2023 ജൂലൈ 26. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം മാത്രം പിന്നിട്ട മുപ്പതുകാരി ബാല ശശിരേഖയെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ അവള് മരണത്തോട് മല്ലിടുകയായിരുന്നു. നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും വയറിളക്കവും കാരണം ശശിരേഖയുടെ ശരീരം ആകെ നീരുവന്നു വീര്‍ത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പല ഡോക്ടര്‍മാരെ കണ്ടിട്ടും ആര്‍ക്കും രോഗമെന്താണെന്ന് പിടികിട്ടിയില്ല. ഒടുവില്‍ വിധിപോലെ അവള് ഒരു ന്യൂറോളജിസ്റ്റിന്റെ മുന്നിലെത്തി.
ഡോക്ടര്‍ വെമുരി രാമ താരകനാഥ് ആ യുവതിയുടെ വിറയ്ക്കുന്ന കൈകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. അവളുടെ നഖങ്ങളില്‍ വെളുത്ത വരകള്‍ തെളിഞ്ഞുനില്ക്കുന്നു. ‘മീസ് ലൈന്‍സ്’ (Mees’ lines) എന്നറിയപ്പെടുന്ന ഈ വരകള്‍ ആഴ്സനിക് വിഷബാധയുടെ വ്യക്തമായ ലക്ഷണമാണ്. പരിശോധനാഫലം വന്നപ്പോള്‍ ഡോക്ടറുടെ ഭയം ശരിയാണെന്ന് തെളിഞ്ഞു. ശശിരേഖയുടെ ശരീരത്തില്‍ സാധാരണ അളവിനേക്കാള്‍ പത്തിരട്ടി അധികം ആഴ്സനിക് അടങ്ങിയിരിക്കുന്നു!
തിരക്കഥയിലെ ആദ്യ മരണം
ശശിരേഖ രക്ഷപ്പെട്ടെങ്കിലും, അവളുടെ അമ്മായിയമ്മ ഉമാ മഹേശ്വരി അത്ര ഭാഗ്യവതിയായിരുന്നില്ല. 2023 ജൂലൈ 5-ന് അവര്‍ മരണപ്പെട്ടിരുന്നു. വെറുമൊരു ഹൃദയാഘാതമാണെന്ന് കരുതി ബന്ധുക്കള്‍ അവരുടെ മൃതദേഹം സംസ്കരിച്ചു. എന്നാല്‍ ശശിരേഖയുടെ പരിശോധനാഫലം വന്നതോടെ, ഉമയുടെ മകളും യുകെയില്‍ ഡോക്ടറുമായ സിരിഷയ്ക്ക് സംശയം തോന്നി. തന്റെ അമ്മയുടേത് സ്വാഭാവിക മരണമല്ലെന്ന് തിരിച്ചറിഞ്ഞ സിരിഷ സൈബരാബാദ് പൊലീസിനെ സമീപിച്ചു. അവിടെനിന്നാണ് ലോകത്തെ ഞെട്ടിച്ച ഒരു പ്രതികാരത്തിന്റെ ചുരുളഴിയുന്നത്.
ചതിയുടെ കെണി ഒരുക്കിയ മുന്‍ഭര്‍ത്താവ്
സിരിഷയുടെ മുന്‍ഭര്‍ത്താവ് അജിത് കുമാര്‍ മുപ്പരപ്പുവായിരുന്നു ആ കൊലയാളി. യുകെയില്‍ ഫാര്‍മസിസ്റ്റായ അജിത്, തന്റെ മുന്‍ഭാര്യയോടും കുടുംബത്തോടും പ്രതികാരം തീര്‍ക്കാന്‍ തയ്യാറാക്കിയ പ്ലാന്‍ ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതായിരുന്നു. ആദ്യ വിവാഹങ്ങള്‍ പരാജയപ്പെട്ട സിരിഷയും അജിത്തും 2018-ലാണ് ഒന്നിച്ചത്. എന്നാല്‍ അധികം വൈകാതെ അജിത്തിന്റെ ക്രൂരതകള്‍ പുറത്തുവന്നു. നിരന്തരമായ മര്‍ദ്ദനത്തിനൊടുവില്‍ സിരിഷ 2022-ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്കി. ഇതോടെ സിരിഷയെയും അവളുടെ കുടുംബത്തെയും ഒന്നടങ്കം ഇല്ലാതാക്കാന്‍ അജിത് തീരുമാനിച്ചു.
