UPDATES

വിപണി/സാമ്പത്തികം

ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിയില്‍ താറാവ് ഫാം നടത്തുകയാണ് ഈ മലയാളി എഞ്ചിനീയര്‍

തുടക്കകാലത്ത് ബിസിനസ് ക്ലെച്ച് പിടിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. തോമസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “അന്നൊക്കെ താനും താറാ കുഞ്ഞുങ്ങളും മാത്രമായിരുന്നു അന്ന് അവിടെ”

                       

ബംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയില്‍ ഐടി കമ്പനികള്‍ക്കൊപ്പം താറാവ് കച്ചവടം. കേള്‍ക്കാന്‍ നല്ല രസമുണ്ടല്ലേ..? പിന്നില്‍ ഒരു മലയാളി യുവാവാണ്. എന്‍ജീനിയറിംഗ് ബിരുദധാരിയും കോഴിക്കോട് സ്വദേശിയുമായ തോമസ് ജോസഫ്. മൂന്നു വര്‍ഷമായി ഇലക്‌ട്രോണിക് സിറ്റിയില്‍ താറാവ് ബിസിനസ് നടത്തിവരുന്നു. തോമസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പീടികയില്‍ നിന്ന് താറാവിനെ എടുത്ത് വെട്ടുന്നതല്ല താറാവ് കച്ചവടം.”

അന്തരാഷ്ട്ര ഗുണനിലവാരത്തിലുള്ള തോമസിന്റെ താറാവുകളില്ലെങ്കില്‍ ബംഗളൂരുവിലെ ആഡംബര ഭക്ഷണശാലകളിലെ മെനു തന്നെ കുഴപ്പത്തിലാകും. എന്തുകൊണ്ടാണ് എല്ലാവരും തോമസിന്റെ താറാവുകള്‍ മാത്രം വാങ്ങുന്നത് എന്ന് ചോദിച്ചാല്‍ അവിടെയാണ് ഈ ചെറുപ്പക്കാരന്റെ ബിസിനസ് വിജയത്തിനു പിന്നിലുള്ള ജോലിയിലെ ആത്മാര്‍ഥതയ്ക്കും സത്യസന്ധതക്കുമുള്ള ഉത്തരം കിട്ടുന്നത്. നാടന്‍ താറാവുകള്‍ പാചകം ചെയ്യുന്നതും കഴിക്കുന്നതും ആളുകള്‍ ഇഷ്ടപ്പെടാത്തതിന് കാരണം അവയ്ക്ക് മാംസഭാഗം കുറവാണ് എന്നതാണ്. ഇത് മനസിലാക്കി തോമസ് ഹസിറഗട്ടയിലെ സെൻട്രൽ പോൾട്രി ഡാവലെപ്മെൻറ് ഓർഗനൈസേഷൻ (സിപിഡിഒ) ഫാമില്‍ നിന്ന് താറാവ് കുഞ്ഞുങ്ങളെ എടുത്ത് അവയെ വളർത്തി ഒരു നിശ്ചിത ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര ഗുണനിലവാരത്തോടെ വില്‍ക്കുകയാണ് ചെയ്യുന്നത്.

റൈറ്റ് ഫാമ്‌സ് എന്നാണ് തോമസ് ജോസഫിന്‍റെ കമ്പനിയുടെ പേര്. കമ്പനിക്ക് സ്വന്തമായി വെബ്സൈറ്റും ഉണ്ട്. 25 ലക്ഷം രൂപയുടെ മൂലധനത്തില്‍ 2013 ഓഗസ്റ്റിലാണ് ആരംഭിച്ചത്. താറാവുകളുടെ മാര്‍ക്കറ്റിംഗ്, കണക്കു വിവരങ്ങള്‍, ജോലിക്കാരുടെ വേതനം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് എന്നുവേണ്ട കമ്പനിയുടെ എല്ലാ മേഖലകളിലും തൊഴിലെടുക്കാന്‍ മനസുണ്ട് ഈ കോഴിക്കോടുകാരന്. ബംഗളൂരുവില്‍ താറാവ് കൃഷി ചെയ്യുവാനുള്ള തോമസിന്റെ തീരുമാനത്തെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എതിര്‍ത്തപ്പോള്‍ തോമസിന്റെ മറുപടി ഇതായിരുന്നു. “ബിസിനസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അത് മാന്യമായ എന്ത് ബിസിനസാണെങ്കിലും ചെയ്യും.” തുടക്കകാലത്ത് നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടയെങ്കിലും ബംഗളൂരു നഗരത്തിലെ ഈ സംരംഭം ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്.

ഇലക്‌ട്രോണിക്‌സ് എന്‍ജീനിയറിംഗ് ബിരുദധാരിയാണെങ്കിലും കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ തോമസ് ജോസഫിന് സ്വന്തമായി ഒരു ബിസനസ് തുടങ്ങാനായിരുന്നു താത്പര്യം. 23 ാം വയസില്‍ ബംഗളൂരുവില്‍ പിടിവള്ളിയായി ഉണ്ടായിരുന്ന ജോലിയും ഇട്ടെറിഞ്ഞ് ഇദ്ദേഹം ഒരു ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. അനുഭവ സമ്പത്ത് കുറഞ്ഞ മകന്‍ പുതിയ സംരഭം തുടങ്ങുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പായിരുന്നു. ബംഗളൂരുവിലെ ഹസിറഗട്ടയില്‍ സര്‍ക്കാര്‍ ഫാമില്‍ മുയല്‍ വളര്‍ത്തലിന് പരിശീലനം നല്‍കുന്നതറിഞ്ഞ് തോമസ് അവിടെ എത്തി കാര്യങ്ങള്‍ മനസിലാക്കി. ആദ്യം മുയൽ ഫാം തുടങ്ങി. എന്നാല്‍ മുയല്‍ ബിസിനസ് പച്ചപിടിച്ചില്ല. മാര്‍ക്കറ്റ് റിസര്‍ച്ച് നടത്താതെ ബിസിനസ് തുടങ്ങിയതിന്റെ വീഴ്ചയായിരുന്നു അതെന്ന് തോമസ് പറയുന്നു. പിന്നീടാണ് താറാവ് ബിസിനസിലേക്ക് കാല്‍വെച്ചത്. ബിസിനസ് തുടങ്ങിഇപ്പോള്‍ മൂന്നുവര്‍ഷം പിന്നിട്ടു കഴിഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി ബിസിനസ് നടത്തിയതാണ് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചതെന്ന് തോമസ് ജോസഫ് പറയുന്നു.

ബിസിനസ്സില്‍ പുതിയതായി എന്തെങ്കിലും കൊണ്ടുവന്ന് വിജയിക്കുകയെന്നതായിരുന്നു തോമസിന്റെ ലക്ഷ്യം. 2015 ഓഗസ്റ്റിൽ തുടങ്ങിയ ബിസിനസിൽ പ്രതിമാസം 60,000 രൂപ അധികമായി ബിസിനസിലേക്ക് മുടക്കേണ്ട സ്ഥിതി വന്നു. പല പ്രശ്നങ്ങളാൽ തറാവുകളെ പോലും വില്‍പന നടത്താതെ ഫാം പൂട്ടിയിടേണ്ട അവസ്ഥയുണ്ടായി. മാസങ്ങളോളം ഫാം പൂട്ടി കിടന്നതിന് ശേഷം ബംഗളൂരുവിലെ ബന്ധു നല്‍കിയ പ്രചോദനമാണ് ബിസിനസ് പുനരാരംഭിക്കാന്‍ ഇടയാക്കിയതെന്ന് തോമസ് പറയുന്നു. “ഒരു സംരംഭം പൂട്ടാന്‍ എളുപ്പമാണ് അത് മുന്നോട്ട് കൊണ്ടു പോകുകയെന്നതാണ് പ്രയാസം. ചങ്കൂറ്റം ഉണ്ടെങ്കില്‍ അത് നടത്തി കാണിക്കൂ…” എന്നതായിരുന്നു തോമസിന്റെ അമ്മാവനായ ബിജു തോമസിന്റെ വാക്കുകള്‍.

