ടീം അഴിമുഖം
മിസ്റ്റര്‍ നരേന്ദ്ര മോദി,
നിങ്ങളുടെ അസാധാരണമായ ജീവിതയാത്ര കുറച്ചധികം മതിപ്പുണ്ടാക്കുന്നതു തന്നെയാണ്. ഒരു ചായക്കച്ചവടക്കാരനില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുകയെന്നത് നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുന്ന കാര്യവുമാണ്.
ആധുനിക ഇന്ത്യയില്‍ രാഷ്ട്രീയ നേതൃത്വം എങ്ങനെ ഉയര്‍ന്നു വരുന്നു എന്ന് സൂചിപ്പിക്കുന്ന ഒന്നുകൂടിയാണ് താങ്കളുടെ ജീവിതകഥ. ശരി, അത്തരം കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് ഞങ്ങള്‍ ഇപ്പോള്‍ കടക്കുന്നില്ല. അതിനൊപ്പം, 2002 ഫെബ്രുവരി 27-ന് ഗോധ്രാ റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ചതിന്റെ വിശദാംശങ്ങളിലേക്കും ഞങ്ങള്‍ കടക്കുന്നില്ല. അതിനു ശേഷമുണ്ടായ ദിവസങ്ങളില്‍, ആഴ്ചകളില്‍, മാസങ്ങളില്‍ എന്തുണ്ടായി എന്നതിന്റെ വിശദാംശങ്ങളും ഞങ്ങള്‍ കാര്യമാക്കുന്നില്ല.
ഗോധ്രാ സംഭവത്തോടും അതിനു ശേഷമുണ്ടായ കൂട്ടക്കൊലയെ കുറിച്ചും ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ നടത്തിയ പ്രതികരണവും ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല, അത് മുസ്ലീം അഭയാര്‍ഥി ക്യാമ്പുകളെ കുറിച്ചായാലും രാജധര്‍മ അനുഷ്ഠിക്കണമെന്നു പറഞ്ഞ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രസ്താവനയോടുള്ള താങ്കളുടെ പ്രതികരണമായാലും ശരി.
താങ്കളെ കൊല്ലാന്‍ വന്ന തീവ്രവാദികളെന്നാരോപിച്ച് നിരവധി പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കാര്യത്തിലേക്കും കടക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. നിങ്ങളുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കാര്യത്തിലേക്കും ഞങ്ങള്‍ കടക്കുന്നില്ല.
ഈ ലേഖനം ശരിക്കും ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നുമല്ല. അത്തരം കാര്യങ്ങളൊന്നും വിശദമായ ചര്‍ച്ചയിലേക്ക് കൊണ്ടുവരാത്തതിനു കാരണം ഈ സംഭവങ്ങളെല്ലാമായി ബന്ധപ്പെട്ടുള്ള വസ്തുതകള്‍ സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുകൊണ്ടുകൂടിയാണ്. അത്തരമൊന്തരീക്ഷത്തില്‍ ഞങ്ങളുടെ വകയായി കൂടി എന്തെങ്കിലും ചേര്‍ക്കാന്‍ തത്കാലം ആഗ്രഹമില്ല. അതുകൊണ്ട് അതൊക്കെ അവിടെ നില്‍ക്കട്ടെ.
