ഏപ്രില്‍ ഒന്ന് എന്നാല്‍ ഏപ്രില്‍ ഫൂള്‍ മാത്രമല്ല. അന്നാണ് ഉത്കല്‍ ദിവസ്. നമ്മുടെ കേരളപ്പിറ പോലെ ഒഡീഷക്കാരുടെ ദേശപ്പിറന്നാള്‍. ഒഡിയ ഭാഷ പ്രായത്തില്‍ കുഞ്ഞനെങ്കിലും രാജ്യത്ത് ആദ്യമായി ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട സംസ്ഥാനമെന്ന പദവി ഒഡിയര്‍ക്കുളളത്. 1936 ല്‍ ഭാഷാടിസ്ഥാനത്തില്‍ ഒറീസാ പ്രൊവിന്‍സ് അംഗീകരിക്കപ്പെടുംവരെ ഒഡിയയെ ബംഗ്‌ളാ ഭാഷയുടെ വകയിലെ ഒരു ചാര്‍ച്ചയെന്നേ പലരും കണ്ടിരുന്നുളളൂ. നല്ല നാലു കൃതികള്‍ കൃതിച്ചാലെ സായ്പ്‌സ്വതന്ത്ര ഭാഷാ പദവിയ്ക്കുളള കിടുതാപ്പില്‍ തുല്യം ചാര്‍ത്തൂവെന്നറിഞ്ഞതോടെ എടുപിടീന്ന് സാഹിത്യം സൃഷ്ടിച്ച പഞ്ചസഖാസ് എന്ന ഐവര്‍സംഘത്തിന്റെ നാട്.
അതെന്തായാലും ചരിത്രമല്ല, സംഭവകഥയാണ് ഇവിടെ പ്രസ്താവ്യം. മാര്‍ച്ച് 31 വൈകുന്നേരം ആറര മണി. ഒഡീഷയിലെ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ പബ്‌ളിക് റിലേഷന്‍സ് ആപ്പീസറുടെ മുറി. അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഉത്കല്‍ ദിവസ് സമാരോഹിലെ കലാപരിപാടികളിലേക്ക് ഓരോ ഡിപ്പാര്‍ട്‌മെന്റ് തലവന്‍മാരേയും ക്ഷണിച്ചുകൊണ്ടുളള സ്ഥാപന മേധാവിയുടെ ക്ഷണക്കത്തു വിതരണത്തിന്റെ അവസാനഘട്ട പരിശോധന നടക്കുകയാണ്. ചിലര്‍ ഡ്യൂട്ടിയില്‍ ഇല്ലാത്തതിനാല്‍ മടങ്ങി വന്ന കത്തുകള്‍ പന്ത്രണ്ടാം മണിക്കൂറില്‍ എങ്ങനെയെത്തിക്കുമെന്ന കൂല്‍കഷ ചിന്തകളില്‍ രാവണനായി താടി തടവിയിരിക്കുന്ന പി ആര്‍ ഒ യുടെ മുന്നിലേക്ക് രാമബാണം പോലെ ഒരു ക്ഷണക്കത്ത് എടുത്തെറിയപ്പെട്ടിരിക്കുന്നു. ശരഗവ്യന്റെ ദൃഷ്ടിയില്‍ തൊടുത്തപ്പോള്‍ ഒന്നായിരുന്നു ക്ഷണക്കത്തെങ്കിലുമിപ്പോള്‍ മേശപ്പുറത്ത് പൂക്കളം പോലെ പലതുണ്ടില്‍ കത്തിന്‍ കൊളാഷ്. ഏറുപടക്കത്തിന്റെ അതേവേഗത്തില്‍ എറിഞ്ഞവനും മുറിയിലേക്ക് ആഗമിച്ചിരിക്കുന്നു. ആ വന്നിരുപ്പിന്റെ കനത്തില്‍ ഇടുപ്പുളുക്കിയ കസേരയുടെ ഹളേളാ വിളിമാത്രം ആരും കേട്ടില്ല (മ്യൂസിക്കും എഫക്ടും… ക്‌ളോസപ്പുകളും)

