UPDATES

അയോധ്യയിലെ സൈനിക പരിശീലന ഭൂമി ഇനി വാണിജ്യാവശ്യത്തിനും

അദാനിയും പതഞ്ജലിയും ഭൂമി വാങ്ങിയതിന് പിന്നാലെ സർക്കാർ വിജ്ഞാപനം

                       

അയോധ്യ ക്ഷേത്രത്തിൽ നിന്ന് 6 കിലോമീറ്റർ മാറി സരയൂ നദിയുടെ തീരത്തായി അധികം ജനവാസമില്ലാത്ത ഒരു ഗ്രമമുണ്ട്. വളരെ കുറച്ച് കർഷകർ മാത്രമാണ് മജാ ജംതാര എന്ന ഈ ഗ്രാമത്തിൽ വസിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ആയുധ പരിശീലനം നടക്കുന്നത് ഇവിടെയാണ്, അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ ജനവാസം കുറവാണ്. ഭൂവുടമകൾക്ക് ഭൂമി കൈ മാറ്റം ചെയ്യാമെങ്കിലും യാതൊരു വിധത്തിലുളള വാണിജ്യ പ്രവർത്തനവും ഇവിടെ നടത്താൻ കഴിയില്ല. എന്നാൽ അദാനി ഗ്രൂപ്പ്, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് തുടങ്ങിയവർ ഈ ഗ്രാമത്തിൽ ഭൂമി വാങ്ങിയിരുന്നു, ഇവർ ഭൂമി വാങ്ങിയതിന് പിന്നാലെ പ്രാദേശിക സർക്കാർ ഈ ഗ്രാമത്തെ ബഫർ സോൺ മേഖലയിൽ നിന്ന് ഒഴുവാക്കിയതായി പ്രിന്റിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.Ayodhya land de-notification for commercial use

2023 നവംബറിൽ, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് രണ്ട് മാസം മുമ്പാണ് ഹോംക്വസ്റ്റ് ഇൻഫ്രാസ്‌പേസ് എന്ന കമ്പനി, ക്ഷേത്ര സമുച്ചയത്തിന് അടുത്തുള്ള മജാ ജംതാരയിൽ 1.4 ഹെക്ടറിലധികം ഭൂമി സ്വന്തമാക്കുന്നത്. കമ്പനി അദാനി ഗ്രൂപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അജയ് യാദവ് എന്ന അയോദ്ധ്യ നിവാസിൽ നിന്ന് മുൻ ബിജെപി എംഎൽഎ സിപി ശുക്ല കഴിഞ്ഞ വർഷം വാങ്ങിച്ച ഭൂമിയാണിത്. ശുക്ല സ്ഥാപിച്ച കമ്പനിയുടെ കയ്യിലുള്ള ഉടമസ്ഥാവകാശം അദാനി കമ്പനി വാങ്ങിക്കുകയായിരുന്നു.

2022 ഫെബ്രുവരിയിൽ, ശ്രീ രവിശങ്കറിൻ്റെ നേതൃത്വത്തിലുള്ള ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ്റെ കീഴിലുള്ള വ്യക്തി വികാസ് കേന്ദ്ര (വിവികെ) ചാരിറ്റബിൾ ട്രസ്റ്റ് ഇതേ മജ്ഹ ജംതാര പ്രദേശത്ത് 5.31 ഹെക്ടർ ഭൂമി വാങ്ങി. 2023 ജൂലൈയിൽ, ഹരിയാന യോഗ് ആയോഗ് ചെയർമാനും ബാബ രാംദേവിൻ്റെ ഭാരത് സ്വാഭിമാൻ ട്രസ്റ്റ് അംഗവുമായ ജയ്ദീപ് ആര്യയും അതേ ട്രസ്റ്റിൽ നിന്ന് രാകേഷ് മിത്തൽ ഉൾപ്പെടെ മറ്റ് നാല് പേരും ചേർന്ന് 3.035 ഹെക്ടർ ഭൂമിയും വാങ്ങി.

എന്നാൽ ദി പ്രിന്റ് പരിശോധിച്ച രജിസ്ട്രികളിൽ ഉൾപ്പെടുത്തിയ ഈ ഭൂമികളെല്ലാം സംസ്ഥാന സർക്കാർ ആർമി ബഫർ സോണുകളായി നിശ്ചയിച്ചിരുന്ന സ്ഥലങ്ങളാണ്. ഫീൽഡ് ഫയറിംഗിനും പീരങ്കി പരിശീലനത്തിനും ഉപയോഗിക്കുന്ന കരസേനയുടെ വലിയ പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് മജ്ഹ ജംതാര. ഇവിടെ സുരക്ഷാ കാരണങ്ങളാൽ നിർമ്മാണവും വാണിജ്യ പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുകയാണ്. അയോധ്യയിൽ ഇത് കൂടാതെ കൻ്റോൺമെൻ്റ്, ഡോഗ്ര റെജിമെൻ്റൽ സെൻ്റർ, ഒരു ഇൻഫൻട്രി ബ്രിഗേഡ് ഹൗസിംഗ് എന്നിവയും ഉണ്ട്.

