June 04, 2026 |

ഈജിപ്തിലെ അറബ് ഉച്ചകോടി; പുതിയ ഗാസക്കായി 5300 കോടി ഡോളറിന്റെ പദ്ധതികള്‍

ഗാസയെ പുനനിർമിക്കുന്നതിന് 2 ലക്ഷം വീടുകളെങ്കിലും പുതുതായി നിർമിക്കേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ

യുദ്ധാനന്തര ഗാസയുടെ പുനനിർമാണത്തിനായി 53,000 കോടി ഡോളറിന്റെ പദ്ധതിയുമായി ഈജിപ്ത്. 5 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കാനും അറബ് നേതാക്കൾ പിന്തുണയ്ക്കണമെന്ന് ഈജിപ്ത് അറബ് ഉച്ചകോടിയിൽ ആവിശ്യപ്പെട്ടു. പലസ്തീനികളെ ഒഴിപ്പിച്ച് ഗാസയെ ഏറ്റെടുത്ത് വിനോദസഞ്ചാര കേന്ദ്രമാക്കാനായിരുന്നു അമേരിക്കയുടെ പദ്ധതി, എന്നാൽ ഇതിന് ബദലായാണ് ഈജിപ്തിന്റെ പുതിയ നീക്കം. യുദ്ധത്തിൽ പൂർണമായും തകർന്നടിഞ്ഞ ഗാസയെ പുനനിർമിക്കുന്നതിന് 2 ലക്ഷം വീടുകളെങ്കിലും പുതുതായി നിർമിക്കേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ.

കഴിഞ്ഞ ദിവസം കയ്‌റോയിൽ നടന്ന അറബ് ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിൽ പദ്ധതിയുടെ നിർദേശം ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഗാസയുടെ കാര്യങ്ങൾക്കായി ഒരു ഭരണനിർവഹണ സമിതിയുണ്ടാക്കണമെന്നും ഉച്ചകോടിയിൽ ചർച്ച നടന്നിരുന്നു. ഹമാസിനെ ഒഴിവാക്കി ഗാസയുടെ ഭാവി ഭരണത്തിനായുള്ള ശുപാർശ അന്തിമ പ്രമേയത്തിൽ പരാമർശിക്കുന്നില്ലെന്നാണ് സൂചനകൾ. പലസ്തീൻ അതോറിറ്റി പ്രസിഡന്റായ മഹ്മൂദ് അബ്ബാസ് ഈജിപ്ത് പദ്ധതിയെ സ്വാഗതം ചെയ്തു. ഗാസയുടെ പുനനിർമാണത്തിനുള്ള അറബ് രാജ്യങ്ങളുടെ ശ്രമത്തിന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പിന്തുണ അറിയിച്ചു. അതേസമയം അവശേഷിക്കുന്ന 59 ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയ്യാറാകുമെങ്കിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക് പോകാമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്രയേൽ തടഞ്ഞതോടെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും ദൗർബല്യവും ഉണ്ടാകുമെന്ന ആശങ്കയും ഉയരുകയാണ്. റംസാൻ കാലമായതിനാൽ വിലക്കയറ്റം തടയുന്നതിന് മാർക്കറ്റുകളിൽ ഹമാസ് കർശനമായ പരിശോധന നടത്തി വരികയാണ്.

ഇസ്രായോൽ തകർത്തെറിഞ്ഞ ഗസ്സയുടെ പുനർനിർമാണത്തിനുള്ള പദ്ധതികൾ വേഗത്തിലാക്കുന്നതിന് അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ ചേർന്നിരുന്നു. ഫലസ്തീനികളെ മാറ്റാതെ 2030ഓടെ ഗസ്സയെ പുനർനിർമിക്കുകയെന്നതാണ് ഈജിപ്തിന്റെ പദ്ധതി. ഗസ്സയോട് ഏറ്റവും അടുത്ത അറബ് രാജ്യവും അമേരിക്കൻ, ഇസ്‌റാഈൽ ഭരണകൂടത്തിൽ സ്വാധീനവുമുള്ള രാജ്യമാണ് ഈജിപ്ത്. നേരത്തേ, ട്രംപ് ഭരണകൂടം വിദേശ സഹായങ്ങളെല്ലാം നിർത്തിവെച്ചപ്പോൾ ഇളവ് അനുവദിച്ചത് ഇസ്‌റാഈലിനും ഈജിപ്തിനും മാത്രമായിരുന്നു. പദ്ധതി മധ്യപൂർവദേശത്തെ രാജ്യങ്ങൾ അംഗീകരിച്ചാൽ ട്രംപിന് കൂടി സ്വീകാര്യമായ രീതിയിൽ നയതന്ത്ര വഴിയിലൂടെ അവതരിപ്പിക്കാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം. ബലപ്രയോഗത്തിലൂടെ ഗസ്സയിൽ സമാധാനം കൈവരിക്കാനാകില്ലെന്നും ​ഗാസയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സുരക്ഷാ പരിശീലനം നൽകാൻ തയ്യാറാണെന്നും പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി പറഞ്ഞു.

അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ അവശേഷിച്ച അഞ്ച് കോടി ടണ്ണിലധികം അവശിഷ്ട‌ങ്ങളും പൊട്ടാതെ കിടക്കുന്ന ബോംബുകളടക്കമുള്ള സ്ഫോടകവസ്‌തുക്കളും ​ഗാസയിൽ നിന്ന് നീക്കം ചെയ്യുന്നത് വലിയ വെല്ലുവിളിയാകും. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ​ഗാസയുടെ മെഡിറ്ററേനിയൻ തീരത്ത് നിലം നികത്താനായി ഉപയോഗിക്കും. പുനർനിർമാണ സമയത്ത് ഗസ്സക്കാർക്ക് താമസിക്കാനായി ലക്ഷക്കണക്കിന് മൊബൈൽ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും. കൃഷിഭൂമികൾ നവീകരിക്കുകയും വ്യാവസായിക മേഖലകളും വിവിധോദ്ദേശ പാർക്കുകളും നിർമിക്കും. വിമാനത്താവളം, മത്സ്യബന്ധന തുറമുഖം, വ്യാവസായിക തുറമുഖം എന്നിവയും പുനർനിർമാണ പദ്ധതിയിലുണ്ട്. 1990ലെ ഓസ്‌ലോ ഉടമ്പടിപ്രകാരം ഗസ്സയിൽ വിമാനത്താവളവും തുറമുഖവും നിർമിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ സമാധാന പ്രക്രിയ തകർന്നതോടെ അത് സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു.

content summary: Arab leaders have supported a $53 billion plan to rebuild Gaza, as an alternative to Trump’s plan

Leave a Reply

Your email address will not be published. Required fields are marked *

×