March 24, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

ഭൂമിയിലെ രാജാക്കന്‍മാര്‍

കാല്‍വിന്‍ ഒരു ജനത അതിന്റെ ജനാധിപത്യത്തെ എങ്ങിനെ സ്വായത്തമാക്കുന്നുവെന്നത് അതുവരെ കൈവരിച്ച മൂല്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ സ്വാധീനിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ദക്ഷിണേന്ത്യന്‍ പ്രദേശത്തുണ്ടായ രണ്ട് പഴയ രാജവംശപരമ്പരയിലെ കണ്ണികളുടെ മരണവും അവ അതാത് പ്രദേശങ്ങളില്‍ സൃഷ്ടിച്ച പൊതുപ്രതികരണവും അത്തരം ചില ചിന്തകളിലേക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. സംഭവങ്ങള്‍ തമ്മിലുള്ള സമാനതകള്‍ ഇവയാണ്.   1. രണ്ട് മരണങ്ങളും ഏതെങ്കിലും തരത്തില്‍ ഉള്ള പൊതു അവധികള്‍ക്ക് വഴി വെച്ചു. 2. മരണപ്പെട്ട ഇരുവരെയും മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചതും സംബോധന ചെയ്തതും […]

കാല്‍വിന്‍

ഒരു ജനത അതിന്റെ ജനാധിപത്യത്തെ എങ്ങിനെ സ്വായത്തമാക്കുന്നുവെന്നത് അതുവരെ കൈവരിച്ച മൂല്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ സ്വാധീനിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ദക്ഷിണേന്ത്യന്‍ പ്രദേശത്തുണ്ടായ രണ്ട് പഴയ രാജവംശപരമ്പരയിലെ കണ്ണികളുടെ മരണവും അവ അതാത് പ്രദേശങ്ങളില്‍ സൃഷ്ടിച്ച പൊതുപ്രതികരണവും അത്തരം ചില ചിന്തകളിലേക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. സംഭവങ്ങള്‍ തമ്മിലുള്ള സമാനതകള്‍ ഇവയാണ്.

 

1. രണ്ട് മരണങ്ങളും ഏതെങ്കിലും തരത്തില്‍ ഉള്ള പൊതു അവധികള്‍ക്ക് വഴി വെച്ചു. 2. മരണപ്പെട്ട ഇരുവരെയും മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചതും സംബോധന ചെയ്തതും ഒരു ജനാധിപത്യം ആവശ്യപ്പെടാത്ത തരത്തിലുള്ള രാജഭക്തിയോടെയായിരുന്നു. 3. ജനങ്ങള്‍ക്കിടയില്‍ ഒരു പക്ഷമെങ്കിലും ആ മരണങ്ങളെ പൊതുദുഃഖാചരണത്തിനുള്ള കാരണമായി കണ്ടു.
 
ഏതെങ്കിലും ഒരു ഒഴിഞ്ഞ മൂലയിലല്ല സംഭവങ്ങള്‍ അരങ്ങേറിയത്, മറിച്ച് സര്‍ക്കാര്‍, മാധ്യമങ്ങള്‍, ജനങ്ങള്‍ എന്നിങ്ങനെ സംവിധാനത്തിലെ വിവിധ മൂലകങ്ങള്‍ ഒത്തൊരുമിച്ചാണ് രാജഭക്തിയെ താന്‍ മുന്‌പേ താന്‍ മുന്‌പേ എന്ന വണ്ണം ഏറ്റെടുത്തത് എന്നതാണ് ഇവിടെ പ്രത്യേകം എടുത്തു കാണേണ്ടുന്ന വസ്തുത. ഇതില്‍ സര്‍ക്കാറിന്റെ ഭാഗം തന്നെയെടുക്കുക. മുന്‍മന്ത്രിമാരുടെയോ പ്രസിഡന്റിന്റെയോ തന്നെ മരണത്തിന്റെ വേളയില്‍ പൊതു അവധി ആവശ്യമില്ല എന്നതാണ് ഇന്ന് ഇന്ത്യ പിന്തുടരുന്ന നിയമം. നിലവില്‍ പദവിയിലിരിക്കുന്നവര്‍ മരിക്കുന്ന സാഹചര്യത്തില്‍ മാത്രമേ അവധി പ്രഖ്യാപിക്കാറുള്ളൂ. എന്നാല്‍ ജനാധിപത്യ റിപ്പബ്ലിക് അംഗീകരിക്കുന്ന ഒരു പദവിയും ഭൂതകാലത്ത് പോലും കയ്യാളാതിരുന്നിട്ട് പോലും രാജകുടുംബാംഗത്തിന്റെ നിര്യാതനവേളയില്‍ തിരുവനന്തപുരത്ത് ജില്ലാകളക്റ്റര്‍ തന്നില്‍ നിക്ഷിപ്തമായ വിവേചനാധികാരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാനായി ഉപയോഗിക്കുകയാണ് ഉണ്ടായത്.
 