ഈ ലേഖനം ശരിക്കും ചരിത്രത്തെകുറിച്ചുള്ളതാണ്, എന്നാല്‍ നമുക്ക് അറിയാവുന്ന ചരിത്ര വസ്തുതകളെ കുറിച്ചല്ല, മറിച്ച് പൊതുപ്രസംഗങ്ങളിലും മറ്റും ജനക്കൂട്ടത്തെ ഇളക്കാന്‍ താങ്കള്‍ ഉപയോഗിക്കുന്ന ചരിത്രത്തെ കുറിച്ചും ചരിത്ര സംഭവങ്ങളെ കുറിച്ചുമാണ്. ഞങ്ങള്‍ പ്രഫഷണല്‍ ചരിത്രകാര•ാരൊന്നുമല്ല. പക്ഷേ ഒരു കൂട്ടായ്മ എന്ന നിലയില്‍ ചരിത്രത്തില്‍ നിന്ന് വസ്തുതകള്‍ ഉള്‍ക്കൊള്ളണമെന്ന് ആഗ്രഹിക്കുന്നവരും നമ്മുടെ കുട്ടികള്‍ ശരിയായ ചരിത്രം പഠിച്ചു വളരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് വിനീതമായ ഒരഭ്യര്‍ഥനയുണ്ട്, താങ്കള്‍ ദയവായി ചരിത്ര വസ്തുതകളെ ഇനിയും താങ്കളുടെ പ്രസംഗങ്ങളില്‍ എടുത്തുപയോഗിക്കരുത്.
ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ പോലും നമ്മുടെ ചരിത്ര രേഖപ്പെടുത്തലില്‍ ഒരുതരം ഐക്യമുണ്ട്, അത് കഴിഞ്ഞ ഒരു ദശകത്തിലധികമായി താങ്കള്‍ക്കു ചുറ്റുമുള്ള, അല്ലെങ്കില്‍ താങ്കളുടെ കാര്യത്തില്‍ സംഭവിക്കുന്നതു പോലെയല്ല. കാരണം നൂറുകണക്കിന് ചരിത്രകാരന്മാരും ആര്‍ക്കിയോളജിസ്റ്റുകളും മറ്റ് അക്കാദമിക്കുകളും തങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചാണ് ചരിത്രത്തിലെ ഓരോ ചെറിയ കാര്യങ്ങളും മനസിലാക്കാനും അത് ചരിത്രമാക്കി മാറ്റാനും ശ്രമിക്കുന്നത്. പൗരാണിക ചരിത്രത്തെ കുറിച്ച് കുറെയൊക്കെ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ആധുനിക ചരിത്രം കൃത്യമായ ധാരണകളുടെയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയതു തന്നെയാണ്.

ഒരുദാഹരണത്തിന്, ലാഹോര്‍ ഗൂഡാലോചനയുടെ പേരില്‍ 1931 മാര്‍ച്ചില്‍ രാജ്ഗുരുവിനും സുഖ്‌ദേവിനുമൊപ്പം ലാഹോര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ കാര്യത്തില്‍ ആര്‍ക്കും യാതൊരു തര്‍ക്കവുമില്ല. ഡല്‍ഹി, മിയാവാലി, ലാഹോര്‍ ജയിലുകളിലായിരുന്നു ഭഗത് സിംഗ് തടവില്‍ കഴിഞ്ഞിരുന്നത്. അത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022-ലെ ഇന്ത്യയെ കുറിച്ച് കഴിഞ്ഞ ഫെബ്രുവരി 26-ന് അഹമ്മദാബാദില്‍ വച്ചു നടന്ന ചടങ്ങില്‍, മി. മോദി നിങ്ങള്‍ പറഞ്ഞത് എന്താണെന്ന് ഓര്‍മയുണ്ടോ? ഭഗത് സിംഗിനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കുറിച്ചുള്ള ചെറിയൊരു പരാമര്‍ശം പോലും നമ്മെ പുളകം കൊള്ളിക്കും. എന്തുകൊണ്ടാണ് ഇവരൊക്കെ കഴുമരത്തിലേറേണ്ടി വന്നത്? എന്തുകൊണ്ടാണ് അവര്‍ക്ക് ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപില്‍ കഴിയേണ്ടി വന്നത്? അവര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം 75-ാം വര്‍ഷത്തില്‍ മിന്നിത്തിളങ്ങണം.
