April 20, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

വി.എസ് ആം ആദ്മി പാര്‍ട്ടിയിലേക്കോ? ക്ഷണിക്കാന്‍ പ്രശാന്ത് ഭൂഷണെത്തുന്നു

ടീം അഴിമുഖം   സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമോ? പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ നാളെ കേരളത്തിലെത്തുന്നത് വി.എസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനാണെന്നാണ് വിവരം. ആം ആദ്മി പാര്‍ട്ടി ഈയിടെ ഡല്‍ഹിയില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയത്തില്‍ വി.എസിനും മതിപ്പുണ്ടെന്നും അദ്ദേഹം ഒരു ‘അറ്റകൈ’ തീരുമാനം എടുത്താല്‍ അത്ഭുതപ്പെടാനില്ലെന്നും വിശ്വസനീയ വൃത്തങ്ങള്‍ വ്യക്തമാക്കി.    വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് […]

ടീം അഴിമുഖം
 
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമോ? പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ നാളെ കേരളത്തിലെത്തുന്നത് വി.എസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനാണെന്നാണ് വിവരം. ആം ആദ്മി പാര്‍ട്ടി ഈയിടെ ഡല്‍ഹിയില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയത്തില്‍ വി.എസിനും മതിപ്പുണ്ടെന്നും അദ്ദേഹം ഒരു ‘അറ്റകൈ’ തീരുമാനം എടുത്താല്‍ അത്ഭുതപ്പെടാനില്ലെന്നും വിശ്വസനീയ വൃത്തങ്ങള്‍ വ്യക്തമാക്കി. 
 
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ഈയിടെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസിനെ കെട്ടുകെട്ടിച്ച ശേഷം ഇനി ബി.ജെ.പിയെ കൂടി ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളായിരിക്കും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുക എന്നും ആം ആദ്മി നേതൃത്വം സൂചന നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നതിനൊപ്പം ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെയും മത്സര രംഗത്തിറങ്ങാന്‍ ആം ആദ്മി തയാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള കാര്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം ഇതിനകം തന്നെ ആരംഭിച്ചു. ഇതിനു പുറമെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വച്ചിട്ടുള്ള പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മധ്യവര്‍ഗ വോട്ടര്‍മാര്‍ ഏറെയുള്ള കേരളത്തില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ബദലായി വളരാനുള്ള ഇടം തങ്ങള്‍ക്കുണ്ടെന്നും ആം ആദ്മി നേതൃത്വം കരുതുന്നു. കേരളത്തില്‍ ബി.ജെ.പി വേരു പിടിക്കാത്ത സാഹചര്യവും അനുകൂലമാണെന്ന് ഇതുമായി ബന്ധപ്പെട്ട് ആം ആദ്മി നേതൃത്വം അഴിമുഖത്തോട് സൂചിപ്പിച്ചു. 
 

വി.എസ് അച്യുതാനന്ദന്‍
 
രാജ്യമൊട്ടാകെ ഇതിനകം തന്നെ 300-ലേറെ യൂണിറ്റികള്‍ ആം ആദ്മി പാര്‍ട്ടി തുറന്നു കഴിഞ്ഞു. ഇനി കേരളത്തില്‍ സജീവ ശ്രദ്ധ നല്‍കുന്നതിനാണ് പാര്‍ട്ടി ആലോചിക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗതമായി തന്നെ കോണ്‍ഗ്രസ് അല്ലെങ്കില്‍ കമ്യൂണിസ്റ്റ് എന്ന രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇവിടേക്ക് കടന്നു കയറുക എളുപ്പമല്ലെന്നും പാര്‍ട്ടി നേതൃത്വത്തിന് അറിയാം. അതിന് വി.എസിനെ പോലൊരു നേതൃത്വത്തിന്റെ ആവശ്യമുണ്ടെന്നും വി.എസ് എത്തിയാല്‍ കേരളം തങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുമെന്നുമാണ് ആം ആദ്മി പാര്‍ട്ടിയിലെ വിശ്വസനീയ വൃത്തങ്ങള്‍ തങ്ങളുടെ പദ്ധതികളെ കുറിച്ച് വിശദീകരിച്ചത്. 
 
