UPDATES

ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്; ആമീര്‍ ഖാന്റെ മകന്റെ ആദ്യ സിനിമയ്ക്ക് വിലക്ക്‌

എന്താണ് 1862 ലെ മഹാരാജ് ലൈബല്‍ കേസ്?

                       

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രമായ ‘ മഹാരാജ്’ റിലീസ് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. ഹിന്ദു വികാരം വൃണപ്പെടുത്തുമെന്ന വാദം അംഗീകരിച്ചാണ് ചിത്രം പുറത്തു വരുന്നത് കോടതി തടഞ്ഞത്. വിഎച്ച്പി അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകളാണ് സിനിമയ്‌ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ജൂണ്‍ 14 വെള്ളിയാഴ്ച്ച മുതല്‍ സിനിമ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കെയാണ് ചിത്രത്തിന് സ്റ്റേ ചുമത്തിയത്. ചിത്രം നിരോധിക്കണമെന്നാണ് നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘനകള്‍ സോഷ്യല്‍ മീഡിയയിലും വലിയ കാമ്പയിന്‍ നടത്തിയിരുന്നു.   ബാന്‍ മഹാരാജ്, ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗുകളില്‍ വലിയ പ്രചാരണം ചിത്രത്തിനെതിരേ നടക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ ചരിത്രാവിഷ്‌കാരമാണ് സിനിമ പറയുന്നത്.

വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റിന്റെ കീഴില്‍ യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ത്ഥ് പി മല്‍ഹോത്രയാണ്. സ്വാതന്ത്രലബ്ധിക്കു മുമ്പത്തെ ഇന്ത്യയില്‍, 1862 ല്‍ നടന്ന മഹാരാജ് ലൈബല്‍ കേസ് സിനിമയുടെ പ്രധാന പ്രമേയമാണ്.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി സിനിമയുടെ റിലീസിന് മുന്നോടായി മഹാരാജയുടെ ടീസറോ ട്രെയലറോ പുറത്തു വിട്ടിട്ടില്ല. ജയ്ദീപ് അഹ്‌ലാവത്തും ജുനൈദ് ഖാനും ഉള്ള ഒരു പോസ്റ്റര്‍ മാത്രമാണ് അണിയറക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടുള്ളത്.

സനാതന ധര്‍മത്തോടുള്ള മര്യാദകേട് ഒരുതരത്തിലും സഹിക്കാന്‍ ആകില്ലെന്നാണ് വിഎച്ച്പി നേതാവ് സ്വാതി പ്രാചി പ്രതികരിച്ചത്. ബാന്‍ മഹാരാജ ഫിലിം, ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്നീ ഹാഷ് ടാഗുകളോടെയാണ് സ്വാതി പ്രാചിയും മഹാരാജയ്‌ക്കെതിരെയുള്ള പോസ്റ്റ് എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്.

മഹാരാജ് എന്ന സിനിമയില്‍ പറയുന്ന ചരിത്രവും, ചിത്രത്തിലെ കഥാപാത്രങ്ങളും ഹിന്ദുവികാരങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ വാദം. ബ്രീട്ടീഷ് ഭരണകാലത്തെ ഹിന്ദു പൂജാരിമാരെയും വല്ലഭ സമ്പ്രദായത്തെയും വികലമാക്കിയിരിക്കുന്ന സിനിമ ഹിന്ദു മതത്തെ അടച്ചാക്ഷേപിക്കുന്നതാണെന്നും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

കര്‍സന്‍ദാസ് മുല്‍ജിയുടെ കഥ

ബ്രിട്ടീഷ് ഭരണ കാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ കര്‍സന്‍ദാസ് മുല്‍ജിയുടെ ജീവിതമാണ് മഹാരാജ് പറയുന്നത്. മുംബൈ എല്‍ഫിന്‍സ്‌റ്റോണ്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന മുല്‍ജി, പണ്ഡിതനും സ്വാതന്ത്രസമര പോരാളിയുമായിരുന്ന ദാദാഭായ് നവറോജിയുടെ അനുയായി ആയിരുന്നു. വിധവ പുനര്‍വിവാഹത്തെക്കുറിച്ച് ആ കാലത്ത് എഴുതിയിട്ടുണ്ട് മുല്‍ജി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി അദ്ദേഹം നിലകൊണ്ടു. സാമൂഹത്തില്‍ നവീകരണം കൊണ്ടുവരാനായിരുന്നു മുല്‍ജി യത്‌നിച്ചത്.

