പലസ്തീന്റെ പട്ടിണി തടയാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യൂഹു ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ. ഗാസയ്ക്കുമേലുള്ള ഉപരോധം നീക്കുമെന്ന് രണ്ടു ദിവസം മുമ്പ് ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണെങ്കിലും ഇപ്പോഴും ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ പലസ്തീന്‍ മണ്ണില്‍ എത്തുന്നത് തടയുകയാണെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ അഞ്ച് ട്രക്കുകള്‍ മാത്രമാണ് സഹായ വസ്തുക്കളുമായി ഗാസയില്‍ എത്തിയത്. എന്നാല്‍ ആ ടോക്കണ്‍ ഷിപ്പ്മെന്റ് പോലും വിതരണം ചെയ്യാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല എന്നാണ് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക കാര്യാലയത്തിന്റെ വക്താവ് ജെന്‍സ് ലാര്‍ക് ജനീവയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്.
ഗാസയിലേക്ക് പ്രവേശിക്കാന്‍ ഏകദേശം 100 ട്രക്കുകള്‍ക്ക് ഇസ്രയേല്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ അവയെ കടത്തിവിട്ടിട്ടില്ലെന്നാണ് ജെന്‍സ് ലാര്‍ക് ചൂണ്ടിക്കാണിക്കുന്നത്. 11 ആഴ്ച്ചയായി സമ്പൂര്‍ണ ഉപരോധം നേടിരുന്ന ഗാസയ്ക്ക് ഇപ്പോള്‍ നല്‍കുന്ന ഔദാര്യം പോലും അവിടുത്തെ പട്ടണി കുറയ്ക്കാന്‍ സഹായകമാകുന്നില്ല. നേരത്തെ ഗാസയില്‍ എത്തിയിരുന്ന ഭക്ഷണ വസ്തുക്കളുടെ അഞ്ചിലൊന്ന് മാത്രമാണ് ഇപ്പോള്‍ എത്തുന്നത്.
ചൊവ്വാഴ്ച 93 ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി ഗാസയിലെ സഹായ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇസ്രയേലി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍ ആ ട്രക്കുകളില്‍ ഉണ്ടായിരുന്ന ഭക്ഷണവും മരുന്നുകളും വിതരണം നടത്താന്‍ അനുമതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കുന്നില്ല.
ഗാസയിലെ രൂക്ഷമായ ക്ഷാമം അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊടുംപട്ടിണിയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടു ദശലക്ഷത്തിലധികം മനുഷ്യര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്കുമേല്‍ കടുത്ത നയതന്ത്ര സമ്മര്‍ദ്ദം മറ്റ് ലോകരാജ്യങ്ങള്‍ നടത്തുന്നുണ്ട്. ഗാസയിലെ പട്ടിണി ലോകത്തിന് മുന്നില്‍ തങ്ങളുടെ ആഗോള വ്യക്തിത്വത്തിന് ക്ഷതമുണ്ടാക്കുമെന്ന ആശങ്കയിലാണ് ഉപരോധം നീക്കാന്‍ തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹൂ ഞായറാഴ്ച്ച രാത്രി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല.
ഇസ്രയേലിനകത്തും പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനം ശക്തമാകുകയാണ്. പ്രതിപക്ഷ ഡെമോക്രാറ്റുകളുടെ നേതാവായ യെയര്‍ ഗോലന്‍, ഗാസയില്‍ നടത്തുന്ന യുദ്ധത്തിനും ഉപരോധത്തിനുമെതിരേ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇസ്രയേല്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായിരുന്നു ഗോലന്‍. ന്യായീകരിക്കാനാവാത്തവിധം ക്രൂരമായ യുദ്ധത്തില്‍ ഭൂരിഭാഗം നാശനഷ്ടങ്ങളും ഇതിനകം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ഗോലന്‍ പറയുന്നത്.
വര്‍ണവിവേചന കാലഘട്ടത്തിലെ ദക്ഷിണാഫ്രിക്കയെപ്പോലെ നെതന്യാഹുവിന്റെ സര്‍ക്കാര്‍ രാജ്യത്തെ ഒറ്റപ്പെടുത്തുകയാണെന്നാണ് റെഷെത് ബെറ്റ് റേഡിയോയോട് പ്രതികരിക്കവെ ഗോലന്‍ കുറ്റപ്പെടുത്തിയത്. ഒരു പരിഷ്‌കൃത രാജ്യം സാധാരണ മനുഷ്യര്‍ക്കെതിരേ പോരാടില്ല, ഒരു വിനോദമെന്നപോല്‍ കുഞ്ഞുങ്ങളെ കൊല്ലില്ല, ഒരു ജനതയെ പുറത്താക്കുന്നത് ഒരു ലക്ഷ്യമായി കണക്കാക്കില്ല” ഗോലന്‍ പറയുന്നു.
എന്നാല്‍ ഗോലന്റെ പരാമര്‍ശങ്ങളോട് രൂക്ഷമായാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ പ്രതികരിച്ചത്. ഇസ്രയേല്‍ സൈന്യത്തിനും ഇസ്രയേല്‍ രാഷ്ട്രത്തിനുമെതിരായ നടത്തിയ നിന്ദ്യമായ സെമിറ്റിക് വിരുദ്ധത എന്നാണ് നെതന്യാഹു ഗോലന്റെ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് പറഞ്ഞത്. എന്നാല്‍ ഗോലന്‍ തന്റെ നിലപാട് കൂടുതല്‍ കടുപ്പിക്കുകയാണ് ഉണ്ടായത്.
ഹമാസ് ഇസ്രയേലിനോട് ചെയ്തതിന് പകരമായി, നീതിയുക്തമായൊരു പോരാട്ടമായാണ് ആരംഭിച്ചതെങ്കിലും ഇതിപ്പോള്‍ അഴിമതി നിറഞ്ഞൊരു യുദ്ധമായി തീര്‍ന്നിരിക്കുകയാണെന്നാണ് വാര്‍ത്ത സമ്മേളനത്തില്‍ ഗോലന്‍ കുറ്റപ്പെടുത്തിയത്. ഇതിനെതിരേ ഇനിയും ഉറക്കെ സംസാരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഹമാസ് ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കാത്തത് പ്രധാനമന്ത്രിയുടെ പരാജയമായാണ് ഇസ്രയേല്‍ ജനത കാണുന്നത്. ഗാസയില്‍ നടത്തുന്ന മനുഷ്യക്കുരുതിയിലോ അവിടെ ഉണ്ടായിരിക്കുന്ന പട്ടിണിയിലോ ഇസ്രയേലിലെ ജനങ്ങള്‍ സന്തോഷിക്കുന്നില്ല. അവരുടെ ചോദ്യം എന്തുകൊണ്ട് ബന്ദികളെ തിരികെ എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ്. ഈ ചോദ്യത്തിന് കൃത്യമായി മറുപടി ബെഞ്ചമിന്‍ നെതന്യാഹൂവിന്റെ പക്കല്‍ ഇല്ല. Israeli Prime Minister Benjamin Netanyahu fails to keep his word to lift the blockade to end hunger in Gaza
Content Summary; Israeli Prime Minister Benjamin Netanyahu fails to keep his word to lift the blockade to end hunger in Gaza
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.