മൗറീൻ കാലഹായുടെ ആസ്ക് നോട്ട്
“ആസ്ക് നോട്ട്” എന്ന പുസ്തകത്തിന്റെ തലകെട്ടിൽ എഴുത്തുകാരി ഇപ്രകാരം കുറിക്കുന്നുണ്ട്. തൻ്റെ പുസ്തകം “പ്രത്യയശാസ്ത്രപരമോ പക്ഷപാതപരമോ അല്ല.” എന്നാൽ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായി മൗറീൻ കാലഹായുടെ ‘ആസ്ക് നോട്ട്’ ഈ രണ്ടു വശങ്ങളിലേക്കും ചായുന്നുണ്ട്. പുസ്തകത്തിന്റെ പുറംചട്ടയിൽ നൽകിയിരിക്കുന്ന കറുപ്പും വെളുപ്പും ചുവപ്പും നിറങ്ങൾ പുസ്തകം ചർച്ച ചെയ്യുന്ന വിഷയത്തിന്റെ തീവ്രതയും ഗൗരവവും എടുത്തു കാണിക്കുന്നു. പുരുഷന്മാരാൽ വഞ്ചിക്കപ്പെടുന്ന സ്ത്രീകളുടെ വ്യഥകളാണ് പുസ്തകം വരച്ചിട്ടത്. വഞ്ചിക്കുന്നതിനുമപ്പുറം പുരുഷന്മാരിൽ നിന്ന് ഉപദ്രവമോ ആസക്തിയോ ബലാത്സംഗാമോ,ആ സ്ത്രീകൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ അവരാൽ കൊല്ലപ്പെട്ടിട്ടുമുണ്ട് . ഇവിടെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന ആ പുരുഷന്മാർ കെന്നഡിമാരാണ്.
ലിറ്റിൽ ബ്രൗൺ ആൻഡ് കമ്പനിയിൽ നിന്ന് ജൂലൈ 2-ന് പുറത്തിറങ്ങിയ മൗറീൻ കാലഹാൻ എഴുതിയ ‘ ആസ്‌ക്ക് നോട്ട് ദി കെന്നഡിസ് ആൻഡ് ദി വുമൺ ദേ ഡിസ്ട്രോയിഡ്’ എന്ന പുസ്തകം എഴുതിയിരിക്കുന്നത്. ലോകപ്രശസ്ത്മായ കെന്നഡി കുടുംബത്തിന്റെ അധികമാരും അറിയാതെ പോയ കഥകളാൽ സമ്പുഷ്ട്ടമാണ് പുസ്തകം. കെന്നഡി കുടുംബത്തെ വേട്ടയാടിയ ശാപത്തെകുറിച്ചും കുടുംബത്തിൻ്റെ സ്ത്രീവിരുദ്ധത, അക്രമം, അരാജകത്വം എന്നിവയുടെ നീണ്ട ചരിത്രത്തെക്കുറിച്ചും പുസ്തകം പര്യവേഷണം ചെയ്യുന്നു. കെന്നഡിയുടെ തലമുറകൾ തങ്ങൾക്ക് ചുറ്റുമുള്ള സ്ത്രീകളെ ശിക്ഷാനടപടികളില്ലാതെ എങ്ങനെ ചൂഷണം ചെയ്തു എന്നതിനെക്കുറിച്ചുള്ള പത്രപ്രവർത്തകയുടെ വിവരണം, അധികാരമോഹികളായ പുരുഷന്മാർ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള സമയോചിതമായ ഓർമ്മപ്പെടുത്തലാണെന്ന് ദി ഗാർഡിയൻ പറയുന്നു.
കെന്നഡി കുടുംബത്തോടുള്ള മമത മൂലം ജീവിതം കുരുതികൊടുക്കേണ്ടി വന്ന സ്ത്രീകളുടെ കഥകളും പുസ്തകം വരച്ചിടുന്നുണ്ട്. വർഷങ്ങളായി, കെന്നഡിയുടെ പേര് സമ്പത്ത്, അധികാരം, എന്നീ മേഖലകളിലാണ് കേട്ടുകൊണ്ടിരുന്നത്. പക്ഷെ അവിടെ നിഗൂഡമായി മൂടിവെക്കപെട്ട പല രഹസ്യങ്ങളുമുണ്ട്. കെന്നഡി പുരുഷന്മാർക്ക് സ്ത്രീകളെ ശാരീരികമായും വൈകാരികമായും ദുരുപയോഗം ചെയ്യുന്നതിൻ്റെ പാരമ്പര്യത്തെയും പുസ്തകം പരാമർശിക്കുന്നു.
