തെങ്ങിന്‍ മടലു കൊണ്ടുള്ള ബാറ്റും ശീമക്കൊന്നയുടെ കമ്പ് സ്റ്റമ്പുമാക്കി, ഓട്ടിന്‍പുറവും വേലിയും ബൗണ്ടറിയാക്കിയും ക്രിക്കറ്റ് കളിച്ചുവളര്‍ന്ന മലയാളിയുടെ കുട്ടിക്കാലം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ പ്രേക്ഷകരുടെ മനസ് ഒരു നിമിഷം തങ്ങളുടെ കുട്ടിക്കാലത്തേക്ക് പോയിരിക്കണം, ആ ഓര്‍മയില്‍ വിതുമ്പിയിരിക്കണം, നൊമ്പരപ്പെട്ടിരിക്കണം. കപിലിന്റെ ചെകുത്താന്മാര്‍ ലോക ക്രിക്കറ്റ് ഭൂപടത്തില്‍ ഇന്ത്യയുടെ പേരെഴുതി ചേര്‍ത്തപ്പോള്‍ എബ്രിഡ് ഷൈന്‍ എന്ന പയ്യന്‍ പാടത്തും പറമ്പിലുമൊക്കെ ക്രിക്കറ്റ് കളിച്ചു നടക്കുകയായിരുന്നു. വളര്‍ന്നപ്പോള്‍ ജീവിതം നല്‍കിയത് ഫാഷന്‍ ഫോട്ടോഗ്രാഫറുടെ വേഷം. എന്നാല്‍ സച്ചിനെയും ക്രിക്കറ്റിനെയും നെഞ്ചേറ്റുന്ന മറ്റേതൊരു ഇന്ത്യക്കാരനേയും പോലെ തന്നെയായിരുന്നു അയാളും. ആ സ്‌നേഹം സ്‌ക്രീനിലെത്തിച്ചപ്പോള്‍ 2014-ലെ ആദ്യ സൂപ്പര്‍ഹിറ്റ് പിറന്നു. 1983 എന്ന ഒറ്റ സിനിമയിലുടെ മലയാളിയുടെ മനസിലേക്ക് ബൗണ്ടറികള്‍ പായിച്ച സംവിധായകന്‍ എബ്രിഡ് ഷൈന്‍ സിനിമ കൊട്ടകയില്‍.
ഫ്രേമുകളുടെ ലോകത്തേക്ക്
ഓരോ ചെറുപ്പക്കാരുടേയും ഇഷ്ടങ്ങളില്‍ ഒരു ഭ്രമമായി തന്നെ സിനിമ നില്‍ക്കാറുണ്ട്. എന്റെ ജീവിതവും അത്തരത്തില്‍ തന്നെയായിരുന്നു. കോളേജ് കാലത്തൊന്നും പക്ഷേ, സിനിമാക്കാരനാകണമെന്ന് തോന്നിയിട്ടില്ല. പിന്നീട് ഫോട്ടോഗ്രാഫി എന്ന പ്രൊഫഷനിലേക്ക് എത്തിയതു മുതലാണ് കഥ പറയുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പശ്ചാത്തല സംഗീതമോ മറ്റോ ഇല്ലാതെ ഫോട്ടോകളിലൂടെ കഥ പറയുന്ന ഫോട്ടോ ഫീച്ചറുകളാണ് ചെയ്തിരുന്നത്. ആ രീതിയില്‍ നിന്നാണ് സിനിമാ ചിന്തയിലേക്ക് എത്തിയതും. വനിതയില്‍ ഫോട്ടോഗ്രാഫറായിരുന്ന കാലമാണ് ഇങ്ങനെയൊരു ചിന്ത സമ്മാനിക്കുന്നത്.

