോക്ടറുടെ കേസാണ് കോടതിക്ക് വില കൊടുക്കാന്‍ ട്രംപ് തയ്യാറല്ലെന്ന് വീണ്ടും വ്യക്തമാക്കുന്നത്.
ഡോ. റാഷ അലവീഹ് കേസ്
കിഡ്‌നി സ്‌പെഷ്യലിസ്റ്റും ബ്രൗണ്‍ സര്‍വകലാശാലയുടെ കീഴിലുള്ള മെഡിക്കല്‍ സ്‌കൂളിലെ അസി.പ്രൊഫസറുമായിരുന്നു ഡോ. റാഷ അലവീഹ്. റാഷയെ തിങ്കളാഴ്ച്ച അമേരിക്കയില്‍ നിന്നും നാടുകടത്തി. നിയമസാധുതയുള്ള വിസയും, അവരെ താത്കാലികമായി നാടുകടത്തരുതെന്ന കോടതി വിധിയും ഉണ്ടായിരുന്നു. ഭരണകൂടത്തിന് ഇതു രണ്ടും തടസമായില്ല.
34 കാരിയായ റാഷ ലെബനീസുകാരിയാണ്. കഴിഞ്ഞ മാസം അവര്‍ സ്വന്തം രാജ്യത്തേക്ക് പോയിരുന്നു. ബന്ധുക്കളെ കാണാന്‍. എച്ച് 1ബി വിസയുള്ള റാഷ തിരിച്ചു യു എസില്‍ എത്തിയ സമയം, ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് വ്യാഴാഴ്ച്ച അവരെ കസ്റ്റഡിയില്‍ എടുത്തു. ഇതിനെതിരേ റാഷയുടെ സഹോദരന്‍ മാസാച്യുസെറ്റ്‌സിലെ ഫെഡറല്‍ കോടതിയെ സമീപിച്ചു.
വെള്ളിയാഴ്ച്ച ജഡ്ജി ലിയോ ടി. സൊറോക്കിന്‍ സര്‍ക്കാരിനോട് ഡോ. റാഷ അലവീഹിനെ നാടുകടത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്‍കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് സര്‍ക്കാര്‍ വകവച്ചില്ല. റാഷയെ അവര്‍ പാരീസിലേക്കുള്ള ഒരു വിമാനത്തില്‍ കയറ്റി. ലെബനനിലേക്ക് പോകുന്ന വിമാനം എന്നും റിപ്പോര്‍ട്ടുണ്ട്. ജഡ്ജിയുടെ ഉത്തരവ് അവഗണിച്ചുകൊണ്ടുള്ള നാടുകടത്തല്‍.
‘മനഃപൂര്‍വമുള്ള ധിക്കാരം’
കോടതിയെ മനഃപൂര്‍വം ധിക്കരിച്ചതാണെന്ന് ജഡ്ജിക്ക് ബോധ്യപ്പെട്ടു. തിങ്കളാഴ്ച്ച പുറപ്പെടുവിച്ച രണ്ടാമത്തെ ഉത്തരവില്‍ ജഡ്ജി ലിയോ ടി. സൊറോക്കിന്‍ എടുത്തു പറഞ്ഞത്, ഡോ. റാഷയെ നാടുകടത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്‍കണമെന്ന തന്റെ ആദ്യ ഉത്തരവ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ മനഃപൂര്‍വ്വം അവഗണിച്ചു എന്നതിന് തെളിവുണ്ട് എന്നായിരുന്നു. കാലങ്ങളായി പിന്‍പറ്റുന്ന പതിവ് നിയമങ്ങള്‍ തന്നെയാണ് താന്‍ പാലിച്ചതെന്നാണ് ജഡ്ജി തന്റെ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട് പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് മറുപടി നല്‍കണമെന്നും ഫെഡറല്‍ ഏജന്‍സിയോട് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരപ്രധാന്യമുള്ളൊരു കേസായാണ് കോടതി ഇതെടുത്തിരിക്കുന്നത്. അമേരിക്കയിലേക്ക് പ്രവേശനം വിലക്കുന്ന രാജ്യങ്ങളുടെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രാജ്യമാണ് ലെബനന്‍.
