‘കടയിലെ പ്ലേറ്റുകൾ കഴുകാൻ പോലും ഞാനവനെ അനുവദിച്ചിരുന്നില്ല, ഇപ്പോളിതാ അവൻ എന്നെ വിട്ട് പോയി’; ചിന്നസ്വാമി ദുരന്തത്തിൽ മരിച്ചവരിൽ വിദ്യാർത്ഥികളും

തിക്കിലും തിരക്കിലും 11 മരണമാണ് സംഭവിച്ചത്

‘കടയിലെ പ്ലേറ്റുകൾ കഴുകാൻ പോലും ഞാൻ എന്റെ മകനെ അനുവദിച്ചിരുന്നില്ല.വളരെ ശ്രദ്ധയോടെയാണ് ഞാനവനെ വളർത്തിയത്’ ബം​ഗളൂരുവിലെ ബൗറിം​ഗ് ആശുപത്രിയിലെ മോർച്ചറിയ്ക്ക് മുന്നിലായി മകനെ തിരിച്ചറിയാൻ നിൽക്കുമ്പോൾ മനോജ് വേദനയോടെ ഓർത്തു. ഐപിഎല്ലിൽ വിജയ കീരിടം നേടിയ ആർസിബിയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ വൻജനാവലി ഒത്തുകൂടിയപ്പോൾ തിക്കിലും തിരക്കിലും 11 മരണമാണ് സംഭവിച്ചത്. ഇതിൽ പ്രസിഡൻസി കോളേജിലെ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിയായ കുമാറും, സ്കൂൾ വിദ്യാർത്ഥിയായ 14 വയസുകാരി ദിവ്യാൻഷിയും ഉൾപ്പെടുന്നു. ന​ഗരത്തിലെ പാനി പൂരി വിൽപ്പനക്കാരനായ മനോജിന്റെ മകനാണ് കുമാർ.

തന്റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് കുമാർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന വിജയാഘോഷത്തിൽ പങ്കെടുക്കാൻ പോയത്. കുമാറിന്റെ ആ​ഗ്രഹ പ്രകാരമാണ് ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് പോയതെന്ന് മോർച്ചറിക്ക് മുൻവശത്തായി കുമാറിന്റെ മൃതദേഹത്തിനായി കാത്തുനിൽക്കവെ സുഹൃത്ത് വ്യക്തമാക്കി. തിരക്കിനിടയിൽ സുഹൃത്തുക്കളുടെ സമീപത്ത് നിന്ന് കുമാറിനെ കാണാതാവുകയായിരുന്നു. കുമാറിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച വ്യക്തിയിൽ നിന്നാണ് ഇരുവരും മരണവാർത്തയറിയുന്നത്. ഏകദേശം 3.30ഓട് കൂടി തന്നെ സ്റ്റേഡിയത്തിന് പുറത്ത് ആൾക്കൂട്ടം നിറഞ്ഞിരുന്നു. ഓൺലൈൻ ടിക്കറ്റ് പരിശോധിക്കുന്നതിനായി ​ഗേറ്റ് തുറന്നപ്പോഴേക്കും പുറത്ത് തടിച്ചുകൂടിയിരുന്ന ജനക്കൂട്ടം അകത്തേക്ക് തള്ളികയറിയിരുന്നു. ആകെ മൂന്ന് പോലീസ് ഓഫീസർ മാത്രമാണ് ആ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികളിൽ ഒരാളായ എംബിഎ വിദ്യാർത്ഥി ഹുസൈൻ വ്യക്തമാക്കി. ​ഗേറ്റ് തുറന്നയുടനെ ആളുകൾ അകത്തേക്ക് പ്രവേശിക്കാനായി തിരക്കു കൂട്ടിയിരുന്നു. അതിനിടയിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ കാൽ ​ബാരിക്കേഡിനുള്ളിൽ കുടുങ്ങി മുറിവേറ്റിട്ടും അയാളെ മറികടന്നാണ് ആളുകൾ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ചത്. രണ്ട് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ സ്റ്റേഡിയത്തിന് പുറത്തേക്ക് എത്തിക്കാൻ സാധിച്ചത്. പുറത്ത് എത്തിച്ചെങ്കിലും വീണ്ടും ഒരു മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. ഞാനും സുഹൃത്തുക്കൾക്കൊപ്പമാണ് സ്റ്റേഡിയത്തിലേക്ക വന്നത് എന്നാൽ തിരക്കിനടിയിൽ എനിക്ക് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല ഇതാണ് രക്ഷയായതെന്ന് ഹുസൈൻ പറഞ്ഞു. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. ബൗറിംഗ് ആശുപത്രിയിൽ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞ മൃതദേഹങ്ങളിലൊന്ന് ബെംഗളൂരുവിലെ കണ്ണൂരുവിൽ നിന്നുള്ള 14 വയസുകാരി ദിവ്യാൻഷിയുടേതാണ്. കുടുംബാ​ഗങ്ങൾക്കൊപ്പം ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദിവാൻഷി. പേരക്കുട്ടി നഷ്ടപ്പെട്ടതിൽ മനംനൊന്ത് കരയുന്ന ദിവാൻഷിയുടെ അമ്മൂമ്മ എല്ലാവരിലും വേദന പടർത്തി. ദേവി (29), ദിവ്യാൻഷി (14), അക്ഷത (26), ശിവലിംഗു (17), ശ്രാവൺകുമാർ (26), മനോജ് കുമാർ (18) ഭൂമിക (18), സഹന (21), പ്രജ്വൽ ജി (22), പൂർണ ചന്ദ്ര (25) ചിന്നയ്യ (19) എന്നിവരാണ അപകടത്തിൽ മരണപ്പെട്ട മറ്റാളുകൾ.

ആദ്യം വിധാൻ സൗധയിൽ നിന്ന് ചിന്ന സ്വാമി സ്‌റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ താരങ്ങളുടെ പരേഡ് ഉണ്ടാകുമെന്നായിരുന്നു സംഘാടകർ അറിയിച്ചത്. എന്നാൽ, സുരക്ഷാകാരണങ്ങൾ ഇത് റദ്ദാക്കി. ഇതറിയാതെ നിരവധി പേരാണ് എം.ജി.റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ കാത്തുനിന്നത്. തുറന്ന ബസിലുള്ള പരേഡ് ഇല്ലെന്ന് അറിഞ്ഞവർ കൂട്ടത്തോടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ കവാടത്തിലേക്ക് ഓടിക്കൂടി. പാസില്ലാത്തവർ കൂട്ടത്തോടെ വിവിധ ഗേറ്റുകളിൽ ഒത്തുകൂടിയത് വലിയ തിരക്കിന് കാരണമായി. ഇത് അപകടത്തിലേക്ക് നയിച്ച പ്രധാനകാരണങ്ങളിലൊന്നാണ്. സ്‌റ്റേഡിയത്തിന്റെ ഏഴാ നമ്പർ ഗേറ്റിലാണ് വലിയ അപകടം ഉണ്ടായത്. ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. പരിമിതമായ പാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഫ്രീ പാസുണ്ടെന്ന് പ്രചാരണം വൻതോതിൽ ജനക്കൂട്ടത്തിന് കാരണമായി. സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആൾക്കൂട്ടം രൂപം കൊണ്ടതായും ബാരിക്കേഡ് മറികടന്ന് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നും സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു.

content summary: Bengaluru Stampede: 14-Year-Old Schoolgirl and Son of Pani Puri Vendor Among 11 Dead

This post was last modified on June 5, 2025 1:55 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment