ജെഫ്രി എപ്സ്റ്റീനില്‍ നിന്നും ബ്ലാക്മെയ്ല്‍ ഭീഷണി നേരിട്ടിരുന്നതായി ബില്‍ ഗേറ്റ്സിന്റെ വെളിപ്പെടുത്തല്‍. തനിക്കുണ്ടായിരുന്ന വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു, ലൈംഗിക കുറ്റവാളിയായ ജഫ്രി എപ്സ്റ്റീന് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് ഗേറ്റ്സ് പറയുന്നത്. എപ്സ്റ്റീനുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍, വീണ്ടും താനുമായി സഹകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനായാണ് എപ്സ്റ്റീന് ഈ രഹസ്യ വിവരങ്ങള്‍ ആയുധമാക്കിയതെന്നാണ് യുഎസ് ജനപ്രതിനിധി സഭയുടെ ‘ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി’ക്ക് നല്കിയ പ്രസ്താവനയില്‍ ബില്‍ ഗേറ്റ്സ് തുറന്നു പറഞ്ഞത്. ജഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി ബന്ധം പുലര്ത്തിയവരെക്കുറിച്ചും യുഎസ് നീതിന്യായ വകുപ്പ് നടത്തിയ അന്വേഷണങ്ങള്‍ വിലയിരുത്തുന്നതിനായി കമ്മിറ്റി വിളിച്ചുചേര്‍ത്ത അടച്ചിട്ട വാതില്‍ ചര്‍ച്ചയിലാണ് ഗേറ്റ്സ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.
എപ്സ്റ്റീനുമായി ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നതില്‍ തനിക്ക് അങ്ങേയറ്റം ഖേദമുണ്ടെന്ന് ബില്‍ ഗേറ്റ്സ് ആവര്‍ത്തിച്ചു. എന്നാല്‍ എപ്സ്റ്റീന് എന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും, താന്‍ ആരെയും ഒരിക്കലും ചൂഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി കടത്തിയെന്ന കുറ്റത്തിന് ഫെഡറല്‍ അധികാരികള്‍ എപ്സ്റ്റീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബില്‍ ഗേറ്റ്സുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഈ വെളിപ്പെടുത്തലുകള്‍ ബില്‍ ഗേറ്റ്സിന്റെ പൊതുപ്രതിച്ഛായയെ മോശമായ രീതിയില്‍ ബാധിക്കുകയും, അദ്ദേഹത്തിന്റെ ദാമ്പത്യജീവിതം തകരുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. കൂടാതെ, എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളെക്കുറിച്ച് ബാഹ്യമായ ഒരു സ്വതന്ത്ര അന്വേഷണം നടത്താന്‍ ഈ വര്‍ഷം ഗേറ്റ്സിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് നിര്‍ബന്ധിതമാവുകയും ചെയ്തു. താന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കാനും ജീവന് രക്ഷിക്കാനുമുള്ള പ്രധാന അടിത്തറ തന്റെ വ്യക്തിപരമായ പ്രതിച്ഛായയാണെന്നും, അതുകൊണ്ടുതന്നെ എപ്സ്റ്റീനെ കണ്ടുമുട്ടിയത് വിവേകശൂന്യമായ ഒരു വലിയ തെറ്റായിരുന്നുവെന്നും ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു. എല്ലാവര്ക്കും ആരോഗ്യകരവും ഉല്‍പ്പാദനക്ഷമവുമായ ജീവിതം ഉറപ്പാക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമായിരുന്നു എപ്സ്റ്റീന്റെ പെരുമാറ്റമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കേസില്‍ ഫ്ലോറിഡയില്‍ വെച്ച് എപ്സ്റ്റീന് കുറ്റസമ്മതം നടത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2011-ലാണ് ബില്‍ ഗേറ്റ്സ് ഇയാളെ ആദ്യമായി പരിചയപ്പെടുന്നത്. പതിനാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ അടക്കം ഡസന്‍ കണക്കിന് കൗമാരക്കാരായ പെണ്‍കുട്ടികളെ എപ്സ്റ്റീന് പതിവായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണത്തിന്മേലുള്ള അന്വേഷണങ്ങളെ അട്ടിമറിച്ചുകൊണ്ട് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുമായി ഉണ്ടാക്കിയ വിവാദപരമായ വിചാരണേതര കരാറിനെ തുടര്‍ന്നായിരുന്നു അന്ന് അയാള്‍ രക്ഷപ്പെട്ടത്. 2011-ല്‍ എപ്സ്റ്റീനെ പരിചയപ്പെടുമ്പോള്‍, താന്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതായിരുന്നുവെന്ന് ഗേറ്റ്സ് സമ്മതിച്ചു. എപ്സ്റ്റീന് മുന്‍പ് നിയമപരമായ ചില പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെങ്കിലും, അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നില്ലെന്നും ആവശ്യമായ ജാഗ്രതയില്ലാതെയാണ് ആ പരിചയപ്പെടല്‍ താന്‍ സ്വീകരിച്ചതെന്നും ഗേറ്റ്സ് വ്യക്തമാക്കി.