ആഗതന്‍ അങ്കിത്ത്. ഡല്‍ഹി ഐ. ഐ.ടിയില്‍ നിന്ന് എം.ടെക്കും മറേറതോ ഭയങ്കരന്‍ സര്‍വ്വേശാലയില്‍ നിന്ന് എം ഭി എയും സ്വന്തമാക്കിയ ചെറുചെറുപ്പക്കാരന്‍. പക്ഷെ ഇപ്പോളവന്റെ മുഖത്ത് കരണം പൊത്തി അടികിട്ടിയപോലൊരു ഭാവം. അല്ലങ്കിലേ മാര്‍ച്ച് മാസത്തിന്റെ പുകച്ചിലും അടുത്തദിവസത്തെ ഉത്കല ദിവസത്തിന്റെ സ്വരുക്കൂട്ടലുമായി ശശിയായിട്ടിരിക്കുന്ന പാവം പി ആര്‍ ഒ ഈ മുഖസൗന്ദര്യം കൂടി കണ്ടതോടെ സ്വയം ഒരു ചോദ്യചിഹ്നമായി… ചിഹ്നത്തില്‍ ഉത്തരം കൊളുത്തപ്പെടുന്ന നിമിഷത്തില്‍ മലയാളി പി ആര്‍ ഒക്ക് ആദ്യം ഇതിലിത്ര സങ്കടിയ്ക്കാനെന്തെന്ന ചിന്ത ചൊറിഞ്ഞുവന്നെങ്കിലും പിന്നീട് ഒരു പി ആര്‍ ഒയ്ക്ക് മാത്രം സ്വന്തമായ ചടുലതയോടെ അയാളും വേപഥുപ്പെട്ടു. മററവന്റെ വികാരത്തളളിച്ചയില്‍ തളളിയിടപ്പെട്ടവനായി അഭിനയിച്ചു, ദുഖത്തില്‍ പങ്കെടുത്ത് വേണമെങ്കില്‍ പൊട്ടിത്തെറിക്കാന്‍ വരെ താന്‍ സന്നദ്ധനാണെന്നും നല്ലവനായ പി ആര്‍ ഒ പറഞ്ഞു. എന്നിട്ടും അയയാത്ത മനബന്ധനായി അങ്കിത് പറയുന്നു:
തനിക്കു വന്ന ക്ഷണക്കത്തില്‍ കൈതൊട്ടതും അതില്‍ തന്റെ പേരെഴുതിയിരിക്കുന്നതു കണ്ടതും അങ്കിതചിത്തം ആളിയത്രേ. ‘നോക്കിയേ, മിസ്റ്റര്‍ അങ്കിത് കുമാര്‍ സാഹുവെന്ന എന്റെ പേര് എഴുതിയിരിക്കുന്നത്, മിസ്റ്റര്‍ അങ്കിത് കുമാര്‍ സാഹുവെന്ന്, ഇത് പര്‍പ്പസ്ഫുളി എന്നെ അവഹേളിക്കാനല്ലങ്കില്‍ പിന്നെയെന്താണ് ‘ അവന്റെ ചോദ്യം കേട്ടപ്പോള്‍ പി ആര്‍ ഒയുടെ നാവിന്റെ തുമ്പത്തു വന്നതും ഉടന്‍ കടിച്ച് കുടഞ്ഞ് വിഴുങ്ങിയതിനാല്‍ തൊണ്ടക്കുഴിയില്‍ മുഴച്ചുവന്നതുമായ ചോദ്യം അതു തന്നെയാണ്… മിസ്റ്റര്‍ അങ്കിത് കുമാര്‍ സാഹുവിനെ മിസ്റ്റര്‍ അങ്കിത് കുമാര്‍ സാഹുവെന്നല്ലാതെ പിന്നെന്താണ് വിളിക്കുക ? തന്നെ അവഹേളിച്ചവരെ കൊല്ലും തിന്നും കടിക്കും പിടിയ്ക്കും പറപ്പിക്കും എന്നെല്ലാം പറഞ്ഞ് ആഗതന്‍ ബഹിര്‍ഗതനായപ്പോഴേക്കും പി ആര്‍ ഒ യില്‍ കാര്യഗ്രഹണം സംഭവിച്ചു. മിസ്റ്റര്‍ അങ്കിത് കുമാര്‍ സാഹുവിനെ മിസ്റ്റര്‍ അങ്കിത് കുമാര്‍ സാഹുവെന്നോ സ്‌നേഹപൂര്‍ച്ചം അങ്കിയെന്നോ, പങ്കിയെന്നോ വിളിച്ചോ. എന്നാല്‍ എഴുതുമ്പോള്‍ കളി വേറെ. അതില്‍ രണ്ട് വൗവ്വലുകളുടെ ബുദ്ധിപൂര്‍വ്വമായ കരുനീക്കം