അനസൂയ സെന്‍ഗുപ്ത-എന്ന കൊല്‍ക്കത്തക്കാരി ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ അഭിനയ മികവിന്റെ ഉദാഹരണമായിരിക്കുന്നു. കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച അഭിനയത്തിനുള്ള അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതിയാണ് അനസൂയ സ്വന്തം പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റാന്റിന്‍ ബൊജനോവിന്റെ ചിത്രമായ ദി ഷെയിംലെസ് എന്ന ചിത്രത്തിലെ അഭിനയമാണ് അനസൂയയെ നേട്ടത്തിന് അര്‍ഹയാക്കിയത്. അസാധാരണ ശൈലികളും പ്രമേയങ്ങളും ഉള്‍കൊള്ളുന്ന അണ്‍സെര്‍ട്ടൈന്‍ റിഗാര്‍ഡ് വിഭാഗത്തിലാണ് ചിത്രം മല്‍സരിച്ചത്. 20 ഓളം ചിത്രങ്ങള്‍ വിലിയിരുത്തിയ ശേഷമായിരുന്നു ജൂറി ഈ വിഭാഗത്തിലെ മികച്ച അഭിനേത്രിയായി അനസൂയയെ തെരഞ്ഞെടുത്തത്. ദേവദാസികളില്‍ നിന്ന് ലൈംഗീക തൊഴിലാളികളിലേക്ക് പരിവര്‍ത്തനപ്പെട്ട കാലവും അധികാര കേന്ദ്രങ്ങളും രണ്ട് പെണ്‍ജീവിതങ്ങളിലൂടെ ചര്‍ച്ച ചെയ്യുന്നതാണ് ദി ഷെയിംലെസ് ചിത്രത്തിന്റെ പ്രമേയം. ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നാണ് അനസൂയ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമുള്ള പ്രസംഗത്തില്‍ പറഞ്ഞത്. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെയാണ് ഇത്തരമൊരു പുരസ്‌കാരം അനസൂയയെ തേടിയെത്തിയതെന്ന പ്രത്യേകതയുമുണ്ട്. മുംബൈയില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് അനസൂയ. ഇതിനിടെയാണ് സംവിധായകന്‍ ബോയനോവ് ആകസ്മികമായി അനസൂയയുടെ ഫേസ്ബുക്ക് സുഹൃത്താവുന്നത്. സംസാരത്തിനിടെ ബോയനോവ് ആവശ്യപ്പെട്ട പ്രകാരം ഒരു ഓഡിഷന്‍ ടേപ്പ് അയച്ച് നല്‍കിയതാണ് അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ലൈംഗീക തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച് പറയുന്ന ചിത്രം ഇന്ത്യയിലും നേപ്പാളിലുമായാണ് ചിത്രീകരിച്ചത്.മിതാ വസിഷ്ത്, ഔരോഷിക ഡേ, തന്‍മയ് ധനാനിയ, രോഹിത് കൊക്കാട്ടെ എന്നിവരുള്‍പ്പെടെയുള്ള പവര്‍ പാക്ക്ഡ് അഭിനേതാക്കളുടെ ഒരു കൂട്ടമാണ് ഷെയിംലെസിനായി അണിനിരന്നത്.
സ്ത്രീപക്ഷ സിനിമകളും സിനിമയ്ക്ക് പിന്നിലെ സ്ത്രീകളെയും കൊണ്ട് ശ്രദ്ധ നേടിയ മേളയായിരുന്നു ഇത്തവണ കാനില്‍ അരങ്ങേറിയത്. അവിടെ മാറ്റ് ഒട്ടും കുറയ്ക്കാതെ ചരിത്രമെഴുതാന്‍ ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്കായി എന്നത് നിറഞ്ഞ കൈയ്യടികളോടെ തന്നെ സ്വീകരിക്കേണ്ടത് തന്നെയാണ്.
പായല്‍ കപാഡിയയുടെ ഇന്ത്യ-ഫ്രഞ്ച്- ഡച്ച് – കോ പ്രൊഡക്ഷനിലുള്ള ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന മലയാളത്തിലും ഹിന്ദിയിലുമുള്ള ചിത്രമാണ് പാം ഡി ഓറിനു വേണ്ടി മത്സരിച്ചത്.
മുപ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ പാം ഡി ഓര്‍ പുരസ്‌കാരത്തിനു വേണ്ടി മത്സരിക്കുന്നത്. ഇന്ത്യന്‍ ബ്രിട്ടിഷ് സംവിധായിക സന്ധ്യ സൂരിയുടെ സന്തോഷ്, കോണ്‍സ്റ്റാന്റിന്‍, ചിദാനന്ദ എസ് നായിക്കിന്റെ സണ്‍ഫ്‌ലവേഴ്‌സ് വേര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ, മാന്‍സി മഹേശ്വരിയുടെ ബണ്ണിഹുഡ് , കരണ്‍ കാന്ധാരിയുടെ സിസ്റ്റര്‍ മിഡ്‌നൈറ്റ്, മെസം അലിയുടെ ഇന്‍ റിട്രീറ്റ് എന്നിവയാണ് മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍
English Summary; Cannes 2024: Anasuya Sengupta Becomes First Indian To Win Top Acting Award At The Film Festival