കേരളത്തിനു പുറമെ പല സംസ്ഥാനങ്ങളിലേയും തലപ്പൊക്കവും മികച്ച പ്രതിച്ഛായയയുമുള്ള നേതാക്കളെ ആം ആദ്മി പാര്‍ട്ടി നോട്ടമിട്ടിട്ടുണ്ട്. ഇവരുമൊക്കെയായി വരും ദിവസങ്ങളില്‍ കൂടിക്കാഴ്ചയും നടന്നേക്കും. ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തെ വി.എസ് അഭിനന്ദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വി.എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആം ആദ്മി നേതൃത്വം കുറച്ചു ദിവസങ്ങളായി ശ്രമിക്കുന്നുമുണ്ടായിരുന്നു. കണ്ണ് ശസ്ത്രക്രിയയെ തുടര്‍ന്ന് വി.എസ് വിശ്രമിക്കുന്നതിനാലാണ് കൂടിക്കാഴ്ച നീണ്ടു പോയതെന്നാണ് വിവരം. 
 
വി.എസുമായി ഏറെ അടുപ്പമുള്ള അഭിഭാഷകന്‍ കൂടിയാണ് പ്രശാന്ത് ഭൂഷണ്‍. അഴിമതിക്കെതിരെ നടത്തുന്ന പല നിയമ പോരാട്ടങ്ങളിലും വി.എസ് പ്രശാന്ത് ഭൂഷണില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിക്കും വി.എസിനും യോജിച്ചു പോകാവുന്ന മേഖലകള്‍ ഉണ്ടെന്നും അഴിമതിക്കെതിരായ പോരാട്ടമാണ് ഇരു കൂട്ടരും നടത്തുന്നതെന്നുമാണ് വി.എസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിന്റെ അടിസ്ഥാന കാര്യമായി ആം ആദ്മി നേതൃത്വം സൂചിപ്പിക്കുന്നത്. 
 

അഡ്വ. പ്രശാന്ത് ഭൂഷന്‍
 
അതിനൊപ്പം, ജനവികാരം കണ്ടറിഞ്ഞ് അതിനൊപ്പിച്ച് തീരുമാനങ്ങളെടുക്കുകയും ജനത്തെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്ന വി.എസിന്റെ പ്രവര്‍ത്തന ശൈലി ആം ആദ്മി പാര്‍ട്ടിയൂടേതുമായി സാമ്യമുണ്ട്. വി.എസിനെ പോലൊരു തലമുതിര്‍ന്ന കമ്യൂണിസ്റ്റ് ഒപ്പം നിന്നാല്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി വേരു പിടിക്കാനും സാധ്യതയുണ്ട്. അതേ സമയം, വി.എസ് ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഇനിയും വ്യക്തമാകാത്തത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെന്ന് വിശ്വസിക്കുകയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് വി.എസ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടിലധികമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും ജീവിതവും അതാണ്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി വിവിധ വിഷയങ്ങളില്‍ കൊമ്പു കോര്‍ക്കുന്ന സാഹചര്യം ഏറെക്കാലമായി നിലനില്‍ക്കുന്നു.
 
പാര്‍ട്ടിക്കുള്ളില്‍ വി.എസ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുമായുള്ള സമ്പര്‍ക്കം എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. പ്രശാന്ത് ഭൂഷണ് വി.എസ് നല്‍കുന്ന മറുപടി രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചും ഏറെ പ്രധാനമായിരിക്കും. വി.എസ് ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം സ്വീകരിക്കുമോ? ആം ആദ്മി പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി വി.എസ് സ്വന്തം പാര്‍ട്ടിയോട് വിലപേശുമോ അതോ ആം ആദ്മി പാര്‍ട്ടിയെ ചൂണ്ടിക്കാട്ടി സ്വയം തിരുത്താന്‍ പാര്‍ട്ടി നേതൃത്വത്തെ ഉപദേശിക്കുമോ? ഇതിലേതാണ് സംഭവിക്കുകയെന്ന് വരും ദിവസങ്ങളിലറിയാം.
 

Leave a Reply

Your email address will not be published. Required fields are marked *

×