നവംബറിൽ ജാർഖണ്ഡിൽ നിർണായക നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം നാടകീയമായി മാറിക്കൊണ്ടിരിക്കുകയാണ്. 2019 തിരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നഷ്ടപ്പെട്ട ജനവിധി വീണ്ടെടുക്കാനായുള്ള തന്ത്രപരമായ ശ്രമങ്ങളുടെ സൂചനയായി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ അവരുടെ സീറ്റു വിഭജനം പൂർത്തിയാക്കി കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനു (എ.ജെ.എസ്.യു)മായുള്ള ബി.ജെ.പിയുടെ സഖ്യം നിർണായകമാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
വളരെ ശ്രദ്ധാപൂർവ്വമാണ് സീറ്റ് വിഭജനം നടത്തിയിരിക്കുന്നത്. ബി.ജെ.പി 68 സീറ്റുകളിൽ മത്സരിക്കും. എ.ജെ.എസ്.യുവിന് പത്ത് സീറ്റ്. ജനതാദൾ (യു) രണ്ട് സീറ്റിലും ലോക്ജനശക്തിപാർട്ടി ഒരു സീറ്റിലും മത്സരിക്കും. ഒരോ പാർട്ടികളും പരസ്പരം മത്സരിച്ച 2019-ലെ തിരഞ്ഞെടുപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണിത്. പ്രത്യേകിച്ചും അന്ന് ചിതറി പോയ വോട്ടുകളാണ് ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിനാണ് ആത്യന്തികമായി ഗുണം ചെയ്തത് എന്നതിനാൽ.
2019 ൽ, ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം 47 സീറ്റുകളും എൻ.ഡി.എ 25 സീറ്റുകളുമാണ് നേടിയത്. ഒരു നിർണായക സഖ്യത്തിലൂടെ പഴയ തെറ്റുകൾ മറികടന്ന് കഴിന്നത്ര വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമമാണ് എൻ.ഡി.എ നടത്തുന്നത്. ജാർഖണ്ഡ് വികാസ് മോർച്ച (ജെ.വി.എം) ബി.ജെ.പിയിൽ ലയിച്ചത് അവരുടെ ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തേ മൂന്ന് സീറ്റുകൾ ലഭിച്ചിട്ടുള്ള, ആറ് ശതമാനത്തോളം വോട്ടുകൾ ഉണ്ടായിരുന്ന ജാർഖണ്ഡ് മുക്തിമോർച്ച സംസ്ഥാനത്ത് ചെറിയ രാഷ്ട്രീയ ശക്തികളിലൊന്നായിരുന്നു.
എന്തായിരിക്കും ഈ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ?
ഭരണ വിരുദ്ധ വികാരം: ഹേമന്ത് സോറൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തെയായിരിക്കും ബി.ജെ.പി പ്രധാനമായും ആശ്രയിക്കുക. നിറവേറ്റപ്പെടാത്തെ വാഗ്ദാനങ്ങൾക്കെതിരെയുള്ള വിമർശനം- പ്രത്യേകിച്ചും തൊഴിലില്ലായ്മയും പാചകവാതകത്തിന് വേണ്ട സാമ്പത്തിക സഹായം നൽകാതിരിക്കലും- ബി.ജെ.പിയുടെ വലിയ ആയുധങ്ങളാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി ബി.ജെ.പിക്ക് സ്വയം പ്രതിഷ്ഠിക്കാൻ കഴിയും. സത്രീകൾക്ക് സാമ്പത്തിക സഹായവും ആദിവാസി സമൂഹത്തിന് പ്രയോജനകരവുമായ മൈയ്യ സമ്മാൻ യോജന പോലുള്ള പദ്ധതികൾ ചൂണ്ടിക്കാണിച്ചാണ് ജെ.എം.എം ഇതിനെ എതിർക്കുന്നത്. ജനങ്ങളുടെ അനുദിനം വർദ്ധിച്ച് വരുന്ന അസംതൃപ്തിയുടെ പശ്ചാത്തലത്തിൽ ഈ തന്ത്രങ്ങൾ എത്രമാത്രം ഫലിക്കും എന്നത് കണ്ടറിയണം.
