ടീം അഴിമുഖം
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ മരണം പഴയ തിരുവിതാംകൂറിന് പുറത്തുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ വൈകാരിക പ്രതികരണം ഉണ്ടാക്കണമെന്നില്ല. അത് കേരളം ഇന്നത്തെ രൂപത്തിലാകുന്നതിന് മുന്‍പുള്ള രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമായതുകൊണ്ടു തന്നെ അതേ കുറിച്ചുള്ള ഏതന്വേഷണവും ഒരു ചരിത്രകുതുകിക്കു മാത്രം താത്പര്യം തോന്നിയേക്കാവുന്ന ഒരു കാര്യമാണ്. തിരുവനന്തപുരത്തിനും അതിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കിടയിലെ പ്രത്യേകിച്ച് ഉന്നത ജാതിക്കാര്‍ക്കിടയില്‍ ഇപ്പൊഴും വലിയ സ്വാധീനവും സാന്നിധ്യവുമാണ് രാജാവ്. എന്നാല്‍ ജനാധിപത്യ പ്രക്രിയയിലൂടെ ഭരണ നേതൃത്വത്തിലെത്തിയ നേതാക്കള്‍ നല്‍കുന്ന വലിയ പ്രാധാന്യം പഴയ തിരുവിതാംകൂറിന്റെ മാത്രം അധിപനായ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് ഒരു അഖില കേരള മുഖം നല്‍കിയിട്ടുണ്ട് എന്ന്‍ കരുതേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം നിവാസികള്‍ പ്രകടിപ്പിക്കുന്ന രാജഭക്തിക്ക് പിന്തുടര്‍ച്ചയുടേതായ ഒരു കാരണം ഉണ്ട്. മുന്‍പ് രാജകൊട്ടാരവും ഭരണവുമായി ബന്ധപ്പെട്ട ഉപശാലകളില്‍ പലതരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് രാജ പ്രീതി സമ്പാദിച്ചവരുടെ പിന്‍മുറക്കാരാണ് ഇവിടെയുള്ളവര്‍. ഭൂമിയായും കെട്ടിടങ്ങളായും ഉദ്യോഗമായും ഒട്ടേറെ ഗുണങ്ങള്‍ ഇക്കൂട്ടര്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ കാണിക്കുന്ന വിധേയത്വത്തിന് യുക്തിയുണ്ടെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ നമ്മുടെ രാഷ്ട്രീയ ഭരണ നേതൃത്വം പ്രകടിപ്പിക്കുന്ന വിധേയത്വത്തിന്‍റെ അടിസ്ഥാനമെന്താണ്?
സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യ പരമാധികാര റിപ്പബ്ലിക്കായതോടെ രാജഭരണവും അവസാനിച്ചു എന്നാണ് വെപ്പ്. എന്നാല്‍ തങ്ങളുടെ രാജാധികാരത്തെ ജനാധിപത്യ പ്രക്രിയയിലേക്ക് കയറാനുള്ള കുറുക്കുവഴിയാക്കി മാറ്റിയതിന്‍റെ ഉദാരണങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിരവധിയുണ്ട്. വടക്കേ ഇന്ത്യയിലും മദ്ധ്യേന്ത്യയിലും കിഴക്കന്‍ മേഖലകളിലുമുള്ള പല രാജകുടുംബങ്ങളും സ്വന്തന്ത്ര്യാനന്തരം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും തങ്ങളുടെ ദരിദ്ര കുചേലന്‍മാരായ ‘പ്രജകളുടെ’ വോട്ട് നേടി തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭരണാധികാരം തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. വിജയ രാജ സിന്ധ്യ, മാധവ റാവു സിന്ധ്യ, വസുന്ധര രാജ സിന്ധ്യ, ജ്യോതിരാജ സിന്ധ്യ, യശോധര രാജ സിന്ധ്യ എന്നിങ്ങനെ ഗ്വാളിയോര്‍ രാജകുടുംബം തലമുറകളായി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെയും ജനസംഘത്തിന്റെയും പിന്നീട് ബി ജെ പിയുടെയുമൊക്കെ പ്രതിനിധികളായി ഭരണ നേതൃത്വത്തിലെത്തി. രാജസ്ഥാനിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായ വസുന്ധര രാജ സിന്ധ്യ 2013 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒഡിഷയില്‍ നിന്നുള്ള ബിജു ജനതാദള്‍ നേതാവ് കലികേഷ് സിംഹ്, ഈയടുത്ത് അന്തരിച്ച മൈസൂര്‍ രാജാവ് എസ് ഡി എന്‍ ആര്‍ വടയാര്‍ എന്നിങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ രാജകീയ സാന്നിധ്യങ്ങള്‍ക്ക്.