ഓരോ മനുഷ്യനും പറയാനുണ്ടാകും ഒരു കഥ. ആ കഥയ്ക്ക് സാങ്കേതികതയെ കുട്ടുപിടിക്കുമ്പോള്‍ സിനിമ പിറക്കുകയായി. വനിതയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് എനിക്ക് മുമ്പേ നടന്ന് വഴികാട്ടിയായത്. മാര്‍ട്ടിന്‍ ചെയ്ത സിനിമകളുടെ വിജയം തന്ന ആത്മവിശ്വാസവും സിനിമയിലേക്കുള്ള പ്രചോദനമായി. മുമ്പ് കേരള കഫേയില്‍ ഞാന്‍ ലാല്‍ ജോസ് സാറിന്റെ അസിസ്റ്റന്റ് ആയി പുറംകാഴ്ചയിലും മാര്‍ട്ടിന്‍, അന്‍വര്‍ റഷീദിന്റെ അസിസ്റ്റന്റ് ആയി ബ്രിഡ്ജിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയിലെ മുന്‍പരിചയം അതാണ്. ലാല്‍ ജോസ് സാറാണ് സിനിമയിലെ എന്റെ ഗുരു. നേരത്തെ പറഞ്ഞതു പോലെ എല്ലാവരിലും ഒരു കഥാകാരനും സംവിധായകനും ഉണ്ട്. അത് തിരിച്ചറിയാനും മറ്റുള്ളവര്‍ക്ക് രസിക്കുന്ന രീതിയില്‍ കഥ പറയാനും കഴിയുന്നിടത്താണ് ഓരോരുത്തരും വിജയിക്കുന്നത്. ഫ്രേമുകളും ഫോട്ടോഗ്രാഫിയും തന്നെയാണ് അന്നും ഇന്നും എന്റെ ഊര്‍ജം. നല്ല കുറേ ഫോട്ടോകളും നല്ല സിനിമയും. അതാണ് സ്വപ്നം.
1983 എന്ന നൊസ്റ്റാള്‍ജിയ
1983 ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ്. ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ വര്‍ഷം. എന്റെ ജീവിതത്തില്‍ നടന്ന കഥയാണ് 1983 എന്ന ഈ സിനിമ, ഞാനും എന്റെ മകനും തമ്മില്‍ നടന്ന കഥ. അതില്‍ ചെറിയ ആത്മകഥാംശം ഉണ്ട്. സാധാരണക്കാരനായ ഞാന്‍ എനിക്കറിയാവുന്ന രീതിയില്‍ പറഞ്ഞപ്പോള്‍ അതേ ഫീലിംഗ്‌സ് ഉള്ള പ്രേക്ഷകര്‍ അത് ഏറ്റെടുത്തു. വലിയൊരു ഭൂരിപക്ഷത്തിന് ഇഷ്ടമായതു കൊണ്ട് സിനിമ വിജയിക്കുകയും ചെയ്തു.
നല്ലത് എന്ന വാക്ക് തികച്ചും ആപേക്ഷികമാണ്. ഒരാള്‍ക്ക് ഇഷ്ടമായത് മറ്റൊരാള്‍ക്ക് ഇഷ്ടമാകണമെന്നില്ല. പക്ഷേ വലിയൊരു വിഭാഗം അതിഷ്ടപ്പെടുമ്പോള്‍ സിനിമ വിജയമാകുന്നു. നൊസ്റ്റാള്‍ജിയ ഓരോരുത്തരുടേയും ജീവിതത്തില്‍ കഴിഞ്ഞു പോയ നല്ല മുഹൂര്‍ത്തങ്ങളാണ്. അത് അനുഭവിച്ചവര്‍ അത് വീണ്ടും മുന്നില്‍ കാണുമ്പോള്‍ സന്തോഷിക്കും. എന്റെ നല്ല ഓര്‍മകള്‍ കൂട്ടിച്ചേര്‍ത്തു വച്ചതാണ് ഈ സിനിമ. ആത്മാര്‍ഥമായി തന്നെ അത് പറയാന്‍ ശ്രമിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ 1983 എന്ന സിനിമ എന്റെ ജീവിതം തന്നെയാണ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ നാലുമാസമെടുത്തു. ഓരോ മലയാളിയും സിനിമ ഏറ്റെടുത്തതും തിയേറ്ററുകളിലെ ഹൗസ്ഫുള്‍ ബോര്‍ഡുകളും ഇപ്പോള്‍ സന്തോഷം നല്‍കുന്നു.
