July 16, 2026 |
Share on

മുസ്ലീം യുവാവിന്‌റെ കൊലപാതകം: പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതി ഉത്തരവിലെ അപകടം

വ്യക്തിവിരോധത്താല്‍ ചെയ്യുന്ന കുറ്റകൃത്യത്തേക്കാള്‍ ഗൗരവം കുറഞ്ഞതാണ് മതവൈരം മൂലമുള്ള കുറ്റകൃത്യമെന്ന അപകടകരമായ സന്ദേശമാണ് കോടതി ഉത്തരവ് മുന്നോട്ട് വയ്ക്കുന്നത്.

ഏത് ക്രിമിനല്‍ കേസിലും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുക എന്നത് സാധാരണയാണ്. പലപ്പോഴും ഉപാധികളോടെയാണ് കോടതികള്‍ ജാമ്യം അനുവദിക്കുന്നത്. ഏതൊക്കെ സാഹര്യങ്ങളില്‍ പ്രതിക്ക് ജാമ്യം നിഷേധിക്കാം എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ നിര്‍ദ്ദേശങ്ങളുണ്ട്. 2010ലെ പ്രശാന്തകുമാര്‍ കേസില്‍ എട്ട് കാരണങ്ങളാണ് സുപ്രീംകോടതി പറയുന്നത്. ശക്തമായ പ്രാഥമിക തെളിവ്, കുറ്റത്തിന്‌റെ ഗൗരവം, വിചാരണനടപടിയെ സ്വാധീനിക്കാന്‍ ശ്രമിക്കാനുള്ള സാദ്ധ്യത തുടങ്ങിയവയെല്ലാം പരിഗണിച്ചേ ജാമ്യം നിഷേധിക്കാന്‍ പാടൂ. എന്നാല്‍ റിയാസ് ഷെയ്ഖിന്‌റെ കേസില്‍ പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ശിവാജി പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മുസ്ലീങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ഹിന്ദു രാഷ്ട്രസേന നേതാവ് ധനഞ്ജയ് ദേശായ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തിനൊപ്പം ഡിന്നര്‍ പാര്‍ട്ടിക്ക് പോവുകയായിരുന്ന പൂനെയിലെ എഞ്ചിനിയര് റിയാസ് ഷെയ്ഖിനെ തല്ലിക്കൊന്നതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

2014 ജൂണിലാണ് റിയാസ് ഷെയ്ഖ് എന്ന എഞ്ചിനിയറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ മൂന്ന് പേര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെയാണ് കേസ്. കൊലപാതകത്തിന് പുറമെ 153 എ പ്രകാരം വിദ്വേഷ പ്രസംഗത്തിനും കേസെടുത്തിരുന്നു. കൊലപാതകത്തില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് ജനുവരി 12ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹിന്ദു രാഷ്ട്രസേനാ പ്രവര്‍ത്തകരായ വിജയ് ഗംഭീരെ, രണ്‍ജിത് യാദവ്, അജയ് ലാല്‍ഗെ എന്നവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

റിയാസ് ഷെയ്ഖിന്‌റെ കൊലപാതകം മതവിദ്വേഷത്തിന്‌റെ ഭാഗമായി ഉണ്ടായതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട വ്യക്തിക്കെതിരെ നടന്ന ആസൂത്രിത കൊലപാതകമാണ് റിയാസിന്‌റേത്. വ്യക്തിപരമായ എന്തെങ്കിലും ശത്രുത കൊല്ലപ്പെട്ടയാളുമായി പ്രതികള്‍ക്കുണ്ടായിരുന്നില്ല. ഇത് കുറ്രത്തിന്‌റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. വ്യക്തിപരമായ വിരോധമല്ല മതവൈരം മാത്രമാണ് പ്രശ്‌നം എന്ന് പറഞ്ഞുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു എന്നതാണ് ബോംബെ ഹൈക്കോടതി ഉത്തരവിന്‌റെ ഗുരുതരമായ പ്രശ്‌നം. മതവിദ്വേഷത്തിന്‌റെ ഭാഗമായുള്ള കുറ്റകൃത്യം എന്നതിനെ വളരെ ലാഘവത്തോടെ കോടതി സമീപിച്ചിരിക്കുന്നു. വ്യക്തിവിരോധത്താല്‍ ചെയ്യുന്ന കുറ്റകൃത്യത്തേക്കാള്‍ ഗൗരവം കുറഞ്ഞതാണ് മതവൈരം മൂലമുള്ള കുറ്റകൃത്യമെന്ന അപകടകരമായ സന്ദേശമാണ് കോടതി ഉത്തരവ് മുന്നോട്ട് വയ്ക്കുന്നത്. മത വര്‍ഗീയ സംഘടനകള്‍ക്കും ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനകള്‍ക്കും ഊര്‍ജ്ജം പകരുന്നതാണ് ബോംബെ ഹൈക്കോടതി ഉത്തരവ് എന്ന് പറയേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

×