2024 മെയ് 30-ന്, ഈ ഭൂമി ഇടപാടുകൾ നടന്ന് മാസങ്ങൾക്ക് ശേഷം,ഈ ഗ്രാമത്തെ ബഫർ സോൺ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. 1938-ലെ ഫീൽഡ് ഫയറിംഗ് ആൻഡ് ആർട്ടിലറി പ്രാക്ടീസ് ആക്ട്, പ്രകാരം ഈ ഭൂമികളുടെ നില മാറ്റാൻ അധികാരമുള്ള ഗവർണറുടെ ഓഫീസാണ് പ്രദേശത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഈ ഭൂമിയിൽ സ്വകാര്യ വ്യക്തികൾക്ക് സ്വത്ത് കൈവശം വയ്ക്കാനും വാങ്ങാനും വിൽക്കാനും കഴിയും. സൈന്യം ഫയറിംഗ് പോലുള്ളവ നടത്തുന്നത് കൊണ്ട് തന്നെ ആളുകൾക്കോ ​​മൃഗങ്ങൾക്കോ ​​സ്വത്തുക്കൾക്കോ ​​എന്തെങ്കിലും ദോഷം വരുത്താതിരിക്കാൻ പ്രദേശം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതിനു വേണ്ടി ആളുകൾ ഈ ഭൂമി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സിവിൽ അഡ്മിനിസ്ട്രേഷനിലെയും സൈന്യത്തിലെയും നിരവധി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കൂടുതലും കൃഷിക്ക് അനുയോജ്യമായ ഭൂമിയാണിത്. അത് കൊണ്ട് തന്നെ ഫീൽഡ് ഫയറിംഗ് നടത്താൻ സമയമാകുമ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കുകയും, വളരെ വേഗം ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്യും.

വാണിജ്യത്തിനും നിർമ്മാണത്തിനും വേണ്ടി ഭൂമി ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു, 2020 ഓഗസ്റ്റ് മുതൽ 2025 ജൂലൈ വരെ 14 വില്ലേജുകളിലായി 5,419 ഹെക്ടർ (13,391 ഏക്കർ) ഭൂമിയിലായിരുന്നു ഈ നിയന്ത്രണം കൊണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ, മജ്ഹ ജംതാരയിലെ 894.7 ഹെക്ടർ (2,211 ഏക്കർ) ഭൂമിയിൽ നിന്ന് അവർ ഈ നിയന്ത്രണം നീക്കി. അതായത് നോട്ടിഫൈ ചെയ്ത ഭൂമി നിലവിൽ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

“അയോധ്യ ജില്ലയിലെ അയോധ്യ സദർ തഹസിൽ വില്ലേജ് മജ്ഹ ജംതാരയിലെ പ്ലോട്ട് നമ്പർ 1 മുതൽ 398 വരെയുള്ള മൊത്തം 2,211 ഏക്കർ ഭൂമി ഡി-നോട്ടിഫൈ ചെയ്യാൻ തീരുമാനിച്ചു,” പ്രിന്റ് പരിശോധിച്ച ചെയ്ത സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. മജാ ജംതാരയെ നോട്ടിഫൈ ചെയ്യാനുള്ള ഈ തീരുമാനം ജില്ലാ മജിസ്‌ട്രേറ്റ് ആയ ചന്ദ്ര വിജയ് സിംഗും സ്ഥിരീകരിച്ചിട്ടുണ്ട്.