മഹാരാജ് ലൈബല്‍ കേസ്, 1862

അക്കാലത്ത് ഏറെ ചര്‍ച്ചയായ മഹാരാജ് ലൈബല്‍ കേസും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

1861 ല്‍, പ്രശസ്തമായ ഗുജറാത്തി വാരികയായിരുന്ന ‘സത്യപ്രകാശ്’ ന്റെ എഡിറ്ററായിരുന്ന കാലത്ത് മുല്‍ജി ബോംബെയിലെ യാഥാസ്ഥിക ഹിന്ദു സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ഒരു ലേഖന പരമ്പര വാരികയില്‍ എഴുതുകയുണ്ടായി. ഈ ലേഖനം ലക്ഷ്യം വച്ചത് പുഷ്ടിമാര്‍ഗ് വൈഷണവ വിഭാഗത്തെയും ‘മഹാരാജ’ മാര്‍ എന്നറിയപ്പെട്ടിരുന്ന അതിന്റെ നേതാക്കളെയുമായിരുന്നു. മഹാരാജമാര്‍ വിശ്വാസികളായ സ്ത്രീകളെ ആചാരങ്ങളുടെ മറവില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നായിരുന്നു മുല്‍ജി വാരികയിലൂടെ വിളിച്ചു പറഞ്ഞത്.

16ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വല്ലഭാചാര്യന്‍ സ്ഥാപിച്ചതാണ് പുഷ്ടിമാര്‍ഗ്. ‘പോഷിപ്പിക്കുന്ന അല്ലെങ്കില്‍ അഭിവൃദ്ധി പ്രാപിക്കുന്ന പാത’ എന്നാണ് പുഷ്ടിമാര്‍ഗത്തിന്റെ അര്‍ത്ഥം. ശ്രീകൃഷ്ണ ആരാധനയില്‍ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ‘ ഹിന്ദുക്കളുടെ പ്രാകൃത മതവും നിലവിലെ മതവിരുദ്ധ അഭിപ്രായങ്ങളും എന്ന തലക്കെട്ടില്‍ 1861 സെപ്തംബര്‍ 21 ന് സത്യപ്രകാശില്‍ മുല്‍ജി എഴുതിയ ലേഖനത്തില്‍ മഹാരാജമാര്‍ വിശ്വാസികളായ ഹിന്ദു സ്ത്രീകളുമായി ലൈംഗികവേഴ്ച്ച നടത്തുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചു. വല്ലഭാചാര്യയുടെ ചെറുമകനായ ഗോകുല്‍നാഥ് എഴുതിയ പുസ്തകം അധാര്‍മികതയെ അംഗീകരിക്കുന്ന ഒന്നാണെന്ന വിമര്‍ശനവും മുല്‍ജിയുടെ ലേഖനത്തില്‍ ഉണ്ടായിരുന്നു. ഗോകുല്‍നാഥിന്റെ പുസ്‌കതത്തില്‍ മഹാരാജമാരെ സന്തോഷിപ്പിക്കാനായി അവര്‍ക്ക് തങ്ങളുടെ ഭാര്യമാരെയും പുത്രിമാരെയും കാഴ്ച്ചവയ്ക്കാന്‍ പുഷ്ടിമാര്‍ഗിലെ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മുല്‍ജി ചൂണ്ടിക്കാണിക്കുന്നുണ്ട്. നാണംകെട്ടതും വഞ്ചനാപരവും മാന്യതയില്ലാത്തതുമായ ഇത്തരം ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരേ ശക്തമായ ഭാഷയില്‍ മുല്‍ജി തന്റെ ലേഖനത്തില്‍ പ്രതിഷേധിക്കുന്നുണ്ട്. പൊതു ജനങ്ങളെ കബളിപ്പിക്കുന്നുവെന്നാരോപിച്ച് പ്രധാന മഹാരാജ് ആയ ജദുനാഥ് മഹാരാജിനെ കുറിച്ച് തന്റെ ലേഖനത്തില്‍ ഒന്നിലധികം തവണ മുല്‍ജി പരാമര്‍ശിക്കുന്നുണ്ട്. ജദുനാഥ് തന്റെ ഭക്തരുടെ ഭാര്യമാരെയും പെണ്‍മക്കളെയും നശിപ്പിച്ചുകൊണ്ട് ദുര്‍മാര്‍ഗത്തിലുള്ള ജീവിതമായിരുന്നു നയിച്ചിരുന്നതെന്നാണ് മുല്‍ജി കുറ്റപ്പെടുത്തിയത്.

വിഖ്യാതമായ വിചാരണ
മുല്‍ജിയുടെ ലേഖനം ജദുനഥിനെ രോഷാകുലനാക്കി. അയാള്‍ മുല്‍ജിക്കും സത്യപ്രകാശിന്റെ പ്രസാധകനായ നാനാഭായ് റുസ്‌തോംജി റനിനയ്ക്കും എതിരേ കേസ് കൊടുത്തു. ഒരു ബ്രാഹ്‌മണനും ഉന്നതനായ ഹിന്ദു വൈദികനുമായ തന്നെ പൊതുമധ്യത്തില്‍ അപമാനിച്ചതിനും വല്ലഭാചാര്യ സമ്പ്രദായത്തെയും ബോംബെയിലെ മൊത്തം ഹിന്ദുക്കളെയും നാണം കെടുത്തിയതിനും മുല്‍ജിയും നാനാഭായിയും 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ജുദുനാഥ് കേസ് ഫയല്‍ ചെയ്തത്.

ഈ കേസ് വലിയ തോതിലുള്ള പൊതുജന ശ്രദ്ധ പിടിച്ചുപറ്റി. വാറന്‍ ഹാസ്റ്റിംഗ് വിചാരണയ്ക്ക് ശേഷം ആധുനിക കാലത്ത് നടന്ന ഏറ്റവും പ്രമാദമായ വിചാരണായായി ഈ കേസ് അറിയപ്പെട്ടു. 1962 ജനുവരി 25 നാണ് കേസിലെ വിചാരണ ആരംഭിക്കുന്നത്. വലിയ ജനക്കൂട്ടമായിരുന്നു കോടതിയില്‍ തടിച്ചുകൂടിയത്. ഒരേ സമയം പ്രശസ്തനും വിവാദനായകനുമായ തോമസ് ചിഷോം ആന്‍സ്‌റ്റെ ആയിരുന്നു മുല്‍ജിയുടെ അഭിഭാഷകന്‍. സര്‍. ലിറ്റില്‍ടണ്‍ ഹോളിയോക് ബെയ്‌ലി ആയിരുന്നു മഹാരാജിന്റെ വക്കീല്‍. കേസിന്റെ വിചാരണയ്ക്കിടയില്‍ 31 പേര്‍ വാദിഭാഗത്ത് നിന്നും 33 പേര്‍ പ്രതിഭാഗത്ത് നിന്നും വിസ്തരിക്കപ്പെട്ടു.

1862 ഏപ്രില്‍ 22 ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സര്‍ മാത്യു റിച്ചാര്‍ഡ് സോസ്സെയും ജസ്റ്റീസ് ജോസഫ് അര്‍നോള്‍ഡും വിധി പ്രസ്താവിച്ചു. ആവേശകരമായ ഒരു കോടതി വിചാരണയുടെ അവസാനം ഉണ്ടായ വിധി എന്തായിരുന്നുവെന്ന് സിനിമ ഏതുതരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കാം.

1871 ല്‍ അന്തരിക്കുന്നതുവരെ മുല്‍ജി തന്റെ മാധ്യമപ്രവര്‍ത്തനം തുടരുകയും എഴുത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്കായി പോരാടുകയും ചെയ്തു.  boycott netflix ban maharaj hashtag campaign, why Hindutva organisations oppose aamir khan’s son junaid khan’s first movie, what is maharaj libel case,1862

Content Summary; boycott netflix ban maharaj hashtag campaign, why Hindutva organisations oppose aamir-khan’s son junaid khan’s first movie, what is maharaj libel case,1862

Share on

മറ്റുവാര്‍ത്തകള്‍