അഴിമതി ആരോപണങ്ങൾ: ജാർഖണ്ഡ് തിരഞ്ഞെടുപ്പിന്റെ പ്രധാന കേന്ദ്രം അഴിമതിയാണ്. ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര സർക്കാർ സംവിധാനങ്ങൾ ഹേമന്ത് സോറൻ അടക്കമുള്ള പ്രധാന രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടിട്ടുണ്ട്. ഭരിക്കുന്ന പാർട്ടിക്കെതിരായുള്ള ജനവികാരം ഉണ്ടാകുന്നത് ഈ ആരോപണങ്ങളുടെ പശ്ചാത്തലം കാരണമാകും. ബി.ജെ.പിയാകട്ടെ ഈ സാഹചര്യം മുതലെടുത്ത് സംശുദ്ധമായ ബദൽ പാർട്ടിയായി സ്വയം അവതരിപ്പിക്കുകയും അഴിമതിയെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തുകയും ചെയ്യുന്നു.
കുറുമി പ്രശ്‌നം: ഈ തിരഞ്ഞെടുപ്പ് ചിത്രത്തിൽ കൂടുതൽ സങ്കീർണത കൊണ്ടുവരുന്ന മറ്റൊരു തലമാണ് ജാർഖണ്ഡിന്റെ 12 മുതൽ 16 ശതമാനം വരെ ജനസംഖ്യയുള്ള കുറുമി സമുദായം. പരമ്പരാഗതമായി ജെ.എം.എമ്മിനെ പിന്തുണച്ച് പോന്നിരുന്ന കുറുമി സമുദായം സുദേശ് മഹോത്തയുടെ നേതൃത്വത്തെ തുടർന്ന് എ.ജെ.എസ്.യുവിലേക്ക് അവരുടെ ചായ്‌വ് പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. കുറുമികളെ പട്ടിക വർഗ്ഗമായി അംഗീകരിക്കണമെന്നും കുറുമാലി ഭാഷയ്ക്ക് അംഗീകാരം വേണമെന്നുമുള്ള ആവശ്യം സമുദായത്തിനിടയിൽ കുറച്ച് കാലമായി പ്രതിദ്ധ്വനിക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പിലൊരു പക്ഷേ നിർണാക പങ്കുവഹിച്ചേക്കാം. എ.ജെ.എസ്.യുവിന്റെ സ്വാധീനം 2014-ന് ശേഷം നിർണാകമായ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 30-35 മണ്ഡലങ്ങളിൽ അവർക്ക് നിർണായക സ്വാധീനമുണ്ട്. പ്രത്യേകിച്ചും ഛോട്ടാ നാഗ്പൂർ ഡിവിഷനിൽ. കുറുമികളുടെ പിന്തുണ ആർക്കാണ് എന്ന കാര്യത്തിൽ എ.ജെ.എസ്.യുവും ജാർഖണ്ഡ് ലോക താന്ത്രിക് ക്രാന്തികാരി മോർച്ച (ജെ.കെ.എൽ.എം)യുടെ ജയറാം മഹോത്തായുമായുളള ബലാബലത്തിനും വരുന്ന തിരഞ്ഞെടുപ്പ് സാക്ഷ്യം വയ്ക്കും.
