രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശനവുമായി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി. എൻ ഗോപീകൃഷ്ണൻ. ഗവർണർ നടത്തിയത് അധികാരദുർവിനിയോഗമാണെന്നും ഹിന്ദു ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് രാഷ്ട്രീയ നേട്ടത്തിനുണ്ടാക്കിയ സങ്കൽപമാണ് ഭാരതാംബ സങ്കൽപമെന്നും പി. എൻ ഗോപീകൃഷ്ണൻ അഴിമുഖത്തോട് പ്രതികരിച്ചു.
‘ഇത് തികച്ചും അധികാരദുർവിനിയോഗമാണ്. ഗവർണർ എന്നത് ഒരു ഭരണഘടനാ പദവിയാണ്. അങ്ങനെയൊരു പദവിയിലുള്ളയാൾ പ്രത്യേക സംഘടനയുടെ വക്താവായി പ്രവർത്തിക്കുന്നത് ശരിയല്ല. സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിലും പങ്കെടുക്കാത്ത ഒരു സംഘടനയാണ് ആർഎസ്എസ് എന്നത്. മാത്രമല്ല സ്വാതന്ത്ര്യസമരത്തിലേക്ക് പോകുന്നതിൽ നിന്ന് യുവാക്കളെ തടയുകയും ചെയ്തിരുന്നു. യുവാക്കളുടെ ഊർജം സ്വാതന്ത്ര്യസമരത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് വ്യക്തമായി പറഞ്ഞ നേതാക്കളുള്ള സംഘടനയാണ് ആർഎസ്എസ്.
സ്വാതന്ത്ര്യസമരവുമായി ഉയർന്നുവന്ന ഒരു സങ്കൽപ്പമാണ് ഭാരതാംബ എന്നത്. രവീന്ദ്രനാഥ് ടാഗോറിന്റെ സഹോദരപുത്രനായ അഭിനേന്ദ്രനാഥ് ടാഗോറാണ് ഭാരതാംബ എന്ന സങ്കൽപ്പത്തിന് രൂപം കൊടുക്കുന്നത്. രാജ്യത്തിന് വേണ്ടിയിട്ടുള്ള ഐക്യത്തിനായാണ് അങ്ങനെയൊരു സങ്കൽപ്പമുണ്ടായത്. ഒരു പ്രത്യേക സമയത്ത് അതിനെ സ്വന്തമാണെന്ന് വരുത്തി തീർക്കുകയാണ് ആർഎസ്എസ് ചെയ്തത്. അതിൽ തന്നെ അവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഗാന്ധി വധത്തിന് ശേഷം ആർഎസ്എസ് സൈഡ് ലൈന്‍ ചെയ്യപ്പെട്ടു. പിന്നീട് അതിൽ നിന്നും തിരിച്ചുവരുന്നതിന് വേണ്ടിയാണ് ആർഎസ്എസ് ഭാരതീയ ജന സംഘ് രൂപീകരിക്കുന്നത്. അതായത് ഹിന്ദു മഹാ സഭ എന്ന നാമം ഉപേക്ഷിച്ചിട്ടാണ് അവരുടെ രാഷ്ട്രീയ പാർട്ടിയായിട്ട് ഭാരതീയ ജന സംഘ് രൂപീകരിക്കുന്നത്. അന്നുവരെ ആർഎസ്എസ് പിന്തുടർന്നിരുന്ന പ്രത്യയശാസ്ത്രമെന്തെന്നാൽ ഹിന്ദുരാഷ്ട്രം ഉണ്ടാക്കുക, അതിന് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യുക എന്നുള്ളതായിരുന്നു. എന്നാൽ ഗാന്ധിവധത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനായി ദീൻദയാൽ ഉപാധ്യായയുടെ പുതിയൊരു തത്വശാസ്ത്രം അവരുടേതായി പ്രദർശിപ്പിക്കുകയായിരുന്നു. ഏകാത്മക മാനവവാദം എന്ന തത്വശാസ്ത്രമാണ് തൽക്കാലത്തേക്ക് തങ്ങളുടെ തെറ്റുകൾ മറച്ചുവെക്കാൻ അവർ ഉപയോഗിച്ചത്. ദീൻദയാൽ ഉപാധ്യായയുടെ തത്വശാസ്ത്രത്തിലാണ് രാഷ്ട്രം എന്ന് പറഞ്ഞാൽ ആത്മസ്വരൂപമാണെന്നും ഭാരതം എന്ന് പറയുന്നത് ഭാരതമാതാവാണ് എന്ന സങ്കൽപം ആർഎസ്എസ് അവതരിപ്പിക്കുന്നത്. അല്ലാതെ സ്വാതന്ത്ര്യസമരവുമായി ഉയർന്ന് വന്നിട്ടുള്ള ഭാരതമാതാ സങ്കൽപ്പമല്ല അവരുടേത്.
ഗവർണർ പ്രദർശിപ്പിക്കുന്നത് ആർഎസിഎസിൻ്റെ ഭാരത മാതാവിനെയാണ്. ആർഎസിഎസിൻ്റെ പ്രത്യയശാസ്ത്രത്തിൻ്റെ ഭാഗമായി വന്ന ഭാരതാംബയെ ആണ് അവർ കാണിക്കുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതോടെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഗാന്ധി ആദ്യമായി കൊടുക്കുന്നൊരു സന്ദേശമുണ്ട്. ഭാരതമാതാ സങ്കൽപമല്ല, മറിച്ച് ദരിദ്രനാരായണ സങ്കൽപമാണ് കൊണ്ടുവരേണ്ടത് എന്നായിരുന്നു അത്. നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും ദരിദ്രനായ മുഖമാണ് ഇന്ത്യക്ക് കൊടുക്കേണ്ടത്. അവിടെന്നാണ് ഇന്ത്യയെ ഉയർത്തിക്കൊണ്ട് വരേണ്ടത്. അല്ലാതെ റൊമാന്റിക് ആയിട്ടുള്ള ഭാരതമാതാ സങ്കൽപ്പം എന്ന് കൂടി പറയുന്നുണ്ട്. ഒരു തരത്തിലും ഇന്ത്യൻ ചരിത്രവുമായി ബന്ധമുള്ള ഒന്നല്ല അവിടെ പ്രദർശിപ്പിച്ചത്. ഹിന്ദു ഫാസിസ്റ്റ് സംഘടന പ്രത്യേക സന്ദർഭത്തിൽ ഉണ്ടാക്കിയതാണിത്’, പി. എൻ ഗോപീകൃഷ്ണൻ അഴിമുഖത്തോട് പറഞ്ഞു.
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തെ പ്രദർശിപ്പിച്ചതാണ് വിവാദമായത്. സംസ്ഥാന സർക്കാരിന്‍റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര ആർലേക്കറും കൃഷിമന്ത്രി പി. പ്രസാഗദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ചിത്രം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ഗവർണറെ നീരസം അറയിച്ചു. ചിത്രം മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ ചിത്രം നേരത്തെ തന്നെ സ്ഥാപിച്ചതാണെന്നും മുൻപ് പല പരിപാടികളും ഈ പശ്ചാത്തലത്തിൽ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കിയ ഗവർണർ ചിത്രം നീക്കം ചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മന്ത്രി പരിപാടി ബഹിഷ്ക്കരിക്കുകയായിരുന്നു.
Content Summary: bharat mata picture in rajbhavan; concept created by the RSS for political gain