മി. മോദി, നിങ്ങളൊരു പക്ഷേ വിനായക് ദാമോദര്‍ വീര്‍ര്‍ സര്‍വക്കറിനെ ഭഗത് സിംഗായി തെറ്റിദ്ധരിച്ചതാകാം. യഥാര്‍ഥത്തില്‍ ഹിന്ദുത്വ ആശയത്തിന് രൂപം കൊടുക്കുകയും ആന്‍ഡമാന്‍ ജയിലില്‍ കഴിയുകയും ചെയ്ത സര്‍വക്കറിനെക്കുറിച്ചു പോലും താങ്കള്‍ക്ക് ധാരണയില്ല എന്നത് അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. ൃ
അല്ലെങ്കില്‍ തന്നെ ഹിന്ദുത്വ ചരിത്രത്തെക്കുറിച്ചുള്ള താങ്കളുടെ ധാരണ തന്നെ ഏറെ പരിതാപകരമാണെന്ന് പറയേണ്ടി വരും.
ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചിതാഭസ്മം തിരിച്ചുകൊണ്ടുവരാത്തതിന് താങ്കള്‍ കഴിഞ്ഞ നവംബറില്‍ യു.പി.എ സര്‍ക്കാരിനെ കുറ്റപ്പെടുത്തകയുണ്ടായി. ആരാണ് ഇന്ത്യന്‍ ചരിത്രത്തെ തിരുത്തുന്നത്? ശ്യാമപ്രസാദ് മുഖര്‍ജി ഒരു വിപ്ലവകാരിയായിരുന്നു. അദ്ദേഹം 1930-ല്‍ ലണ്ടനില്‍വച്ച് അന്തരിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം തന്റെ ചിതാഭസ്മം ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹംം നിങ്ങളന്ന് ശ്രോതാക്കളോട് പറഞ്ഞു. വാസ്തവമെന്താണെന്നു വച്ചാല്‍ നിങ്ങള്‍ ഒരു പക്ഷേ ഉദ്ദേശിച്ചത് സ്വാതന്ത്ര്യ സമര സേനാനി ശ്യാമാജി കൃഷ്ണ വര്‍മയുടെ ചിതാഭസ്മം തിരികെ കൊണ്ടുവരുന്ന കാര്യമായിരിക്കാം. കഷ്ടം എന്നു പറയേണ്ടി വരുന്നത്, ജനസംഘ് സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി ബി.ജെ.പിയുടെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളിലൊരാളാണ് എന്നതാണ്, അതായത്, താങ്കളെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടിയുടേത് എന്നര്‍ഥം. ഇതിലൊരു തമാശ കൂടിയുണ്ട് മി. മോദി, 2002-ല്‍ വര്‍മയുടെ ചിതാഭസ്മം താങ്കള്‍ തന്നെയാണ് തിരികെ കൊണ്ടുവന്നത്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ബിഹാറില്‍ താങ്കള്‍ ഘോരഘോരം പ്രസംഗിക്കുമ്പോള്‍ പറഞ്ഞത് തക്ഷശില ബിഹാറിലാണെന്നാണ്, ശരിക്കും അത് പാക്കിസ്ഥാനിലാണ്. അലക്‌സാണ്ടര്‍ പോറസിനെ തോല്‍പ്പിച്ചത് ഗംഗയുടെ കരയിലാണെന്ന വിഡ്ഡിത്വവും ഇതിനിടെ താങ്കള്‍ പറഞ്ഞു, യഥാര്‍ഥത്തില്‍ അത് ഝലം നദിക്കരയിലാണ്.
ആ പാറ്റ്‌ന പ്രസംഗത്തില്‍ താങ്കള്‍ പറഞ്ഞു, ചന്ദ്രഗുപ്ത, ഗുപ്ത സാമ്രാജ്യത്തിന്റെ ഭാഗമാണെന്ന്. ചന്ദ്രഗുപ്ത, മൗര്യ സാമ്രാജ്യത്തിലാണ് വരിക.
