June 04, 2026 |
Share on

ആ സംഭവങ്ങള്‍ക്കു സാക്ഷിയായി വണ്ടിയില്‍ ഒരു കുരിശുമാല തൂങ്ങിക്കിടപ്പുണ്ടായിരുന്നു; ഭാവന

കേസ് പിന്‍വലിച്ചെന്നും ഒത്തുതീര്‍പ്പാക്കിയെന്നും എഴുതുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും

കാറിനുള്ളില്‍ വച്ചു താന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കേസ് പിന്‍വലിച്ചതായും ഒത്തുതീര്‍പ്പിനു തയ്യാറായി എന്നതരത്തിലും വരുന്ന വാര്‍ത്തകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു നടി ഭാവന. കേസ് പിന്‍വലിച്ചിട്ടില്ലെന്നും ആ തരത്തില്‍ വരുന്ന വാര്‍ത്തകള്‍ നൂറുശതമാനം കള്ളവും തന്നെ അപമാനിക്കാനുള്ളതാണെന്നും ഭാവന പറഞ്ഞു. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നടി ലഹരിയുടെ ആലസ്യത്തിലായിരുന്നു എന്ന തരത്തിലൊക്കെ കഥകളെഴുതി മാധ്യമങ്ങള്‍ക്കെതിരേ നിയമപരമായി നീങ്ങുമെന്നും പ്രധാന കേസിന്റെ തിരക്കുകള്‍ കഴിയാന്‍ കാത്തിരിക്കുകയാണ്. ആരു വിചാരിച്ചാലും എന്നെ സ്വാധീനിക്കാനോ കേസില്‍ നിന്നു പിന്തിരിപ്പിക്കാനോ സാധിക്കില്ലെന്നും ഭാവന പ്രഖ്യാപിക്കുന്നുണ്ട്.

സംഭവദിവസം യഥാര്‍ത്ഥത്തില്‍ എന്തു നടന്നു എന്നതിനെക്കുറിച്ചും വനിതയുടെ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കുന്നുണ്ട്. വണ്ടിയില്‍ കയറിയവര്‍ തന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണു വേണ്ടതെന്നും അയാള്‍ക്കിട്ടു നല്ല തല്ലുകൊടുക്കാനുള്ള ക്വട്ടേഷനുണ്ടെന്നും തന്നെ പറയുന്നിടത്തു ഇറക്കിവിടുമെന്നൊക്കെയാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീടുള്ള അവരുടെ നീക്കങ്ങള്‍ തന്നില്‍ സംശയം ഉണ്ടാക്കിയെന്നു ഭാവന പറയുന്നു. പാലാരിവട്ടത്തു നിന്നും ലാല്‍ മീഡിയയിലേക്കു തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദേശം കൊടക്കുന്നതുകേട്ടപ്പോഴാണു കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്നു ബോധ്യമായത്. ഇതിനിടയിലാണു പ്രധാന വില്ലന്‍ കാറില്‍ കയറുന്നത്. ഹണി ബി യുടെ ഷൂട്ടിംഗിനു ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തന്നെ വിളിക്കാന്‍ വന്നത് അയാളിയിരുന്നു. അങ്ങനെ പരിചയം ഉണ്ട്. ഇത് എനിക്കെതിരേയുള്ള ക്വട്ടേഷനാണെന്നും തന്നത് ഒരു സ്ത്രീയാണെന്നും ഞങ്ങള്‍ നിന്റെ ഒരു വീഡിയോ എടുക്കും ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും അയാള്‍ തന്നോടു പറഞ്ഞതായും ഭാവന പറയുന്നു.
ഈ സമയത്ത് താന്‍ തീര്‍ത്തും നിസ്സംഗയായിരുന്നുവെന്നും വണ്ടി സെന്‍ട്രല്‍ ലോക്കില്‍ ആയതിനാല്‍ ശബ്ദംവച്ചാല്‍ പോലും വെളിയില്‍ കേള്‍ക്കില്ലായിരുന്നുവെന്നും ഭാവന ഓര്‍ക്കുന്നു. തന്നെ അനങ്ങാന്‍ പോലും സമ്മതിക്കാതെ അവര്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഫഌറ്റില്‍ കൊണ്ടുപോകുമെന്നും അവിടെ അഞ്ചുപേര്‍ കാത്തിരിപ്പുണ്ടെന്നും മയക്കു മരുന്നു കുത്തിവച്ചശേഷം ബലാത്സംഗം ചെയ്യുമെന്നും അതു വീഡിയോയില്‍ പകര്‍ത്തുമെന്നും പിന്നെ എന്തൊക്കെ സംഭവിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും ഭീഷണി പെടുത്തി.

ഇതൊക്കെ സ്വപ്‌നമാണോ യഥാര്‍ത്ഥ്യമാണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു താനെന്നും പല ചിന്തകള്‍ കയറിയിറങ്ങിപ്പോവുകയുമായിരുന്നുവെന്നും ഭാവന. ഇതിനിടയില്‍ അവര്‍ പലരീതിയില്‍ ഉപദ്രവിച്ചു. ഒരുപാട് സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. താന്‍ തീര്‍ത്തും നിസഹായിയായിരുന്നുവെന്നും ഭാവന പറഞ്ഞു. എല്ലാം കഴിഞ്ഞ് അവന്‍ പറഞ്ഞു, ഫോണ്‍ നമ്പര്‍ തരൂ, ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന്. ഇത്രയയൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെ, എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസം എന്നു ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു. ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി ആ വണ്ടിയില്‍ ഒരു കുരിശുമാല തൂങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതു നോക്കി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; ഭാവന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×