ജനറല്‍ ആയ ഒരു മൂഡാണ് ഈ സിനിമയിലൂടെ ഉദ്ദേശിച്ചത്. ഒരിക്കലെങ്കിലും ക്രിക്കറ്റ് കളിച്ചവര്‍ക്ക് ഇഷ്ടപ്പെടണം എന്ന രൂപത്തിലായിരുന്നു അത് ഒരുക്കിയതും. എന്തായാലും അതിപ്പോള്‍ പ്രേക്ഷകര്‍ക്കും ഇഷ്ടമായി എന്നത് തികച്ചും സന്തോഷം നല്‍കുന്ന കാര്യമാണ്.
ഓലാഞ്ഞാലിക്കുരുവിയും നിവിന്‍ പോളിയും
വാണിയമ്മയുടെ ഒരു വലിയ ഫാനാണ് ഞാന്‍. അവര്‍ പാടിയ ഏതോ ജ•കല്‍പ്പനയില്‍ല്‍ ഒക്കെ എത്ര തവണ കേട്ടിരിക്കുന്നു എന്ന് എനിക്കു തന്നെ അറിയില്ല. എണ്‍പതുകളിലെ ആ ഒരു മൂഡ് ഉണ്ടാക്കണമെങ്കില്‍ അവരുടെ ശബ്ദം വേണമെന്ന് തോന്നി. സംഗീത സംവിധായകന്‍ ഗോപി സുന്ദറോട് പറഞ്ഞപ്പോള്‍ അവരെ തേടിപ്പോവുകയാണ് ചെയ്തത്. ജയചന്ദ്രന്‍ സാറും പാട്ടിലേക്കെത്തിയതോടെ നല്ല ഒരു ഇമ്പത്തില്‍ ആ പാട്ട് പിറന്നു. സിനിമ ഇറങ്ങുന്നതിനു മുമ്പു തന്നെ പാട്ട് ഹിറ്റായിരുന്നു. അതുമൂലം സിനിമയിലേക്കുള്ള പ്രേക്ഷകരുടെ താത്പര്യം വര്‍ധിപ്പിക്കാനും കഴിഞ്ഞു.
വനിതയുടെ ഒരു ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് നിവിന്‍ പോളിയുമായി നേരത്തെ പരിചയമുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ ഇതിലെ കേന്ദ്രകഥാപാത്രത്തിന് നിവിന്റെ മുഖം തന്നെയായിരുന്നു എന്റെ മനസില്‍ ആദ്യം മുതല്‍ക്കെ. നായികയായി ആദ്യം മറ്റൊരു നടിയെയായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവരുടെ ഡേറ്റുമായി ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മറ്റൊരാളെ തേടുകയായിരുന്നു. ഷൂട്ടിംഗ് തുടങ്ങി അഞ്ചാമത്തെ ദിവസമാണ് നികിതയെ നായികയായി തീരുമാനിക്കുന്നത്. അങ്ങനെ എല്ലാം ഭംഗിയായി നടന്നു. ലാല്‍ ജോസ് സാറിന്റെ LJ Films ഇതിന്റെ വിതരണവും ഏറ്റെടുത്തു. LJ തീര്‍ച്ചയായും ഒരു പ്രതീക്ഷയും അത്താണിയുമാണ് പുതിയ സംവിധായകര്‍ക്ക്. ഇപ്പോഴുള്ള വിജയത്തിന്റെ വലിയ പങ്ക് LJയ്ക്കു കൂടി അവകാശപ്പെട്ടതാണ്. ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും ഗുരുകൂടിയായ ലാല്‍ ജോസ് സാറിനോടാണ്.
റിലീസ് ദിനത്തിന്റെ ആശങ്കയും ആവേശവും
ആ വെള്ളിയാഴ്ച തലേന്ന് മുഴുവന്‍ ആലോചനയിലും ആശങ്കയുടെ മുള്‍മുനയിലുമായിരുന്നു. രാത്രി മുഴുവന്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്തെല്ലാമോ ആലോചിച്ച് രാത്രി കഴിച്ചുകൂട്ടി. പുലരാറായപ്പോഴോ മറ്റോ ആണ് കിടന്നത്. നേരം വെളുത്തതും വീണ്ടും ചാടിയെണീറ്റു. ടെന്‍ഷന്റെ നിമിഷങ്ങളായിരുന്നു പിന്നീട്. എറണാകുളം പത്മയിലായിരുന്നു ആദ്യ ഷോ കാണാന്‍ പോയത്. ജനം സിനിമ ആസ്വദിക്കുന്നതു കണ്ടപ്പോള്‍ ശരിക്കും കണ്ണു നിറഞ്ഞു പോയി. 1983 യാഥാര്‍ഥ്യമാക്കിയ എല്ലാവര്‍ക്കുമായി സിനിമ ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തു.
