നേതാക്കള്‍ വീട്ടിലെത്തി ക്ഷണിച്ചിട്ടാണ് എസ്.യു.സി.ഐ യുടെ നേതൃത്വത്തില്‍ നടക്കുന്ന ആശ പ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ പോയതെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. കേന്ദ്ര പദ്ധതിക്ക് കീഴിലെ ആശ പ്രവര്‍ത്തകരുടെ സമരപ്പന്തലിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ച് കൊണ്ടുവന്നത് സമരസമിതിയുടെ ഭാഗമായിട്ടല്ലെന്നാണ് സമരത്തിന് നേതൃത്വം കൊടുക്കുന്ന സംഘടനയില്‍ ഒന്നായ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രതിനിധിയുടെ പ്രതികരണം. asha workers strike; BMS and BJP made gains
“സമരസമിതിയുടെ ഭാഗത്തുനിന്ന് സുരേഷ് ഗോപിക്ക് ക്ഷണം ഉണ്ടായിട്ടില്ല. സമരത്തില്‍ എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവര്‍ ഉണ്ട്. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ് അദ്ദേഹത്തെ നേരില്‍ കണ്ട് ക്ഷണിച്ചത്. ഈ സംഘടനയില്‍ എല്ലാ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരും ഉണ്ട്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അവരവരുടെ നേതാക്കളെ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ട്. അതിലെന്താണ് കുഴപ്പം” കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എംഎ ബിന്ദു അഴിമുഖത്തോട് പറഞ്ഞു.
“ഞങ്ങളുടെ സംഘടനയുടെ പേരില്‍ അസോസിയേഷന്‍ വരുന്നത് കൊണ്ട് കോണ്‍ഗ്രസിന്റെതായി കരുതരുത്. ഞങ്ങളുടെത് സ്വതന്ത്ര സംഘടനയാണ്. ഒരു യൂണിയനുമായി ചേര്‍ന്നല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ സമരത്തെ ഐഎന്‍ടിയുസിയോ സിഐടിയുവോ പിന്തുണയ്ക്കണമെന്ന് ഞങ്ങള്‍ക്ക് വാശിയില്ല. ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് ഒക്കെ എത്ര സമരങ്ങള്‍ സ്വതന്ത്ര്യമായിട്ട് നടത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് പല തവണ സമരങ്ങളിലൂടെ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്” എന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് ക്ഷണിച്ചതുകൊണ്ടാണ് ആശ സമരപ്പന്തലില്‍ എത്തിയതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ‘ഒന്ന് വരണം, ഞങ്ങളെ വന്ന് അഡ്രസ് ചെയ്യണം എന്ന് സമരനേതാക്കള്‍ വീട്ടിലെത്തി അഭ്യര്‍ത്ഥിക്കുകയായിരുന്നു. മറ്റൊരു യാത്രയ്ക്ക് ഒരുങ്ങിയ ഞാന്‍ തിരികെ എത്തുന്ന ദിവസം വരാമെന്ന് പറഞ്ഞ് മടങ്ങിയെങ്ങിയ ഉടനെ അവിടേക്ക് പോകുകയായിരുന്നു’ എന്നായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.
കേന്ദ്ര പദ്ധതിക്ക് കീഴിലെ പ്രവര്‍ത്തകര്‍ ആനുകൂല്യങ്ങള്‍ക്കായി നടത്തുന്ന സമരപ്പന്തലിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയെ തന്നെ ക്ഷണിച്ച് എത്തിക്കുക ഏറെ വിരോധാഭാസമായ കാര്യം കൂടിയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങി 20 ദിവസം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. പിന്നീട് പലവട്ടം സമരപ്പന്തല്‍ സന്ദര്‍ശിച്ച കേന്ദ്ര സഹമന്ത്രിയാകട്ടെ സമരത്തിന് കാരണക്കാരായി കുറ്റപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിനെയുമായിരുന്നു.
കൂടാതെ സമരക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകളും അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ ഒടുവില്‍ അതുവരെ ഉന്നയിച്ച ആരോപണങ്ങളെയെല്ലാം നിഷേധിക്കുന്ന തരത്തിലാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി പ്രസ്താവന നടത്തിയത്. ‘സംസ്ഥാന ആരോഗ്യമന്ത്രിയെ താന്‍ കുറ്റം പറയാനില്ലെന്നും എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
ഓരോ തവണ സമരപ്പന്തലില്‍ എത്തുമ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പോകുന്ന പതിവാണ് കേന്ദ്ര സഹമന്ത്രി പുലര്‍ത്തിയിരുന്നത്. അതുകൊണ്ട് തന്നെ സമരം നടത്തുന്ന പ്രവര്‍ത്തകരും കേരള സര്‍ക്കാരാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. എന്നാല്‍ ആശമാരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കാമെന്ന് ഓരോ തവണയും പറയുന്നതല്ലാതെ സുരേഷ് ഗോപി അതില്‍ ഒന്നും ചെയ്തിട്ടില്ലെന്നതാണ് സമരം നീണ്ടുപോകുന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത്.
