കാട്ടാക്കട സ്വദേശിയും സിപിഎം പ്രവർത്തകനുമായ അശോകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേർക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 50,000 രൂപ പിഴയും കോടതി വിധിച്ചു.
തിരുവനന്തപുരം ആറാം അഡീഷണൽ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകന്‍, പ്രശാന്ത് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
കാട്ടാക്കട സ്വദേശിയും സപിഐഎം പ്രവർത്തകനുമായിരുന്നു കൊല്ലപ്പെട്ട അശോകൻ. കേസിൽ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ മാപ്പുസാക്ഷിയാവുകയും ചെയ്തു.
ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഎം പ്രവർത്തകനായിരുന്ന അശോകനെ ആർ.എസ്.എസ് പ്രവർത്തകരായ സംഘം കൊലപ്പെടുത്തുന്നത്. 2013 മേയ് അഞ്ചിന് വൈകുന്നേരം ആറരയോടെ ഇരുപതോളം പേരുൾപ്പെട്ട സംഘം അശോകനെ വീട്ടിൽ നിന്നു വിളിച്ചിറക്കി ജംഗ്ഷനിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പലിശയ്ക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട അശോകൻ എന്ന ശ്രീകുമാറിന്റെ സുഹൃത്ത് ബിനു ഒന്നാം പ്രതി ശംഭുകുമാറില്‍ നിന്ന് തന്റെ ബൈക്കിന്റെ ആര്‍സി ബുക്ക് പണയംവച്ച് 10,000 രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പലിശ നല്‍കിയതു കുറഞ്ഞതിനാല്‍ ബിനുവിന്റെ ബൈക്ക് തടയുകയും മർദിക്കുകയും ചെയ്തു. ഇതു ശ്രീകുമാര്‍ ചോദ്യം ചെയ്യുകയും ശംഭുവിനെ മര്‍ദിക്കുകയും ചെയ്തു. ഇതിനു പ്രതികാരമായാണു ശംഭുവിന്റെ സുഹൃത്തുക്കളായ പ്രതികള്‍ ശ്രീകുമാറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.
Content summary: assassination of kattakkada ashokan; life imprisonment for eight rss workers