വിദേശ നേതാക്കളിൽ നിന്ന് കൈപ്പറ്റിയ ആഡംബര സമ്മാനങ്ങൾ വിൽക്കാൻ ശ്രമിച്ച സംഘത്തിൽ ബ്രസീലിൻ്റെ മുൻ പ്രസിഡൻ്റ് ജെയ്ർ ബോൾസൊനാരോ ഉൾപ്പെട്ടതായി റിപ്പോർട്ട്. ഫെഡറൽ പോലീസിന്റെ സംഘമാണ് മുൻ പ്രസിഡന്റിനെതിരെയുള്ള കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. 8 കോടിക്ക് മുകളിൽ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിറ്റിത്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ജെയ്ർ ബോൾസൊനാരോയ്‌ക്കെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗ്രൂപ്പിൻ്റെ ഭാഗമാകൽ എന്നീ കുറ്റങ്ങളാണ് പോലീസ് ഔദ്യോഗികമായി ചുമത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് പുതിയ ആരോപണങ്ങൾ ഉയർന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. Jewellerygate scandal Jair Bolsonaro
ഇംഗ്ലീഷിൽ ജ്വല്ലറി-ഗേറ്റ് എന്നർത്ഥം വരുന്ന “ഓ കാസോ ദാസ് ജോയാസ്” എന്ന വാക്കാണ് ഈ അഴിമതിയെ വിശേഷിപ്പിക്കാൻ ബ്രസീൽ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച, സുപ്രീം കോടതി ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് ആരോപണവിധേയരായ ക്രിമിനൽ ഗ്രൂപ്പിനെക്കുറിച്ചുള്ള 476 പേജുള്ള ഫെഡറൽ പോലീസ് അന്വേഷണത്തിൻ്റെ പ്രസിദ്ധീകരണത്തിന് അംഗീകാരം നൽകിയിരുന്നു. 2022 ലെ തെരഞ്ഞെടുപ്പിൽ ലുല ഡാ സിൽവയോട് പരാജയപ്പെട്ടതിനെ തുടർന്ന് ബോൾസൊനാരോ അധികാരം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി ആരോപണം ശക്തമായത്.
ക്രിമിനൽ സംഘത്തിൻ്റെ തെളിവുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അവകാശപ്പെടുന്ന റിപ്പോർട്ട്, ഗാർഡിയൻ പരിശോധിച്ചിരുന്നു. അന്താരാഷ്ട്ര യാത്രകളിൽ മുൻ പ്രസിഡന്റിന്റെ ഓഫീസിൽ നിന്നോ ബ്രസീലിയൻ സർക്കാർ പ്രതിനിധികൾക്കോ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ മോഷ്ടിക്കാനായിരുന്നു ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. സമ്മാനങ്ങൾ പിന്നീട് വിദേശത്ത് വിൽക്കാൻ ഉദ്ദേശിച്ചിരുന്നു. ഈ സമ്മാനങ്ങൾ വിറ്റ് സമ്പാദിച്ച പണമാക്കി മാറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. സാധാരണ ബാങ്കുകൾ വഴി പോകാതെ ഇടനിലക്കാർ മുഖേന ഈ പണം മുൻ പ്രസിഡൻ്റിൻ്റെ സ്വകാര്യ സമ്പത്തിലേക്ക് മാറ്റി. പണം എവിടെനിന്ന് വന്നു, എവിടെ സൂക്ഷിച്ചു, ആരുടെ ഉടമസ്ഥതയിലാണെന്നത് മറച്ചുവെക്കാനായിരുന്നു ഈ നീക്കം.
ഏറെക്കാലമായി അഴിമതി ആരോപണങ്ങളും സംശയങ്ങളും നേരിട്ടിട്ടും അദ്ദേഹം പക്ഷെ സത്യസന്ധനും തത്ത്വചിന്തയുള്ള വ്യക്തിയുമായാണ് പൊതു സമൂഹത്തിൽ സ്വയം ചിത്രീകരിച്ചിട്ടുള്ളത്. ദുരുപയോഗം ചെയ്‌തെന്ന് കരുതപ്പെടുന്ന വിദേശ സർക്കാരുകളുടെ സമ്മാനങ്ങളുടെ ചിത്രങ്ങൾ പോലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സമ്മാനങ്ങളിൽ 14 ലക്ഷം വിലയുള്ള ചോപാർഡ് പേന, കമ്മലുകൾ, ഏകദേശം 55 ലക്ഷത്തിന് മുകളിൽ വിലമതിക്കുന്ന റോളക്സ് വാച്ചിന്റെ ഒരു പ്രത്യേക പതിപ്പ് എന്നിവ ഉൾപ്പെടുന്നതാണ്.