എന്നാല്‍ മാര്‍ത്താണ്ഡ വര്‍മ്മ ഇന്ത്യാ രാജ്യത്തെ മറ്റു രാജകുടുംബങ്ങളെപ്പോലെ ഭരണാധികാരത്തിലേക്ക് കുറുക്കു വഴി തിരഞ്ഞെടുത്തില്ല എന്നുള്ളത് എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അതിനു കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമായിട്ടുണ്ടാകാം. പക്ഷേ നേരിട്ടു രാജ്യ ഭരണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞില്ലെങ്കിലും പുതിയ ‘തമ്പുരാക്കന്‍മാരി’ലൂടെ അദൃശ്യ സാന്നിധ്യമാകാന്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്കും തിരുവിതാംകൂര്‍ രാജകുടുംബത്തിനും സാധിച്ചിട്ടുണ്ട്. നമ്മുടെ ഏത് ഭരണകര്‍ത്താക്കളും തിരുവനന്തപുരം സന്ദര്‍ശിക്കുമ്പോള്‍ രാജാവിനെ മുഖം കാണിക്കാതെ മടങ്ങാറില്ല. ഈ അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച നരേന്ദ്ര മോഡി കവടിയാര്‍ കൊട്ടാരത്തിലെത്തി മാര്‍ത്താണ്ഡ വര്‍മ്മയെ ‘മുഖം കാണിക്കുക’യുണ്ടായി. മോഡിയുടെ സന്ദര്‍ശനത്തിലെ അദൃശ്യ രാഷ്ട്രീയ അജണ്ട കണ്ണു വയ്ക്കുന്നത് വരാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പും തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പിയുടെ വിജയ സാധ്യതയുമാണ്. രാജാധികാരത്തോട് ഇപ്പൊഴും വിധേയത്വം പ്രകടിപ്പിക്കുന്ന തിരുവനന്തപുരത്തെ രാഷ്ട്രീയ സമൂഹം ചിലപ്പോള്‍ കൊടിയുടെ നിറം നോക്കാതെ തന്നെ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിച്ചേക്കാം എന്ന സാധ്യത അതിലൊളിഞ്ഞു കിടപ്പുണ്ട്.
എന്തായാലും ജനാധിപത്യം രാജാധികാരത്തിന്‍റെ ഔദാര്യമാണെന്ന തോന്നലാണ് നമ്മുടെ പുതിയ ഭരണാധികാരികള്‍ സൃഷ്ടിക്കുന്നത്. മഹാരാജാവ് തീരുമനസെന്ന അഭിസംബോധനയില്‍ തുടങ്ങി പഴയ രാജാധികാര കാലത്തെ ഭാഷ പ്രയോഗങ്ങളുടെ വിവേചനമില്ലാത്ത ഉപയോഗത്തില്‍ വരെ എത്തി നില്ക്കുന്നു അത്. മാര്‍ത്താണ്ഡ വര്‍മ്മയുടെ മരണത്തോടെ കേരളത്തിലെ രാജ വംശങ്ങളുടെ ചരിത്രത്തിലെ വലിയൊരു കാലഘട്ടം തന്നെയാണ് അവസാനിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ തുല്യതാബോധം കുറച്ചുകൂടി ശക്തമായി ഉറപ്പിക്കുന്നു എന്നതാകും മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്യാണത്തിന്‍റെ ചരിത്രപരമായ പ്രാധാന്യം.
ഇത്രയും കൂടി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് ഇടതു പക്ഷ മുന്നണി നടത്തിവരുന്ന ക്ലിഫ് ഹൌസ് ഉപരോധം മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്യാണത്തെ തുടര്‍ന്നു ഇന്നലെ നിര്‍ത്തിവച്ചു.