പുതിയ രാഷ്ട്രീയ ശക്തികൾ: ‘ജാർഖണ്ഡി’ സ്വത്വ പ്രശ്‌നം ഉയർത്തി ജയ്‌റാം മഹാത്തോയുടെ ജെ.കെ.എൽ.എം ഇത്തവണ 81 സീറ്റുകളിലാണ് മത്സരിക്കുന്നത്. 1932-ന് മുൻപ് സംസ്ഥാനത്ത് താമസമുറപ്പിച്ചവരെ മാത്രമേ യഥാർത്ഥത്തിൽ തദ്ദേശീയരായി കണക്കാക്കാനാവൂ എന്നാണ് അവരുടെ വാദം. ഇതാകട്ടെ ദീർഘകാലമായുള്ള ആദിവാസി-ആദിവാസി ഇതര ബലതന്ത്രത്തിലേയ്ക്ക് നീങ്ങുകയും കുറുമി സമുദായത്തിന്റേയും നിരാശരായ ചെറുപ്പക്കാരുടെയും വോട്ടുകൾ ആകർഷിക്കുകയും ചെയ്യും. ഇതാകട്ടെ എൻ.ഡി.എയുടേയും ഇന്ത്യ ബ്ലോക്കിന്റേയും തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ കൂടുതൽ സങ്കീർണമാക്കും.
2019 തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാൻ ബി.ജെ.പിക്കും എ.ജെ.എസ്.യുവിനും കഴിയാതെ പോയത് നിർണായക നഷ്ടമാണ് അവർക്കുണ്ടാക്കിയത്. ബി.ജെ.പി 34 ശതമാനം വോട്ടുകളും ജെ.എം.എം സഖ്യം 36 ശതമാനം വോട്ടുകളുമാണ് നേടിയത് എന്നതിനാൽ തന്നെ ഒരുമിച്ച് നിന്നിരുന്നുവെങ്കിൽ കൂടുതൽ സീറ്റുകൾ അവർക്ക് നേടായിരുന്നുവെന്നത് വ്യക്തം. മാത്രമല്ല, 2014-ന് ശേഷം എ.ജെ.എസ്.യു തങ്ങളുടെ സ്വാധീനം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. അവരുടെ അടുത്തിടെയുള്ള രാഷ്ട്രീയ തന്ത്രങ്ങൾ വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമുറപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
ജാർഖണ്ഡിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം മാറ്റുന്നതിന് ബി.ജെ.പി-എ.ജെ.എസ്.യു സഖ്യത്തിന് ഈ നിയമസഭ തിരഞ്ഞെടുപ്പ് ഒരു നിർണായക അവസരമാണ്. ശക്തമായ സഖ്യത്തിലൂടെയും കുറുമികളെ പോലെ നിർണായകമായ ഒരു ജനവിഭാഗത്തിന്റെ പിന്തുണയോടെയും എൻ.ഡി.എയ്ക്ക് ജാർഖണ്ഡിൽ ശക്തമായ തിരിച്ച് വരവ് നടത്താൻ സാധിച്ചേക്കും. എന്നൽ സ്വന്തം ഭൂപ്രദേശം പ്രതിരോധിക്കുന്നതിന് ജെ.എം.എം നടത്തുന്ന പരിശ്രമങ്ങളും ജെ.എൽ.കെ.എം തുടങ്ങിയ പുതിയ ശക്തികളുടെ സ്വാധീനവും വലിയ വെല്ലുവിളി തന്നെയുയർത്തും. Can the BJP-AJSU Alliance Change the Game in Jharkhand
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാര്യങ്ങൾ പ്രവചനാതീതമാകും. ബി.ജെ.പിയും എ.ജെ.എസ്.യുവും ഒത്തുചേരുമ്പോഴുള്ള സ്വാധീനവും ഭരണം, അഴിമതി എന്നിവയെ ചുറ്റി ജനങ്ങളിലുണ്ടാകുന്ന മനംമാറ്റങ്ങളും ചേർന്നാൽ ജാർഖണ്ഡിലെ കാര്യങ്ങൾ മാറി മറയും. എന്നാൽ ചരിത്രത്തിൽ നിന്ന് പാഠം പഠിച്ച സമ്മതിദായകർ തന്നെയാകും സംസ്ഥാനത്തിന്റെ ഭാവിതീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുക.Can the BJP-AJSU Alliance Change the Game in Jharkhand
Content summary; Can the BJP-AJSU Alliance Change the Game in Jharkhand