2014 വരെയുള്ള കാലയളവില്‍ നികുതി ഇളവുകളുള്ള ‘ഡോണര്‍ അഡൈ്വസ്ഡ് ഫണ്ട്’ എന്ന ജീവകാരുണ്യ പദ്ധതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബില്‍ ഗേറ്റ്സ് എപ്സ്റ്റീനുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. പ്രമുഖ ബാങ്കായ ജെപി മോര്ഗന് ചേസിലെ ബാങ്കര്‍മാരുമായും എപ്സ്റ്റീന് ഇതേക്കുറിച്ച് സംസാരിക്കുകയും, ഈ ഇടപാടിലൂടെ വലിയൊരു തുക കമ്മീഷന് ആയി നേടാന്‍ ലക്ഷ്യമിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതി ഒരിക്കലും യാഥാര്‍ത്ഥ്യമായില്ല. തുടര്‍ന്ന് 2014-ന്റെ അവസാനത്തോടെ എപ്സ്റ്റീനുമായുള്ള ചര്‍ച്ചകള്‍ ഗേറ്റ്സ് അവസാനിപ്പിച്ചു. ബന്ധങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിയ ശേഷമാണ്, തന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ തനിക്കെതിരെ ഒരു ആയുധമാക്കാന്‍ എപ്സ്റ്റീന് ശ്രമിച്ചിരുന്നുവെന്ന കാര്യം താന്‍ മനസ്സിലാക്കുന്നതെന്ന് ഗേറ്റ്സ് വെളിപ്പെടുത്തി. താനുമായി ഇടപഴകുന്ന പ്രമുഖ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച്, അവരെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ പാകത്തില്‍ ഭീഷണിപ്പെടുത്തുന്നത് എപ്സ്റ്റീന്റെ സ്ഥിരം ശൈലിയായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ഫയലുകളില്‍ നിന്ന് വ്യക്തമാകുന്നത് പോലെ, തന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ച് എപ്സ്റ്റീന് തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ഗേറ്റ്സ് വ്യക്തമാക്കി.
ജഫ്രി എപ്സ്റ്റീന്റെ അടുത്ത വൃത്തങ്ങളിലുണ്ടായിരുന്ന മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്, റീട്ടെയ്ല്‍ വ്യവസായ പ്രമുഖന് ലെസ്ലി വെക്സ്നര്‍ എന്നിവരെ ഹൗസ് കമ്മിറ്റി ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ, വര്‍ഷങ്ങളോളം ജെപി മോര്‍ഗനില്‍ എപ്സ്റ്റീന്റെ പ്രധാന സഹായിയായിരുന്ന വാള്‍സ്ട്രീറ്റ് എക്സിക്യൂട്ടീവ് ജെയിംസ് സ്റ്റാലി, എപ്സ്റ്റീന് നികുതി-സ്വത്ത് കാര്യങ്ങളിലെ സേവനങ്ങള്‍ക്കായി 170 മില്യണ്‍ ഡോളര്‍ നല്കിയ പ്രൈവറ്റ് ഇക്വിറ്റി ശതകോടീശ്വരന്‍ ലിയോണ്‍ ബ്ലാക്ക് എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Content Summary; Bill Gates tells a House committee that Jeffrey Epstein used information about his extramarital affairs to pressure and blackmail him
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.