February 14, 2025 |

തീവ്രവാദത്തിന്റെ താവളമായി ചാഡ് തടാകം ; 40 കര്‍ഷകരെ വെടിവെച്ച് കൊലപ്പെടുത്തി

ബോക്കോ ഹറം 2009 മുതലാണ് ആക്രമണങ്ങള്‍ക്കായി ആയുധമെടുക്കുന്നത്

വടക്കു കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റില്‍ ഞായറാഴ്ച സായുധസംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 40 കര്‍ഷകര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമും, ഇസ്ലാമിക് സ്റ്റേറ്റ് വിഭാഗമായ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ കേന്ദ്രീകരിച്ചുള്ള ഐഎസ്‌ഐഎല്‍ സംഘവുമാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി ബോര്‍ണോ സ്റ്റേറ്റ് ഗവര്‍ണര്‍ ബാബഗാന ഉമറ സുലുമും സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഉസ്മാന്‍ ടാറും വ്യക്തമാക്കി. ചാഡ് തടാകത്തിന്റെ തീരത്തുള്ള ഡംബയില്‍ വച്ചാണ് തീവ്രവാദികള്‍ കര്‍ഷകരെ വെടി വെച്ച് കൊലപ്പെടുത്തിയതെന്നാണ് ടാര്‍ പറഞ്ഞത്.

പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 40ഓളം കര്‍ഷകര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കര്‍ഷകരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചാഡ് തടാകത്തിന് സമീപവും ഡംബയുടെ പരിസരത്തായും നിലകൊളളുന്ന കലാപകാരികളെ കണ്ടെത്തി ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതായും ടാര്‍ കൂട്ടിച്ചേര്‍ത്തു.

കൃഷിക്കും മത്സ്യബന്ധനത്തിനുമായി സൈന്യം സജ്ജമാക്കിയ സുരക്ഷിത മേഖലയ്ക്കപ്പുറം കര്‍ഷകര്‍ സഞ്ചരിച്ചിരുന്നു. ഈ പ്രദേശം തീവ്രവാദ ഗ്രൂപ്പുകളുടെ ഒളിത്താവളമാണ്. കുഴിബോംബുകളുള്ളതിനാല്‍ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ അപകടകരമാണെന്നും കമ്മീഷണര്‍ പറഞ്ഞു. സൈന്യം അപകടരഹിതമാക്കിയ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ ഗവര്‍ണര്‍ സുലുമും നൈജീരിയയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സായുധസേനയുടെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചാഡ് തടാകം തീവ്രവാദസംഘങ്ങളായ ബോക്കോ ഹറാമിനും ഐഎസ്ഡബ്ല്യുഎപിയുടെയും ഒളിത്താവളമാണ്. തടാകത്തിന് സമീപമുള്ള പ്രദേശം രാജ്യങ്ങളുടെ അതിര്‍ത്തിയെ ബന്ധിപ്പിക്കുന്നതായതിനാല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള താവളമായി തീവ്രവാദസംഘടനകള്‍ ഉപയോഗിക്കുകയാണ്.

ബോക്കോ ഹറം 2009 മുതലാണ് ആക്രമണങ്ങള്‍ക്കായി ആയുധമെടുക്കുന്നത്. പാശ്ചാത്യവിദ്യാഭ്യാസത്തിനെതിരെ പോരാടാനും കര്‍ശന ഇസ്ലാമിക നിയമങ്ങള്‍ രാജ്യത്ത് കൊണ്ടുവരാനുമാണ് ബോക്കോ ഹറം ശ്രമിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍ രണ്ട് ദശലക്ഷത്തിലധികമാളുകള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തിട്ടുണ്ട്. 35,000 സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

 

content summary; At least 40 farmers were killed by armed groups in Borno State, Nigeria

×