‘ലാഭക്കൊയ്ത്തിന് വേണ്ടി ഇനിയുമെത്ര ജീവൻ നൽകണം’?; ഗ്യാ​രണ്ടിയില്ലാത്ത ബാങ്കുദ്യോ​ഗസ്ഥരുടെ മാനസികാരോ​ഗ്യം

മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 500-ലധികം ബാങ്ക് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തത്

State Secretary All India Bank Officers Confederation

പൊതുജനങ്ങൾക്ക് സേവനം നൽകുന്ന പൊതുമേഖലാ ബാങ്കുകൾ ഇപ്പോൾ ലാഭക്കൊയ്ത്തിന് മാത്രം പ്രാധാന്യം നൽകുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ഇത് ബാങ്ക് ജീവനക്കാരുടെ ജീവിതത്തിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 500ലധികം ബാങ്ക് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തത് ഈ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

ഇന്ന് പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഗൗരവമായി ഉയരുന്ന പ്രശ്നം ജീവനക്കാരുടെയും ഓഫീസർമാരുടെയും ക്ഷാമമാണ്. സ്വകാര്യ മേഖലാ ബാങ്കുകളായ എച്ച്‌.ഡിഎഫ്.സി., ആക്സിസ് തുടങ്ങിയവയിൽ ഒരു ജീവനക്കാരൻ ശരാശരി 400 മുതൽ 500 വരെയുള്ള ഉപഭോക്താക്കളെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ സ്ഥിതി ഗുരുതരമാണ്—ഒരു ജീവനക്കാരൻ ശരാശരി 1500 മുതൽ 1700 വരെയുള്ള ഉപഭോക്താക്കളെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണിപ്പോൾ.

പുതിയ റിക്രൂട്ട്മെന്റുകൾക്ക് ബാങ്കുകൾ തയാറാകാത്തത്, സ്ഥാപനച്ചെലവും ശമ്പളച്ചെലവും കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്.

എസി മുറികളിലെ ആഡംബര ജോലിയെന്ന് പുറമെ നിന്ന് തോന്നുമെങ്കിലും, മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും യാതൊരു വിലയുമില്ലാത്ത ഒരു തൊഴിൽ സാഹചര്യമാണ് ഇന്ന് ബാങ്കിംഗ് മേഖലയിലുള്ളത്. മകനെ ആശുപത്രിയിൽ അഡ്മിറ്റാക്കി തിടുക്കത്തിൽ ജോലിക്ക് മടങ്ങവേയാണ് ഒരു ചീഫ് മാനേജർ ലോറി തലയ്ക്ക് മുകളിലൂടെ കയറി അതിദാരുണമായി കൊല്ലപ്പെടുന്നത്. സാഹചര്യം വ്യക്തമാക്കിയിട്ടും കഴിയുന്നതിലും വേ​ഗം തിരികെ ഓഫീസിലെത്തണമെന്ന മേലുദ്യോസ്ഥന്റെ നിർദേശം പാലിക്കാനുള്ള അദ്ദേഹത്തിന്റെ വ്യ​ഗ്രതയാണ് മരണത്തിന് കാരണമായത്.

Also Read; 24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎമ്മുകളാണ് ബാങ്ക് ഉദ്യോ​ഗസ്ഥർ; ജോലിഭാരം ജീവനെടുക്കുന്ന ബാങ്കുദ്യോ​ഗം

ആന്ധ്രാപ്രദേശിലെ കുർണൂളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. എന്തു കാര്യം ചെയ്താലും അതിൽ മുഴുവനായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത വിധത്തിൽ മാനസിക സംഘർഷം ഇവർ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കാൻ ഈ സംഭവം തന്നെ ധാരാളമാണെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഢൻ പറയുന്നു. എറണാകുളത്തെ ഒരു ബാങ്കിലെ അപ്രെയ്സർ മദ്യപിച്ച് വന്നത് ചോദ്യം ചെയ്തതിന് ഒരു വനിത ഉദ്യോ​ഗസ്ഥയെ അതിക്രൂരമായാണ് ഉപദ്രവിച്ചത്. കഴുത്തിൽ കുത്തുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് ഒരു തരത്തിലുള്ള സുരക്ഷയും ലഭിക്കുന്നില്ലെന്ന് കൂടിയാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ജോലിയിൽ നിന്നുള്ള സമ്മർ​ദ്ദം മൂലമുള്ള ബാങ്ക് ഉദ്യോ​ഗസ്ഥരുടെ ആത്മഹത്യകൾക്ക് കുടുംബ പ്രശ്നത്തിന്റെ ലേബൽ ചാർത്തിക്കൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ കഴിഞ്ഞ സെപ്റ്റംബർ 19നു മറ്റൊരു പൊതു മേഖല ബാങ്കിലെ വനിത ചീഫ് മാനേജർ ആത്മഹത്യ കുറിപ്പ് എഴുതി അവരുടെ ഫ്ലാറ്റ് മുറിയിൽ വച്ച് വീടുവിട്ട് പോയ സംഭവം ഉണ്ടായി. “ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ല എനിക്കിനി ജീവിക്കേണ്ട” എന്ന വ്യക്തമായ കുറിപ്പ് പോലീസ് കണ്ടെടുക്കുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ഉണ്ടായി. അവരെ കണ്ടുപിടിക്കാനും ജീവനോടെ തിരികെ കൊണ്ടുവരാനും പൊലീസിന് സാധിച്ചത് കൊണ്ടാണ് ഈ സംഭവം പുറംലോകമറിയുന്നത്. കർണാടകയിലെ ഒരു പൊതുമേഖല ബാങ്കിലെ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് ക്യാഷ് കൗണ്ടറിനുള്ളിലാണ്. ഒരു ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്താൽ അതിന്റെ കാരണം കുടുംബ പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ വ്യഗ്രത കാണിക്കുന്ന ബാങ്ക് മാനേജ്മെന്റ് എന്തുക്കൊണ്ട് ബാങ്കിനുള്ളിലെ ആത്മഹത്യകൾക്ക് വിശദീകരണം നൽകുന്നില്ല.