വേണം. ഇംഗ്‌ളീഷ് അക്ഷരമാലയിലെ യു (U)വും ഒ (O)യുമാണ് കരുക്കള്‍. മേല്‍വിലാസത്തില്‍ Ankit Kumar Sahu എന്നെഴുതിയിരുന്നെങ്കില്‍ അങ്കി പങ്കി. ഇതിപ്പോള്‍ Ankit Kumar Sahoo എന്നു നീട്ടിയെഴുതിയതോടെയാണ് ലവന്‍ നിയന്ത്രണരഹിത ക്രോധത്താല്‍ അക്രമണോത്സുകനായി പി ആര്‍ ഒ യെ ആഹരിക്കാനായി വെടിയുണ്ട വേഗത്തില്‍ കുതിച്ചത്. അക്ഷരമാലയില്‍ ഒ(O) എന്നവന്‍ യു(U) എന്നവനു മുകളിലാണെങ്കിലും ഒഡീഷ എന്നെഴുതാന്‍ ആദ്യം ഒ(O) എന്നവനില്ലാതെ ഒക്കത്തില്ലെങ്കിലും ജാതിവളളിയില്‍ ഒ(O) യുടെ സ്ഥാനം യു(U) വിനു താഴെമാത്രം. അതിനാല്‍ SAHU ഒരുപൊടിക്ക് കൂടിയവനും SAHOO കുറഞ്ഞവനും ആകുന്നു. യു കിടക്കേണ്ടയിടത്ത് ഒ കിടന്നാല്‍ ക്ഷണക്കത്ത് ഇതുപോലെ ഒടിച്ചു മടക്കി വലിച്ചെറിയുക മാത്രമല്ല ഉഭയകക്ഷികളുടെ കൈക്കരുത്തനുസരിച്ച് കലാപരിപാടികളില്‍ മുന്നറിയിപ്പില്ലാതെ മാററങ്ങളുമുണ്ടാകാം. വന്നവന്‍ പാവം ക്രൂരനാകയാല്‍ പി ആര്‍ ഒ ജന്മം കഥാവശേഷിതനായി നെടുവീര്‍പ്പുതിര്‍ത്തിരിക്കുന്നു. അനന്തരം പി ആര്‍ ഒ, ഒ യും യു വും തെററിച്ചെഴുതിയ പാര്‍ക്കര്‍പേനയെ ഭിത്തിയില്‍കുത്തി അഗ്രഛേദനം ചെയ്തു. എന്നിട്ടരിശം തീരാഞ്ഞപ്പോള്‍ അവന്‍ മനസ്സില്‍ വീമ്പിളക്കി മണ്ടിത്തുടങ്ങി.

‘പ്രഗീഷ്’ പരിചയപ്പെടല്‍ വേദികളില്‍ പേരുപറഞ്ഞ് പരസ്പരമുളള കൈകുലുക്കലും ചിരി ഒട്ടിച്ചുവയ്ക്കലും കഴിയുമ്പോള്‍ വരും അടുത്ത ചോദ്യം. ‘പ്രഗീഷ്… ബസ്… ആഗെ പീച്ചേ ക്യാ ഹൈ?’ വെറുമൊരു പേരോ… മുമ്പിലും പിമ്പിലും ഉരുപ്പടികളൊന്നുമില്ലേ… അല്ലെങ്കില്‍ കുറേക്കൂടി ഡിപ്‌ളോമാററിക്കായി ഇങ്ങനെ: വാട്‌സ് യുവര്‍ ടൈററില്‍? ടൈററിലുമില്ല മുമ്പിലും പിമ്പിലും ഒന്നുമില്ലെന്ന മറുപടിയെ ഒരു മറുപടിയായി പോലും കരുതാനാകാതെ ഉത്തരേന്ത്യന്‍ ബുദ്ധി കുഴങ്ങും. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. പേരിന്റെ മുമ്പിലും പിമ്പിലും വാലനക്കമില്ലാത്തത് പേരിട്ടകാലത്തിനും പിന്നില്‍ ശ്രീനാരായണന്റേയും വാലറത്ത് വേലിപ്പുറത്തെറിഞ്ഞ മന്നത്തപ്പൂപ്പന്റേയും ചരിത്രമുളളതിനാലാണെന്ന്. ചരിത്രാവേശിതനായി ഇതുവരെ ആരോടും ആ മറുപടി പറയാഞ്ഞത് നന്നായെന്ന് കഴിഞ്ഞ വെക്കേഷന് നാട്ടിലെത്തിയപ്പോള്‍ മനസ്സിലായി. പെങ്ങടെ മോന്‍ ശങ്കു പഠിക്കുന്ന മൂന്നാം ക്‌ളാസ്സിലെ അവന്റെ കൂട്ടുകാരുടെ പേരുകള്‍ വെറുതെ ഒന്നു ചോദിച്ചു. ഒരു കുശലത്തിന്. സത്യത്തില്‍ അതാണ് കുശലപ്രശ്‌നം. ആരതി നമ്പൂതിരി, ശിവ് വാര്യര്‍, ക്ഷമാ നായര്‍, ലക്ഷമി പിളള, നവി മേനന്‍, രമ്യ കാര്‍ണവര്‍, ഠാഷ് ഠാഷ്, ഡാഷ് ഡാഷ്, ഢാഷ് ഢാഷ്… കേള്‍ക്കെ കേള്‍ക്കേ ഞാന്‍ തോററു തുന്നം പാടി. ഭക്തിപ്രസ്ഥാനമല്ലാതെ നവോത്ഥാനത്തിന്റെ ഉപ്പുകാററു തട്ടാത്ത പാവം ഒഡിയോ നിന്റെ മുന്നില്‍ വച്ചുകീഴടങ്ങാന്‍ ആയുധമില്ലാതെ ഞാനിതാ പതിവിന്‍ പടി ഇല്ലാ വാല്‍ ചുരുട്ടി തോററു നില്‍ക്കുന്നു. തുന്നം പാടാം വേണേല്‍ തുഞ്ചനും പാടാം.
എ,ബി,സി,ഡി വച്ചുളള നിന്റെ നാട്ടുകാരുടെ ജാതി ചതുരങ്കത്തിന് ഒരു സുഡോക്കു സുഖമെങ്കിലുമുണ്ട്. നോക്കൂ ഞങ്ങടെ യേശുദാസിനെ നിനക്ക് DAS എന്നെഴുതി താഴ്ന്ന ജാതിയോ DASH എന്നെഴുതി സാക്ഷാല്‍ നമ്പൂരി, ആര്‍ടിസ്റ്റ് നമ്പൂതിരി തന്നയോ ആക്കാം. I യും Y യും വച്ച് കളിക്കണോ. നായ്ക് എന്നപേരുകാരോടാണ് ഈ കളി കളിക്കേണ്ടത്. NAIK എന്നെഴുതിയാല്‍ താഴ്ന്നവന്‍ NAYAK എന്നെഴുതിയാല്‍ മേലെ, തനി ജാതി നായകന്‍, നായര്‍ പ്രമാണി.

പുതിയതായി വാലുമുളപ്പിച്ചിട്ടെങ്കിലും പ്രമാണികളായ ചിലരെ കണ്ടു ഫെയ്‌സ് ബുക്കില്‍. എസ്എസ്എല്‍സി ബുക്കില്‍ പി ബി അനീഷ് കുമാര്‍ ആയിരുന്നവന്‍ അനീഷ് നായരായി സ്വക്ഷേത്രബലസിദ്ധി നേടിയിരിക്കുന്നു. സബാഷ്.. എസ് എസ് എല്‍ സിക്കുശേഷം ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും പി എച്ച് ഡിയും നേടിയ സ്ഥിതിക്ക് ആര്‍ക്കുവേണം എസ് എസ് എല്‍ സി ബുക്കിലെ അജാതീയനാമം. അനീഷ് ജീവശാസ്ത്ര വിദ്യാര്‍ത്ഥിയാവാഞ്ഞത് കഷ്‌ടോ കഷ്ടമായി. നഷ്ടമായില്ലേ പരിണാമ സിദ്ധാന്തത്തിനാ പരിണാമ ഗുസ്തി. വാല്‍മാക്രി വളര്‍ന്ന് തവളയാവുകയല്ല, തവള വളര്‍ന്ന് വാല്‍മാക്രിയാവുകയാണെന്ന് ഡോക്ടര്‍ അനീഷ് നായര്‍ തെളിവുസഹിതം തെളിയിച്ചേനേ… കലൂര്‍ കത്ത്രുക്കടവു കടന്ന് പാവക്കുളത്ത് നോബല്‍ സമ്മാനമിങ്ങെത്തിയേനേം. പോട്ടെ ചരിത്രം പഠിച്ചതുകൊണ്ട് അനീഷ് എന്തായാലും അത് മനസ്സിലാക്കി. കൊച്ചിയിപ്പോള്‍ പഴയ കൊച്ചിയല്ല… അപ്പഴും ഇഷ്ടാ അനീഷേ നമുക്കൊരു സംശയം. ചരിത്രം പഠിച്ചിട്ടില്ലാത്തതിനാല്‍ നാട്ടറിവും കേട്ടറിവും വച്ചു ചോദിക്കുവാണേ… നായര്‍ എന്ന സ്ഥാനപ്പേര് പുല്ലിംഗം. നായരു ചേട്ടന്റെ കട എന്നല്ലാതെ നായരുചേച്ചിയുടെ തയ്യക്കട എന്നു പറയാറില്ലല്ലോ… അമ്മ, കുഞ്ഞമ്മ, തങ്കച്ചി എന്നിങ്ങനെ നായരുടെ സത്രീ ലിംഗം. അപ്പോള്‍ നിന്റെ കാമുകി ചിന്തക അമ്മിണിനായര്‍ പേരിന് ചേരുംപടിചേര്‍ക്കുമ്പോള്‍ അമ്മിണി തങ്കച്ചിയാകണ്ടേ… ഫെയ്‌സ് ബുക്കിലെ ബിന്ദുമേനോന്‍ ബിന്ദു അമ്മയോ, ബിന്ദു കുഞ്ഞമ്മ എങ്കിലുമോ ആകണ്ടേ? ഇനി പന്മന സാറിന്റെ രീതിക്ക് ഭാഷാ ശുദ്ധി വരുത്തിയാല്‍
ഗംഗാ നമ്പൂതിരി തെററ്, ഗംഗാ അന്തര്‍ജനം ശരി
യമുനാ വാര്യര്‍ തെററ്, യമുനാ വാരസ്യാര്‍ ശരി
ഗോദാവരി വര്‍മ്മ തെററ്, ഗോദാവരി തമ്പുരാട്ടി ശരി
സരസ്വതി നമ്പ്യാര്‍ തെററ്, സരസ്വതി നങ്ങ്യാര്‍ ശരി
നര്‍മ്മദാ പിളള തെററ്, നര്‍മ്മദയമ്മ ശരി
സിന്ധു നായര്‍ തെറേറാ തെററ്, സിന്ധുവമ്മ ശരി….
(കാവേരി ശരി, കാരണം ജാതിക്കനമില്ലാത്തയാ പെണ്‍പേരില്‍ ഒരു പേരിന്റെ ലളിതസൗഭഗമുണ്ട്.)
അറുപത്തിരണ്ടാണ്ടിനിപ്പുറത്ത് (1950 ഫെബ്രുവരി രണ്ടിനാണ് പേരിനൊപ്പമുളള പിളള മുറിച്ചുമാററി മന്നം മന്നത്ത് പത്മനാഭനായത്) കേരളീയത്വം സംരക്ഷിക്കാന്‍ പേരിനൊപ്പം ജാതിഭാരം കൂടി താങ്ങാനുളള ഹൃദയ വിശാലതകാട്ടുന്ന സിനിമാനടികളേ, മാധ്യമപ്രവര്‍ത്തകകളേ, ഫെയ്‌സ്ബുക്കിലെ തീവ്രപ്രതികരണകാരിണികളേ വാലുമാറി പോയെന്നറിഞ്ഞ സ്ഥിതിക്ക് അടുത്ത കാനേഷുമാരിക്കുമുമ്പേ തെററുതിരുത്തി ചേരുംപടിചേര്‍ക്കൂ… ആണന്‍മാരെ ഭാരം ചുമന്നും കേരളചരിത്രം സംരക്ഷിക്കുന്ന നിങ്ങളല്ലോ അതിശ്രേഷ്ഠര്‍. മൗലിസ്ത കുംഭം പരിരക്ഷണ ധീരനതീവ. തലയിലെ കുടം താഴെ വീഴാതെ കാക്കും അതീവ ധീരരര്… ഇനിയും വാലുമുളപ്പിച്ചിട്ടില്ലാത്ത മാദ്ധ്യമ – സിനിമാ – ബുദ്ധിജീവി സോദരരേ വരൂ ഒഡീഷ നിങ്ങള്‍ക്ക് ഓഫറു ചെയ്യുന്നു… പ്രുസ്ടി, പോളായ്, കാമില, ഡിയോ എന്നിങ്ങനെയുളള ഉഗ്രന്‍ ന്യൂ ജനറേഷന്‍ വാല്‍പീസുകള്‍.