പ്രീത ജി.പി
ഈ അടുത്ത കാലത്ത് കേട്ട ചില വിധികളും കോടതി പരാമര്‍ശങ്ങളും ഒക്കെ കോടതികള്‍ സദാചാര കോടതികള്‍ ആയോ എന്ന സംശയം ഊട്ടി ഉറപ്പിക്കുന്നു. പൊതുബോധത്തിന്റെ പ്രതിനിധികളായി നമ്മുടെ ജനാധിപത്യ കോടതികള്‍ മാറുന്ന കാഴ്ച നാം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ അഫ്‌സല്‍, ഗോവിന്ദ ചാമി എന്നിവരുടെ ശിക്ഷ എന്താകും എന്ന് നമുക്ക് മുന്‍കൂട്ടി മനസിലായതും. പൊതുബോധം കോടതികളെ സ്വാധീനിക്കുമ്പോള്‍ നീതിക്ക് ഒപ്പം പക്ഷപാതിത്വം എന്നൊരു വാക്ക് കൂടി കൂട്ടിവായിക്കേണ്ടി ഇരിക്കുന്നു. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട കോടതികള്‍ പൊതുബോധത്തിന്റെ കാവല്ക്കരായി മാറുന്നോ?
വിവാഹവാഗ്ദാനം നല്‍കി നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ദില്ലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശം തീര്‍ച്ചയായും ഒരു പുരോഗമന സമൂഹത്തിന്റെ മുഖത്തുകൊണ്ട അടിയായിരുന്നു. വിവാഹപൂര്‍വ ലൈംഗീകത സദാചാര വിരുദ്ധവും മതപ്രമാണങ്ങള്‍ക്ക് എതിരുമാണ് എന്നായിരുന്നു ആ പരാമര്‍ശം. ഇത് കോടതിയുടെ ഉത്തരവാദിത്വത്തില്‍ പെടുന്ന കാര്യം ആണോ? പ്രതികളെ / വാദികളെ പൊതുസദാചാര ബോധങ്ങളില്‍ നിന്ന് ഉപദേശിക്കാന്‍ കോടതികള്‍ക്ക് എന്ത് അധികാരമാണ് ഉള്ളത്. സമൂഹം അനുശാസിക്കുന്ന സദാചാരം നടപ്പിലാക്കുകയാണോ കോടതികള്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ ഭരണഘടന നന്നായി ഒന്ന് വായിച്ചാല്‍ ഇവിടുത്തെ മതങ്ങള്‍ മനുഷ്യത്വവിരുദ്ധമാണ് എന്ന് അറിയാന്‍ ഈ കോടതികളിരിക്കുന്നവര്‍ക്ക് കഴിയുന്നില്ല എങ്കില്‍? ഒരു കേസ് നിയമവിരുദ്ധം അല്ലെങ്കില്‍ ഭരണഘടനാ വിരുദ്ധം ആണോ അല്ലയോ എന്ന് മാത്രം തീരുമാനിക്കാന്‍ അധികാരം ഉള്ള കോടതികള്‍ മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നു എങ്കില്‍ നമ്മള്‍ ഏതോ ഗോത്ര സമൂഹത്തിന്റെ ഭാഗം മാത്രമാണെന്ന് പറയേണ്ടി വരും. നമ്മള്‍ പുരോഗമിച്ചിട്ടേ ഇല്ല.

മുമ്പൊരിക്കല്‍ മറ്റൊരു കേസില്‍ ‘ഭാര്യമാര്‍ സീതാദേവിയെ പോലെ ആകണം’ എന്ന് നിരീക്ഷണം നടത്തിയ കോടതി ലിംഗസമത്വം ഉറപ്പാക്കേണ്ട ഒരു ജനാധിപത്യ സംവിധാനത്തിന് അപമാനകരമാണ് എന്ന് പറയാതെ വയ്യ. ഇവിടെ ന്യായാധിപന്മാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധിയെ സ്വാധീനിക്കുന്നു എന്നതിലുപരി ഇത് പോലെ ഉള്ള പദവികള്‍ വഹിക്കുന്നവര്‍ പോലും മനുഷ്യ വിരുദ്ധ / സ്ത്രീവിരുദ്ധ പൊതുബോധത്തിന്റെ വക്താക്കള്‍ ആകുന്നു എന്നതാണ് വസ്തുത.
ഈ അടുത്തകാലത്ത് കണ്ട ഏറ്റവും മനുഷ്യത്വവിരുദ്ധമായ മറ്റൊരു വിധി ആയിരുന്നു സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ് എന്നത്. ഒറ്റ ദിവസം കൊണ്ട് നമ്മുടെ സഹജീവികളില്‍ പലരും ക്രിമിനലുകള്‍ ആയി. അവരുടെ സ്വാഭാവിക ജന്മവാസനയുടെ പേരിലാണ് അതെന്നോര്‍ക്കണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന് അഭിമാനിക്കുന്ന ഇന്ത്യ ലോകത്തിനു മുമ്പില്‍ നാണംകെട്ട് നിന്ന ദിനം. ലൈംഗിക ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനായി നമ്മുടെ ഭരണഘടനയില്‍ ഒരു വകുപ്പ് (IPC 377) തന്നെ നിലനില്ക്കുന്നു. അപ്പോഴും നമുക്ക് വിളിച്ചുകൂവാം, ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനയാണ് നമ്മുടേത് എന്ന്.

അയോധ്യാ വിഷയത്തില്‍ വിധിപറഞ്ഞ കോടതിനിലപാടുകള്‍ ദൈവത്തിലും പുരാണങ്ങളിലുമുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് എന്നത് നാം കണ്ടതാണ്. നിയമത്തിനു മുകളില്‍ വിശ്വാസത്തിനു മുന്‍ഗണന നല്കിയ ആ വിധി മതേതര രാജ്യത്തെ ഏറ്റവും വലിയ തമാശയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഇവിടെയും പ്രവര്‍ത്തിച്ചത് പൊതു ബോധത്തെ തൃപ്തിപ്പെടുത്തുക എന്ന അജണ്ട തന്നെ ആവാം. മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാര്‍ ആകേണ്ട കോടതി മുറികള്‍ മനുഷ്യാവകാശലംഘനങ്ങളുടെ, മനുഷ്യവിരുദ്ധ പൊതു ബോധത്തിന്റെ പ്രചാരകര്‍ ആകുമ്പോള്‍ നമ്മള്‍ നീതി തേടി എവിടെ പോകണം?