ഓണറേറിയം വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങി 20 ദിവസം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. കേരളത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടെങ്കില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും കേന്ദ്ര പദ്ധതിയാണെങ്കില്‍ അതിന്റെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയോട് പറയുമെന്നും പറഞ്ഞ സുരേഷ് ഗോപി ആശമാരെ പിരിച്ചുവിട്ടാല്‍ കേന്ദ്ര ഫണ്ട് തടയുമെന്നും പറഞ്ഞാണ് മടങ്ങിയത്. പാട്ടുപാടിയും കൈയ്യടികളോടെയും സുരേഷ് ഗോപിയെ സ്വീകരിച്ച സമരക്കാര്‍ എന്തുകൊണ്ട് കേന്ദ്രഫണ്ട് ലഭ്യമാകുന്നില്ല എന്ന് ചോദിക്കാനുള്ള ആര്‍ജവം കാട്ടിയുമില്ല. അതുകൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും സമരക്കാര്‍ക്കിടയിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യവും സുരേഷ് ഗോപി ഉണ്ടാക്കിയെടുത്തിരുന്നു.
പിറ്റേദിവസം സമരപ്പന്തലില്‍ വന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയറിന്റെ നട്ടെല്ലാണ് ആശ പ്രവര്‍ത്തകരെന്നും അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നുമായിരുന്നു. കൂടാതെ ആശ പ്രവര്‍ത്തകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് തന്റെ പൂര്‍ണ പിന്തുണ നല്‍കുന്നതായുമാണ് പറഞ്ഞത്. ഒപ്പം സമരത്തില്‍ ഇരുന്ന ആശ പ്രവര്‍ത്തകര്‍ക്ക് മഴക്കോട്ടും കുടയും നല്‍കിയായിരുന്നു കേന്ദ്രമന്ത്രി മടങ്ങിയത്.
സമരപ്പന്തലില്‍ വന്നുള്ള സുരേഷ് ഗോപിയുടെ ഐക്യദാര്‍ഢ്യ പ്രകടനം വെറും ഷോ ആണെന്ന് ആദ്യം മുതല്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാം താന്‍ കേന്ദ്രത്തോട് പറഞ്ഞ് ശരിയാക്കുമെന്നും താന്‍ വിചാരിച്ചാല്‍ മാത്രമേ ആശ പ്രവര്‍ത്തകരുടെ സമരത്തിന് പരിഹാരമുണ്ടാകൂവെന്നുമുള്ള അഹങ്കാരവുമായിരുന്നു പലപ്പോഴും സുരേഷ് ഗോപിയില്‍ പ്രകടമായിരുന്നത്.
കഴിഞ്ഞദിവസം വീണ്ടും സമരപ്പന്തലില്‍ എത്തിയ സുരേഷ് ഗോപി, ആശ പ്രവര്‍ത്തകരെ തൊഴിലാളികളാക്കണമെന്നായിരുന്നു വാദിച്ചത്. മന്ത്രിമാരായ ശിവന്‍കുട്ടിയും വീണ ജോര്‍ജും വിചാരിച്ചാല്‍ ആശ പ്രവര്‍ത്തകരെ തൊഴിലാളികളാക്കാന്‍ കഴിയുമെന്നായിരുന്നു സമരം ചെയ്യുന്ന സ്ത്രീകളോട് പറഞ്ഞത്. സമരക്കാരായവരെ തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങളും വാഗ്ദാനങ്ങളുമാണ് കേന്ദ്രമന്ത്രി നല്‍കുന്നത് എന്നത് ഏറെ വിമര്‍ശനാത്മകമായ കാര്യമാണ്.
കേന്ദ്രാവിഷ്‌ക്കാര പദ്ധതിയായിട്ടും ആശ പ്രവര്‍ത്തകരെ തൊഴിലാളികളായി പരിഗണിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നിട്ടും മന്ത്രി ശിവന്‍കുട്ടിയും വീണ ജോര്‍ജും വിചാരിച്ചാല്‍ തൊഴിലാളികളാക്കാവുന്നതേയുള്ളൂ എന്ന സുരേഷ് ഗോപിയുടെ വാദം യാതൊരു അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്ര മാനദണ്ഡങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. സമരം നടത്തുന്നവരെയും പൊതുജനത്തേയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇതിലൂടെ സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്നത്.
ആശ പ്രവര്‍ത്തകരുടെ ഓണറേറിയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ട കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിക്ക് പലതവണ സമരപ്പന്തലില്‍ കയറി വരാനും കൈയ്യടി നേടാനുമുള്ള സാഹചര്യമാണ് നിലവില്‍ സമരക്കാര്‍ ഒരുക്കുന്നത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയുള്ള സമരത്തിന് നേതൃത്വം നല്‍കുന്ന എസ്.യു.സി.ഐ പോലുള്ള ഒരു സംഘടന കേന്ദ്രമന്ത്രിയ്ക്കെതിരെ ഒരിക്കല്‍ പോലും ശബ്ദമുയര്‍ത്തുന്നില്ല എന്നത് വിരോധാഭാസമാണ്.