ബാങ്ക് ഉദ്യോ​ഗസ്ഥരിൽ പത്തിൽ അഞ്ച് പേരും ജീവിക്കാൻ മാനസികാരോ​ഗ്യ വിദ​ഗ്ധരുടെ സഹായം തേടുന്നവരാണ്. എന്നാൽ ഇവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകാനോ അതിനുള്ള സംവിധാനങ്ങൾ ഒരുക്കി കൊടുക്കാനോ പോലും ബാങ്ക് മാനേജ്മെന്റ് തയ്യാറാവുന്നില്ല. ഇത്രമാത്രം അധഃപതിച്ച പരിസ്ഥിതികളിൽ ജോലി ചെയ്ത് മാനസികാരോഗ്യം നശിച്ചു ബാങ്ക് ജീവനക്കാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അതിനെ സാമാന്യവൽക്കരിക്കുന്ന നിലപാടാണ് ബാങ്ക് സ്വീകരിക്കുന്നത്.

മറ്റേത് മേഖലയിലാണ് രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെ ജോലി ചെയ്യേണ്ടുന്ന സാഹചര്യമുള്ളത്. പൊതു അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യാൻ നിർബാധിതരാകുന്ന ബാങ്ക് ജീവനക്കാർ എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും അനുഭവിച്ചു മാനസികാരോഗ്യം നശിച്ചു ജീവിക്കാൻ വിധിക്കപ്പെടുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ അടിച്ചമർത്താൻ രണ്ട് ആയുധങ്ങളാണ് മാനേജ്മെന്റിന്റെ കൈവശമുള്ളത്. ഒന്ന് ട്രാൻസ്ഫർ, രണ്ട് അച്ചടക്ക നടപടികൾ.

കേരളത്തിലെ ഒരു പൊതു മേഖല ബാങ്കിലെ എറണാകുളം റീജിയണൽ ഓഫീസ് റിവ്യൂ മീറ്റിം​ഗ് നടക്കുന്നതിനിടയിൽ, ബാങ്കിലെ ജീവനക്കാർക്ക് പുതിയ അക്കൗണ്ടുകൾ തുറക്കാൻ സാധിക്കാത്തത് ഒരു വീഴ്ചയായി മാനേജർ വിലയിരുത്തുകയുണ്ടായി. അതിന് വിശദീകരണമായി ഒരു ബാങ്ക് ഓഫീസർ ആവശ്യമായ പിന്തുണ തങ്ങൾക്ക് വേണമെന്നും, ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ട് കുറവാണെന്നും അക്കാര്യത്തിൽ റീജിയണൽ മാനേജർ സഹായിക്കണമെന്നും പറയുകയുണ്ടായി. ഇതിന്റെ ഭാഗമായ നൂതന ശിക്ഷാനടപടി എന്നോണം രണ്ട് ദിവസം മുഴുവൻ ഈ വ്യക്തിയെ റീജിയണൽ ഓഫീസിൽ ഇരുത്തി അപമാനിച്ചു. ഈ നടപടി തെറ്റാണെന്ന് വാട്സാപ്പ് ഗ്രൂപ്പിൽ ചൂണ്ടിക്കാണിച്ച മറ്റ് രണ്ട് യുവ ഓഫീസർമാരെ ഉൾപ്പടെ മൂന്ന് പേരെയും നോർത്ത് ഇന്ത്യയിലെ ഉൾപ്രദേശത്തേക് സ്ഥലം മാറ്റി. ഈ നീക്കത്തിനെതിരെ ഇവർ മൂവരും കേരള ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഹൈക്കോടതിയിൽ നിന്ന് മൂവർക്കും അനുകൂലമായ വിധി വന്നിട്ടും അവരെ ബാങ്ക് മറ്റു കാരണങ്ങൾ കാണിച്ച് സസ്പെൻഡ് ചെയ്യുകയും തുടർന്നു ബഹു കേരള ഹൈ കോടതി വിധിയെ മറികടന്ന് സ്ഥലം മാറ്റ ഉത്തരവ് നടപ്പിലാക്കുകയും ചെയ്തു. എല്ലാ വർഷവും സ്ഥലമാറ്റം നൽകുന്ന ഉദ്യോ​ഗസ്ഥരുടെ വിവരങ്ങളടക്കം പ്രസിദ്ധീകരിക്കണമെന്ന് നിയമമുണ്ടെങ്കിലും അത് ബാങ്കുകൾ പാലിക്കുന്നില്ല.