ഫോണില്‍ നസ്രള്ളയും ഖൊമേനിയും
യു എസ് ഭരണകൂടം ഡോ. റാഷയ്‌ക്കെതിരേ നിരത്തുന്ന കുറ്റം ഹിസ്ബുള്ള നേതാവായിരുന്ന ഹസ്സന്‍ നസ്രള്ളയെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നതാണ്. ഡോക്ടറുടെ ഫോണിലെ ഡീലിറ്റ് ഫോള്‍ഡറില്‍ നിന്നും നസ്രള്ളയോട് അനുഭാവം വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നാണ് ഏജന്‍സി പറയുന്നത്.
നസ്രള്ളയുടെ ശവസംസ്‌കാര ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് ഫെഡറല്‍ ഏജന്റുമാരോട് റാഷ സമ്മതിച്ചിട്ടുണ്ട്. ഒരു ഷിയ മുസ്ലിം എന്ന നിലയില്‍ മതപരമായ വീക്ഷണത്തില്‍ മാത്രമായിരുന്നു താന്‍ ആ ചടങ്ങില്‍ പങ്കെടുത്തതെന്നും റാഷ വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തമായിരുന്നില്ലെന്നാണ് യു എസ് നീതിന്യായ വകുപ്പ് പറയുന്നത്. മനഃപൂര്‍വം ഫെഡറല്‍ കോടതിയുടെ ഉത്തരവ് ധിക്കരിച്ചിട്ടില്ലെന്നും വകുപ്പ് ന്യായീകരിക്കുന്നുണ്ട്.
ഫോണില്‍ കണ്ടെത്തിയ വിവരങ്ങളും, വിമാനത്താവളത്തില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നു മനസിലാക്കിയ കാര്യങ്ങളും സംശയാസ്പദമായ സാഹചര്യത്തിലേക്ക് നയിച്ചതിനാല്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡ് പ്രൊട്ടക്ഷന്‍(സിബിപി) റാഷയുടെ അമേരിക്കയിലേക്കുള്ള തിരിച്ചു വരവ് വിലക്കുകയായിരുന്നുവെന്ന് നീതിന്യായ വകുപ്പ് പറയുന്നു. അതിനെ തുടര്‍ന്നാണ് അവരെ തിരിച്ചയച്ചതെന്നാണ് വിശദീകരണം.
താനൊരിക്കലും ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ നസ്രള്ളയെ ബഹുമാനിച്ചിരുന്നു. അത് മതവിശ്വസത്തില്‍ അധിഷ്ഠിതമായിരുന്നു എന്നാണ് വിമാനത്താവളത്തില്‍ വച്ച് റാഷ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടി നല്‍കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ‘ ഞാനൊരു രാഷ്ട്രീയക്കാരിയല്ല, ഡോക്ടറാണ്. അതെന്റെ വിശ്വാസത്തിന്റെ കാര്യം മാത്രമായിരുന്നു എന്നാണ് നസ്രള്ളയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന്റെ ഡോക്ടര്‍ ന്യായീകരിച്ചത്.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ അമേരിക്ക തീവ്രവാദ ഗ്രൂപ്പില്‍ പെടുത്തിയിരിക്കുകയാണ്. മധ്യേഷയില്‍ അമേരിക്കയുടെ മുഖ്യശത്രുക്കളില്‍ ഹിസ്ബുള്ളയുമുണ്ട്.
ഹിസ്ബുള്ള മുന്‍ തലവന്റെ കൂടാതെ ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയുടെ ചിത്രവും റാഷയുടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നാണ് സിബിപി പറയുന്നത്. റാഷയുടെ അമേരിക്കയിലുള്ള യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല’ എന്നായിരുന്നു സിബിപിയുടെ വിശദീകരണം. അവരെ സംശയ നിഴലില്‍ നിര്‍ത്തിയാണ് നാടുകടത്തിയിരിക്കുന്നതെന്ന് വാദിക്കാന്‍ ഈ കാരണം ഉപയോഗിക്കുന്നു.
