March 24, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

ഇപ്പോള്‍ മമത പറഞ്ഞത് കാര്യം!

ടീം അഴിമുഖം   നാം കൂടെക്കൂടെ കേള്‍ക്കാനിടവരുന്ന ഒരു അഭിപ്രായമാണ് മമത ബാനര്‍ജി യുക്തിരഹിതയായ, ക്ഷിപ്രകോപിയായ ഒരു രാഷ്ട്രീയനേതാവാണെന്നത്. ഒരു പരിധിവരെ അത് സത്യമാണു താനും. എന്തായാലും, കഴിഞ്ഞ തിങ്കളാഴ്ച മമത തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒരു ഓര്‍ഡറിനെപറ്റി നടത്തിയ പരാമര്‍ശം ഈ കാഴ്ചപ്പാടില്‍ നിന്നൊക്കെ ഏറെ വിഭിന്നമായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണെന്ന് പറയാതെവയ്യ, പ്രത്യേകിച്ചും, നാം പലപ്പോഴും തെരഞ്ഞെടുപ്പുകളുടെ ധാരാളിത്തത്തെ അവഗണിച്ചു കളയുന്ന അവസരത്തില്‍.   ബംഗാളിലെ എട്ട് തെരഞ്ഞെടുപ്പുദ്യോഗസ്ഥരെ […]

ടീം അഴിമുഖം
 
നാം കൂടെക്കൂടെ കേള്‍ക്കാനിടവരുന്ന ഒരു അഭിപ്രായമാണ് മമത ബാനര്‍ജി യുക്തിരഹിതയായ, ക്ഷിപ്രകോപിയായ ഒരു രാഷ്ട്രീയനേതാവാണെന്നത്. ഒരു പരിധിവരെ അത് സത്യമാണു താനും. എന്തായാലും, കഴിഞ്ഞ തിങ്കളാഴ്ച മമത തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒരു ഓര്‍ഡറിനെപറ്റി നടത്തിയ പരാമര്‍ശം ഈ കാഴ്ചപ്പാടില്‍ നിന്നൊക്കെ ഏറെ വിഭിന്നമായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണെന്ന് പറയാതെവയ്യ, പ്രത്യേകിച്ചും, നാം പലപ്പോഴും തെരഞ്ഞെടുപ്പുകളുടെ ധാരാളിത്തത്തെ അവഗണിച്ചു കളയുന്ന അവസരത്തില്‍.
 
ബംഗാളിലെ എട്ട് തെരഞ്ഞെടുപ്പുദ്യോഗസ്ഥരെ ചുമതലകളില്‍നിന്നും നീക്കം  ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇവരില്‍ അഞ്ചുപേര്‍ പോലീസ് സൂപ്രണ്ടുമാരും ഒരാള്‍ ജില്ലാ മജിസ്സ്‌ട്രേട്ടും രണ്ടുപേര്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേട്ടുമാരുമാണ്. ബാങ്കുരയില്‍ റാലിയില്‍ പങ്കെടുത്ത് മമത പറഞ്ഞത് താന്‍ ഒരു ഉദ്യോഗസ്ഥനെയും പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്. ‘എന്റെ ഉദ്യോഗസ്ഥര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ അവരെയാരെയും തല്‍സ്ഥാനത്തുനിന്നു മാറ്റുന്നുമില്ല’, മമത പൊട്ടിത്തെറിച്ചു.
 
 
ഇലക്ഷന്‍ കമ്മീഷന്‍ സ്വന്തം നിലപാടില്‍ തുടരുകയും ബുധനാഴ്ച രാവിലെ പത്തുമണിക്ക് മുന്‍പ് കമ്മീഷന്റെ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്ന് ചീഫ് സെക്രെട്ടറിയോട്  ഉത്തരവിടുകയും ചെയ്തു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്നെ മാറ്റി വയ്ക്കുമെന്ന് കമ്മീഷന്‍ നിലപാട് സ്വീകരിക്കുകയും ഇത് ഭരണഘടനാ പ്രതിസന്ധിക്ക് വരെ കാരണമാകുകയും ചെയ്യുമെന്ന് വ്യക്തമായതോടെ കമ്മീഷനോട് സഹകരിക്കാന്‍ അവര്‍ തയ്യാറായി. ഇന്നലെ രാവിലെ കമ്മീഷന്‍ ഉത്തരവ് മമത അംഗീകരിച്ചു. പക്ഷേ മമ്ത പറഞ്ഞത് പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. ശ്രീ.ടി.എന്‍. ശേഷന്റെ കാലഘട്ടം മുതല്‍ക്കു തന്നെ തെരെഞ്ഞെടുപ്പു കാലമായാല്‍ ഭരണസംവിധാനത്തിന് മുകളില്‍ യാതൊരു കടിഞ്ഞാണുമില്ലാത്ത നിയന്ത്രണങ്ങളുണ്ട് തെരെഞ്ഞെടുപ്പു കമ്മീഷന്. പല അര്‍ഥത്തിലും അത് നല്ലതാണ് താനും. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടക്കാന്‍ അതത്യാവശ്യവുമാണ്.
 
പക്ഷേ, ഇത്തരം വിധിയെഴുത്തുകള്‍ക്കും വന്‍തോതിലുള്ള കൂട്ട  സ്ഥലം മാറ്റത്തിനുമുള്ള അധികാരം യഥാര്‍ഥത്തില്‍ കമ്മീഷനുണ്ടോ? പലപ്പോഴും പറയത്തക്ക ന്യായീകരണമൊന്നുമില്ലാതെതന്നെ പലരെയും സ്ഥലം മാറ്റുന്നത്  നാം കാണാറുണ്ട്. സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥരില്‍ പലരും തന്നെ തെരഞ്ഞെടുപ്പു ജോലികള്‍ക്കിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും കമ്മീഷനു ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പരിപാവനത മൂലം അതൊന്നുംതന്നെ ചോദ്യം ചെയ്യപ്പെടുന്നില്ല.
 
2013-ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 13 ഐ.എ.എസുകാരെ സ്ഥലം മാറ്റിയപ്പോള്‍ അതില്‍ ചിലര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും അതില്‍ എട്ടു പേരുടെ ട്രാന്‍സ്‌ഫര്‍ ഓര്‍ഡറില്‍ സ്‌റ്റേ വാങ്ങുകയുമുണ്ടായി. തങ്ങളുടെ കറപുരളാത്ത കരിയര്‍ റെക്കോഡില്‍ കളങ്കമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ ട്രാന്‍സ്ഫര്‍ നടപടി കാരണമാകുമെന്നാണ് അന്ന്‍ ആ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്.
 
 
തെരഞ്ഞെടുപ്പ്  നടക്കുന്ന സമയപരിധിയില്‍ തെരെഞ്ഞെടുപ്പു ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെല്ലാം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥരായി കണക്കാക്കപ്പെടുന്നു. ഭരണഘടനയുടെ 324-ആം വകുപ്പിലും ജനപ്രാധിനിധ്യ നിയമത്തിലെ സെക്ഷന്‍ 28-ലും ഇത് വ്യക്തമാക്കുന്നുണ്ട്. ഇതു പ്രകാരം, റിട്ടേണിങ്ങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍, പ്രിസൈഡിങ്ങ് ഓഫീസര്‍, പോളിങ്ങ് ഓഫീസര്‍, ഇതുപോലെ നിയോഗിക്കപ്പെടുന്ന ഏതൊരു ഉദ്യോഗസ്ഥനും, അക്കാലത്തേക്ക് സര്‍ക്കാരിനാല്‍ നിയമിക്കപ്പെടുന്ന പോലീസ്  ഉദ്യോഗസ്ഥരും, ഏതുതരം തെരഞ്ഞെടുപ്പായാലും തെരഞ്ഞെടുപ്പു കമ്മീഷന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. 
 