ചാപ്പാക്വിഡിക്കിൽ വാഹനാപകടത്തിൽ മരിച്ച മേരി ജോ കോപെച്‌നെ, വാഹനാപകടത്തിൽ അവശയായ പമേല കെല്ലി ചെറിയ തുക കൊടുത്ത് കേസിൽ നിന്ന് രക്ഷെപ്പട്ട ഡ്രൈവർ അങ്ങനെ ഒട്ടനവധി റിപ്പോർട്ടുകൾ കഥാകാരി പുസ്തകത്തിൽ പരാമർശിക്കുന്നു. ഈ സംഭവങ്ങൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. സമാന സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു മരവിപ്പ് മാത്രമാണ് അനുഭവപ്പെടുന്നത്. സമൂഹത്തിലെ മാത്രമല്ല കെന്നഡി കുടുംബത്തിലെ സ്ത്രീകൾക്ക് സംഭവിച്ച ദാരുണമായ കഥകളും പുസ്തകത്തിൽ പറയുന്നുണ്ട്. 1994-ൽ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ വിവാഹം കഴിച്ച പ്രതിഭാധനയായ വാസ്തുശില്പിയായ മേരി റിച്ചാർഡ്സൺ കെന്നഡിയെക്കുറിച്ച് കാലഹൻ എഴുതുന്നുണ്ട്. 2012 മെയ് 16 ന് അവർ ആത്മഹത്യ ചെയ്തു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ പെരുമാറ്റം, പിതാവ് ജോസഫിനെ അനുകരിക്കുന്നതായിരുന്നു. ഭാര്യ റോസിനെ ജെഎഫ്കെ ആരോഗ്യം വകവയ്ക്കാതെ ഗർഭിണിയാക്കിയിരുന്നു. കൂടാതെ മാർലിൻ ഡയട്രിച്ച്, ഗ്ലോറിയ സ്വാൻസൺ പോലുള്ള സിനിമാതാരങ്ങളുമായി അദ്ദേഹം ഇടപഴകിയിരുന്നു. ആദ്യ മീറ്റിംഗിൽ തന്നെ പരിചയപ്പെടുത്താൻ പോലും മെനക്കെടാതെ ബലാത്സംഗം ചെയ്തതായി പിന്നീട് ഗ്ലോറിയ ആരോപിച്ചിരുന്നു. തന്റെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ച സഹോദരൻ ബോബി കെന്നഡിയുടെ കാമുകിയായിരുന്ന മെർലിൻ മൺറോയുമായും അദ്ദേഹത്തിന് പ്രണയബന്ധം ഉണ്ടായിരുന്നു.
20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അമേരിക്കൻ രാഷ്ട്രീയത്തിലും ബിസിനസ്സിലും പ്രമുഖനുമായ ജോസഫ് പി കെന്നഡി സീനിയർ 1938 മുതൽ 1940 വരെ യുകെയിലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നു. യുകെയിൽ അംബാസഡറായി നിയമിതനായ ജോസഫ് ജനാധിപത്യം ഇല്ലാതായതായി പ്രഖ്യാപിക്കുകയും ഹിറ്റ്ലറുടെ പുതിയ ലോകക്രമത്തെ വാഴ്ത്തുകയും ചെയ്തു. അനഭിലഷണീയമെന്ന് കരുതുന്ന ആളുകളെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നാസി യൂജെനിക്‌സ് സിദ്ധാന്തം അദ്ദേഹത്തെ പ്രത്യേകം ആകർഷിച്ചിരുന്നു. ജോസഫ് ഈ പ്രത്യയശാസ്ത്രം സ്വന്തം കുടുംബത്തിനുള്ളിൽ പ്രയോഗിച്ചു.
അദ്ദേഹത്തിൻ്റെ മകൾ റോസ്മേരി തടിച്ചിരിക്കുന്നതിനാൽ പ്രസ്സ് ഫോട്ടോഗ്രാഫുകളിൽ കാണിക്കാൻ യോഗ്യമല്ലന്ന് അദ്ദേഹം കരുതി പോന്നു. അയാൾ അവളെ ലോബോടോമൈസ് ചെയ്തു. ഭാര്യയോട് കൂടിയാലോചിക്കാതെയായിരുന്നു ഇത് ചെയ്തത്. ഒരു “നെഗറ്റീവ് ലൈഫ് ഫോഴ്സ്”, ജോസഫിൽ നിന്നും അദ്ദേഹത്തിൻ്റെ പിൻഗാമികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി കാലഹ പറയുന്നു. ജോസഫിന്റെ ഇളയമകൻ ടെഡിയും ഈ സ്വഭാവത്തിൽ നിന്ന് വിഭിന്നമായിരുന്നു. എല്ലായ്പ്പോഴും ശ്രദ്ധ ആഗ്രഹിക്കുന്ന അഹംഭാവം നിറഞ്ഞ ഒരുതരം നാർസിസിസ്റ്റിക് ഇംപീരിയൻസ് നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണെന്നും കഥയിൽ പരാമർശിക്കുന്നു.
