അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ ബോക്സോഫീസ് ഫ്ലോപ്പായിരുന്നു. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൻറെ ബജറ്റ് 350 കോടിയായിരുന്നു. റിലീസിന് മുമ്പ് വൻ പ്രമോഷൻ നടത്തിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടു. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിൽ വില്ലനായി എത്തിയത്. ചിത്രം നിർമിച്ച 250 കോടി രൂപയുടെ കടം വീട്ടാൻ വാഷു ഭഗ്‌നാനി തൻ്റെ മുംബൈയിലെ ഓഫീസ് വിറ്റതായി വാർത്തകൾ വന്നിരുന്നു. ബോളിവുഡിനെ 2024 ൽ ഭാഗ്യം തുണച്ചില്ല എന്നാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. bollywood in free-fall
2023 -ൽ തകർച്ചയുടെ വക്കിൽ നിന്ന ബോളിവുഡിന് പത്താൻ, ജവാൻ, അനിമൽ, ഗദർ 2 തുടങ്ങിയ ചിത്രങ്ങൾ ആശ്വാസകരമായെങ്കിലും, ആറ് മാസം പിന്നിടുമ്പോൾ, ബിഗ് ബോളിവുഡ് വൻ വിജയങ്ങളില്ലാതെ വലയുകയാണ് എന്നതാണ് സത്യം. കണക്കുകൾ അനുസരിച്ച് ഹിന്ദി സിനിമ വ്യവസായം വലിയ പ്രതിസന്ധിയിലാണുള്ളത്. ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മിക്ക വമ്പൻ ചിത്രങ്ങളും അടുത്തിടെയായി ബോക്‌സ് ഓഫീസിൽ തകർന്നടിയുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.
ഫൈറ്റർ, മൈദാൻ, ബഡേ മിയാൻ ചോട്ടെ മിയാൻ, ചന്തു ചാമ്പ്യൻ, തുടങ്ങിയ വൻ താരങ്ങളുടെ ചിത്രങ്ങൾ ഒന്നും തന്നെ പ്രതീക്ഷിച്ച മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. പ്രമുഖ താരങ്ങളായ ഹൃത്വിക് റോഷൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, കാർത്തിക് ആര്യൻ എന്നിവരുടെ സമീപകാല ചിത്രങ്ങൾ എല്ലാം ഒന്നിന് പുറകെ ഒന്നായി തകർന്നടിഞ്ഞു. കണക്കുകൾ പ്രകാരം 2024 -ൻ്റെ ആദ്യ പകുതിയിൽ, ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും തന്നെ നിർമ്മാണ ചെലവിനേക്കാൾ കൂടുതൽ പണം സമ്പാദിച്ചില്ല.
എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത വമ്പൻ താരനിരകൾ ഒന്നുമില്ലാത്ത ഇടത്തരം സിനിമകൾ അതിശയകരമായ നേട്ടം കൈവരിച്ചുവെന്നതാണ്. ക്യൂ, തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയാ, ശൈത്താൻ, ആർട്ടിക്കിൾ 370, മഡ്ഗാവ് എക്സ്പ്രസ്, ക്രൂ, സ്വതന്ത്ര്യ വീർ സവർക്കർ, തുടങ്ങിയ ചിത്രങ്ങൾ ഒന്നും തന്നെ പ്രമുഖ താരങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നില്ല എങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തു.
തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ എന്ന ചിത്രം മനുഷ്യനും റോബോട്ടും തമ്മിലുളള പ്രണയകഥയായിരുന്നു, ചിത്രത്തിൽ നായകൻ ഷാഹിദ് കപൂറാണ്, നായികയായ കൃതി സനോണിന് തുല്യ പ്രാധാന്യമുളള വേഷമായിരുന്നു. മഡ്‌ഗാവ് എക്‌സ്‌പ്രസ് താരനിരയുള്ള സിനിമകളേക്കാൾ മികച്ചതാണ് എന്ന് പറയാൻ സാധിക്കും. അവിനാഷ് തിവാരി, ദിവ്യേന്ദു, പ്രതീക് ഗാന്ധി എന്നിവരടങ്ങുന്ന ചിത്രത്തിൽ, ഗോവയിൽ ആൺകുട്ടികൾ പ്രശ്‌നങ്ങളിൽ അകപ്പെടുന്നതാണ് ഇതിവൃത്തം. പ്രതീക് ഗാന്ധിയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തു.
സ്ട്രീമിംഗിനെ കുറിച്ച് പറയുമ്പോൾ, ഈ വർഷത്തെ ‘ഓ ടി ടി സിനിമകൾക്കും അത്ര കണ്ട് ശോഭിക്കാൻ സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ റിലീസ് ആയ ‘മഹാരാജ്’ എന്ന ചിത്രവും നിരാശയാണ് സമ്മാനിച്ചത്. ദിൽജിത് ദോസാഞ്ച്-പരിനീതി ചോപ്ര എന്നിവർ അഭിനയിച്ച ‘അമർ സിംഗ് ചംകില’ ഒഴികെ മറ്റൊന്നിനും കാര്യമായ ശ്രദ്ധ നേടാൻ സാധിച്ചില്ല. പക്ഷെ, കിരൺ റാവുവിൻ്റെ ‘ലാപത ലഡീസ്’, വരുൺ ഗ്രോവറിൻ്റെ ‘ഓൾ ഇന്ത്യ റാങ്ക്’ രണ്ട് മികച്ച ചിത്രങ്ങളായിരുന്നു. ശക്തമായ ആശയങ്ങളാണ് ഇരു ചിത്രങ്ങളും ചർച്ച ചെയ്തത്.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരടങ്ങുന്ന ‘കൽക്കി 2898 എഡി’ എന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ സിനിമ, ഇതുവരെ എത്രമാത്രം ലാഭം കൊയ്തു? തെന്നിന്ത്യൻ സിനിമാലോകം വീണ്ടും ബോളിവുഡിന് വെല്ലുവിളി ഉയർത്തുകയാണോ? ഇവയെല്ലാം ചോദ്യചിഹ്നങ്ങളായി അവശേഷിക്കുമോ എന്ന് കണ്ടറിയണം.
content summary ; Bollywood six-month report card Film industry’s in a free-fall