വിസ ഒരു അവകാശമല്ല, അതൊരു പ്രത്യേക ആനുകൂല്യം മാത്രമാണ്. അമേരിക്കക്കാരെ കൊല്ലുന്ന തീവ്രവാദികളെ പിന്തുണയയ്ക്കുകയും അവരെ മഹത്വവത്കരിക്കുകയും ചെയ്യുന്നത് വിസ നിഷേധിക്കാനുള്ള കാരണമാണ്. ഇത് സാമാന്യബുദ്ധിയിലുള്ള ഒരു സുരക്ഷ നടപടിയാണ്” ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
‘ബൈ ബൈ റാഷ’
ഡോ, റാഷയെ നാടുകടത്തിയതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് എക്‌സില്‍ ഒരു പോസ്റ്റ് റീ ഷെയര്‍ ചെയ്തിരുന്നു. തിങ്കളാഴ്ച ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഷെയര്‍ ചെയ്ത പോസ്റ്റ് ആയിരുന്നു. വൈറ്റ് ഹൗസിലെ ഡ്രൈവ്-ത്രൂ വിന്‍ഡോയില്‍ കൂടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈവീശുന്ന ഒരു ഫോട്ടോയായിരുന്നു അത്. ആ ഫോട്ടോയ്‌ക്കൊപ്പം ‘ബൈ ബൈ റാഷ എന്നെഴുതിയ കുറിപ്പും ഉണ്ടായിരുന്നു.
https://t.co/w0M8TLPvDG pic.twitter.com/bHsCz4zHWi
— The White House (@WhiteHouse) March 17, 2025
പോരാട്ടം നിര്‍ത്തില്ല
ഡോ. റാഷയെ നാടുകടത്തിയതിനെതിരേ നിയമയുദ്ധം തുടരുകയാണ്. പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് റാഷയുടെ സഹോദരന്‍ യാറ ഷെഹാബിന്റെ അഭിഭാഷക സറ്റെഫാനി മര്‍സൂക് തിങ്കളാഴ്ച്ച കോടതിക്കു മുന്നില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
റാഷയെ നാടുകടത്തി മണിക്കൂറുകള്‍ക്ക് ശേഷം, ആശുപത്രിയിലെ അവരുടെ ചില സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രൊവിഡന്‍സിലെ റോഡ് ഐലന്‍ഡ് സ്റ്റേറ്റ് ഹൗസിന്റെ പുല്‍ത്തകിടിയില്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. ‘റാഷയുടെ വിസ സാധുവായിരുന്നു’, ‘അവള്‍ ഒരു തെറ്റും ചെയ്തിട്ടില്ല’, ‘കൂട്ട നാടുകടത്തല്‍ നിര്‍ത്തുക’ എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായാണ് റാഷയ്ക്കുള്ള പിന്തുണ പ്രകടിപ്പിച്ചവര്‍ ഒത്തുകൂടിയത്.
എന്താണ് സംഭവിച്ചതെന്ന് കൂടുതലറിയാന്‍ ശ്രമിക്കുകയാണെന്ന് ബ്രൗണ്‍ സര്‍വകലാശാല വക്താവ് പറയുന്നത്. ബ്രൗണിന്റെ മെഡിക്കല്‍ സ്‌കൂളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപരിപാലന സംവിധാനമായ ബ്രൗണ്‍ മെഡിസിനിലായിരുന്നു റാഷ അലവീഹ് ജോലി ചെയ്തിരുന്നത്. റാഷയുടെ നാടുകടത്തലിന് പിന്നാലെ, ബ്രൗണ്‍ സര്‍വകലാശാല അവരുടെ വിദേശിയരായ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്‍കരുതല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ‘വളരെയധികം ജാഗ്രത’ വേണമെന്നാണ് നിര്‍ദേശം. അമേരിക്കയ്ക്ക് പുറത്തേക്കുള്ള വ്യക്തിഗത യാത്ര മാറ്റിവയ്ക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നത് പരിഗണിക്കണമെന്നാണ് ബ്രൗണ്‍ സര്‍വകലാശാല ഞായറാഴ്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഫാക്കല്‍റ്റിക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. Dr. Rasha Alawieh’s deportation is another example of the Trump administration defying courts
Content Summary; Dr. Rasha Alawieh’s deportation is another example of the Trump administration defying courts
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.