കെന്നഡി കുടുംബത്തിൽ ചൂഷണം ചെയ്യുന്ന എല്ലാവരും പുരുഷന്മാരായിരുന്നില്ല. കാലഹാന്റെ അഭിപ്രായത്തിൽ പരുഷവും, അതികഠിനയുമായ അമ്മയായിരുന്നു റോസ് കെന്നഡി. അവൾ പലപ്പോഴും പാരീസ് ഫാഷൻ ഷോകളിൽ പങ്കെടുക്കാൻ മക്കളെ ഉപേക്ഷിച്ചു, ഒരു പ്രൊട്ടസ്റ്റൻ്റുകാരനെ വിവാഹം കഴിച്ചതിൻ്റെ പേരിൽ മകളെ തള്ളിക്കളഞ്ഞു. മരുമകളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെല്ലാം അപ്പുറം തൻ്റെ മകൾ റോസ്മേരിയെ വിസ്കോൺസിനിലെ ഒരു സ്ഥാപനത്തിൽ ഉപേക്ഷിക്കുകയും 25 വർഷത്തോളം അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഇക്കാര്യം റോസ് സ്ഥിരീകരിച്ചു.
ഇനി ആരാണ് കെന്നഡി കുടുംബത്തിൽ അവശേഷിക്കുന്നതെന്ന് കഥാകാരി ചോദിക്കുന്നു. ഒരു പ്ലേബോയ് രാജകുമാരനായ ജെഎഫ്‌കെയുടെ മകൻ ജോണും ഈ നെഗറ്റീവ് ലൈഫ് ഫോഴ്സ് നയിച്ചതായി പറയുന്നു. തൻ്റെ ഗ്ലാമറസ് ജീവിതശൈലിക്ക് പേരുകേട്ട ജോൺ എഫ് കെന്നഡി ജൂനിയർ , അപകടകരമായ ജീവിതം ആസ്വദിക്കുന്ന ഒരാളായി കഥയിൽ ഒരിടത്ത് വിവരിക്കുന്നുണ്ട്. അയാൾക്ക് മരണത്തോട് ഒരു കൗതുകം ഉണ്ടായിരുന്നു, ആവേശകരമായ അനുഭവമായാണ് അയാൾ മരണത്തെ കണ്ടിരുന്നത്.
പൈലറ്റ് അല്ലാതിരുന്ന അദ്ദേഹം 1999-ൽ, ഒരു സ്വകാര്യ വിമാനത്തിൽ തന്നോടൊപ്പം പറക്കാൻ ഭാര്യ കരോളിൻ ബെസെറ്റിനെയും അവളുടെ സഹോദരിയെയും ഭീഷണിപ്പെടുത്തി. മോശം കലാവസ്ഥ മൂലം വിമാനം അപകടത്തിൽപെട്ടു. എഴുത്തുകാരിയുടെ നിഗമനത്തിൽ അത് വെറുമൊരു അപകടമായിരുന്നില്ല. ബോധപൂർവമായ ആ പ്രവൃത്തി ” ആത്മഹത്യ- കൊലപാതകം” യാണെന്നാണ് അവർ വിശേഷിപ്പിക്കുന്നത്.
അവസാനമായി, മനുഷ്യർ സങ്കീർണ്ണമാണെന്നും അവർക്ക് അവരുടേതായ തെരഞ്ഞെടുപ്പുകളുണ്ടെന്നും വിസ്മരിക്കാനാവില്ല. ജാക്കി കെന്നഡി ഒനാസിസ് എന്തുകൊണ്ട് ന്യൂയോർക്കിൽ നിന്ന് മാറി മറ്റൊരിടം സംസ്‍കാരം നടത്താനായി തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിൽ പുസ്തകം അവസാനിക്കുന്നു.
Content summary; Ask Not: The Kennedys and the Women They Destroyed by Maureen Callahan review