2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 1000 രൂപയായിരുന്നു ആശ പ്രവര്‍ത്തകരുടെ ഓണറേറിയം. എന്നാല്‍ ഇക്കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ കൊണ്ട് 1,000 രൂപ ഓണറേറിയം 7,000 രൂപയായി വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ പദ്ധതിയായിട്ടും മൂന്ന് ടേമായി തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന മോദി സര്‍ക്കാര്‍ 2,000 രൂപ ഇന്‍സെന്റീവ് എന്നതില്‍ ഒരു രൂപ പോലും ആശ പ്രവര്‍ത്തകര്‍ക്ക് കൂട്ടിക്കൊടുത്തിട്ടില്ല. എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന ആശ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സമരപ്പന്തലില്‍ എത്തിയിട്ടും അതേക്കുറിച്ചൊന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല എന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ ആശ പ്രവര്‍ത്തകരോട് അവഗണന കാണിക്കുന്ന കേന്ദ്ര നിലപാടിനെതിരെയാണ് അവര്‍ സമരം നടത്തേണ്ടിയിരിക്കുന്നത്.
സമരക്കാരുടെ ആവശ്യം ന്യായമാണെങ്കിലും, അത് അംഗീകരിക്കേണ്ടത് കേന്ദ്രമാണെന്ന് വ്യക്തമായ ധാരണയുള്ളതുകൊണ്ട് തന്നെയാണ് ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എസ്ടിയു തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ആശ സമരത്തിന് പിന്തുണ നല്‍കാത്തത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശ പ്രവര്‍ത്തകരുടെ സമരത്തെ പിന്തുണയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. എസ്.യു.സി.ഐ നേതൃത്വം കൊടുക്കുന്ന സമരത്തിന് ഐഎന്‍ടിയുസി പിന്തുണ നല്‍കില്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്. അതേസമയം, സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും ചന്ദ്രശേഖരന്‍ വിമര്‍ശിച്ചു. സമരം ചിലര്‍ക്ക് സെല്‍ഫി പോയിന്റ് ആണെന്നും കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ 44 ദിവസമായി നടക്കുന്ന സമരത്തിന് എസ്.യു.സി.ഐ നേതാവ് മിനി ഉള്‍പ്പെടെ നേതൃത്വം നല്‍കുന്നുണ്ട്. എന്നാല്‍ സമരം നടത്തുന്ന ട്രേഡ് യൂണിയന്‍ എസ്.യു.സി.ഐയുടേതല്ലെന്നാണ് സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് പറയുന്നത്. മറിച്ച് ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തിന് അതീതമായി ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ ആണെന്നാണ് ജയ്‌സണ്‍ ജോസഫ് പറയുന്നത്.
ഫെബ്രുവരി 10 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന്റെ തുടക്കം മുതലേ അദൃശ്യ ശക്തിയായി എസ്.യു.സി.ഐ നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സമരത്തിലെ പങ്കാളിത്തം മാത്രമാക്കി ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനെ മുന്നില്‍ നിര്‍ത്തി സമരപരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് എസ്.യു.സി.ഐ.
അതേസമയം, ആശാ വര്‍ക്കേഴ്‌സ് സമരത്തിന്റെ പേരില്‍ ബിഎംഎസ് വഴിയും സുരേഷ് ഗോപി വഴിയും ബിജെപി രാഷ്ട്രീയ നേട്ടം ഉണ്ടാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. ബിഎംഎസ് ആശാ വര്‍ക്കേഴ്‌സ് യൂണിയനും നിലവില്‍ വന്നു കഴിഞ്ഞു. സുരേഷ് ഗോപിയെ വിളിച്ചു കൊണ്ടുവന്നതാണ് എന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിപ്പോയ സമര സമിതിയുടെ വിശ്വാസ്യതയും ഇതോടെ കുറഞ്ഞു. ഫെബ്രുവരി 7 ന് സിഐടിയു നേതൃത്വത്തിലുള്ള ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന് നല്‍കിയ ഉറപ്പുകളുടെ രണ്ടാം ഭാഗം ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ പാലിച്ചു തുടങ്ങും എന്ന സൂചനയും ഇതിനിടെ ശക്തമാണ്.asha workers strike; BMS and BJP made gains
Content Summary: asha workers strike; BMS and BJP made gains