ഭക്ഷണത്തില്‍ കലര്‍ത്തിയ മരണം
ഒരു ഫാര്‍മസിസ്റ്റ് എന്ന നിലയില്‍, ആഴ്സനിക് ശരീരത്തിലെത്തിയാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് അജിത്തിന് അറിയാമായിരുന്നു. സ്കൂള്‍ ലാബുകളിലെ ക്വാട്ട ഉപയോഗിച്ച് തന്റെ സഹോദരി വഴി അജിത് ആഴ്സനിക് സംഘടിപ്പിച്ചു. ഹൈദരാബാദിലെ സിരിഷയുടെ വീട്ടിലേക്ക് മസാലപ്പൊടികളുടെയും ഉപ്പിന്റെയും രൂപത്തില്‍ ഈ വിഷം കൊറിയര്‍ വഴി അയച്ചു. അന്ന് സിരിഷയുടെ വീട്ടില്‍ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. എല്ലാവരും സന്തോഷത്തിലിരുന്ന ആ വീട്ടില്‍, അടുക്കളയിലെ മസാലപ്പൊടികളിലൂടെ മരണം പതുങ്ങിയിരുന്നു.
വിവാഹത്തിന് എത്തിയ ബന്ധുക്കളെല്ലാം അന്ന് ഛര്‍ദ്ദിച്ചും തളര്‍ന്നും വീണെങ്കിലും ആരും അത് കൊലപാതക ശ്രമമാണെന്ന് കരുതിയില്ല. ആ മസാലപ്പൊടികള്‍ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം സ്ഥിരമായി കഴിച്ചതാണ് ഉമാ മഹേശ്വരിയുടെ മരണത്തിന് കാരണമായത്.
പരാജയപ്പെട്ട കൊലപാതക ശ്രമങ്ങള്‍
ആഴ്സനിക് മാത്രമല്ല അജിത്തിന്റെ ആയുധം. സിരിഷയുടെ പിതാവിനെ റോഡ് അപകടത്തില്‍ പെടുത്താന്‍ അജിത് 4 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നു. അത് പരാജയപ്പെട്ടപ്പോഴാണ് വിഷപ്രയോഗത്തിലേക്ക് കടന്നത്. അതുകൂടാതെ, കുടുംബാംഗങ്ങളെ ഇന്ജക്ഷന് വഴി കൊലപ്പെടുത്താന്‍ ‘സക്സിനൈല്‍ കൊളീന്‍’ എന്ന മാരകവിഷവും അജിത് തന്റെ ഗുണ്ടകള്‍ക്ക് നല്‍കിയിരുന്നു. ഇത് പോസ്റ്റ്മോര്‍ട്ടത്തില്‍ പോലും കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഭാഗ്യം കൊണ്ട് ആ പദ്ധതികള്‍ നടപ്പായില്ല.
അവസാനം കുടുങ്ങി
അജിത്തിന്റെ സഹോദരി സുരേഖ ഉള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളോളം യുകെയില്‍ ഒളിവില്‍ കഴിഞ്ഞ അജിത്തിനെ 2025 ജനുവരി 17-ന് ബെര്‍ക്ഷെയറില്‍ വെച്ച് യുകെ പോലീസ് പിടികൂടി. ഇന്ത്യയിലേക്ക് തന്നെ കൊണ്ടുപോകരുതെന്ന് അജിത് കോടതിയില്‍ അപേക്ഷിച്ചെങ്കിലും, വിചാരണയ്ക്കായുള്ള നടപടികള്‍ വേഗത്തില്‍ നീങ്ങുകയാണ്.
ഭീകരമായ ആ നാളുകളില്‍ നിന്ന് സിരിഷയും കുടുംബവും സാവധാനം മോചിതരാകുകയാണ്. വിഷബാധയുടെ അവശതകള്‍ ഇപ്പോഴും അവരെ വേട്ടയാടുന്നുണ്ടെങ്കിലും, ശശിരേഖ ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. മരണത്തിന്റെ മണം മാറിയ ആ വീട്ടില്‍ ഇപ്പോള്‍ സന്തോഷം തിരിച്ചെത്തുകയാണ്.
കടപ്പാട്; ദി ഇന്ത്യന്‍ എക്സ്പ്രസ്
Content Summary: Arsenic in the Spices: How a UK Pharmacist Plot to Kill His Entire In-Laws Family Was Exposed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.