ഭൂമി അനധികൃതമായി കൈയടക്കിയതിനെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ഈ വർഷം ഏപ്രിലിലാണ് കോടതി ഈ വിഷയം സ്വന്തം നിലയിൽ പരിശോധിക്കാൻ തുടങ്ങിയത്. ഇതിന് മുമ്പ്, ഭൂമിയിലെ കയ്യേറ്റം ചൂണ്ടിക്കാണിച്ച് അയോധ്യയിലെ അഭിഭാഷകനായ പ്രവീൺ കുമാർ ദുബെ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) സമർപ്പിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം കൃത്യമായി പരിശോധിക്കാതെ പദ്ധതികൾക്ക് അനുമതി നൽകുന്നതിനെതിരെ കോടതി ഉത്തരവിട്ടു. 2023 നവംബർ 24 ലാണ് അയോധ്യ വികസന അതോറിറ്റിക്ക് (എഡിഎ) കോടതി നിർദ്ദേശം നൽകി. “പ്രതിരോധ മന്ത്രാലയത്തെ ഏൽപ്പിച്ചിരിക്കുന്ന സർക്കാർ ഭൂമി നിയമത്തെ അവഹേളിക്കുന്ന തരത്തിൽ കയ്യേറ്റം ചെയ്യാനോ നശിപ്പിക്കാനോ അനുവദിക്കാനാവില്ല.” കോടതി വിധിയിൽ പറയുന്നുണ്ട്.

ഈ ഉത്തരവിനെത്തുടർന്ന്, ആ പ്രദേശത്തെ പ്രോജക്റ്റുകൾക്കായി പുതിയ ആസൂത്രണമോ മാപ്പിംഗോ നിർത്തിവച്ചുകൊണ്ട് എഡിഎ ഉത്തരവ് ഇറക്കി. ഭാവിയിലെ വികസനത്തിന് വിലപ്പെട്ട ഭൂമിയായതിനാലാണ് ഈ ഗ്രാമത്തിൽ നിന്ന് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാൽ നിയമസംഘവുമായി ആലോചിച്ചതിനുശേഷമാണ്, മജ്ഹ ജംതാരയിലെ നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചത്.

സൈന്യം ഒരിക്കലും ആ ഫയറിംഗ് റേഞ്ച് ഉപയോഗിക്കാത്തതിനാൽ 14 വില്ലേജുകളിലുടനീളമുള്ള ഭൂമി ഡി-നോട്ടിഫൈ ചെയ്യുന്നത് സർക്കാർ പരിഗണിക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. “ഈ ഭൂമി വർഷങ്ങൾക്ക് മുമ്പ് വിജ്ഞാപനം ചെയ്യപ്പെട്ടതാണ്, വിജ്ഞാപനത്തിന് വലിയ അർത്ഥമില്ല. ആളുകൾ വർഷങ്ങളായി അവിടെ താമസിക്കുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു.  നിരവധി ആളുകൾ മജ് ജംതാരയിൽ ഭൂമി വാങ്ങിയിരുന്നു. സംസ്ഥാന സർക്കാരും ഈ മേഖലയിൽ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. മജാ ജംതാരയിൽ നൂറുകണക്കിന് കോടി രൂപ വിലമതിക്കുന്ന ക്ഷേത്ര മ്യൂസിയം നിർമ്മിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും അതിനാലാണ് ഈ പ്രത്യേക ഗ്രാമം നോട്ടിഫൈ ചെയ്യാൻ തീരുമാനിച്ചതെന്നും സിവിൽ അഡ്മിനിസ്ട്രേഷനിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മജ്ഹ ജംതാരയ്ക്ക് ചുറ്റും സൈന്യം പരിശീലനം നടത്തുന്നില്ലെന്ന അവകാശവാദവും ഉദ്യോഗസ്ഥർ ഉന്നയിക്കുന്നുണ്ട്. 1938 ലെ ഫീൽഡ് ഫയറിംഗ്, ആർട്ടിലറി പ്രാക്ടീസ് ആക്റ്റ് പ്രകാരം ദശാബ്ദങ്ങൾക്ക് മുമ്പ് ഈ പ്രദേശം വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ ഓരോ അഞ്ച് വർഷത്തിലും ആളുകളെ അറിയിക്കും. ഈ വർഷം അയോധ്യ വിമാനത്താവളം പ്രവർത്തനമാരംഭിച്ചത് കൊണ്ട് സൈന്യം പരീശിലനം കുറച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭൂമിയിൽ ഫീൽഡ് ഫയറിംഗ് ഇപ്പോഴും നടത്തുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ പറയുന്നതായി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