അതെന്തായാലും, ഗവെണ്മെന്റിനോട് ആലോചിക്കാതെ ഇങ്ങനെ കൂട്ടസ്ഥലംമാറ്റം നടത്തേണ്ട കാര്യം ഇലക്ഷന്‍ കമ്മീഷനുണ്ടോ? ഇതിന്റെയൊക്കെ പിന്നിലെ ബുദ്ധി കമ്മീഷനിലെ വിരലിലെണ്ണാവുന്നവരില്‍ നിക്ഷിപ്തമാക്കുന്നതെന്തിനുവേണ്ടി? കമ്മീഷന്‍ ഇത്തരം  ഉത്തരവുകള്‍ നടപ്പിലാക്കുമ്പോള്‍ അത്തരം അവസരങ്ങള്‍ മുതലെടുത്ത് നേട്ടം കൊയ്യാന്‍ നിക്ഷിപ്തതാല്പര്യക്കാരും ഉണ്ടാകുന്നുണ്ടോ?.
 
നമ്മുടെ ഭരണഘടനാനുസൃതമായി നിലകൊള്ളുന്ന ഇത്തരം സ്ഥാപനങ്ങളില്‍ അരങ്ങേറുന്ന വിവേചനപരവും ഭീഷണവുമായ അവസ്ഥ പരിശോധിക്കപ്പെടുമ്പോള്‍ ഈ ചോദ്യങ്ങളെല്ലാം തന്നെ വളരെ പ്രസക്തമാകുന്നു. നമ്മുടെ രാജ്യത്ത് അത്രകണ്ട് അസാധാരണമല്ലാത്ത വ്യക്തിഗതതാല്പര്യങ്ങളും വിവേചനങ്ങളുമെല്ലാം ഇതിലും പെടും. അതിലും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ ഇന്ന് ഇലക്ഷന്‍ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളില്‍ സ്വന്തം ആളുകളെ കുത്തിത്തിരുകുക എന്ന നയമാണ് സര്‍ക്കാരുകള്‍ പോലും ചെയ്യുന്നത് എന്നതാണ്. അങ്ങനെ സര്‍ക്കാരിനനുകൂലമായ നിലപാടുകള്‍ എടുക്കാന്‍ ആളെക്കണ്ടെത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. 
 
 
തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലുള്ളവര്‍ സ്വയംഭരണാവകാശം ആസ്വദിക്കുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരുകളോടോ, ഏതെങ്കിലും സ്വതന്ത്ര ഏജന്‍സിയോടോ കൂടിയാലോചിക്കാതെ കൂട്ടസ്ഥലംമാറ്റം നടത്തുന്നതൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. 
 
അതുകൊണ്ടു തന്നെ ‘ഫയര്‍ ബ്രാന്‍ഡ്’ മമത ബാനര്‍ജി ഉയര്‍ത്തിയിരിക്കുന്നത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. പൊതുജനമായാലും രാഷ്ട്രീയക്കാരായാലും മമ്തയുയര്‍ത്തുന്ന ചോദ്യങ്ങളെ വെറും രാഷ്ട്രീയപ്രഹസനങ്ങളായി കരുതി തള്ളിക്കളയാതിരിക്കുക എന്നതാണ് ബുദ്ധി. ആഴമേറിയ ഒരു നിഗമനമായി തോന്നിയില്ല എങ്കില്‍പ്പോലും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വെളിച്ചം വീശിയത് നമ്മുടെ തെരഞ്ഞെടുപ്പുകളില്‍ നടന്നുവരുന്ന തീരെ ആശാസ്യമല്ലാത്തതും ആഴങ്ങളില്‍ വേരുകളുള്ളതുമായ ചില തിരുത്തപ്പെടേണ്ട പ്രവണതകളിലേക്കാണ്.
 
×