അതിനുമുമ്പ് ആദ്യ സിനിമ എന്ന മുഴുവന്‍ ആവേശവുമായി സിനിമ ഷൂട്ട് ചെയ്ത ഗ്രാമത്തിന്റെ മുക്കിലും മൂലയിലും സുഹൃത്തുക്കളോടൊത്ത് പോസ്റ്ററൊട്ടിക്കാന്‍ പോയി. LJയ്ക്ക് പോസ്റ്ററൊട്ടിക്കാന്‍ ആളില്ലാത്തതുകൊണ്ടായിരുന്നില്ല അത്. നമ്മുടെ ആദ്യസംരഭത്തോട് നമുക്കുള്ള അടക്കാനാവാത്ത ഒരുതരം പ്രണയം എന്നൊക്കെ വേണേല്‍ പറയാം. പിന്നീട് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ സിനിമ ചര്‍ച്ചയായപ്പോള്‍, നല്ല നല്ല റിവ്യൂസ് വന്നപ്പോള്‍, പ്രഗത്ഭരായ ഒരുപാട് പേര്‍ എന്റെ പേരെടുത്ത് അഭിനന്ദിച്ചപ്പോള്‍ ശരിക്കും കണ്ണു നിറഞ്ഞുപോയി. എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാന്‍ കഴിയുന്നതിലും വലിയ നേട്ടമാണിതൊക്കെ. ആ റിവ്യൂസ് എല്ലാം ഡൗണ്‍ലോഡ് ചെയ്ത് ബൈന്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എന്നെപ്പോലൊരു സാധാരണക്കാരന് ഇതെല്ലാം വലിയ നേട്ടങ്ങള്‍ തന്നെയാണ്.
പിന്നീട് ഞാന്‍ ചില തീയേറ്ററുകളിലൊക്കെ ആളുകളുടെ പ്രതികരണം കാണാന്‍ വേണ്ടി പോയി. ക്യൂ നിന്ന് ടിക്കറ്റെടുത്ത്, ഇടയ്ക്കുള്ള വരിയിലൊക്കെ ഇരുന്ന് സിനിമ കണ്ടു. അപ്പുറവും ഇപ്പുറവുമൊക്കെ ഇരിക്കുന്നവര്‍ തലതല്ലിച്ചിരിക്കുന്നതു കണ്ട് ഞാനും ചിരിച്ചു. എന്നെ ആരും തിരിച്ചറിയാത്തതുകൊണ്ട് ഞാനും അവരിലൊരാളായി. മുമ്പ് പറഞ്ഞ ഫേസ്ബുക്കിലെ പോസ്റ്റും പോസ്റ്റര്‍ ഒട്ടിച്ചതുമൊക്കെ എന്റെ വ്യക്തിപരമായ ആനന്ദമായിരുന്നു. ഒരിക്കലും അതൊരു വില്‍പ്പന തന്ത്രമായിരുന്നില്ല. അതിനുള്ള സ്വാതന്ത്ര്യം ഒരു സാധാരണക്കാരനെന്ന നിലയില്‍ എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം.
ഇനിയുള്ള ഓവറുകള്‍…
ഇനിയും നന്നായി ‘ബാറ്റു ചെയ്യണമെന്നു’ പ്രതീക്ഷിക്കുന്നു. ചില പ്രോജക്ടുകള്‍ ആലോചനയിലുണ്ട്. ഒന്നും തീരുമാനമായിട്ടില്ല. നല്ല കഥകള്‍ നന്നായി എക്‌സ്പ്രസ് ചെയ്യണമെന്നുണ്ട്. പിന്നെ എന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫിയും ചെയ്യണം. ഇപ്പോള്‍ തീയേറ്റര്‍ നിറഞ്ഞുകവിയുന്ന കാഴ്ച കണ്ടിരിക്കട്ടെ കുറച്ചുകൂടി.