January 18, 2025 |

സി സ്‌പേസ്: ഒരു കേരള സര്‍ക്കാര്‍ സംരംഭം

75 രൂപ നിരക്കിൽ ഇനി ഒടിടിയിൽ സിനിമ കാണാം

മലയാളികളുടെ കാഴ്ച്ച ശീലങ്ങള്‍ ഡിജിറ്റല്‍ സ്ട്രീമിംഗുകളിലേക്ക് മാറിയതോടെ ഒട്ടനവധി ഒടിടി പ്ലാറ്റ്‌ഫോമുകളാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിച്ചത്. എന്നാല്‍ ഒരു സിനിമയോ സീരീസോ ഡോക്യുമെന്ററിയോ കാണണമെങ്കില്‍ അതാത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യണം. അതില്‍ തന്നെ ചില പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ കാണണമെങ്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് കൂടാതെ അധികം പണവും നല്‍കണം. ഇതിനെല്ലാം ഒരു ബദല്‍ സംവിധാനമായാണ് കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പേസ് എത്തുന്നത്.

കാണുന്ന സിനിമകള്‍ക്കും ഹ്രസ്വ ചിത്രങ്ങള്‍ക്കും മാത്രം പണം നല്‍കിയാല്‍ മതി, മറ്റ് പ്ലാറ്റ്‌ഫോമുകള്‍ പോലെ മാസ സംഖ്യയടച്ചുകൊണ്ടിരിക്കേണ്ട. വിനോദ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് കേരള സര്‍ക്കാരിന്റെ സി സ്‌പേസ്(C Space OTT). ഇന്ത്യയില്‍ ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നത്. മാര്‍ച്ച് ഏഴ് മുതലാണ് പ്രേക്ഷകര്‍ക്ക് സി സ്‌പേസിന്റെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഒന്നരവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സര്‍ക്കാര്‍ സംരംഭമായ സി സ്‌പേസ് യാഥാര്‍ഥ്യമാകുന്നത്. ഒരു കേരള പിറവി ദിനത്തില്‍ മന്ത്രി സജി ചെറിയാനാണ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സി സ്‌പേസ് പ്രഖ്യാപിച്ചത്. കുറഞ്ഞ ബഡ്ജറ്റ് നിരക്കില്‍ സിനിമ ആസ്വദിക്കാനുള്ള അവസരമാണ് പ്ലാറ്റ്‌ഫോം പ്രധാനം ചെയ്യുന്നത്. സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസ് ഒടിടി പ്ലാറ്റ്‌ഫോം എന്ന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍(കെ.എസ് എഫ്.ഡി.സി.) ചെയര്‍മാനുമായ ഷാജി എന്‍. കരുണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തില്‍ 42 സിനിമകളാണ് സി സ്‌പേസിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സംവിധായിക ശ്രുതി ശരണ്യം ഒരുക്കിയ ‘ബി 32 മുതല്‍ 44 വരെ’ സി സ്പേസ് വഴി ആദ്യമായി സ്ട്രീമിംഗ് ചെയ്യുന്ന സിനിമയാകും. മാര്‍ച്ച് ഏഴിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 75 രൂപ മാത്രമാണ് ഉപയോക്താവിന് ഒരു ഫീച്ചര്‍ ഫിലിം കാണാന്‍ മുടക്കേണ്ടുന്ന തുക. സിനിമകളെക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ഹ്രസ്വചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് ഈടാക്കുക. പ്രേക്ഷകനില്‍ നിന്ന് ഈടാക്കുന്ന തുകയുടെ പകുതി നിര്‍മാതാവിന് ലഭിക്കുന്ന രീതിയിലാണ് സി സ്‌പേസിന്റെ പ്രവര്‍ത്തനം. ഒരു തവണ പണം നല്‍കി കാണേണ്ട സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ മൂന്ന് ദിവസം വരെ ഐഡിയില്‍ സൂക്ഷിക്കാന്‍ ഉപയോക്താവിന് സാധിക്കും. കൂടാതെ ഒരിക്കല്‍ സി സ്‌പേസില്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മൂന്ന് വ്യത്യസ്ത ഉപകരണങ്ങളിലും അതേ ഐ ഡി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. താര രാമാനുജന്റെ സംവിധാനത്തില്‍ 2022 -ല്‍ പുറത്തിറങ്ങിയ ചിത്രമായ ‘നിഷിദ്ധോ’യും, സി സ്‌പേസ് വഴി പ്രേക്ഷകരിലേക്ക് മാര്‍ച്ച് ഏഴിന് എത്തുന്നുണ്ട്.

Post Thumbnail
കോക്കനട്ട് സ്പീച്ച് മുതൽ സ്ഥാനാർത്ഥിത്വം വരെവായിക്കുക

എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിന്‍, ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി എന്നിവരുമടങ്ങുന്ന 60 അംഗ ക്യൂറേറ്റര്‍ സമിതിയായിരിക്കും പ്ലാറ്റ്‌ഫോമിലേക്ക് വേണ്ട ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. 35 ഫീച്ചര്‍ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമായിരിക്കും ആദ്യ ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് സി സ്‌പേസ് പ്ലാറ്റ് ഫോമിലൂടെ ലഭ്യമാകുക. പ്ലാറ്റ്ഫോമിലേക്ക് സമര്‍പ്പിക്കുന്ന എല്ലാ സൃഷ്ടികളുടെയും ഉള്ളടക്കവും കലാപരവും സാംസ്‌കാരിക മൂല്യവും ക്യൂറേറ്റര്‍ സമിതി വിലയിരുത്തിയതിന് ശേഷമായിരിക്കും പ്രേക്ഷകരിലേക്ക് എത്തിക്കുക. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയതോ പ്രമുഖ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതോ ആയ സിനിമകളും സി സ്‌പേസില്‍ ലഭ്യമാകുന്നതാണ്. നിര്‍മാതാക്കള്‍ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്റര്‍ ഉടമസ്ഥര്‍ക്കും വിതരണക്കാര്‍ക്കും ലാഭം കുറയുന്നുവെന്ന ആശങ്ക അറിയിച്ചതിനാല്‍ തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളതെന്ന് കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടര്‍ കെ.വി. അബ്ദുള്‍ മാലിക് പറയുന്നു. സിനിമ നിര്‍മാതാക്കള്‍ക്ക് അവരുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നതിലൂടെ നിര്‍മാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നല്‍കുന്ന ക്രൗഡ് ഫണ്ടിംഗില്‍ ഒരു പുതിയ പാറ്റേണ്‍ ആരംഭിക്കാനും സി സ്‌പേസ് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മാര്‍ച്ച് ഏഴിന് വ്യാഴാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വച്ച് സി സ്പേസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

×