February 19, 2025 |

മോഷ്ടാക്കളുടെ നോട്ടപ്പുള്ളി, 44 കോടി കൊടുത്താല്‍ ലോക പ്രശസ്തമായ ആ വീട് സ്വന്തമാക്കാം

5.25 മില്യണ്‍ യുഎസ് ഡോളറാണ് ആ വീടിന്റെ വില.

ഹോളിവുഡില്‍ പിറവി കൊണ്ട, ലോകമെമ്പാടും ആരാധകരുള്ള എക്കാലത്തെയും മികച്ച ക്രിസ്മസ്സ് ചിത്രമെന്ന ഖ്യാതിയുള്ള കുട്ടി സിനിമയാണ് ഹോം എലോണ്‍. 1990കളിലെ സൂപ്പര്‍ ഹിറ്റില്‍ നിന്ന് ഹോം എലോണിന് 2,3,4 എന്നിങ്ങനെ തുടര്‍ച്ച കൂടിയുണ്ടായി. അവയും ലോക പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ലോകം മുഴുവന്‍ ആരാധകരുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് ഒരു വീടാണ്. മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ചുവപ്പും വെള്ളയും പെയിന്റടിച്ച വീട് സിനിമ കണ്ട എല്ലാവരുടെയും ഉള്ളിലുണ്ടാവും. ഇപ്പോ ആ സുന്ദരന്‍ വീട് വില്‍ക്കാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് ഹോളിവുഡില്‍ നിന്ന് വന്നിരിക്കുന്നത്. 5.25 മില്യണ്‍ യുഎസ് ഡോളറാണ് ആ വീടിന്റെ വില. ഇന്ത്യന്‍ കറന്‍സിയില്‍ 44 കോടി രൂപയിലധികം. ഇല്ലിനോയിയിലെ വിന്‍നെറ്റ്കയില്‍ 671 ലിങ്കണ്‍ അവന്യൂവിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ച് കിടപ്പുമുറികളും ആറ് ബാത്ത്‌റൂമുകളുമായി വന്‍ സൗകര്യങ്ങളാണ് ഈ വീടിനുള്ളത്. 2012ല്‍ വീട് വില്‍പ്പനയ്ക്ക് വച്ചിരുന്നു. 1.58 മില്യണ്‍ ഡോളറായിരുന്നു വില.

പിന്നീട് ചിത്രത്തിന്റെ ആരാധകര്‍ക്ക് ഒരു രാത്രി മാത്രം താമസിക്കാനുള്ള സൗകര്യം ഒരുക്കി വാടകയ്ക്ക് കൊടുത്തു. ഹോം എലോണിനായി വീടിന്റെ ഉള്‍ഭാഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. ഗോവണി, ബേസ്‌മെന്റ്, ആര്‍ട്ടിക്, ഫസ്റ്റ് ഫ്‌ലോര്‍ ലാന്‍ഡിംഗ് എന്നിവ. ചിത്രത്തിന് വേണ്ടി വീട്ടുമുറ്റത്ത് ഒരു ട്രീ ഹൗസും സെറ്റ് ചെയ്തിരുന്നു. ചിത്രീകരണം അവസാനിച്ചതിന് ശേഷം അത് പൊളിച്ചുമാറ്റി. പീന്നീട് വീട്ടുകാര്‍ വീടിനോട് ചേര്‍ന്ന് അത്യാധുനിക ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട് അടക്കമുള്ളവ കൂട്ടിച്ചേര്‍ത്തു. ഇതോടെ വീടിന്റെ മൊത്തത്തിലുള്ള വലിപ്പം കൂടി. രണ്ട് ലിവിംഗ് റൂമുകള്‍, ഒരു വലിയ അടുക്കള, മൂന്ന്-കാര്‍ ഗാരേജ് എന്നിവയും ഈ വീട്ടിലുണ്ട്. സിനിമയുടെ ഭാഗമായിരുന്ന ഹാലോവീന്‍ ആഘോഷം നടന്ന വീട് 1.8 മില്യണ്‍ ഡോളറിനാണ് കഴിഞ്ഞ വര്‍ഷം വില്‍ക്കപ്പെട്ടത്. നോട്ടിംഗ് ഹില്ലിലെ ബുക്ക് ഷോപ്പിന് മുകളിലുള്ള ഫ്‌ലാറ്റ് 2022ല്‍ 2.375 മില്യണ്‍ പൗണ്ടിനും വിറ്റു. എന്നാല്‍ ഹോളിവുഡ് മാര്‍ക്കറ്റില്‍ ഏറ്റവും വിലയുള്ളത് ഹൊറര്‍ സിനിമകള്‍ ഷൂട്ട് ചെയ്ത വീടുകള്‍ക്കാണ്.

ഹോം എലോണ്‍

ഹോളിവുഡിലെ തന്നെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഹോം എലോണ്‍ എട്ടുവയസുകാരനായ കെവിന്റെ കഥയാണ്. ക്രിസ്മസ് കാലത്ത് വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന കെവിന്‍ തനിയെ കൊള്ളക്കാരെ പിടികൂടുന്നതാണ് ഒരുകഥ. തുടര്‍കഥകളില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ഫ്രാന്‍സിലേക്ക് പോവുന്ന കെവിന്റെ കുടുംബം വിമാനത്താവളത്തില്‍ വച്ച് കെവിനെ മറന്ന് പോവുന്നു. കെവിന്‍ ആവട്ടെ ടിക്കറ്റുമായി മറ്റൊരു വിമാനത്തില്‍ കയറുന്നു. പിന്നാലെ പഴയ കള്ളന്‍മാരുമായി കൂട്ടിമുട്ടുന്നു. ഈ സംഭവങ്ങളെല്ലാം രസകരമായി അവതരിപ്പിക്കുന്നതാണ് ഹോം എലോണ്‍ സീരിസ്. ഇപ്പോള്‍ ഹോളിവുഡ് സംഗീതജ്ഞനെന്ന നിലയില്‍ പ്രശസ്തനായ മക്കാളെ കുല്‍ക്കിനാണ് കെവിന്റെ റോള്‍ ചെയ്തത്. 12 ആഴ്ചകളാണ് സിനിമ ഇന്റര്‍നാഷനല്‍ ബോക്‌സ് ഓഫിസില്‍ ഒന്നാം സ്ഥാനത്ത് നിന്നത്. ഇതെല്ലാമാണ് ആ വീടിനെയും ഇത്രയും പ്രശസ്തമാക്കിയതും.

 

English Summary: Basketball court, home cinema – but no booby traps: Home Alone house on sale for $5.25m

×