 
അടിച്ചമര്‍ത്തപ്പെട്ട ജനത അധികാരത്തോട് നേരിട്ടിടഞ്ഞ് ഭരണകൂടത്തില്‍ നിന്നും തങ്ങളുടെ സ്വയം നിര്‍ണയാവകശം തട്ടിപ്പറിച്ചെടുക്കുമ്പോള്‍ അത് സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ആകെത്തന്നെ മാറ്റിമറിക്കുന്നുണ്ട്. ഇന്ന് നാം എത്തിച്ചേര്‍ന്ന ധാര്‍മ്മികമൂല്യങ്ങള്‍ കൊണ്ടളക്കുമ്പോള്‍ ഗില്ലറ്റിനുകളില്‍ ഒടുങ്ങേണ്ടിവന്ന രാജവംശങ്ങള്‍ ഒരു മനുഷ്യാവകപ്രശ്‌നമായിത്തന്നെ അവശേഷിക്കുന്നുവെന്നത് ശരി. എന്നാല്‍ സ്വേച്ഛാധികാരത്തോടും ഏകാധിപത്യത്തോടുമുള്ള ഒടുങ്ങാത്ത സമരത്തിന്റെ ബിംബമായെങ്കിലും രാജാവിനെയും രാജഭക്തിയെയും വേരോടെ പറിച്ചെറിയേണ്ടത് പല തരത്തിലും ആവശ്യമാണ്. മനുഷ്യനെ നിലനിര്‍ത്തി പദവികളെ വലിച്ചൂരിയെറിഞ്ഞുകൊണ്ട് സാധ്യമാകാവുന്ന ഒരു വിപ്ലവം. എന്നാല്‍ ഇത്തരത്തില്‍ ഒരു സാമൂഹ്യമാറ്റത്തിന്റെ അഭാവം പല ഇന്ത്യന്‍ പ്രവിശ്യകളും അല്പാല്പമായെങ്കിലും അനുഭവിക്കുന്നുണ്ട്.
 
മറ്റു പലതുമെന്നത് പോലെ ഇന്ത്യ ജനാധിപത്യത്തെയും ഏറ്റുവാങ്ങിയത് പടിഞ്ഞാറില്‍ നിന്നാണെന്നത് പ്രബലമായ ഒരു വീക്ഷണമാണ്. അതിനോടുള്ള വിയോജിപ്പുകളും അത്ര തന്നെയുണ്ട്. എന്നാല്‍ തര്‍ക്കരഹിതമായ കാര്യം മറ്റു പല ദേശങ്ങളെയും അപേക്ഷിച്ച് താരതമ്യേന അനായാസകരമായ ഒരു അധികാരക്കൈമാറ്റത്തിലൂടെയായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നും ഇന്ത്യന്‍ ബൂര്‍ഷ്വാസി അധികാരത്തെ കൈയാളിയത് എന്ന വസ്തുതയാണ്. ഈ അധികാരക്കൈമാറ്റത്തിനിടെയാണ് ഒരു പക്ഷേ ലോകം കണ്ടതില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലുകളും പലായനങ്ങളും വര്‍ഗീയസംഘട്ടനങ്ങളും കൊലപാതകങ്ങളും അരങ്ങേറിയത് എന്നത് സത്യം. എന്നാല്‍ അത് അധികാരത്തോട് ഇടഞ്ഞുകൊണ്ടായിരുന്നില്ല. മറിച്ച് വര്‍ഗീയതയുടെ പേരില്‍ ഇന്ത്യന്‍ ജനത പരസ്പരം കടിച്ചുകീറുകയായിരുന്നു. അതിനാല്‍ത്തന്നെ വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നു. ഇരുവശത്തെയും ഭരണകൂടങ്ങളുടെയും അധികാരികളുടെയും താല്പര്യം സംരക്ഷിച്ചുകൊണ്ട് അതിര്‍ക്കപ്പുറത്തും ഇപ്പുറത്തുമുള്ള അത്താഴപ്പഷ്ണിക്കാര്‍ കാരണമൊന്നും കൂടാതെ പരസ്പരം വെറുക്കുകയും ചെയ്യുന്നു.
 
വെള്ളക്കാരന്റെ ഭരണത്തിനും മുന്പ് തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനാധിപത്യത്തിന്റെ ജനനത്തിനാവശ്യമായ മൂലകങ്ങള്‍ നിലനിന്നിരുന്നുവെന്ന് അമര്‍ത്യാ സെന്നിനെപ്പോലെ ഉള്ളവര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്[1]. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ വന്നില്ലായിരുന്നുവെങ്കിലും ഇന്ത്യ താനെ ജനാധിപത്യസംവിധാനത്തില്‍ എത്തിച്ചേരുമായിരുന്നു എന്ന് സെന്‍ കണക്കാക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വേറിട്ട ഒരു വീക്ഷണം അല്പകാലം മുന്പ് ബ്രിട്ടീഷ് ചരിത്രകാരനായ പെറി ആന്‍ഡേഴ്‌സണ്‍ മൂന്ന് ഉപന്യാസങ്ങളിലൂടെയും[2] പിന്നീട് പുസ്തകത്തിലൂടെയും[3] മുന്നോട്ട് വെയ്ക്കുകയുണ്ടായി. ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാനശിലകള്‍ അങ്ങേയറ്റം ദുര്‍ബലമാണെന്നും അനിവാര്യമായ ഒരു പതനം അതിനെ കാത്തിരിക്കുന്നു എന്നും മറ്റുമാണ് ആന്‍ഡേഴ്‌സന്‍ പറയാന്‍ ശ്രമിച്ചത്. കൂട്ടത്തില്‍ എം.കെ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു മുതലായ ബിംബങ്ങളെ വിമര്‍ശിക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലുള്ള സംഘടനകളെ എത്രയും പെട്ടെന്ന് പിരിച്ചുവിടേണ്ടത് അത്യാവശ്യമാണെന്നും പറയാന്‍ ആന്‍ഡേഴ്‌സന്‍ മടിച്ചില്ല. തുടര്‍ന്ന് വിവിധ ഇന്ത്യന്‍ ബുദ്ധിജീവികള്‍ പെറി ആന്‍ഡേഴ്‌സനെ ഖണ്ഡിച്ചു കൊണ്ട് എഴുതുകയുണ്ടായി. ഉദാഹരണത്തിന് മൂലധനത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഇടപെടലുകളെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് ആന്‍ഡേഴ്‌സന്‍ തന്റെ വാദങ്ങളെ അവതരിപ്പിക്കുന്നത് എന്ന് പ്രഭാത് പട്‌നായിക് അഭിപ്രായപ്പെടുന്നു[4]. ആധുനികതയുമായുള്ള ഇന്ത്യന്‍ ജനതയുടെ മുഖാമുഖം അങ്ങേയറ്റം സങ്കീര്‍ണമാണെന്നത് ആന്‍ഡേഴ്‌സന്‍ കാണാതെ പോകുന്നുവെന്നും പകരം എല്ലാ പ്രശ്‌നങ്ങളെയും നിശ്ചലമയ മത,ജാതി പ്രശ്‌നങ്ങളായി മാത്രം വിലയിരുത്തുന്നുവെന്നും പങ്കജ് മിശ്ര അഭിപ്രായപ്പെടുന്നു[5]. 
 
 
സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള ഇന്ത്യന്‍ ജനതയുടെ കാഴ്ചപ്പാടുകള്‍ അങ്ങേയറ്റം സങ്കീര്‍ണമാണെന്നത് ഒരു വസ്തുതയാണ്. വൈരുദ്ധ്യങ്ങളുടെ ഒരു കലവറ കൂടിയാണ് ഇന്ത്യന്‍ പോളിറ്റി. ഇവിടെ പ്രശ്‌നപാത്രമായ തിരുവിതാംകൂര്‍ രാജവംശത്തിന്റെ തന്നെ കാര്യമെടുക്കുക. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് സ്വതന്ത്രമായ ഒരു രാഷ്ട്രമായി തിരുവിതാംകൂറിനെ നിലനിര്‍ത്താന്‍ തുടക്കത്തിലെങ്കിലും ശ്രമങ്ങളുണ്ടായി. അവയെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചത് വല്ലഭഭായി പട്ടേലായിരുന്നു. തിരുവിതാംകൂറില്‍ മാത്രമല്ല അഖണ്ഡ ഇന്ത്യയ്ക്കുവേണ്ടി മറ്റിടങ്ങളിലും പട്ടേല്‍ തന്റെ ഉരുക്കുമുഷ്ടി പ്രയോഗിച്ചിരുന്നു. എന്നാല്‍ ഇതേ പട്ടേലിനെ ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദുത്വപാര്‍ട്ടികള്‍ അവരുടെ അജണ്ട പ്രചരിപ്പിക്കാന്‍ ഈയിടെയായി ശ്രമം തുടങ്ങിയിരിക്കുന്നത്. അതേ സമയം മൃദുഹിന്ദുത്വ, സവര്‍ണ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ തന്നെയാണ് രാജഭക്തിയെ കേരളത്തിലും ഇതരയിടങ്ങളിലും കൊണ്ടാടാന്‍ ശ്രമിക്കുന്നത് എന്നതും ഈ വൈരുദ്ധ്യങ്ങളുടെ ഒരു ഭാഗമാണ്. മറ്റൊരു വശത്ത് പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും ആകെ പ്രതികരിച്ചത് എം.എല്‍.എ കൂടിയായ വി.ടി. ബല്‍റാം മാത്രമാണ്. എന്നാല്‍ ബല്‍റാം ഉള്‍പ്പെടുന്ന സംഘടനയുടെ ഉള്‍പ്പാര്‍ട്ടിജനാധിപത്യം നഷ്ടമായിട്ടു നാളുകളേറെയായി എന്ന് സൗകര്യപൂര്‍വം എം.എല്‍.എ മറക്കുന്നു. രാജഭരണത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത വിധം കുടുംബവാഴ്ചയിലേക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും കൂപ്പുകുത്തിയിരിക്കുന്നു.
 
ഇന്ത്യന്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് തന്നെയാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. അടിത്തട്ടില്‍ നിന്നുമുള്ള ചില മാറ്റങ്ങളും ഉണര്‍വുകളും എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഫാസിസം ഇങ്ങ് പടിക്കലോളം വന്നെത്തി നില്‍ക്കുന്ന വേളയില്‍ പ്രത്യേകിച്ചും.
 
റഫറന്‍സ്

[1]. Argumentative Indian – Amartya Sen

[2]. (a) Gandhi Centre stage (b) Why Partition? (c) After Nehru – Essays – Perry Anderson

[3]. Indian Ideology – Perry Anderson

[4]. Modern India sans the Impact of Capitalism – Prabhath Patnaik

[5]. India and Ideology , Why Western Thinkers Struggle With the Subcontinent – Pankaj Mishra

 

[യഥാര്‍ത്ഥ പേര് ശ്രീഹരി ശ്രീധരന്‍. ഇപ്പോള്‍ ചെന്നൈയില്‍ ഐറ്റി മേഖലയില്‍ ജോലി. കോഴിക്കോട് സ്വദേശി]

×