അയോധ്യ നിവാസിയായ അജയ് യാദവ്, തന്റെ ഭൂമി കാർഷിക ആവശ്യങ്ങൾക്കായാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ടൈം സിറ്റി മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി എന്ന സ്ഥാപനത്തിന് ഈ ഭൂമി വിറ്റു. 2017 നും 2022 നും ഇടയിൽ കപ്തൻഗഞ്ചിൽ നിന്നുള്ള ബിജെപി എംഎൽഎയായ ശുക്ല സ്ഥാപിച്ച ടൈം സിറ്റി ഗ്രൂപ്പിൻ്റെ ഭാഗമാണ് ഈ സ്ഥാപനം. യാദവ് ഭൂമി സ്ഥാപനത്തിന് വിറ്റ് ആഴ്ചകൾക്ക് ശേഷമാണ്, അദാനി ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ഹോംക്വസ്റ്റ് ഇൻഫ്രാസ്‌പേസ് അത് വാങ്ങുന്നത്. “ഞാൻ സ്ഥലം ടൈം സിറ്റിക്ക് വിറ്റു. പിന്നീട്, ഇത് കൂടുതൽ വിലയ്ക്ക് വിറ്റുപോയതായി ഞാൻ വാർത്തയിൽ വായിച്ചു. പക്ഷേ എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല.” യാദവ് പറയുന്നു.

അദാനി ഗ്രൂപ്പ്, ആർട്ട് ഓഫ് ലിവിംഗ്, രാംദേവിൻ്റെ പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവരോട് തങ്ങൾ വാങ്ങിയ ഭൂമി സൈനിക പരിശീലനത്തിനായി അടയാളപ്പെടുത്തിയതാണെന്നും എന്തിനാണ് ഭൂമി വാങ്ങിയതെന്നും ഇമെയിലിലൂടെ പ്രിന്റ് ആരാഞ്ഞിരുന്നു. ഇമെയിലിൽ അയച്ച പ്രതികരണത്തിൽ, അദാനി ഗ്രൂപ്പിൻ്റെ വക്താവ് പറയുന്നത്, ഹോംക്വസ്റ്റ് ഇൻഫ്രാസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ഇടപാട് പൂർണ്ണമായും നിയമപരവും എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് നടന്നതെന്നാണ്.” ഭാവി വികസനത്തിനായാണ് കമ്പനി സ്വകാര്യ കക്ഷിയിൽ നിന്ന് ഭൂമി ഏറ്റെടുത്തത്. നിയമോപദേശമനുസരിച്ച് ഭൂമിക്ക് നിയമപ്രശ്‌നങ്ങളില്ലെന്നും വാങ്ങാനും വിൽക്കാനും കഴിയും. ഇത് സ്വകാര്യ ഭൂമിയാണ് പക്ഷെ സൈന്യത്തിൻ്റെ ഉപയോഗത്തിനായി നീക്കിവച്ചിരിക്കുന്നതായി എവിടെയും പരാമർശമില്ല, ”വക്താവ് കൂട്ടിച്ചേർത്തു.

ആര്യയും മിത്തലും ഭൂമി വാങ്ങിയത് വ്യക്തിപരമാണെന്നും ഭാരത് സ്വാഭിമാൻ ട്രസ്റ്റുമായി ബന്ധമില്ലാത്തതാണെന്നും പതഞ്ജലി വക്താവ് പറഞ്ഞു. ട്രസ്റ്റിന് ഈ ഭൂമിയുമായി യാതൊരു ബന്ധവുമില്ല, സാഹചര്യത്തെക്കുറിച്ച് അറിയില്ല. അദ്ദേഹം പറയുന്നു. ഈ ഭൂമി സൈന്യത്തിന് വേണ്ടിയുള്ളതാണെന്ന് തനിക്ക് അറിയില്ലെന്ന് ആര്യ ദി പ്രിൻ്റിനോട് പറഞ്ഞു. താനും മിത്തലും ചേർന്ന് അയോധ്യയിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഒരു ചെറിയ സ്ഥലം മാത്രമാണ് വാങ്ങിയതെന്നും ബിസിനസ് ആവശ്യങ്ങൾക്കല്ലെന്നും അദ്ദേഹം പരാമർശിച്ചു.

ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാറും അഡീഷണൽ ചീഫ് സെക്രട്ടറി ജിതേന്ദ്ര കുമാറും മെയ് മാസത്തിൽ മജ്ഹ ജംതാരയിൽ നിന്നുള്ള നിയന്ത്രണങ്ങൾ നീക്കി. ഈ ഗ്രാമത്തെ എന്തുകൊണ്ടാണ് ബഫർ സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കായതെന്ന പ്രിന്റിന്റെ ചോദ്യത്തോട് ഇവർ പ്രതികരിക്കാൻ തയ്യാറായില്ല.Ayodhya land de-notification for commercial use

Content summary;  Land in Ayodhya’s Buffer Zone for the Army Quietly De-Notified After Purchase by Adani, Ramdev, and Ravi Shankar-Linked Entities

Share on

മറ്റുവാര്‍ത്തകള്‍