മി. മോദി, ചരിത്രത്തിന്റെ ഒരു പ്രശ്‌നമെന്താണെന്നുവച്ചാല്‍ അത് നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് വളച്ചൊടിച്ച് പ്രസംഗിക്കാമെങ്കിലും അതിനെ മാറ്റാന്‍ പറ്റില്ല എന്നതാണ്. മറ്റൊരുദാഹരണം പറയാം. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഹരിയാനയില്‍ വിമുക്ത ഭടന്മാരെ അഭിസംബോധന ചെയ്തു കൊണ്ട് താങ്കള്‍ താങ്കളുടെ കുട്ടിക്കാലത്തെക്കുറിച്ചും സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹത്തെക്കുറിച്ചുമൊക്കെ പ്രസംഗിക്കുകയുണ്ടായി. ജൂണിയര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ സൈനിക് സ്‌കൂളില്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നുംഎന്നാല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പോകാനുള്ള ചെലവ് താങ്ങാന്‍ താങ്കളുടെ പിതാവിന് കഴിയില്ലായിരുന്നുവെന്നും അന്നു പറഞ്ഞിരുന്നു. താങ്കള്‍ തുടര്‍ന്നു പറഞ്ഞു, അതിന് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യാ- ചൈന യുദ്ധമുണ്ടായി എന്നും മെഹ്‌സാന സ്‌റ്റേഷനിലെത്തി താങ്കള്‍ സൈനികര്‍ക്ക് ചായ വിതരണം ചെയ്തുവെന്നുമൊക്കെ. മുന്‍ ആര്‍മി തലവന്‍ ജനറല്‍ വി.കെ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. താങ്കള്‍ പറഞ്ഞതിലെ വാസ്തവ വിരുദ്ധമായ കാര്യം എന്താണെന്ന് ഇനി പറയാം. ഇന്ത്യയിലെ ആദ്യ സൈനിക് സ്‌കൂള്‍ ആരംഭിക്കുന്നത് 1961-ലാണ്. അപ്പോള്‍ താങ്കള്‍ സൈനിക് സ്‌കൂളില്‍ ചേരാന്‍ ശ്രമിക്കുകയും അതിന് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ചൈനയുമായുള്ള യുദ്ധമുണ്ടാവുകയും ചെയ്താല്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിയും. കാരണം അന്ന് സൈനിക് സ്‌കൂള്‍ നിലവില്‍ വന്നിട്ടില്ല.

മി. മോദി, നമ്മുടെ നേതാക്കളില്‍ നിന്ന് ഹിറോകളെ ഉണ്ടാക്കിയെടുക്കുക എന്നത് സ്വാഭാവികമാണ്. അതോടൊപ്പം, സ്വന്തം നേട്ടങ്ങളെ വലിയ തോതില്‍ പ്രകീര്‍ത്തിക്കുക എന്നതും മനസിലാക്കാവുന്ന കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ചരിത്രത്തെ കുറിച്ച് യാതൊരു പിടിപാടുമില്ലെന്നു മാത്രമല്ല, അതിനോട് യാതൊരു ബഹുമാനവുമില്ല എന്നു കൂടിയാണ് ഇക്കാര്യങ്ങളൊക്കെ കാണിക്കുന്നത്. അതുകൊണ്ട്, ഞങ്ങള്‍ക്കു വേണ്ടി, നമ്മുടെ കുട്ടികള്‍ക്കു വേണ്ടി, കുറഞ്ഞ പക്ഷം നിങ്ങള്‍ക്കു വേണ്ടിയെങ്കിലും ദയവായി ഇനി ചരിത്രത്തെ കൂട്ടുപിടിക്കരുത്. ഗുജറാത്ത് വികസനത്തെക്കുറിച്ച് ധാരാളമായി പ്രസംഗിച്ചോളുക, അവിടെയും തര്‍ക്കങ്ങളുണ്ടാകും, എങ്കിലും വിവരമില്ലാത്തവന്‍ എന്ന പേരുദോഷം കേള്‍പ്പിക്കാതെ പിടിച്ചു നില്‍ക്കാന്നെങ്കിലും നിങ്ങള്‍ക്ക് പറ്റിയേക്കും.