കാലിഫോര്‍ണിയയില്‍ അണയാതെ കത്തു തീ, ഹോളിവുഡ് സിനിമ വ്യവസായത്തെ സാരമായി പൊള്ളിച്ചിരിക്കുകയാണ്. ഈ ആഘാതത്തിന്റെ പ്രതിഫലനമെന്നോണം ഇത്തവണത്തെ ഓസ്‌കര്‍ പ്രഖ്യാപനം വീണ്ടും മാറ്റി വയ്ക്കുകയും ചെയ്തിട്ടുണ്ട്. കാട്ടുതീയില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 92,000 ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. സ്ഥിതി അതീവ ഗുരുതരമായിരിക്കുന്ന സാഹചര്യത്തില്‍ ഹോളിവുഡ് അതിന്റെ പല പരിപാടികളും നീട്ടി വയ്ക്കുകയും തീയതികള്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
ജനുവരി 17 നായിരുന്നു ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. കാട്ടുതീ വന്നതോടെ രണ്ട് ദിവസം തള്ളി ജനുവരി 19 ലേക്ക് പ്രഖ്യാപന ചടങ്ങ് നിശ്ചയിച്ചു. എന്നാല്‍ ഈ തീയതി വീണ്ടും മാറ്റിയിരിക്കുകയാണ്. ഏറ്റവും പുതിയ തീയതി ജനുവരി 23 ആണ്. അതേസമയം ഫെബ്രുവരിയില്‍ അക്കാദമി, അവാര്‍ഡ് നോമിനികള്‍ക്കായി സംഘടിപ്പിക്കാനിരുന്ന വിരുന്ന്, കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചു. ‘തീപിടുത്തത്തിന്റെ ആഘാതത്തിലും സിനിമ മേഖലയിലുള്ള പലരും നേരിടേണ്ടി വന്ന കനത്ത നഷ്ടങ്ങളിലും ഞങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്’ എന്നാണ് അക്കാദമിയുടെ സിഇഒ ബില്‍ ക്രാമര്‍, പ്രസിഡന്റ് ജാനറ്റ് യാങ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞത്. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷനിലേക്ക് അക്കാദമി 750,000 ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തു.
ഇപ്പോഴത്തെ വിവരം അനുസരിച്ച്, അവാര്‍ഡ് നോമിനേഷന്‍ പ്രഖ്യാപനം ജനുവരി 24 നും, അവാര്‍ഡ് ദാന ചടങ്ങ് മാര്‍ച്ച് രണ്ടിനും നടക്കും. കോനാന്‍ ഒബ്രിയാന്‍ ആയിരിക്കും ചടങ്ങിന്റെ മുഖ്യ അവതാരകന്‍.
ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് ചടങ്ങ് ജനുവരി 12 ല്‍ നിന്നും ജനുവരി 26ലേക്ക് മാറ്റി കഴിഞ്ഞാഴ്ച്ച തന്നെ അറിയിപ്പ് വന്നിരുന്നു.
യൂട്ടയിലെ പാര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിന് അടുത്ത ആഴ്ച്ച തുടക്കമാകും. കാലിഫോര്‍ണിയയില്‍ നിന്ന് നിരവധി പങ്കെടുക്കേണ്ടതുള്ളതിനാല്‍ ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മേളയ്ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി ഹോളിവുഡ് സെലിബ്രിറ്റികള്‍ പങ്കെടുക്കാറുള്ള ചലച്ചിത്ര മേളയാണ് സണ്‍ഡാന്‍സ്. ഇത്തവണ ജന്നിഫര്‍ ലോപ്പസ്, ദേവ് പട്ടേല്‍, ഒലീവിയ കോള്‍മാന്‍, ജോഷ് ഒ’ കോണോര്‍ തുടങ്ങിയവര്‍ എത്തുമെന്നാണ് വിവരം.
നിശ്ചയിച്ച സമയം തന്നെ ഇത്തവണത്തെ ഗ്രാമി അവാര്‍ഡ് ദാന ചടങ്ങ് നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് ലോസ് ഏഞ്ചല്‍സിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയിലാണ് ചടങ്ങ്. പ്രദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ, എല്ലാത്തരം സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച്, പൊതുജനങ്ങളുടെ സൗകര്യങ്ങളും സംരക്ഷിച്ച് ചടങ്ങ് നിശ്ചയിച്ച ദിവസത്തില്‍ തന്നെ നടത്താനാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇത്തവണത്തെ ഗ്രാമി ചടങ്ങില്‍ നിന്നും സ്വരൂപിക്കുന്ന പണം കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനം. California wildfire Oscar nomination postpone
Content Summary; California wildfire Oscar nomination postpone