പ്രളയവും അത് നല്‍കിയ ദുരന്തങ്ങളും കേരളക്കര പാടെ മറന്നിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന ‘കര കയറാത്ത കേരളം’ എന്ന ഇനിയും പുനരധിവാസം നടപ്പിലാവാത്തവരെ കുറിച്ചുള്ള അന്വേഷണാത്മക പരമ്പര തന്നെയാണ് ഇതിന് ഏക അപവാദം. ഏഷ്യാനെറ്റ് മാത്രമല്ല മറ്റു ചില അച്ചടി -ദൃശ്യ മാധ്യമങ്ങളും ഇക്കാര്യം ഇടയ്ക്കിടെ മാലോകരെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊക്കെ മുറ തെറ്റി പെയ്യുന്ന ചാറ്റല്‍ മഴ പോലെ മാത്രം.
പ്രളയം ഒരുമിപ്പിച്ചവരെ വളരെ പെട്ടെന്ന് തന്നെ ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ഭിന്നിപ്പിച്ചു. വിഷയം ശബരിമല തന്നെയാണെങ്കിലും നവോഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയുമൊക്കെ പേരു പറഞ്ഞു പിണറായി സര്‍ക്കാര്‍ നവവത്സര നാളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വനിതാ മതില്‍ ആ ഭിന്നിപ്പിന്റെ വലുപ്പം അല്‍പ്പംകൂടി വലുതാക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതില്‍ കെട്ടാന്‍ ഒരുങ്ങുന്നവരും അത് തടയാനും പൊളിക്കാനുമൊക്കെ ശ്രമിക്കുന്നവരും തമ്മിലുള്ള വാക് പോരിനാല്‍ കേരളക്കരയാകെ പ്രകമ്പനം കൊള്ളുകയാണ്.
വനിതാ മതില്‍ നിര്‍മാണത്തിലൂടെ സി പി എമ്മും ഇടതുമുന്നണിയും പ്രധാനമായും ലക്ഷ്യം വച്ചത് സംഘപരിവാര്‍ സംഘടനകളെ ആയിരുന്നെങ്കിലും കോണ്‍ഗ്രസ്സും മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും അടങ്ങുന്ന വലതു മുന്നണിയും കേരളത്തിലെ പ്രബല ജാതി സംഘടനകളിലൊന്നായ എന്‍ എസ് എസ്സും വനിതാ മതിലിനെതിരെ ശക്തമായി രംഗത്ത് വന്നു കഴിഞ്ഞു.
https://www.azhimukham.com/trending-sabarimala-women-wall-social-justice-department-says-it-is-a-political-call-wether-the-50-crore-spend-or-not-and-pinarayi-says-no/
ആരൊക്കെ എതിര്‍ത്താലും മതില്‍ കെട്ടുക തന്നെ ചെയ്യുമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് സര്‍ക്കാരും ഇടതു മുന്നണിയും അവരെ പിന്തുണക്കുന്ന സംഘടനകളും. എത്രകണ്ട് പുരോഗമനം പറഞ്ഞാലും വനിതാ മതില്‍ നിര്‍മാതാക്കളുടെ കൂട്ടത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന എസ് എന്‍ ഡി പിയും കെ പി എം എസ്സും ഒക്കെ ഉണ്ടെന്നതും സുകുമാരന്‍ നായരുടെ എന്‍ എസ് എസ് ഇല്ലെന്നതും വനിതാ മതില്‍ ജാതീയമായി കേരളാ ജനതയെ വീണ്ടും ഭിന്നിപ്പിച്ചിരിക്കുന്നുവെന്നു കരുതുന്നവരും ഉണ്ട്.
ജനുവരി ഒന്നിന്റെ വനിതാ മതിലില്‍ 30 ലക്ഷത്തിലധികം വനിതകളെ അണിചേര്‍ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സി പി എമ്മിനെ പോലൊരു പാര്‍ട്ടിക്ക് ഇതല്ല ഇതില്‍ കൂടുതല്‍ പേരെ സംഘടിപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷെ ഒരു ദിവസം ലക്ഷക്കണക്കിന് സ്ത്രീകള്‍ നിരത്തിലിറങ്ങി മതില്‍ കെട്ടിയതുകൊണ്ട് മാത്രം കേരളത്തില്‍ നവോത്ഥാന ചിന്ത പുഷ്ടിപ്പെടുകയും സ്ത്രീ ശാക്തീകരണം സാധ്യമാവുകയും ചെയ്യുമെന്ന് കരുതുക വയ്യ. എങ്കിലും അന്ധകാരത്തില്‍ നിന്നും ഘോരാന്ധകാരത്തിലേക്കു നീങ്ങുന്ന ഒരു സമൂഹത്തിനു ഇത്തിരി വെട്ടം പകരാന്‍ ഈ മതിലിനു കഴിയുമെങ്കില്‍ അത് ഒരു നല്ല കാര്യമായി തന്നെ കാണേണ്ടതുണ്ടെന്നു തോന്നുന്നു.
https://www.azhimukham.com/kerala-sabarimala-women-entry-women-wall-sunny-m-kapikkadu/
https://www.azhimukham.com/art-kochi-muziris-biennale-2018-and-importance-of-student-participation-writes-sunil-gopalakrishnan/