2022 ഡിസംബർ 30 ന് തൻ്റെ നാല് വർഷത്തെ പ്രസിഡൻസിയുടെ അവസാനത്തിൽ ബോൾസൊനാരോ അമേരിക്കയിലേക്ക് പറന്നിരുന്നു. സംശയാസ്പദമായ നിയമവിരുദ്ധ പദ്ധതിയിൽ നിന്നുള്ള ലാഭം അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാൻ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. ഡൊണാൾഡ് ട്രംപിനെ ആരാധിക്കുന്ന തെക്കേ അമേരിക്കയിൽ നിന്നുള്ള ജനകീയ നേതാവ് കൂടിയായ ബോൾസൊനാരോ ഈ പുതിയ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, താൻ പ്രസിഡൻ്റായിരിക്കുമ്പോൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം മുമ്പ് നിഷേധിച്ചിട്ടുണ്ട്.
ഈ വാരാന്ത്യത്തിൽ തെക്കൻ ബ്രസീലിൽ നടന്ന വലതുപക്ഷ സമ്മേളനത്തിൽ സംസാരിച്ച ബോൾസൊനാരോ, മാധ്യമങ്ങളോട്, രണ്ട് മണിക്കൂർ തത്സമയം എന്തിനെക്കുറിച്ചും സംസാരിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2023 ജനുവരിയിലെ ബ്രസീലിലെ കലാപത്തെ പ്രേരിപ്പിക്കാൻ സഹായിച്ചുവെന്ന സംശയം ഉൾപ്പെടെയുള്ള ആരോപണങ്ങളോ, തനിക്കെതിരായ മറ്റ് അവകാശവാദങ്ങളോ അദ്ദേഹം ഇതുവരെ പൂർണ്ണമായി അഭിസംബോധന ചെയ്തിട്ടില്ല. സമ്മേളനത്തിൽ സംസാരിച്ച അർജൻ്റീനയുടെ വലതുപക്ഷ നേതാവ് ഹാ വിയർ മിലി, തൻ്റെ ബ്രസീലിയൻ ‘സുഹൃത്ത്, ജുഡീഷ്യൽ പീഡനത്തിന്’ ഇരയായി കൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ടു. അതേ സമയം ജ്വല്ലറി – ഗേറ്റിനെക്കുറിച്ച് ബോൾസൊനാരോയ്ക്ക് അറിയാമെന്നും അതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്തതിൻ്റെ ശക്തമായ തെളിവുകൾ തങ്ങൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. Jewellerygate scandal Jair Bolsonaro
അന്വേഷണത്തിൽ തെളിവായി ഉൾപ്പെടുത്തിയിരിക്കുന്ന ബോൾസൊനാരോയും അദ്ദേഹത്തിൻ്റെ സഹായിയായ മൗറോ സിഡും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണത്തിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ നിരവധി ആഡംബര സമ്മാനങ്ങളുടെ വിൽപന സിഡ് കൈകാര്യം ചെയ്തതായി പറയുന്നു. 2023 ഫെബ്രുവരിയിൽ ലെഫ്റ്റനൻ്റ് കേണൽ സിഡ് ഒരു ഓൺലൈൻ ലേലത്തിലേക്കുള്ള ലിങ്ക് ബോൾസൊനാരോയ്ക്ക് അയച്ചതായി സ്ക്രീൻഷോട്ട് സൂചിപ്പിക്കുന്നു. 70 ലക്ഷത്തിനും, ഒരു കോടി രൂപക്കും ഇടയിൽ വിലവരുന്ന സ്വിസ് വാച്ചിൻ്റെയും ജ്വല്ലറി ബ്രാൻഡായ ചോപാർഡിൻ്റെയും വസ്തുക്കൾ ആ ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Content summary; Brazil’s former president Jair Bolsonaro is alleged to have been involved in the ‘Jewellerygate’ scandal.