ഈ സമയം നാട്ടിലായിരുന്ന തോമസ് വീട്ടില്‍ ഒരു ചെറിയ നുണ പറഞ്ഞാണ് ബംഗളൂരുവിലേക്ക് തിരിച്ച് എത്തുന്നത്. തനിക്കായുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ബാഗിലാക്കി ബിസിനസ് പുനരാരംഭിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ബംഗളൂരുവില്‍ എത്തിയ തോമസ് മാസങ്ങളോളം വിശ്രമമില്ലാതെ അധ്വാനിച്ചു. തുടക്കകാലത്ത് ബിസിനസ് ക്ലെച്ച് പിടിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. തോമസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “അന്നൊക്കെ താനും താറാ കുഞ്ഞുങ്ങളും മാത്രമായിരുന്നു അന്ന് അവിടെ”

രാവിലെ താറാവുകളെ കുളിപ്പിച്ച് തീറ്റ കൊടുക്കും. അത് കഴിഞ്ഞാല്‍ ബംഗളൂരു നഗരത്തിലെ ഹോട്ടലുകളില്‍ ബൈക്കുമെടുത്ത് ഓഡര്‍ പിടിക്കാന്‍ ഇറങ്ങും. അലച്ചില്‍ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കണക്കും കാര്യങ്ങളും കഴിഞ്ഞ് രാത്രിയായാല്‍ ഫാമില്‍ തന്നെ ഉറക്കം. മാസങ്ങള്‍ക്ക് ശേഷം തോമസിന്റെ താറാവ് കച്ചവടം പച്ചപിടിച്ചു. ഗുണമേന്‍മയുള്ളതുകൊണ്ട് ബംഗളൂരു നഗരത്തില്‍ തോമസിന്റെ താറാവുകള്‍ക്ക് ആവശ്യക്കാര്‍ കൂടി വന്നു.

ഹസിറഗട്ടയില്‍ സിപിഡിഒ യിൽ നിന്ന് വാങ്ങി വളർത്തിയെടുക്കുന്ന താറാവുകള്‍ക്ക് ഇന്റര്‍നാഷണല്‍ ക്വാളിറ്റി നല്‍കുന്നതിലാണ് സംരംഭം വിജയമായി മാറിയതെന്ന് തോമസ് ജോസഫ് പറയുന്നു. ഓണ്‍ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഈ ചെറുപ്പക്കാരന്‍ താറാവുകളെ വിറ്റു. ബംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മലേഷ്യയില്‍ നിന്നാണ് താറാവുകളെ വാങ്ങിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മലയാളിയായ തോമസിന്റെ താറാവുകളാണ് ഈ വന്‍കിട ഹോട്ടലുകള്‍ക്ക് പ്രിയം. പ്രൊഡക്റ്റിന്റെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് ഇദ്ദേഹത്തിന്റെ സംരംഭത്തിന്റെ വിജയ രഹസ്യം. ഇപ്പോള്‍ ആറു ജോലിക്കാരാണ് തോമസ് ജോസഫിന്റെ ഫാമില്‍ ഉള്ളത്. എട്ടുമണിക്കൂര്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഒരു മിനിറ്റ് കൂടുതല്‍ ജോലി ചെയ്താല്‍ ഓവര്‍ ടൈം ഡ്യൂട്ടിക്ക് അധിക വേതനവും ഇദ്ദേഹം നല്‍കുന്നു. ചുരുക്കത്തില്‍ വെല്‍ ഓര്‍ഗനൈസ്ഡ് ആയ ലോകനിലവാരത്തിലുള്ള കമ്പനിയാണ് തോമസിന്റെ ഈ താറാവ് കട.

ബിസിനസ് തുടങ്ങി മൂന്നു വര്‍ഷത്തിനിപ്പുറം കമ്പനിയുടേതായി ഒരു ഒമിനി വാഹനവും ഇന്ന് ഇദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ബംഗ്‌ളൂരുവില്‍ ചന്താപുരയില്‍ ഒരുമുറിയും കിച്ചനും അടങ്ങുന്ന വീട്ടിലാണ് തോമസ് ഇപ്പോള്‍ താമസിക്കുന്നത്. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ തോമസ് ജോസഫിന്റെ അച്ഛന്‍ കെ.സി ജോസഫ് പിഡബ്ല്യുഡി റിട്ട അസിസ്റ്റന്റ് എന്‍ജിനീയറാണ്. അമ്മ നിര്‍മ്മല ജോസഫ്, സഹോദരന്‍ എബിന്‍ നിര്‍മ്മല്‍ ജോസഫ്.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