ബാങ്ക് ഉദ്യോ​ഗസ്ഥർ ജോലി ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് പലപ്പോഴും തെറ്റായ ധാരണയാണുള്ളത്. സുഖസൗകര്യങ്ങളോടെ എസി മുറികളിലിരുന്ന് ജോലി ചെയ്യുന്ന കുറച്ച് മനുഷ്യരെന്നതിന് അപ്പുറത്തേക്ക് ഇവരനുഭവിക്കുന്ന സമ്മർ​ദ്ദത്തെക്കുറിച്ചോ, അടിച്ചമർത്തലുകളെക്കുറിച്ചോ ജനങ്ങൾക്ക് യാതൊരു ധാരണയുമില്ല. ബാങ്കിൽ ചെന്നാൽ ഉദ്യോ​ഗസ്ഥരുടെ മൊബൈൽ ഫോണുകൾ വാങ്ങിവയ്ക്കുന്ന തരത്തിലുള്ള ഉപദ്രവങ്ങൾ വരെ ഇവർക്കേൽക്കേണ്ടി വരുന്നു. ഇതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് വലിയ ധാരണയില്ല. ജോലി ചെയ്യാത്ത കീഴ് ഉദ്യോ​ഗസ്ഥരെ മേലുദ്യോ​ഗസ്ഥൻ ശകാരിക്കുന്നു എന്ന രീതിയിൽ മാത്രമാണ് ഇത് പുറത്തേക്ക് വരുന്നത്.

പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബാങ്കുകളാണ് പൊതുമേഖല ബാങ്കുകൾ. പൊതുജനങ്ങളെ സേവിക്കുകയാണ് ഇത്തരം ബാങ്കുകളുടെ പ്രധാന ഉദ്ദേശമെങ്കിലും ഇവ ആ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് ലാഭക്കൊയ്ത്തിലേക്ക് മാത്രമൊതുങ്ങി. ടാർ​ഗറ്റുകൾ പൂർത്തിയാക്കാൻ വേണ്ടി പരമാവധി ഒരു ഉപഭോക്താവിനെ ചൂഷണം ചെയ്യാനാണ് ഇപ്പോൾ ബാങ്കുകൾ ശ്രമിക്കുന്നത്. തങ്ങൾക്ക് മേലുള്ള സമ്മർദ്ദം മൂലം ഇത്തരത്തിലുള്ള ചൂഷണങ്ങൾക്ക് നിന്നുക്കൊടുക്കേണ്ടി വരുന്നവരാണ് ബാങ്ക് ജീവനക്കാർ. ഇനിയങ്ങനെ ചെയ്യാൻ വിസമ്മതിച്ചാൽ നേരിടേണ്ടി വരുന്നത് വലിയ ശിക്ഷാനടപടികളായിരിക്കും.

ബാങ്ക് നൽകുന്ന സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് പരാതികളുണ്ടെങ്കിൽ അവർക്ക് സമീപിക്കാൻ കഴിയുന്ന വിവിധ സംവിധാനങ്ങളുണ്ട്. എന്നാൽ ജീവനക്കാർക്ക് വേണ്ടി അത്തരത്തിലൊരു സംവിധാനം പ്രവർത്തിക്കുന്നില്ല. ജീവനക്കാർക്ക് പോഷ് ആക്ടിന് കീഴിൽ ലൈംഗിക ചൂഷണത്തിനെതിരെ മാത്രമാണ് പരാതി നൽകാൻ സാധിക്കുന്നത്. തൊഴിലിടങ്ങളിലെ അതിരുവിട്ട ചൂഷണങ്ങളും നിയമരഹിത നീതി നടപ്പാകലും കാരണം ലൈംഗിക ചൂഷണങ്ങളേക്കാൾ ക്രൂരമായ പ്രതികാര നടപടികൾക്ക് വിധേയരാകുന്ന ബാങ്ക് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ട്രൈബ്യൂണലോ നിയമപ്രകാരമുള്ള വ്യവസ്ഥാപിത രീതികളോ പരാതി പരിഹാര സെല്ലുകളോ ഒന്നും ഇന്ന് നിലവിലില്ല.

പൊതുജനങ്ങളുടെ പണം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്ന ബാങ്കുകളിലെ ജീവനക്കാരുടെ മാനസികാരോ​ഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനില്ലേ എന്ന ചോദ്യം അവശേഷിപ്പിക്കുകയാണ് ശ്രീനാഥ് ഇന്ദുചൂഢൻ.

content summary: How many more lives must be lost for the profit? The mental health of bank employees remains unprotected for years

Also Read; ട്രാന്‍സ്ഫര്‍ മുതല്‍ ലൈംഗീക ചൂഷണം വരെ; ജീവനെടുക്കുന്ന ബാങ്ക് ഉദ്യോഗം

This post was last modified on November 6, 2025 4:28 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment