ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂറിൽ ബിജെപിയുടെ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ആദ്യഘട്ടത്തിൽ ലീഡ് നില മാറി മറിഞ്ഞെങ്കിലും ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത് ബിജെപിയാണ്. കേവല ഭൂരിപക്ഷം കടന്നുള്ള ലീഡ്‌നില 40 സീറ്റിൽ എത്തിയിട്ടുണ്ട്. അതേസമയം കനത്ത തിരിച്ചടിയാണ് ആപ്പ് നേരിടുന്നത്.
ബിജെപി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ പ്രവർത്തകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്. നിലവിലെ ഭരണകക്ഷിയായ ആപ്പ് തകർച്ചയിലാണ്. 27 വർഷങ്ങൾക്ക് ശേഷം ബിജെപി ഡൽഹിയിൽ അധികാരം തിരിച്ചു പിടിക്കുന്നതിന്റെ സൂചനകളാണ് കാണാൻ കഴിയുന്നത്. ബിജെപിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പർവേശ് വർമ്മ കൈലാഷ് ഗെലോട്ടും മുന്നിട്ട് നിൽക്കുകയാണ്.
ആപ്പ് 25, ബിജെപി 45, കോൺഗ്രസ് 0 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആപ്പിന്റെ പ്രധാന വോട്ടുബാങ്ക് ആയ മധ്യവർഗ്ഗം ആപ്പിനെ കൈവിടുന്നതിന്റെ സൂചനകളാണ് തെളിയുന്നത്. കഴിഞ്ഞ രണ്ട് തവണയും സീറ്റ് ഒന്നും നേടാതിരുന്ന കോൺഗ്രസ് ആദ്യം ഒരു സീറ്റിൽ ലീഡ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ പൂജ്യത്തിലായി.
19 എക്സിറ്റ്പോൾ ഫലങ്ങളിൽ 11 എണ്ണവും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ അനുകൂലമാവുന്നതാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. 60.54% പോളിംഗ് ആണ് ഇത്തവണ ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59 ശതമാനം പോളിംഗ് നടന്ന 2020ൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ബിജെപി അന്ന് എട്ട് സീറ്റിൽ മാത്രമായിരുന്നു വിജയിച്ചത്. 2015ൽ എഎപി 67 സീറ്റ് നേടി വിജയിച്ചപ്പോൾ ബിജെപി നേടിയത് മൂന്ന് സീറ്റ് മാത്രമാണ്.
content summary; bjp leads first phase counting delhi election 2025