ആശ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തുവെന്ന് പറഞ്ഞ് കൈയ്യൊഴിയുന്ന കേന്ദ്രമന്ത്രി യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് കേരളമാണെന്നും ഇതുവരെ കേരളം യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു ആരോപിച്ചത്. കേരളം യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ലെന്ന വെല്ലുവിളിയും സുരേഷ് ഗോപി നടത്തിയിരുന്നു.
യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കേരളം നല്‍കിയതാണെന്നും 2023-24 സാമ്പത്തിക വര്‍ഷം കോബ്രാന്‍ഡിങ്ങിന്റെ പേരില്‍ തടഞ്ഞ പണം തന്നില്ലെന്നുമുള്ള കേരളത്തിന്റെ വാദം ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട്, കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ കള്ളം പറയുമോ എന്നായിരുന്നു സുരഷ് ഗോപി ചോദിച്ചത്. എന്നാല്‍ കേരളം നേരത്തെ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും 2023-24 വര്‍ഷത്തിലെ കേന്ദ്രം വിഹിതം കേരളത്തിന് നല്‍കാനുമുണ്ടെന്നുമുള്ള തെളിവുകളാണ് ഇതിലൂടെ പുറത്തുവന്നത്.
സിപിഐഎം അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ രാജ്യസഭയില്‍ പറഞ്ഞത് ആശ വര്‍ക്കര്‍മാരുടെ വേതന വര്‍ധന പരിഗണനയിലുണ്ടെന്നും കൊടുക്കാനുള്ള കേന്ദ്ര വിഹിതം കേരളത്തിന് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച്, ബജറ്റില്‍ പ്രഖ്യാപിച്ച 930.8 കോടി രൂപയ്ക്ക് പുറമെ കേരളത്തിന് 125 കോടി രൂപ അധികം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന നഡ്ഡയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സുരേഷ് ഗോപി ആശ പ്രവര്‍ത്തകരെ വീണ്ടും സന്ദര്‍ശിച്ച് നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യമാണെന്നും ഭാഷ മനസ്സിലാകാത്തതുകൊണ്ടാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറയുന്നത് എന്നായിരുന്നു പ്രതികരിച്ചത്.
എന്നാല്‍ ഇന്ന് ആശ പ്രവര്‍ത്തകരുടെ സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി പ്ലേറ്റ് അപ്പാടെ മാറ്റുകയായിരുന്നു. ‘ നിങ്ങള്‍ സിക്കിമിനെയും ആന്ധ്രപ്രദേശിനെയും കണ്ട് പഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയില്ല. സമയമെടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, അവര്‍ പറഞ്ഞയുടന്‍ എടുത്തുകൊടുക്കാന്‍ പറ്റില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല. രാഷ്ട്രീയക്കലര്‍പ്പില്ലാതെയാണ് വിഷയം കേന്ദ്രത്തില്‍ അവതരിപ്പിച്ചത്. അതിന്റെ നേരിയ ഫലം കണ്ടുതുടങ്ങി’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇത്രയും ദിവസം സമരപ്പന്തലില്‍ വന്ന് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച സുരേഷ് ഗോപി ഇപ്പോള്‍ ആശമാര്‍ക്ക് പണം നല്‍കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്ന് സമ്മതിക്കുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പക്ഷേ, പറഞ്ഞത് സുരേഷ് ഗോപിയാണ്. അപക്വമായ വാക്കും പെരുമാറ്റവും കൊണ്ട് ഇതിനകം ബിജെപിക്ക് തന്നെ അവമതിപ്പും അലോസരവും സുരേഷ് ഗോപി സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വില എന്താണെന്നതും പുനര്‍വിചിന്തനം നടത്തേണ്ടതാണ്. സുരേഷ് ഗോപിയുടെ വിവരക്കേടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ വന്ന് നടത്തിയ പ്രഖ്യാപനങ്ങളും വാചകകസര്‍ത്തും. ഇത് അദ്ദേഹത്തിന്റെ കേന്ദ്ര സഹമന്ത്രി സ്ഥാനം തന്നെ നഷ്ടപ്പെടാന്‍ കാരണമാകാവുന്ന പല വികാരപ്രകടനങ്ങളില്‍ ഒന്നായി മാറാനും സാധ്യത ഏറെയാണ്.asha workers strike; know about suresh gopi foul play
Content Summary: asha workers strike; know about suresh gopi foul play